ചെയ്ത തെറ്റിന് 28,000 രൂപ ഫൈൻ അടച്ച് നിയമപരമായ നടപടികൾ അവർ നേരിടുകയും ചെയ്തു. അല്പനേരത്തെ രോഷപ്രകടനമാണ് ഈ പ്രശ്നത്തെ ഇത്രയും ഗുരുതരമാക്കിയത്. പൊതുമുതൽ നശിപ്പിച്ച ആ പ്രവർത്തിയെ ആർക്കും ഒന്നിന്റെ പേരിലും അനുകൂലിക്കാൻ കഴിയില്ല, അത് തെറ്റ് തന്നെയാണ്. എന്നാൽ അതിനപ്പുറം ഈ സ്ത്രീയെ വ്യക്തിപരമായി അശ്ലീല പരാമർശങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നതും വേട്ടയാടുന്നതുമാണ് നാം സോഷ്യൽ മീഡിയയിൽ കണ്ടത്, അത് അങ്ങേയറ്റം വേദനാജനകമാണ്.
ഇതിലേറ്റവും വിരോധാഭാസം എന്തെന്നാൽ, ഈയൊരു വ്യക്തിപരമായ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ കാണിക്കുന്ന ആവേശമാണ്. ഒരു വശത്ത് ഇവർ എംഎൽഎയുടെ സഹോദരിയാണെന്ന് പറയുമ്പോൾ മറുഭാഗത്ത് പ്രതിപക്ഷ കക്ഷികളുടെ ബന്ധുവാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ഒരു വ്യക്തിയുടെ ഇത്തരം പെരുമാറ്റങ്ങൾക്ക് ഭരിക്കുന്നവരോ ഭരണപക്ഷത്തിന് എതിർവശത്തിരിക്കുന്നവരോ ഒന്നും ഉത്തരവാദികളാകുന്നില്ല. ഒരു വ്യക്തിയുടെ പെരുമാറ്റത്തെ രാഷ്ട്രീയമായി വിലയിരുത്തുന്നതിൽ തെറ്റില്ല, പക്ഷേ ചേരിതിരിഞ്ഞ് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത് രാഷ്ട്രീയത്തിലെ ഏറ്റവും തരംതാഴ്ന്ന പ്രവർത്തികളിൽ ഒന്നായേ കാണാൻ കഴിയൂ.
സമൂഹമാധ്യമങ്ങളിലെ സൈബർ ഇടങ്ങളിൽ മുഖംമൂടിയിട്ട് ഇത്തരം അധിക്ഷേപങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ഏർപ്പെടുന്നവർ തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. മലയാളി സമൂഹത്തിനും ഇന്ത്യൻ ജനതയ്ക്കും തെറ്റിനെയും ശരിയെയും കൃത്യമായി തിരിച്ചറിയാനുള്ള അവബോധം ഇന്നലെയോ ഇന്നോ ഉണ്ടായതല്ല. സമൂഹമാധ്യമങ്ങളിലൂടെ ആയാലും അല്ലാതെയുള്ള വാർത്തകളിലൂടെ ആയാലും, അവയുടെ യാഥാർത്ഥ്യത്തെ നവമാധ്യമങ്ങളുടെ സഹായത്തോടെ കൃത്യമായി കണ്ടെത്താനും തിരിച്ചറിയാനുമുള്ള ബോധം നമുക്കെല്ലാവർക്കും ഉണ്ട്. ആ ബോധം എല്ലാവർക്കും ഉണ്ടെന്ന് മനസ്സിലാക്കി വേണം സോഷ്യൽ മീഡിയയിലെ ഈ പഴിചാരലുകളും കൃത്രിമ വാർത്തകളുടെ പ്രചാരണങ്ങളും. കാരണം, ഇത്തരം നുണപ്രചാരണങ്ങൾ കൊണ്ടൊന്നും സത്യത്തെ അധികനാൾ മറച്ചുവെക്കാൻ സാധ്യമല്ല എന്ന് ഇനിയെങ്കിലും ഇക്കൂട്ടർ മനസ്സിലാക്കണം.





