​ഒരു ദാരുണമായ അപകട വാർത്ത കാണുമ്പോഴുള്ള നടുക്കത്തേക്കാൾ ചിലപ്പോൾ നമ്മളെ വേദനിപ്പിക്കുന്നത് അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രീതിയാണ്.

കോഴിക്കോട് ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഒരു ഗർഭിണിയായ യുവതി മരണപ്പെട്ട സംഭവം അതീവ ദരുണമാണ്. എന്നാൽ ആ വാർത്തയ്ക്ക് മുകളിൽ ‘വെന്തുമരിച്ചു’ എന്ന് വലിയ അക്ഷരങ്ങളിൽ എഴുതിവെക്കാൻ മാധ്യമങ്ങൾക്ക് എങ്ങനെ സാധിക്കുന്നു? മരണപ്പെട്ടത് ഒരു മനുഷ്യജീവനാണ്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ്. ആ വേർപാടിന്റെ വേദനയെയോ, ആ വ്യക്തിയുടെ അന്തസ്സിനെയോ ലവലേശം മാനിക്കാതെ, കേവലം ആളുകളെ ഞെട്ടിപ്പിക്കാനും കൂടുതൽ വ്യൂസ് നേടാനും വേണ്ടി ഇത്തരം ക്രൂരമായ വാക്കുകൾ ഉപയോഗിക്കുന്നത് തികച്ചും നിർഭാഗ്യകരമാണ്.

​’പൊള്ളലേറ്റു മരിച്ചു’ എന്ന് മാന്യമായി പറഞ്ഞാൽ തീരുന്ന കാര്യമേ ഇവിടെയുള്ളൂ. മാധ്യമങ്ങൾ ഉപയോഗിക്കുന്ന ഭാഷയ്ക്ക് ഒരു സംസ്കാരമുണ്ട്, അതിന് സമൂഹത്തിൽ വലിയ സ്വാധീനവുമുണ്ട്. അങ്ങനെയുള്ളപ്പോൾ ക്രൂരതയും ഭയവും ജനിപ്പിക്കുന്ന വാക്കുകൾ ബോധപൂർവ്വം കുത്തിനിറയ്ക്കുന്നത് എന്തിനാണ്? ഇത്തരം ദാരുണമായ സാഹചര്യങ്ങളിൽ വാർത്തകൾ നൽകുമ്പോൾ മിനിമം സഹാനുഭൂതിയും മനുഷ്യത്വവും പുലർത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണം. ഭാഷ എന്നത് കേവലം വിവരങ്ങൾ അറിയിക്കാൻ മാത്രമല്ല, കേൾക്കുന്നവന്റെയും അനുഭവിക്കുന്നവന്റെയും മാനസികാവസ്ഥയെക്കൂടി പരിഗണിക്കാൻ ഉള്ളതാണ്.

ദയവുചെയ്ത് വാർത്താ തലക്കെട്ടുകളിലെങ്കിലും അല്പം മനുഷ്യത്വം കാണിക്കുക, ഭാഷയിലെ മാന്യത കൈവിടാതിരിക്കുക.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *