ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡിന് തൊട്ടരികിൽ വെച്ചാണ് കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തായത്. ഒരു പന്തിൽ മൂന്ന് റൺസിന്റെ ദൂരത്തിലായിരുന്നു വൈഭവ് സെഞ്ചുറിക്ക് അർഹനായിരുന്നത്. എന്നാൽ ആ ലക്ഷ്യം മറികടക്കാനാവാതെ താരം പുറത്തായി. 29 പന്തിൽ നിന്ന് 97 റൺസെടുത്താണ് വൈഭവ് പവലിയനിലേക്ക് മടങ്ങിയത്.
ഇന്നിങ്സിന് ശേഷം റെക്കോഡ് നഷ്ടമായതിനെ കുറിച്ച് താരം മനസ്സ് തുറന്നു. റെക്കോഡിന് തൊട്ടടുത്തുവെച്ചാണ് താൻ പുറത്തായതെന്ന് മത്സരത്തിന് ശേഷമാണ് അറിഞ്ഞതെന്ന് വൈഭവ് പറഞ്ഞു. താൻ സിക്സറുകൾ അടിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ടീമിന് പരമാവധി റൺസ് നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും താരം വ്യക്തമാക്കി. ഭാവിയിൽ സെഞ്ചുറികൾ നേടാൻ സാധിക്കുമെന്നും താൻ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കളിക്കുന്നതെന്നും എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കാൻ ശ്രമിക്കുമെന്നും വൈഭവ് കൂട്ടിച്ചേർത്തു. ചരിത്രനേട്ടം സ്വന്തമാക്കാനായില്ലെങ്കിലും ഈ മത്സരത്തോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി.
ബൗളർമാരെ എങ്ങനെ നേരിടണമെന്നും ബൗണ്ടറികളിലേക്കുള്ള ദൂരം കണക്കാക്കുന്നതിനെക്കുറിച്ചും താൻ വിശകലനം ചെയ്യാറുണ്ടെന്നും താൻ മികച്ചരീതിയിൽ കളിക്കുമ്പോൾ ബൗളർമാർ സമ്മർദ്ദത്തിലാകാറുണ്ടെന്നും ബൗളർമാരെക്കുറിച്ച് അധികം ചിന്തിക്കാതെ സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും വൈഭവ് വ്യക്തമാക്കി.
മത്സരം ആരംഭിച്ച് ആദ്യ ഓവറിൽ തന്നെ വൈഭവ് വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു. പവർപ്ലേയിൽ വൈഭവിന്റെ താണ്ഡവത്തിന് മൈതാനം സാക്ഷ്യം വഹിച്ചു. പാറ്റ് കമ്മിൻസ് എറിഞ്ഞ മൂന്നാം ഓവറിൽ ഒരു ഫോറും മൂന്ന് സിക്‌സറുമാണ് താരം നേടിയത്. നാലാം ഓവറിലും മൂന്ന് സിക്‌സറുകൾ നേടിയ താരം 16 പന്തിൽ അർധസെഞ്ചുറി തികച്ചു.
വൈഭവ് ഫിഫ്റ്റി തികയ്ക്കുന്ന ഘട്ടത്തിൽ ജയ്‌സ്വാൾ എടുത്തതാകട്ടെ വെറും എട്ടു റൺസ് മാത്രമാണ്. ടീം നാലോവറിൽ 63 റൺസിലെത്തി. പിന്നീട് സിക്‌സറുകൾ പറപറത്തിയ വൈഭവ് അതിവേഗം റൺസ് കണ്ടെത്തി. എഴോവർ അവസാനിക്കുമ്പോൾ വൈഭവ് 71 റൺസാണ് നേടിയിരുന്നത്. എട്ടാം ഓവറിൽ തകർത്തടിച്ചതോടെ താരം അതിവേഗ സെഞ്ചുറിയുടെ റെക്കോഡ് കുറിക്കുമെന്ന് തോന്നിച്ചു. ഓവറിലെ രണ്ടാം പന്തിൽ സിക്‌സറും പിന്നീടുള്ള രണ്ട് പന്തുകളിൽ ഫോറുകളും താരം നേടി. തുടർന്നെറിഞ്ഞ രണ്ട് പന്തുകളും വൈഭവ് അതിർത്തി കടത്തിയതോടെ താരം 28 പന്തിൽ നിന്ന് 97 റൺസെന്ന നിലയിലായി. ഓവറിലെ അവസാനപന്തിൽ മൂന്ന് റൺസ് കൂടി നേടിയാൽ ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോഡ് സ്വന്തമാക്കാമായിരുന്നു. 30 പന്തിൽ സെഞ്ചുറി നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് നിലവിൽ ഈ റെക്കോഡുള്ളത്. എന്നാൽ വൈഭവിന് അത് മറികടക്കാനായില്ല. അവസാന പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച വൈഭവിന്റെ അപ്പർ കട്ട് ഷോട്ട് സ്മരൺ രവിചന്ദ്രൻ കൈപ്പിടിയിലൊതുക്കിയതോടെ ഇന്നിങ്‌സിന് അവസാനമായി. പുറത്തായതിന് പിന്നാലെ നിരാശയോടെയാണ് വൈഭവ് കളംവിട്ടത്.
ഈ ഇന്നിങ്‌സോടെ റൺവേട്ടക്കാരിൽ തലപ്പത്തെത്താനും വൈഭവിനായി. 15 ഇന്നിങ്‌സുകളിൽ നിന്ന് 680 റൺസാണ് താരത്തിന്റെ സമ്പാദ്യം. മത്സരത്തിൽ 12 സിക്സറുകൾ നേടിയതോടെ സീസണിലെ ആകെ സിക്സറുകളുടെ എണ്ണം 65 ആയി മാറി. അതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി.
2012ൽ 59 സിക്‌സറുകൾ നേടിയിരുന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.





