ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ അർജന്‍റീനയുടെ തലയിലായത് നാണക്കേടിന്‍റെ റെക്കോർഡാണ്. കഴിഞ്ഞ 60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഫൈനൽ മത്സരത്തിൽ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ കഴിയാത്ത ഏക ടീമെന്ന മോശം റെക്കോർഡാണ് അർജന്‍റീന സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് അർജന്‍റീന ലോകകപ്പ് ഫൈനലിൽ ഈ നാണക്കേട് ആവർത്തിക്കുന്നത്.
2026-ലെ ഫൈനലിൽ സ്പെയിനിനെതിരെ 120 മിനിറ്റ് കളിച്ചിട്ടും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്ന ഒരൊറ്റ ഓൺ ടാർഗെറ്റ് ഷോട്ട് പോലും അർജന്‍റീനൻ മുന്നേറ്റനിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചില്ല. മെസിയും സംഘവും പൂർണ്ണമായും സ്പാനിഷ് പ്രതിരോധത്തിന് മുന്നിൽ നിഷ്പ്രഭമാകുകയായിരുന്നു.
ഫിഫ ലോകകപ്പ് ചരിത്രത്തിൽ 1966 മുതൽ ഔദ്യോഗികമായി ഡാറ്റകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഫൈനലിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ കഴിയാത്ത സാഹചര്യം മൂന്നാം തവണയാണ് അർജന്‍റീനയ്ക്ക് ഉണ്ടായിട്ടുള്ളത്.
1990ലെ ലോകകപ്പിൽ പശ്ചിമ ജർമ്മനിക്കെതിരെ അർജൻ്റീന 1-0 ന് തോറ്റ മത്സരത്തിൽ ടീമിന് ഒറ്റ ഓൺ ടാർഗെറ്റ് ഷോട്ട് പോലും ഉണ്ടായിരുന്നില്ല. 2014 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ മെസിയുടെ അർജൻ്റീന എക്സ്ട്രാ ടൈമിൽ 1-0 ന് തോറ്റപ്പോഴും ടാർഗെറ്റിലേക്ക് ഷോട്ടുകൾ ഉതിർക്കാൻ അർജൻ്റീനയ്ക്കായില്ല. ഇത്തവണ സ്പെയിനിനെതിരായ ഫൈനലിലും കഥ മാറിയില്ല. കളിയിലുടനീളം ഫൗളുകൾ കൊണ്ട് സ്പാനിഷ് പടയെ തടയാൻ ശ്രമിച്ച അർജൻ്റീന ആക്രമണത്തിൽ പൂർണ പരാജയമായി. ലോകകപ്പ് ഫൈനലിൽ മറ്റൊരു വമ്പൻ ടീമും ഇത്തരത്തിൽ എതിരാളികൾക്ക് മുമ്പിൽ നിരായുധരായി മാറിയിട്ടില്ല.
ഫൈനലിൽ ഗോൾകീപ്പർ എമി മാർട്ടിനസിൻ്റെ അവിശ്വസനീയമായ 11 സേവുകൾ മാത്രമാണ് അർജൻ്റീനയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. മുന്നേറ്റനിരയിൽ ലയണൽ മെസിയും ജൂലിയൻ അൽവാരസുമടങ്ങുന്ന വമ്പൻ സ്രാവുകൾ ഉണ്ടായിട്ടും സ്പാനിഷ് ബോക്സിൽ കാര്യമായ ചലനമുണ്ടാക്കാൻ അർജൻ്റീനയ്ക്ക് കഴിഞ്ഞില്ല എന്നത് ആരാധകരെയും നിരാശരാക്കി. സ്പെയിൻ 11 ഷോട്ടുകൾ ടാർഗറ്റിലേക്ക് ഉതിർത്തപ്പോൾ മത്സരത്തിൽ ഒരു ഷോട്ടുപോലും അർജൻ്റീനക്ക് ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല. മത്സരത്തിലാകെ 20 ഷോട്ടുകൾ സ്പെയിൻ തൊടുത്തപ്പോൾ എക്സ്ട്രാ ടൈമിൽ തൊടുത്ത മൂന്ന് ഷോട്ടുകൾ മാത്രമാണ് അർജൻ്റീനയുടെ പേരിലുള്ളത്.
വിജയകരമായ 803 പാസുകളാണ് സ്പെയിൻ മത്സരത്തിലാകെ പൂർത്തിയാക്കിയത്.
എന്നാൽ അർജൻ്റീനയാകട്ടെ 445 പാസുകൾ മാത്രമാണ് പൂർത്തിയാക്കിയത്. സ്പെയിനിന് 90 ശതമാനം പാസിംഗ് കൃത്യതയുണ്ടായിരുന്നപ്പോൾ അർജൻ്റീനക്കിത് 78 ശതമാനം മാത്രമായിരുന്നു. പന്തടക്കത്തിലും സ്പെയിൻ അർജൻ്റീനയെ ബഹുദൂരം പിന്നിലാക്കിയിരുന്നു.
മത്സരത്തിൽ 68 ശതമാനവും പന്തടക്കം സ്പെയിനായിരുന്നു. അർജൻ്റീനക്ക് 32 ശതമാനം മാത്രം പന്തടക്കമാണുണ്ടായിരുന്നത്. ഒടുവിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ സ്പെയിൻ അർഹിച്ച കിരീടം സ്വന്തമാക്കി.





