ഐപിഎൽ 2026-ന്റെ നിർണ്ണായക ഘട്ടത്തിൽ ഈഡൻ ഗാർഡൻസിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടുകയാണ്.

പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഇന്ന് ജയം അത്യന്താപേക്ഷിതമാണ്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും വിജയിച്ച കെകെആർ മികച്ച ഫോമിലാണെങ്കിലും കഴിഞ്ഞ കളിയിൽ ആർസിബിയോട് ഏറ്റ പരാജയം അവർക്ക് തിരിച്ചടിയായി. നിലവിൽ ഒൻപത് പോയിന്റുള്ള കൊൽക്കത്തയ്ക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാൽ മാത്രമേ നേരിയ പ്രതീക്ഷയെങ്കിലും നിലനിർത്താൻ സാധിക്കൂ. എന്നാൽ 16 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫ് ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒന്നിൽ വിജയിച്ചാൽ അവർക്ക് ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഒന്നിൽ ഫിനിഷ് ചെയ്യാനും ഫൈനലിലേക്ക് രണ്ട് അവസരങ്ങൾ നേടാനും സാധിക്കും. കൊൽക്കത്തയുടെ കരുത്ത് അവരുടെ സ്പിൻ ഇരട്ടകളായ സുനിൽ നരൈനും വരുൺ ചക്രവർത്തിയുമാണ്. കഴിഞ്ഞ മത്സരത്തിൽ പരിക്കു മൂലം വരുൺ ഇല്ലാതിരുന്നത് കെകെആറിന് വലിയ ക്ഷീണമായിരുന്നു. ഈ സീസണിൽ 6.64 എന്ന മിന്നും ഇക്കോണമിയിൽ പന്തെറിയുന്ന നരൈനാണ് അവരുടെ പ്രധാന ആയുധം. കൂടാതെ 16 വിക്കറ്റുകളുമായി യുവ പേസർ കാർത്തിക് ത്യാഗിയും മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. ബാറ്റിംഗിൽ ഫിൻ അലൻ, റിങ്കു സിംഗ്, യുവതാരം അംഗൃഷ് രഘുവംശി എന്നിവരിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. എന്നാൽ പവർപ്ലേ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ വീഴുന്നത് കൊൽക്കത്തയെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. കാമറൂൺ ഗ്രീൻ മികച്ച തുടക്കങ്ങൾ ലഭിച്ചിട്ടും അവ വലിയ സ്കോറുകളിലേക്ക് മാറ്റാൻ ബുദ്ധിമുട്ടുന്നതും അവർക്ക് തിരിച്ചടിയാണ്. മറുഭാഗത്ത് ഗുജറാത്ത് ടൈറ്റൻസ് എല്ലാ മേഖലകളിലും ആധിപത്യം പുലർത്തുന്നു. സായ് സുദർശനും ശുഭ്മാൻ ഗില്ലും ബാറ്റിംഗിൽ തകർപ്പൻ ഫോമിലാണ്. 500-ലധികം റൺസ് നേടിയ സായ് സുദർശൻ ഈ സീസണിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററാണ്. ബൗളിംഗിൽ കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, റാഷിദ് ഖാൻ എന്നിവർക്കൊപ്പം ജേസൺ ഹോൾഡർ കൂടി ചേർന്നതോടെ ഗുജറാത്ത് ബൗളിംഗ് നിര അതിശക്തമായി മാറി. ഐപിഎൽ ചരിത്രത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഗുജറാത്തിന് കൊൽക്കത്തയ്ക്കെതിരെ വ്യക്തമായ മേൽക്കൈയുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിൽ നാലിലും വിജയം ഗുജറാത്തിനൊപ്പമായിരുന്നു. ഈഡൻ ഗാർഡൻസിലും കെകെആറിനെതിരെ മികച്ച റെക്കോർഡാണ് ടൈറ്റൻസിനുള്ളത്. കനത്ത ചൂടും പിച്ചിലെ മാറ്റങ്ങളും ബൗളർമാർക്ക് അനുകൂലമാകാൻ സാധ്യതയുള്ളതിനാൽ ഇന്നത്തെ മത്സരത്തിൽ സ്പിന്നർമാർ നിർണ്ണായക പങ്ക് വഹിക്കും. രണ്ട് ടീമുകൾക്കും വ്യത്യസ്ത ലക്ഷ്യങ്ങളുള്ള ഈ പോരാട്ടത്തിൽ സമ്മർദ്ദം കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് കൊൽക്കത്തയ്ക്കായിരിക്കും.
പ്രായം വെറും നമ്പറല്ലേ..റേവ് പാർട്ടി തൂക്കി 40+ യുവതികൾ!

ഇഡിഎം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്നത് തുള്ളിച്ചാടുന്ന യൂത്തും ലൈറ്റുകളും ബഹളവുമൊക്കെയായിരുന്നു. എന്നാൽ കാലം മാറി, കഥയും. കൗമാരക്കാരുടെ മാത്രം കുത്തകയല്ല ഈ റേവ് പാർട്ടികളെന്ന് തെളിയിച്ചിരിക്കുകയാണ് 40 പിന്നിട്ട ചേച്ചിമാർ. “പ്രായമായില്ലേ, ഇനിയിപ്പോ ഇതൊക്കെ വേണോ?” എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ഈ ട്രെൻഡ്. ‘സൈക്കോളജി ഓഫ് മ്യൂസിക്’ എന്ന ജേണലിൽ വന്ന ഒരു പുതിയ പഠനമാണ് ഈ രസകരമായ ട്രെൻഡ് പുറത്തുകൊണ്ടുവന്നത്. സാധാരണയായി യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന ഒന്നാണ് സംഗീതനിശകൾ. എങ്കിലും സമീപകാലത്തായി ഈ രംഗത്ത് വലിയൊരു മാറ്റമാണ് വന്നിരിക്കുന്നത്. ഇത്തരം ഹൈ-എനർജി മ്യൂസിക് ഫെസ്റ്റിവലുകളിൽ ഇപ്പോൾ വലിയ രീതിയിൽ സ്ത്രീകളും പങ്കെടുക്കുന്നുണ്ട്. ദൈനംദിന ജീവിതത്തിലെ ഒടുക്കത്തെ സ്ട്രെസ്സും ഉത്തരവാദിത്തങ്ങളും തൽക്കാലത്തേക്കൊന്ന് ഓഫ് ചെയ്തു വയ്ക്കാൻ ഈ മ്യൂസിക് റേവുകളാണ് ഇവരെ സഹായിക്കുന്നത്. വെറും ഡാൻസും പാട്ടും എന്നതിനപ്പുറം, ഇതൊരു വലിയ സോഷ്യൽ ഗാതറിംഗും തങ്ങളെത്തന്നെ എക്സ്പ്രസ്സ് ചെയ്യാനുള്ള ഒരു സ്പേസുമായാണ് പലരും കാണുന്നത്. വ്യത്യസ്ത പ്രായത്തിലുള്ള ആളുകളെ ഉൾക്കൊള്ളാൻ പല സംഘാടകരും ഇപ്പോൾ തയ്യാറാകുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. പ്രായത്തിന്റെ പേരിൽ സമൂഹം കൽപ്പിക്കുന്ന അതിർവരമ്പുകൾ ഭേദിച്ച് സ്വന്തം ഐഡന്റിറ്റി തിരിച്ചുപിടിക്കാനും ഈ പാർട്ടികൾ ഇവരെ സഹായിക്കുന്നു. ചുരുക്കത്തിൽ, ലൈഫ് എൻജോയ് ചെയ്യാൻ പ്രായമൊക്കെ ഒരു ഘടകമേ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ ട്രെൻഡ്.
ഒരു ദാരുണമായ അപകട വാർത്ത കാണുമ്പോഴുള്ള നടുക്കത്തേക്കാൾ ചിലപ്പോൾ നമ്മളെ വേദനിപ്പിക്കുന്നത് അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയാണ്.

കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഒരു ഗർഭിണിയായ യുവതി മരണപ്പെട്ട സംഭവം അതീവ ദരുണമാണ്. എന്നാൽ ആ വാർത്തയ്ക്ക് മുകളിൽ ‘വെന്തുമരിച്ചു’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെക്കാൻ മാധ്യമങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? മരണപ്പെട്ടത് ഒരു മനുഷ്യജീവനാണ്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. ആ വേർപാടിന്റെ വേദനയെയോ, ആ വ്യക്തിയുടെ അന്തസ്സിനെയോ ലവലേശം മാനിക്കാതെ, കേവലം ആളുകളെ ഞെട്ടിപ്പിക്കാനും കൂടുതൽ വ്യൂസ് നേടാനും വേണ്ടി ഇത്തരം ക്രൂരമായ വാക്കുകൾ ഉപയോഗിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്. ’പൊള്ളലേറ്റു മരിച്ചു’ എന്ന് മാന്യമായി പറഞ്ഞാൽ തീരുന്ന കാര്യമേ ഇവിടെയുള്ളൂ. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയ്ക്ക് ഒരു സംസ്കാരമുണ്ട്, അതിന് സമൂഹത്തിൽ വലിയ സ്വാധീനവുമുണ്ട്. അങ്ങനെയുള്ളപ്പോൾ ക്രൂരതയും ഭയവും ജനിപ്പിക്കുന്ന വാക്കുകൾ ബോധപൂർവ്വം കുത്തിനിറയ്ക്കുന്നത് എന്തിനാണ്? ഇത്തരം ദാരുണമായ സാഹചര്യങ്ങളിൽ വാർത്തകൾ നൽകുമ്പോൾ മിനിമം സഹാനുഭൂതിയും മനുഷ്യത്വവും പുലർത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണം. ഭാഷ എന്നത് കേവലം വിവരങ്ങൾ അറിയിക്കാൻ മാത്രമല്ല, കേൾക്കുന്നവന്റെയും അനുഭവിക്കുന്നവന്റെയും മാനസികാവസ്ഥയെക്കൂടി പരിഗണിക്കാൻ ഉള്ളതാണ്. ദയവുചെയ്ത് വാർത്താ തലക്കെട്ടുകളിലെങ്കിലും അല്പം മനുഷ്യത്വം കാണിക്കുക, ഭാഷയിലെ മാന്യത കൈവിടാതിരിക്കുക.
കയ്ച്ചോ?ഇല്ലേൽ ബാ..തുച്ഛമായ വിലയ്ക്ക് മ്മളെ കോയിക്കോട് ഇനി എന്തും “കയ്ക്കാ”

ഇനി കോഴിക്കോടുകാരുടെ വയറും നിറയും ഒപ്പം മനസ്സും.ഹോട്ടലുകളിൽ ബാക്കിവരുന്ന നല്ല ഒന്നാന്തരം ഭക്ഷണം 60 മുതൽ 80 ശതമാനം വരെ വമ്പിച്ച വിലക്കുറവിൽ സാധാരണക്കാരിലേക്ക് എത്തിക്കാൻ ‘കയ്ക്ക’എന്ന അടിപൊളി ആപ്പുമായി എത്തിയിരിക്കുകയാണ് ഒരുകൂട്ടം യുവാക്കൾ. ഇറ്റലിയിലെ പഠനത്തിനിടയിൽ കണ്ടറിഞ്ഞ ഈ സൂപ്പർ ഐഡിയ സ്വന്തം നാട്ടിലും നടപ്പിലാക്കുകയാണ് കുറ്റിക്കാട്ടൂർ സ്വദേശി വി. മുഹമ്മദ് നിഹാലും ആരാമ്പ്രം സ്വദേശിനി കെ.പി. ഹിബ നൗറിനും.കോഴിക്കോട്ടെ 40-ഓളം പ്രമുഖ ഹോട്ടലുകൾ ഇതിനോടകം ഈ ആപ്പിന്റെ ഭാഗമായി കഴിഞ്ഞു.ഹോട്ടലുകളിൽ ഭക്ഷണസമയം കഴിയാറാകുമ്പോൾ ലഭ്യമായ ഫുഡ് വമ്പിച്ച ഡിസ്‌കൗണ്ടിൽ ആപ്പിൽ അപ്‌ഡേറ്റ് ചെയ്യും. സ്മോൾ, മീഡിയം, ലാർജ് അളവുകളിലുള്ള ‘മാജിക് പാക്കുകളായാണ്’ ഇത് ലഭിക്കുക. പാക്കിനുള്ളിൽ എന്താണെന്ന് നേരത്തെ അറിയാൻ പറ്റില്ലെങ്കിലും, നിങ്ങൾ കൊടുക്കുന്ന പൈസയേക്കാൾ ഡബിൾ മൂല്യമുള്ള മികച്ച ഭക്ഷണം തന്നെയുണ്ടാകും.ഭക്ഷണം ബുക്ക് ചെയ്താൽ നിശ്ചിത സമയത്തിനുള്ളിൽ ഹോട്ടലിൽ നേരിട്ടെത്തി വാങ്ങാം. വീട്ടിൽ നിന്ന് മാറി കോഴിക്കോട്ട് താമസിക്കുന്ന വിദ്യാർത്ഥികൾക്കും ജോലിക്കാർക്കും ഇതൊരു വലിയ ആശ്വാസമായിരിക്കും എന്നതിൽ സംശയമില്ല. ഭക്ഷണം പാക്ക് ചെയ്ത സമയവും കഴിക്കേണ്ട സമയവും കൃത്യമായി രേഖപ്പെടുത്തി ഭക്ഷ്യസുരക്ഷയും ഇവർ ഉറപ്പുനൽകുന്നുണ്ട്.നിഹാലിന്റെ സഹോദരൻ വി. സനൂജ് റഹ്മാൻ, കെ. റനിയ നസ്റീൻ, അതുൽ നൗഷാദ്, മൂസ എന്നിവരും ഈ സംരംഭത്തിന് പിന്നിലുണ്ട്. ആപ്പ് ഉടൻ തന്നെ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും.
കോട്ടയത്ത് ഡോക്ടർക്ക് നേരെ രോഗിയുടെ അതിക്രമം

കോട്ടയം അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (PHC) ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ ജൂഡിത് ജോർജിന് നേരെ രോഗിയിൽ നിന്നുണ്ടായ അതിക്രമവും, തുടർന്ന് അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഹൃദയഭേദകമായ പ്രതികരണവും കേരള സമൂഹത്തിൽ വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. വർഷങ്ങളായി ഇൻസുലിൻ എടുക്കുന്ന ഒരു രോഗിയുടെ സുരക്ഷിതത്വം മാത്രം മുൻനിർത്തി, രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ച ശേഷം ഇൻസുലിൻ നൽകാമെന്ന് പറഞ്ഞതിനാണ് ഡോക്ടർക്ക് നേരെ കടുത്ത അതിക്രമം ഉണ്ടായത്.താൻ എന്തിനാണ് ഈ എം.ബി.ബി.എസ് ബിരുദം എടുത്തതെന്ന് പോലും ആ നിമിഷത്തിൽ ചിന്തിച്ചുപോയെന്നാണ് ഡോക്ടർ ജൂഡിത് വിതുമ്പലോടെ വ്യക്തമാക്കിയത്. മുൻപ് പല സഹപ്രവർത്തകർക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, തനിക്കിത് നേരിടേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് അവർ പറയുന്നു. ഡോക്ടർ വന്ദന ദാസിന്റെ ദാരുണമായ കൊലപാതകത്തിന് ശേഷം ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് വേണ്ടിയുള്ള സമരങ്ങളിൽ താനും സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ ഒരു രോഗിയുടെ ആക്രമണത്തിന് മുന്നിൽ ഇത്തരത്തിൽ നിസ്സഹായയായി നിൽക്കേണ്ടി വരുന്ന ഒരവസ്ഥ തനിക്കും ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലെന്ന് ഡോക്ടർ കൂട്ടിച്ചേർക്കുന്നു.വന്ദനയുടെ മരണശേഷം ആരോഗ്യമേഖലയിൽ ഒട്ടനവധി സുരക്ഷാ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അധികാരികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും, പ്രായോഗികമായി ഇവിടെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർ ജൂഡിത് കുറ്റപ്പെടുത്തുന്നു. തനിക്കും അച്ഛനും അമ്മയും അടങ്ങുന്ന ഒരു കുടുംബമുണ്ടെന്നും, ഈ സാഹചര്യത്തിൽ എന്ത് വിശ്വാസത്തിലാണ് അവർ തങ്ങളെ ജോലിക്ക് വിട്ട് വീട്ടിലിരിക്കേണ്ടതെന്നുമുള്ള ഡോക്ടറുടെ ആശങ്കാകുലമായ ചോദ്യം, നിലവിൽ ആരോഗ്യപ്രവർത്തകർ നേരിടുന്ന സുരക്ഷാ വീഴ്ചകളെയും മാനസിക സമ്മർദ്ദങ്ങളെയും വീണ്ടും പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്.
പുതിയ ഔദ്യോഗിക വാഹനം വേണ്ട, നിലവിലുള്ള കാർ ഉപയോഗിക്കും;കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മാതൃകയായി വി.ഡി സതീശൻ!

കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസംമുട്ടുമ്പോൾ, കോടികൾ മുക്കി ആഡംബര കാറുകളും ഹെലികോപ്റ്ററും വാങ്ങി കൂട്ടിയ മുൻ ഭരണാധികാരികളുടെ നടപടി വലിയ രീതിയിൽ വിമർശനങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ജനങ്ങളുടെ നികുതിപ്പണം ധൂർത്തടിക്കുന്നതിനെതിരെ പൊതുജനമധ്യത്തിൽ ഉയർന്ന അമർഷം പ്രതിപക്ഷവും ആയുധമാക്കി. എന്നാൽ, അധികാരത്തിലേറിയപ്പോൾ മുൻഗാമികളെ അനാവശ്യമായി കുറ്റപ്പെടുത്താൻ നിൽക്കാതെ, സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്ന വി.ഡിയുടെ ലളിതമായ ശൈലി ഇന്ന് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധാർമികമായ ഒരു ഭരണ മാതൃകയായി മാറിയിരിക്കുകയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. പിണറായിക്ക് പിഴച്ചിടത്ത് നിന്ന് തന്നെ വി. ഡി തുടങ്ങിയിരിക്കുകയാണ്.പുതിയ ഔദ്യോഗിക വാഹനം വേണ്ടെന്ന് വെച്ച്, നിലവിലുള്ള കാർ ഉപയോഗിക്കാനാണ് തീരുമാനം.ആർഭാടത്തോടെയും പത്രാസോടെയും റോഡിലൂടെ പോയാൽ ജനങ്ങൾ ഉള്ളിൽ കളിയാക്കി ചിരിക്കുമെന്നും താൻ അത്രയ്ക്കൊന്നും ആയിട്ടില്ലെന്നും വി.ഡി സതീശൻ തുറന്നുപറയുന്നു. അതിനൊപ്പം, ഔദ്യോഗിക യാത്രകളിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ പോലീസിന്റെ അകമ്പടി വാഹനങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതായി ചുരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വഴിനീളെ ആളുകളെ തടഞ്ഞിട്ടുള്ള വിഐപി സംസ്കാരത്തിന് അറുതി വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. “മുകളിൽ ഇരിക്കുന്നവർ കാണിക്കുന്നതാണ് താഴെയുള്ളവർ പിന്തുടരുക” എന്ന വി. ഡി പ്രായോഗികമായ നിലപാടിനാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൻ കയ്യടി ലഭിക്കുന്നത്. ലളിതജീവിതം വെറുമൊരു വാക്കല്ല, പ്രവർത്തിയാണെന്ന് തെളിയിക്കുന്ന ഈ തുടക്കം പ്രതീക്ഷ നൽകുന്നതാണ്.
കോഴിക്കോട് കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്ത യുവതിയുടെ വാർത്തയും അതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളും കാണുമ്പോൾ വലിയ കഷ്ടം തോന്നുന്നു.

ചെയ്ത തെറ്റിന് 28,000 രൂപ ഫൈൻ അടച്ച് നിയമപരമായ നടപടികൾ അവർ നേരിടുകയും ചെയ്തു. അല്പനേരത്തെ രോഷപ്രകടനമാണ് ഈ പ്രശ്നത്തെ ഇത്രയും ഗുരുതരമാക്കിയത്. പൊതുമുതൽ നശിപ്പിച്ച ആ പ്രവർത്തിയെ ആർക്കും ഒന്നിന്റെ പേരിലും അനുകൂലിക്കാൻ കഴിയില്ല, അത് തെറ്റ് തന്നെയാണ്. എന്നാൽ അതിനപ്പുറം ഈ സ്ത്രീയെ വ്യക്തിപരമായി അശ്ലീല പരാമർശങ്ങൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്നതും വേട്ടയാടുന്നതുമാണ് നാം സോഷ്യൽ മീഡിയയിൽ കണ്ടത്, അത് അങ്ങേയറ്റം വേദനാജനകമാണ്. ഇതിലേറ്റവും വിരോധാഭാസം എന്തെന്നാൽ, ഈയൊരു വ്യക്തിപരമായ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ ചിലർ കാണിക്കുന്ന ആവേശമാണ്. ഒരു വശത്ത് ഇവർ എംഎൽഎയുടെ സഹോദരിയാണെന്ന് പറയുമ്പോൾ മറുഭാഗത്ത് പ്രതിപക്ഷ കക്ഷികളുടെ ബന്ധുവാണെന്ന് വരുത്തിതീർക്കാനാണ് ശ്രമം. ഒരു വ്യക്തിയുടെ ഇത്തരം പെരുമാറ്റങ്ങൾക്ക് ഭരിക്കുന്നവരോ ഭരണപക്ഷത്തിന് എതിർവശത്തിരിക്കുന്നവരോ ഒന്നും ഉത്തരവാദികളാകുന്നില്ല. ഒരു വ്യക്തിയുടെ പെരുമാറ്റത്തെ രാഷ്ട്രീയമായി വിലയിരുത്തുന്നതിൽ തെറ്റില്ല, പക്ഷേ ചേരിതിരിഞ്ഞ് അത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത് രാഷ്ട്രീയത്തിലെ ഏറ്റവും തരംതാഴ്ന്ന പ്രവർത്തികളിൽ ഒന്നായേ കാണാൻ കഴിയൂ. സമൂഹമാധ്യമങ്ങളിലെ സൈബർ ഇടങ്ങളിൽ മുഖംമൂടിയിട്ട് ഇത്തരം അധിക്ഷേപങ്ങളിലും വ്യാജ പ്രചാരണങ്ങളിലും ഏർപ്പെടുന്നവർ തിരിച്ചറിയേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. മലയാളി സമൂഹത്തിനും ഇന്ത്യൻ ജനതയ്ക്കും തെറ്റിനെയും ശരിയെയും കൃത്യമായി തിരിച്ചറിയാനുള്ള അവബോധം ഇന്നലെയോ ഇന്നോ ഉണ്ടായതല്ല. സമൂഹമാധ്യമങ്ങളിലൂടെ ആയാലും അല്ലാതെയുള്ള വാർത്തകളിലൂടെ ആയാലും, അവയുടെ യാഥാർത്ഥ്യത്തെ നവമാധ്യമങ്ങളുടെ സഹായത്തോടെ കൃത്യമായി കണ്ടെത്താനും തിരിച്ചറിയാനുമുള്ള ബോധം നമുക്കെല്ലാവർക്കും ഉണ്ട്. ആ ബോധം എല്ലാവർക്കും ഉണ്ടെന്ന് മനസ്സിലാക്കി വേണം സോഷ്യൽ മീഡിയയിലെ ഈ പഴിചാരലുകളും കൃത്രിമ വാർത്തകളുടെ പ്രചാരണങ്ങളും. കാരണം, ഇത്തരം നുണപ്രചാരണങ്ങൾ കൊണ്ടൊന്നും സത്യത്തെ അധികനാൾ മറച്ചുവെക്കാൻ സാധ്യമല്ല എന്ന് ഇനിയെങ്കിലും ഇക്കൂട്ടർ മനസ്സിലാക്കണം.