ചരിത്രം കുറിച്ച് മീരാഭായ്

ഗ്ലാസ്ഗോയിൽ സ്വർണത്തിളക്കത്തോടെ ഇന്ത്യ 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണമെഡൽ സമ്മാനിച്ച് വെയ്റ്റ്‌ലിഫ്റ്റിംഗ് താരം മീരാഭായ് ചാനു വീണ്ടും ചരിത്രം കുറിച്ചിരിക്കുകയാണ്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ആകെ 190 കിലോഗ്രാം ഉയർത്തി പുതിയ ഗെയിംസ് റെക്കോർഡോടെയാണ് ചാനുവിന്റെ ഈ മിന്നുന്ന നേട്ടം. സ്നാച്ച് റൗണ്ടിൽ 85 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാമും ഉയർത്തിയ താരം, തൊട്ടടുത്ത എതിരാളിയേക്കാൾ 22 കിലോഗ്രാം മുന്നിലെത്തിയാണ് മത്സരത്തിൽ പൂർണ്ണ ആധിപത്യം ഉറപ്പിച്ചത്. 2018, 2022 വർഷങ്ങളിലെ സ്വർണനേട്ടങ്ങൾക്ക് ശേഷം ഗ്ലാസ്ഗോയിലും ഒന്നാമതെത്തിയതോടെ തുടർച്ചയായ മൂന്നാം തവണയാണ് മീരാഭായ് കോമൺവെൽത്ത് ചാമ്പ്യനാകുന്നത്.എന്നാൽ ഈ മത്സരത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം അവരുടെ റിക്കോർഡ് നേട്ടം മാത്രമല്ല, വിജയപീഠത്തിൽ നിൽക്കുമ്പോൾ മീരാഭായ് പങ്കുവെച്ച അതിവൈകാരികമായ നിമിഷങ്ങൾ കൂടിയാണ്. ദേശീയപതാക ഉയരുകയും ദേശീയഗാനം മുഴങ്ങുകയും ചെയ്തപ്പോൾ വിങ്ങിപ്പൊട്ടിയ താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഈ വിജയത്തിന് പിന്നിൽ താൻ സഹിച്ച കഠിനമായ ത്യാഗങ്ങളെക്കുറിച്ചും മീരാഭായ് വെളിപ്പെടുത്തുകയുണ്ടായി . മത്സരത്തിന് മുന്നോടിയായി ശരീരഭാരം കൃത്യമായി നിലനിർത്താൻ മൂന്നു ദിവസത്തോളമാണ് ഭക്ഷണവും വെള്ളവുമില്ലാതെ അവർക്ക് കഴിയേണ്ടി വന്നത്. വിശ്രമമില്ലാത്ത പരിശീലനവും പരിക്കുകളും അതിജീവിച്ച് രാജ്യം നേടിയ ഈ സ്വർണത്തിളക്കം കായികലോകത്തിന് എന്നും ഒരു വലിയ പ്രചോദനമാണ്..
സഞ്ജുവിന് ഇരട്ടത്താപ്പോ?

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര വിജയത്തിന് ശേഷവും ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ അടങ്ങുന്നില്ല, വിഷയമാകട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനവും. ഒരു വശത്ത് യുവതാരം വൈഭവ് സൂര്യവംശിയുടെ മിന്നുന്ന ഫോമും മറു വശത്ത് പരാജയപ്പെട്ടിട്ടും അഭിഷേക് ശർമയ്ക്ക് ലഭിക്കുന്ന അതിരറ്റ പിന്തുണയും ആരാധകരെയും ക്രിക്കറ്റ് പണ്ഡിറ്റുകളെയും ഒരുപോലെ ചൊടിപ്പിക്കുന്നുണ്ട്. തുടർച്ചയായി ഫോം ഔട്ടാകുന്ന അഭിഷേകിനെ ടീം മാനേജ്മെന്റ് നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ സഞ്ജുവിനോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ കൃഷ്ണമചാരി ശ്രീകാന്തും താരം ഹനുമ വിഹാരിയും രംഗത്തെത്തിക്കഴിഞ്ഞു.യൂട്യൂബ് ചാനലിലൂടെ ചോദ്യശരങ്ങൾ എറിഞ്ഞ ഹനുമ വിഹാരി, കണക്കുകൾ നിരത്തിയാണ് അഭിഷേകിന് ലഭിക്കുന്ന ‘പ്രത്യേക പരിഗണന’യെ തുറന്നുകാട്ടിയത്. ലോകകപ്പിന് മുൻപ് അഞ്ച് മത്സരങ്ങളിൽ നിറംമങ്ങിയെന്ന പേരിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സഞ്ജു, പിന്നീട് മാസ് തിരിച്ചുവരവ് നടത്തി ടൂർണമെന്റിലെ താരമാകുന്നതാണ് നമ്മൾ കണ്ടത്. എന്നാൽ എട്ട് മത്സരങ്ങളിൽ നിന്ന് ഒറ്റ അർധസെഞ്ചറി മാത്രം നേടിയ അഭിഷേകിന് ഒരു കുഴപ്പവുമില്ല. കഴിഞ്ഞ ആറ് ട്വന്റി-20 ഇന്നിങ്സുകളിൽ 2, 8, 1, 3, 16, 10 എന്നിങ്ങനെ മാത്രം സ്കോർ ചെയ്ത അഭിഷേക്, അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ ഉയർന്ന സ്കോർ 16 മാത്രമാണ്. അതേസമയം കളിച്ച മൂന്ന് മത്സരങ്ങളിലും അർധസെഞ്ചറി തികച്ച സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്യുന്നു. സമ്മർദഘട്ടങ്ങളിൽ ടീമിനെ ജയിപ്പിക്കാൻ പ്രാപ്തിയുള്ള സഞ്ജുവിനോടും അഭിഷേകിനോടും മാനേജ്മെന്റിന് എങ്ങനെയാണ് രണ്ട് നീതിയാകുന്നതെന്നാണ് വിഹാരിയുടെ ചോദ്യം. സമാനമായ രീതിയിൽ കെ. ശ്രീകാന്തും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സഞ്ജുവിന് അർഹിച്ച അവസരങ്ങൾ നൽകാതെ, പൂർണ പരാജയമായ അഭിഷേകിനെ വീണ്ടും വീണ്ടും സംരക്ഷിക്കുന്നതിന്റെ യുക്തി എന്താണെന്ന് അദ്ദേഹം ആരായുന്നു. ഇതിനിടയിലാണ് വൈഭവ് സൂര്യവംശിയുടെ ഫോം സഞ്ജുവിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി മുൻ താരം ഇർഫാൻ പത്താൻ എത്തുന്നത്. ഒരാളുടെ സ്ഥാനം പിടിച്ചെടുത്താൽ വൈഭവ് അവരെ ആ വഴിക്ക് തിരികെ വരാൻ അനുവദിക്കില്ലെന്നാണ് പത്താന്റെ നിരീക്ഷണം. ഐർലൻഡ് പരമ്പരയിൽ സഞ്ജു മങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ വഴി തുറന്ന കിട്ടിയ വൈഭവ്, സിംബാബ്‌വെ പര്യടനത്തിൽ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് രണ്ട് അർധസെഞ്ചറിയടക്കം 185 റൺസാണ് അടിച്ചുകൂട്ടിയത്. ഇതോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ഓപ്പണിങ് സ്ലോട്ടിൽ സഞ്ജുവോ അതോ വൈഭവോ എന്ന വലിയ ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണം, ഓൺലൈൻ ഹർജിയുമായി അർജന്റീന ആരാധകർ

ഫിഫ 2026 ലോകകപ്പ് ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് ഓൺലൈൻ ഹർജി പ്രചരിക്കുന്നു. സ്ലോവേനിയൻ റഫറി സ്ലാവ്കോ വിൻസിച്ചിന്റെ തീരുമാനങ്ങൾ സ്പെയിനെതിരെയുള്ള കലാശപ്പോരാട്ടത്തിലെ ഫലത്തെ സ്വാധീനിച്ചു എന്ന് ആരോപിച്ചാണ് അർജന്റീന ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 19-ന് ന്യൂയോർക്കിൽ നടന്ന ഫൈനലിന് തൊട്ടുപിന്നാലെ ‘ചേഞ്ച് ഡാറ്റ് ഓർഗ്’ (Change.org) എന്ന വെബ്‌സൈറ്റിലാണ് ഹർജി ആരംഭിച്ചത്. നിലവിൽ അറുപത്തൊന്ന് ആയിരത്തിലധികം ആളുകൾ ഇതിൽ ഒപ്പുവെച്ചു കഴിഞ്ഞു. ഹർജിക്ക് പിന്നിലെ കാര്യങ്ങൾ ജിസെല സാഞ്ചസ് എന്ന ആരാധകയാണ് ഈ ഹർജിക്ക് തുടക്കമിട്ടത്. മത്സരത്തിനിടെ റഫറി എടുത്ത തീരുമാനങ്ങൾ ഫിഫ വീണ്ടും പരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം. മത്സരത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നുണ്ടെങ്കിലും അതിന് വ്യക്തമായ തെളിവുകളൊന്നും നൽകിയിട്ടില്ല. എങ്കിലും ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഹർജി സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടി. ഫിഫ പുനഃപരിശോധിക്കുമോ? ഹർജിയിൽ പതിനായിരക്കണക്കിന് ആളുകൾ ഒപ്പിട്ടെങ്കിലും ഫിഫ ഇത് പരിഗണിക്കാൻ സാധ്യതയില്ല. കായിക നിയമാവലികളിൽ ചേഞ്ച് ഡാറ്റ് ഓർഗ് പോലുള്ള വെബ്‌സൈറ്റുകളിലെ ഹർജികൾക്ക് ഔദ്യോഗികമായി യാതൊരു അധികാരവുമില്ല. ഒരു മത്സരത്തിന്റെ ഫലം മാറ്റാൻ ഇത്തരം ഹർജികൾക്ക് കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. തികച്ചും അപൂർവ്വവും അസാധാരണവുമായ സാഹചര്യങ്ങളിൽ മാത്രമാണ് നിയമപ്രകാരം പുനർമത്സരം അനുവദിക്കാറുള്ളത്. അതിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ അവകാശം ബന്ധപ്പെട്ട കായിക ഭരണസമിതികൾക്ക് മാത്രമാണ്. ഫ്രഞ്ച് ആരാധകരും മുൻപ് രംഗത്തെത്തിയിരുന്നു സമാനമായ സംഭവം നേരത്തെയും ഉണ്ടായിട്ടുണ്ട്. സെമിഫൈനലിൽ സ്പെയിനിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് ആരാധകരും ഇത്തരമൊരു ഹർജി ആരംഭിച്ചിരുന്നു. സ്പെയിൻ നേടിയ ആദ്യ ഗോളിന് മുന്നോടിയായുള്ള റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു എൺപത്തിരണ്ടായിരത്തിലധികം ആളുകൾ ഒപ്പിട്ട ആ പ്രതിഷേധം. എന്നാൽ അത് വലിയ വാർത്തയായതല്ലാതെ മത്സരഫലത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കിയില്ല. അർജന്റീന ആരാധകരുടെ ഈ ഹർജിക്കും സമാനമായ പര്യവസാനമായിരിക്കും ഉണ്ടാകുക.
2026 ഫിഫ ലോകകപ്പ് ഡ്രീം ഇലവൻ പുറത്ത്

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ വോട്ട് ചെയ്ത് തിരഞ്ഞെടുത്ത 2026-ലെ ഫിഫ ലോകകപ്പ് ഡ്രീം ഇലവനിലേക്ക് വൻ വോട്ടിംഗ്! ഫ്രാൻസ്, സ്പെയിൻ എന്നീ വൻശക്തികളിൽ നിന്ന് മൂന്ന് കളിക്കാർ വീതം ഇടം നേടിയപ്പോൾ, അർജന്റീനയിൽ നിന്ന് രണ്ട് പേരും നോർവേ, ഇംഗ്ലണ്ട്, കേപ് വെർദെ എന്നിവിടങ്ങളിൽ നിന്ന് ഓരോ താരങ്ങളും മാറ്റുരയ്ക്കുന്നു.എന്നാൽ, ഞെട്ടിക്കുന്ന കാര്യം മറ്റൊന്നാണ്! മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ, സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ എന്നിവർക്ക് ഈ സ്വപ്ന ടീമിൽ ഇടം ലഭിച്ചില്ല. ഗോൾകീപ്പർവോസിഞ്ഞോ (കേപ് വെർദെ) – 8 മത്സരങ്ങളിൽ നിന്ന് ഏഴ് ക്ലീൻ ഷീറ്റ് നേടി റെക്കോർഡിട്ട സ്പെയിനിന്റെ ഉനായ് സിമോണിനെ മറികടന്നാണ് 40-കാരനായ വോസിഞ്ഞോ ആരാധകരുടെ മനംകവർന്ന് ടീമിലെത്തിയത്! പ്രതിരോധ നിര പെഡ്രോ പോറോ, ലിസാന്ദ്രോ മാർട്ടിനെസ്, ദയോട്ട് ഉപമെക്കാനോ, മാർക്ക് കുകുറെല്ല.മധ്യനിരജൂഡ് ബെല്ലിംഗ്ഹാം (10 ഗോളുകൾ, 1 അസിസ്റ്റ്), മൈക്കൽ ഒലിസെ (7 അസിസ്റ്റുകൾ), റോഡ്രി (ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ വിജയി). മുന്നേറ്റനിര ലയണൽ മെസ്സി (8 ഗോളുകൾ), എർലിംഗ് ഹാലൻഡ് (7 ഗോളുകൾ), കിലിയൻ എംബാപ്പെ (10 ഗോളുകൾ).ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്തെത്തിക്കാൻ സഹായിക്കുകയും 6 ഗോളുകൾ നേടുകയും ചെയ്ത ഹാരി കെയ്‌നിന്റെ അഭാവവും, കേപ് വെർദെയുടെ കന്നി ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ വോസിഞ്ഞോയുടെ സാന്നിധ്യവുമാണ് ഈ ഡ്രീം ഇലവനിലെ പ്രധാന ചർച്ചാവിഷയം
മെസ്സി നേടുന്ന ഓരോ വിജയത്തിനു പിന്നിലും ഫിഫയുടെ വഴിവിട്ടസഹായവുമാണെന്ന വാദം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരും സോഷ്യൽ മീഡിയയിൽ ലൈക്കടിച്ച് കടന്നുപോകുന്നവരും മറന്നുപോകുന്ന ചില പച്ചയായ വസ്തുതകളുണ്ട്.

മെസ്സിക്ക് റെഡ് കാർഡ് കൊടുത്തില്ല, അർജന്റീനയ്ക്ക് അനുകൂലമായി വിസിലടിച്ചു എന്നൊക്കെ പറയുന്നവർ ആ ലോകകപ്പിലെ ടോട്ടൽ ഫൗളുകളുടെ കണക്കുകൾ കൂടി പരിശോധിക്കണം. നെതർലൻഡ്സുമായുള്ള ക്വാർട്ടർ ഫൈനലിൽ മാത്രം അർജന്റീന കളിക്കാർ വാരിക്കൂട്ടിയത് എത്ര മഞ്ഞക്കാർഡുകളാണെന്ന് ഓർക്കുന്നത് നന്ന്.ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു മത്സരത്തിൽ ഇത്രയധികം കാർഡുകൾ നൽകുന്നത് ആദ്യമായാണ്.സ്‌പെയ്നുമായി നടന്ന പോരാട്ടത്തിൽ ലഭിച്ച കാർഡുകളുടെ എണ്ണമോ? അപ്പോൾ മെസ്സി നൽകിയ പണം തീർന്നു പോയതാണോ? മെസ്സി കരിയറിൽ നേടിയ 8 ഗോൾഡൻ ബോളുകളും, ക്ലബ്ബ്-ഇന്റർനാഷണൽ തലത്തിലെ 40-ലധികം ട്രോഫികളും, ആയിരത്തിലധികം ഗോൾ ഇൻവോൾവ്‌മെന്റുകളും ഏതെങ്കിലും റഫറിയുടെ സഹായം കൊണ്ട് നേടിയതല്ല. കഠിനാധ്വാനവും അസാമാന്യ കഴിവും കൊണ്ട് തന്നെയാണ്.തോൽവികൾ അംഗീകരിക്കാൻ മടിയുള്ളവരും, ഗ്രൗണ്ടിലെ മികവിന് മുന്നിൽ ഉത്തരം മുട്ടുമ്പോൾ ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നവരും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചേക്കാം.വിമർശനങ്ങൾക്കും ലൈക്കുകൾക്കും മറുപടി കളിത്തട്ടിൽ തന്നെ നൽകിയ ചരിത്രമേ അർജന്റീനയ്ക്കുള്ളു.കണക്കുകളിലും കളിയിലും കിരീടങ്ങളിലും മെസ്സി എന്നും ഒന്നാമത് തന്നെയാണ് എന്നിരിക്കെ ഈ വാദങ്ങൾക്ക് എന്ത്, എവിടെയാണ് പ്രസക്തിയുള്ളത്…
അർജന്‍റീനയുടെ തലയിലായത് നാണക്കേടിന്‍റെ റെക്കോർഡ്

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെ അർജന്‍റീനയുടെ തലയിലായത് നാണക്കേടിന്‍റെ റെക്കോർഡാണ്. കഴിഞ്ഞ 60 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഫൈനൽ മത്സരത്തിൽ എതിരാളികളുടെ ഗോൾപോസ്റ്റിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിർക്കാൻ കഴിയാത്ത ഏക ടീമെന്ന മോശം റെക്കോർഡാണ് അർജന്‍റീന സ്വന്തമാക്കിയത്. ഇത് മൂന്നാം തവണയാണ് അർജന്‍റീന ലോകകപ്പ് ഫൈനലിൽ ഈ നാണക്കേട് ആവർത്തിക്കുന്നത്. 2026-ലെ ഫൈനലിൽ സ്പെയിനിനെതിരെ 120 മിനിറ്റ് കളിച്ചിട്ടും സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോണിനെ പരീക്ഷിക്കാൻ പോന്ന ഒരൊറ്റ ഓൺ ടാർഗെറ്റ് ഷോട്ട് പോലും അർജന്‍റീനൻ മുന്നേറ്റനിരയ്ക്ക് സൃഷ്ടിക്കാൻ സാധിച്ചില്ല. മെസിയും സംഘവും പൂർണ്ണമായും സ്പാനിഷ് പ്രതിരോധത്തിന് മുന്നിൽ നിഷ്പ്രഭമാകുകയായിരുന്നു.ഫിഫ ലോകകപ്പ് ചരിത്രത്തിൽ 1966 മുതൽ ഔദ്യോഗികമായി ഡാറ്റകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഫൈനലിൽ ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ കഴിയാത്ത സാഹചര്യം മൂന്നാം തവണയാണ് അർജന്‍റീനയ്ക്ക് ഉണ്ടായിട്ടുള്ളത്. 1990ലെ ലോകകപ്പിൽ പശ്ചിമ ജർമ്മനിക്കെതിരെ അർജൻ്റീന 1-0 ന് തോറ്റ മത്സരത്തിൽ ടീമിന് ഒറ്റ ഓൺ ടാർഗെറ്റ് ഷോട്ട് പോലും ഉണ്ടായിരുന്നില്ല. 2014 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ മെസിയുടെ അർജൻ്റീന എക്സ്ട്രാ ടൈമിൽ 1-0 ന് തോറ്റപ്പോഴും ടാർഗെറ്റിലേക്ക് ഷോട്ടുകൾ ഉതിർക്കാൻ അർജൻ്റീനയ്ക്കായില്ല. ഇത്തവണ സ്പെയിനിനെതിരായ ഫൈനലിലും കഥ മാറിയില്ല. കളിയിലുടനീളം ഫൗളുകൾ കൊണ്ട് സ്പാനിഷ് പടയെ തടയാൻ ശ്രമിച്ച അർജൻ്റീന ആക്രമണത്തിൽ പൂർണ പരാജയമായി. ലോകകപ്പ് ഫൈനലിൽ മറ്റൊരു വമ്പൻ ടീമും ഇത്തരത്തിൽ എതിരാളികൾക്ക് മുമ്പിൽ നിരായുധരായി മാറിയിട്ടില്ല. ഫൈനലിൽ ഗോൾകീപ്പർ എമി മാർട്ടിനസിൻ്റെ അവിശ്വസനീയമായ 11 സേവുകൾ മാത്രമാണ് അർജൻ്റീനയെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. മുന്നേറ്റനിരയിൽ ലയണൽ മെസിയും ജൂലിയൻ അൽവാരസുമടങ്ങുന്ന വമ്പൻ സ്രാവുകൾ ഉണ്ടായിട്ടും സ്പാനിഷ് ബോക്സിൽ കാര്യമായ ചലനമുണ്ടാക്കാൻ അർജൻ്റീനയ്ക്ക് കഴിഞ്ഞില്ല എന്നത് ആരാധകരെയും നിരാശരാക്കി. സ്പെയിൻ 11 ഷോട്ടുകൾ ടാർഗറ്റിലേക്ക് ഉതിർത്തപ്പോൾ മത്സരത്തിൽ ഒരു ഷോട്ടുപോലും അർജൻ്റീനക്ക് ലക്ഷ്യത്തിലേക്ക് പായിക്കാനായില്ല. മത്സരത്തിലാകെ 20 ഷോട്ടുകൾ സ്പെയിൻ തൊടുത്തപ്പോൾ എക്സ്ട്രാ ടൈമിൽ തൊടുത്ത മൂന്ന് ഷോട്ടുകൾ മാത്രമാണ് അർജൻ്റീനയുടെ പേരിലുള്ളത്.വിജയകരമായ 803 പാസുകളാണ് സ്പെയിൻ മത്സരത്തിലാകെ പൂർത്തിയാക്കിയത്. എന്നാൽ അർജൻ്റീനയാകട്ടെ 445 പാസുകൾ മാത്രമാണ് പൂർത്തിയാക്കിയത്. സ്പെയിനിന് 90 ശതമാനം പാസിംഗ് കൃത്യതയുണ്ടായിരുന്നപ്പോൾ അർജൻ്റീനക്കിത് 78 ശതമാനം മാത്രമായിരുന്നു. പന്തടക്കത്തിലും സ്പെയിൻ അർജൻ്റീനയെ ബഹുദൂരം പിന്നിലാക്കിയിരുന്നു. മത്സരത്തിൽ 68 ശതമാനവും പന്തടക്കം സ്പെയിനായിരുന്നു. അർജൻ്റീനക്ക് 32 ശതമാനം മാത്രം പന്തടക്കമാണുണ്ടായിരുന്നത്. ഒടുവിൽ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിൽ സ്പെയിൻ അർഹിച്ച കിരീടം സ്വന്തമാക്കി.
ഒറ്റ മത്സരത്തിലൂടെ കോടികണക്കിന് ഫോളോവേഴ്‌സ്;ദ് ഒണ്‍ലി വണ്‍ ഗോൾ കീപ്പര്‍ കേപ് വെര്‍ദേ വോസിഞ്ഞ!

ഒരൊറ്റ ലോകകപ്പ് മത്സരത്തിലൂടെ കേപ് വെര്‍ദേയുടെ വെറ്ററന്‍ ഗോള്‍കീപ്പര്‍ വോസിഞ്ഞ നേടിയത് സേവുകള്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ മനസ്സ് കൂടിയാണ്.ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരായ പോരാട്ടത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 50000ല്‍ നിന്ന് 27M കടന്നിരിക്കുകയാണ് ഫോളോവേഴ്‌സിന്റെ എണ്ണം.നിലവില്‍ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള ഗോൾ കീപ്പര്‍ എന്ന നേട്ടവും വോസിഞ്ഞക്ക് സ്വന്തം. കളികളത്തില്‍ അര്‍ജന്റീന കപ്പടിച്ചെങ്കിലും ആരാധകരില്‍ ഇന്നുംമായാതെ നില്‍പ്പുണ്ട് അവസാനം വരെ പോരാടിയ ആ മാസ്മരിക പ്രകടനം.വോസിഞ്ഞയുടെ സേവുകളിൽ ഒട്ടും അതിശയോക്തി വേണ്ട.കാരണം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ സ്പെയിനെ വിറപ്പിച്ചതും വോസിഞ്ഞയുടെ പ്രകടനമാണ്. ഒരു മികച്ച പ്രകടനം ഒരു താരത്തിന്റെ ജീവിതം എങ്ങനെ മാറ്റിമറിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി വോസിഞ്ഞ മാറിയിരിക്കുകയാണ്. ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും കിരീടങ്ങളല്ല മറിച്ച് മികച്ച പ്രകടനങ്ങളാണ് ഒരു താരത്തിന്റെ യഥാര്‍ത്ഥ മൂല്യമെന്ന് തെളിയിക്കുന്നതാണ്വോസിഞ്ഞയുടെ ജീവിതം.
“റൊണാൾഡോ യുഗം കഴിഞ്ഞു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

2018ൽ പറഞ്ഞു.2022ൽ വീണ്ടും,2026 ലോകകപ്പിന്റെ ആദ്യ മത്സരത്തിന് ശേഷവും അതേ വാക്കുകൾ ആവർത്തിക്കപ്പെട്ടു. പക്ഷേ ലോക ഫുട്ബോളിൽ ചില താരങ്ങളുണ്ട്. അവർ വിമർശനങ്ങൾക്ക് മറുപടി നൽകുന്നത് വാക്കുകൾ കൊണ്ടല്ല, റെക്കോർഡുകൾ കൊണ്ടാണ്. ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ ഇരട്ടഗോളുമായി പോർച്ചുഗലിനെ വിജയത്തിലേക്ക് നയിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകകപ്പ് ചരിത്രത്തിലെ മറ്റാർക്കും എത്തിപ്പിടിക്കാനാകാത്ത ഒരു കൊടുമുടിയിലേക്കാണ് നടന്നുകയറിയത്. 2006, 2010, 2014, 2018, 2022, 2026… ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടം ഇനി അദ്ദേഹത്തിന്റെ പേരിലാണ്. 20 വർഷം. ഒരു ഫുട്ബോൾ താരത്തിന്റെ മുഴുവൻ കരിയറിനേക്കാൾ ദൈർഘ്യമുള്ള കാലയളവ്. ആ കാലയളവിൽ ലോക ഫുട്ബോൾ കണ്ടത് നിരവധി സൂപ്പർ താരങ്ങളുടെ ഉദയവും അസ്തമയവും. പക്ഷേ റൊണാൾഡോ ഇപ്പോഴും ലോകകപ്പ് വേദിയിൽ ഗോൾ നേടിക്കൊണ്ടിരിക്കുന്നു. 41-ാം വയസിൽ ലോകകപ്പിൽ ഇരട്ടഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് പറയുന്ന വാചകത്തിന് ജീവനുള്ള തെളിവായി വീണ്ടും മാറി. മെസിയും റൊണാൾഡോയും തമ്മിലുള്ള താരതമ്യങ്ങൾ തുടരും. റെക്കോർഡുകൾ മാറും. അഭിപ്രായങ്ങൾ മാറും. പക്ഷേ ഒരു കാര്യം നിഷേധിക്കാൻ സാധിക്കില്ല. 2006 ലോകകപ്പിൽ ആദ്യ ഗോൾ നേടിയ ആ യുവാവ്, 2026 ലോകകപ്പിലും ഗോൾ നേടുകയാണ്. അത് വെറും സ്ഥിരതയല്ല. അത് ഒരു തലമുറയെ മറികടന്ന അതിജീവനമാണ്. “അവസാനിച്ചു” എന്ന് തോന്നുന്ന ഓരോ തവണയും, സ്വന്തം കഥയുടെ അടുത്ത അധ്യായം എഴുതുന്ന മനുഷ്യനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. “കാലം തോൽപ്പിക്കാൻ ശ്രമിച്ചവൻ… കാലത്തെ തന്നെ റെക്കോർഡാക്കി മാറ്റി.”
പോർച്ചുഗലിനെ ഞെട്ടിച്ച് ചരിത്രമെഴുതി കോംഗോ!

ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോൾ സ്വന്തമാക്കി ഡിആർ കോംഗോ ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2026 ലോകകപ്പിലെ ഗ്രൂപ്പ് കെ-യിൽ കരുത്തരായ പോർച്ചുഗലിനെതിരായ മത്സരത്തിലാണ് കോംഗോയുടെ സ്റ്റാർ സ്ട്രൈക്കർ യോനെ വിസ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഹൂസ്റ്റണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ വലതുവിങ്ങിൽ നിന്ന് വന്ന മനോഹരമായൊരു ക്രോസ് സ്വീകരിച്ച്, ഉജ്ജ്വലമായൊരു ഫിനിഷിംഗിലൂടെ വിസ പന്ത് വലയിലെത്തിക്കുകയായിരുന്നു.പഴയ ‘സൈർ’ (Zaire) എന്ന പേരിൽ 1974-ൽ ലോകകപ്പ് കളിച്ചപ്പോൾ ഒരു ഗോൾ പോലും നേടാനാകാതിരുന്ന കോംഗോയ്ക്ക്, പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ ഗോൾ മധുരപ്രതികാരവും ചരിത്രനിമിഷവുമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിലും ന്യൂകാസിൽ യുണൈറ്റഡിലുമൊക്കെ കളിച്ച് പരിചയസമ്പത്തുള്ള യോനെ വിസ, ഫ്രഞ്ച് ലീഗിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള താരമാണ്. ദേശീയ ജേഴ്സിയിൽ തന്റെ 40-ാം മത്സരത്തിൽ പിറന്ന ഈ ചരിത്ര ഗോളോടെ കോംഗോ ഫുട്ബോളിന്റെ എക്കാലത്തെയും വലിയ നായകനായി മാറിയിരിക്കുകയാണ് ഈ താരം! വമ്പന്മാരായ പോർച്ചുഗലിനെതിരെ കോംഗോ പൊരുതി നേടിയ ഈ ചരിത്ര മുഹൂർത്തം ഫുട്ബോൾ പ്രേമികൾ നെഞ്ചിലേറ്റി കഴിഞ്ഞു.
2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും കൊടുമുടിയിലെത്തുമ്പോൾ, കായികലോകം മുഴുവൻ ഉറ്റുനോക്കുന്നത് ആ സുന്ദരമായ സ്വർണ്ണക്കപ്പിലേക്കാണ്.

2026 ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും കൊടുമുടിയിലെത്തുമ്പോൾ, കായികലോകം മുഴുവൻ ഉറ്റുനോക്കുന്നത് ആ സുന്ദരമായ സ്വർണ്ണക്കപ്പിലേക്കാണ്. വെറുമൊരു ട്രോഫി എന്നതിനപ്പുറം ഓരോ ഫുട്ബോൾ കളിക്കാരന്റെയും രാജ്യത്തിന്റെയും സ്വപ്ന സാഫല്യമാണ് ഈ കനകകിരീടം. 1974 മുതൽ ഇറ്റാലിയൻ ശില്പിയായ സിൽവിയോ ഗസാനിഗ രൂപകൽപ്പന ചെയ്ത ഇതേ ഒറിജിനൽ ട്രോഫിയാണ് ഓരോ ലോകകപ്പ് വിജയികൾക്കും കൈമാറി വരുന്നത്. 18 കാരറ്റ് തങ്കത്തിൽ നിർമ്മിച്ച, രണ്ട് മനുഷ്യരൂപങ്ങൾ ഭൂഗോളത്തെ താങ്ങിനിർത്തുന്ന രീതിയിലുള്ള ഈ ട്രോഫിക്ക് 36.8 സെന്റിമീറ്റർ ഉയരവും ഏകദേശം 6.1 കിലോഗ്രാം ഭാരവുമുണ്ട്. ഈ കപ്പിൽ ഉപയോഗിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മാത്രം യഥാർത്ഥ മൂല്യം കണക്കാക്കിയാൽ അത് ഏകദേശം 5 കോടി രൂപയോളമേ വരൂ. എന്നാൽ ഇതിന്റെ ചരിത്രപരവും പ്രതീകാത്മകവുമായ മൂല്യം കണക്കിലെടുത്താൽ ഇതിന്റെ ഇന്നത്തെ വിപണി മൂല്യം ഏതൊരാളെയും ഞെട്ടിക്കുന്നതാണ്. 2022-ൽ ഇതിന്റെ ആകെ മൂല്യം 160 കോടി രൂപയിൽ താഴെയായിരുന്നുവെങ്കിൽ, വെറും നാല് വർഷം കൊണ്ട് ഇതിന്റെ മൂല്യത്തിൽ 15 കോടി രൂപയുടെ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ 2026-ൽ ഈ ലോകകപ്പ് ട്രോഫിയുടെ ആകെ മൂല്യം ഏകദേശം 175 കോടി രൂപയോളമായി ഉയർന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വെറുമൊരു സ്വർണ്ണ കപ്പ് എന്നതിലുപരി, ഫുട്ബോൾ എന്ന വികാരത്തെ നെഞ്ചിലേറ്റുന്ന കോടിക്കണക്കിന് ആരാധകരുടെയും ഇതിഹാസ താരങ്ങളുടെയും വിയർപ്പിന്റെയും പ്രയത്നത്തിന്റെയും വിലയാണ് ഈ ട്രോഫിയെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കായിക പുരസ്കാരമാക്കി മാറ്റുന്നത്. ഫിഫ നിയമപ്രകാരം ഈ ഒറിജിനൽ ട്രോഫി സ്വന്തമായി കൊണ്ടുപോകാൻ ഒരു രാജ്യത്തിനും അനുവാദമില്ല, പകരം ഇതിന്റെ ഒരു സ്വർണ്ണം പൂശിയ റെപ്ലിക്ക (പകർപ്പ്) മാത്രമാണ് വിജയികൾക്ക് നൽകുക. ഈ സ്വർണ്ണ കപ്പിൽ ഇത്തവണ ആര് മുത്തമിടുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് കായികലോകം.