ഐപിഎല്ലിൽ ചരിത്രം തിരുത്തി വൈഭവ് സൂര്യവംശി

ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡിന് തൊട്ടരികിൽ വെച്ചാണ് കൗമാരതാരം വൈഭവ് സൂര്യവംശി പുറത്തായത്. ഒരു പന്തിൽ മൂന്ന് റൺസിന്റെ ദൂരത്തിലായിരുന്നു വൈഭവ് സെഞ്ചുറിക്ക് അർഹനായിരുന്നത്. എന്നാൽ ആ ലക്ഷ്യം മറികടക്കാനാവാതെ താരം പുറത്തായി. 29 പന്തിൽ നിന്ന് 97 റൺസെടുത്താണ് വൈഭവ് പവലിയനിലേക്ക് മടങ്ങിയത്. ഇന്നിങ്സിന് ശേഷം റെക്കോഡ് നഷ്ടമായതിനെ കുറിച്ച് താരം മനസ്സ് തുറന്നു. റെക്കോഡിന് തൊട്ടടുത്തുവെച്ചാണ് താൻ പുറത്തായതെന്ന് മത്സരത്തിന് ശേഷമാണ് അറിഞ്ഞതെന്ന് വൈഭവ് പറഞ്ഞു. താൻ സിക്സറുകൾ അടിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ടീമിന് പരമാവധി റൺസ് നേടുക എന്നതായിരുന്നു ലക്ഷ്യമെന്നും താരം വ്യക്തമാക്കി. ഭാവിയിൽ സെഞ്ചുറികൾ നേടാൻ സാധിക്കുമെന്നും താൻ തയ്യാറാക്കിയ പദ്ധതി അനുസരിച്ചാണ് കളിക്കുന്നതെന്നും എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ അവ പരിഹരിക്കാൻ ശ്രമിക്കുമെന്നും വൈഭവ് കൂട്ടിച്ചേർത്തു. ചരിത്രനേട്ടം സ്വന്തമാക്കാനായില്ലെങ്കിലും ഈ മത്സരത്തോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി. ബൗളർമാരെ എങ്ങനെ നേരിടണമെന്നും ബൗണ്ടറികളിലേക്കുള്ള ദൂരം കണക്കാക്കുന്നതിനെക്കുറിച്ചും താൻ വിശകലനം ചെയ്യാറുണ്ടെന്നും താൻ മികച്ചരീതിയിൽ കളിക്കുമ്പോൾ ബൗളർമാർ സമ്മർദ്ദത്തിലാകാറുണ്ടെന്നും ബൗളർമാരെക്കുറിച്ച് അധികം ചിന്തിക്കാതെ സ്വന്തം കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിക്കാറുള്ളതെന്നും വൈഭവ് വ്യക്തമാക്കി.മത്സരം ആരംഭിച്ച് ആദ്യ ഓവറിൽ തന്നെ വൈഭവ് വെടിക്കെട്ടിന് തിരികൊളുത്തിയിരുന്നു. പവർപ്ലേയിൽ വൈഭവിന്റെ താണ്ഡവത്തിന് മൈതാനം സാക്ഷ്യം വഹിച്ചു. പാറ്റ് കമ്മിൻസ് എറിഞ്ഞ മൂന്നാം ഓവറിൽ ഒരു ഫോറും മൂന്ന് സിക്‌സറുമാണ് താരം നേടിയത്. നാലാം ഓവറിലും മൂന്ന് സിക്‌സറുകൾ നേടിയ താരം 16 പന്തിൽ അർധസെഞ്ചുറി തികച്ചു. വൈഭവ് ഫിഫ്റ്റി തികയ്ക്കുന്ന ഘട്ടത്തിൽ ജയ്‌സ്വാൾ എടുത്തതാകട്ടെ വെറും എട്ടു റൺസ് മാത്രമാണ്. ടീം നാലോവറിൽ 63 റൺസിലെത്തി. പിന്നീട് സിക്‌സറുകൾ പറപറത്തിയ വൈഭവ് അതിവേഗം റൺസ് കണ്ടെത്തി. എഴോവർ അവസാനിക്കുമ്പോൾ വൈഭവ് 71 റൺസാണ് നേടിയിരുന്നത്. എട്ടാം ഓവറിൽ തകർത്തടിച്ചതോടെ താരം അതിവേഗ സെഞ്ചുറിയുടെ റെക്കോഡ് കുറിക്കുമെന്ന് തോന്നിച്ചു. ഓവറിലെ രണ്ടാം പന്തിൽ സിക്‌സറും പിന്നീടുള്ള രണ്ട് പന്തുകളിൽ ഫോറുകളും താരം നേടി. തുടർന്നെറിഞ്ഞ രണ്ട് പന്തുകളും വൈഭവ് അതിർത്തി കടത്തിയതോടെ താരം 28 പന്തിൽ നിന്ന് 97 റൺസെന്ന നിലയിലായി. ഓവറിലെ അവസാനപന്തിൽ മൂന്ന് റൺസ് കൂടി നേടിയാൽ ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോഡ് സ്വന്തമാക്കാമായിരുന്നു. 30 പന്തിൽ സെഞ്ചുറി നേടിയ മുൻ വിൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് നിലവിൽ ഈ റെക്കോഡുള്ളത്. എന്നാൽ വൈഭവിന് അത് മറികടക്കാനായില്ല. അവസാന പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച വൈഭവിന്റെ അപ്പർ കട്ട് ഷോട്ട് സ്മരൺ രവിചന്ദ്രൻ കൈപ്പിടിയിലൊതുക്കിയതോടെ ഇന്നിങ്‌സിന് അവസാനമായി. പുറത്തായതിന് പിന്നാലെ നിരാശയോടെയാണ് വൈഭവ് കളംവിട്ടത്.ഈ ഇന്നിങ്‌സോടെ റൺവേട്ടക്കാരിൽ തലപ്പത്തെത്താനും വൈഭവിനായി. 15 ഇന്നിങ്‌സുകളിൽ നിന്ന് 680 റൺസാണ് താരത്തിന്റെ സമ്പാദ്യം. മത്സരത്തിൽ 12 സിക്സറുകൾ നേടിയതോടെ സീസണിലെ ആകെ സിക്സറുകളുടെ എണ്ണം 65 ആയി മാറി. അതോടെ ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോഡ് വൈഭവ് സ്വന്തം പേരിലാക്കി.2012ൽ 59 സിക്‌സറുകൾ നേടിയിരുന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഹോർമുസ് കടലിടുക്ക് ആരുടെയും കുത്തകയല്ല; ഒമാന് മുന്നറിയിപ്പുമായി ട്രംപ്

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുനൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നുകിടക്കണമെന്നും ആരും അത് നിയന്ത്രിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും അല്ലാത്തപക്ഷം ഒമാനെ തകർക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെതിരായ നിലപാട് കടുപ്പിച്ച ട്രംപ്, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായും ഉപേക്ഷിച്ചാൽ പോലും ഇറാന് മേലുള്ള സാമ്പത്തിക ഉപരോധങ്ങളിൽ യാതൊരു ഇളവും നൽകില്ലെന്ന് പിബിഎസ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ ആവർത്തിച്ചു. അതേസമയം ഗൾഫ് മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുമായി അമേരിക്കയും ഇറാനും തമ്മിൽ പുതിയൊരു സമാധാന ഉടമ്പടിയുടെ കരട് രേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഈ കരട് ധാരണയുടെ അടിസ്ഥാനത്തിൽ ഹോർമുസ് കടലിടുക്ക് ഒരു മാസത്തിനുള്ളിൽ വീണ്ടും തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിൽനിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നതും ഈ കരട് രേഖയുടെ ലക്ഷ്യങ്ങളിലൊന്നാണ്.

ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും മനുഷ്യരുടെ ജീവിതം എളുപ്പമാക്കിയെന്ന് നമ്മൾ അഭിമാനിക്കുമ്പോൾ, അതേ സാങ്കേതികവിദ്യയുടെ മറവിൽ വളരുന്നത് ലോകത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്.

ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും മനുഷ്യരുടെ ജീവിതം എളുപ്പമാക്കിയെന്ന് നമ്മൾ അഭിമാനിക്കുമ്പോൾ, അതേ സാങ്കേതികവിദ്യയുടെ മറവിൽ വളരുന്നത് ലോകത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, ഓൺലൈൻ പീഡന ശൃംഖലകൾ എന്നിവ ഇന്ന് അതിർത്തികളില്ലാത്ത ഒരു ആഗോള പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. വിരൽതുമ്പിലെ ഒരു ക്ലിക്കിലൂടെ പോലും ഇരകളെ കണ്ടെത്താനും വാങ്ങാനും വിൽക്കാനും കഴിയുന്ന തരത്തിൽ കുറ്റവാളികൾ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഈ യാഥാർഥ്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും തിരിക്കുകയാണ് പ്രശസ്ത സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ. ഒരു പുരസ്കാര ചടങ്ങിനിടയാണ് പ്രസംഗത്തിൽ, മനുഷ്യക്കടത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഇരുണ്ട ലോകത്ത് നിന്ന് കണ്ട അനുഭവങ്ങളാണ് അവർ പങ്കുവെച്ചത്.“ലൈംഗികതയ്ക്ക് വേണ്ടി മനുഷ്യവർഗം ചൂഷണം ചെയ്യപ്പെടുന്ന ഇരുണ്ടകാലത്തു നിന്നാണ് ഞാൻ വരുന്നത്” എന്ന വാക്കുകളോടെയായിരുന്നു സുനിത കൃഷ്ണന്റെ പ്രസംഗം ആരംഭിച്ചത്. വർഷങ്ങളായി മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാകുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന തനിക്ക് ഇന്നും ഏറ്റവും ഭയം തോന്നുന്നത് കുറ്റവാളികളെയല്ല, മറിച്ച് സമൂഹത്തിന്റെ നിശബ്ദതയെയാണെന്ന് അവർ പറഞ്ഞു. ഒരു മൂന്നുവയസ്സുകാരിയെ വ്യഭിചാര കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അനുഭവം വിവരിച്ച സുനിത, കുട്ടികൾ പോലും വിപണന വസ്തുക്കളായി മാറുന്ന യാഥാർഥ്യമാണ് സമൂഹം നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി. ഒരുകാലത്ത് കുറ്റവാളികളെ തിരിച്ചറിയാൻ എളുപ്പമായിരുന്നെങ്കിൽ ഇന്ന് സാങ്കേതികവിദ്യയുടെ മറവിൽ അവരുടെ മുഖങ്ങൾ അദൃശ്യമാകുകയാണെന്നും അവർ പറഞ്ഞു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെയും സ്ത്രീകളെയും വിൽക്കുന്ന പുതിയ ശൃംഖലകൾ രൂപപ്പെട്ടിരിക്കുന്നുവെന്നും സ്വന്തം അന്വേഷണത്തിനിടെ വെറും മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ഇന്ത്യൻ കുട്ടികളുടെ നഗ്നവീഡിയോകൾ ലഭിച്ച അനുഭവം ഞെട്ടലോടെയാണ് അവർ പങ്കുവെച്ചത്.എന്നാൽ പ്രസംഗത്തിന്റെ കേന്ദ്രബിന്ദു കണക്കുകളോ കുറ്റകൃത്യങ്ങളോ ആയിരുന്നില്ല. “എന്റെ കുഞ്ഞിന് സംഭവിച്ചാൽ മാത്രമേ ഞാൻ പ്രതികരിക്കൂ” എന്ന മനോഭാവമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയമെന്ന് സുനിത കൃഷ്ണൻ ചൂണ്ടിക്കാട്ടി. ഒരു കുഞ്ഞ് ചൂഷണം ചെയ്യപ്പെടുമ്പോൾ അത് ഒരു കുടുംബത്തിന്റെ മാത്രം ദുരന്തമല്ല, സമൂഹത്തിന്റെ കൂട്ടായ പരാജയമാണെന്നും അവർ ഓർമ്മിപ്പിച്ചു.കുറ്റവാളികളുടെ ക്രൂരതയെക്കാൾ ഭയപ്പെടുത്തുന്നത് അതെല്ലാം അറിഞ്ഞിട്ടും നിശബ്ദരായി തുടരുന്ന മനുഷ്യരുടെ അനാസ്ഥയാണെന്ന മുന്നറിയിപ്പോടെയാണ് സുനിത കൃഷ്ണൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

തിരുവനന്തപുരത്ത് വിനോദയാത്ര ദുരന്തമായി! അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്ന് അഞ്ച് പേർക്ക് ഗുരുതര പരിക്ക്

തലസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വെമ്പായം ഹാപ്പി ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ വൻ അപകടം.റൈഡിന്റെ വെൽഡിങ് പെട്ടെന്ന് വേർപെട്ട് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയൽ (14), റോസ് (16) എന്നിവർക്കാണ് റൈഡ് തകർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റത്. നാഗർകോവിൽ സ്വദേശികളായ ഇവർ അവധിക്കാലം ആഘോഷിക്കാനായി കുടുംബത്തോടൊപ്പം പാർക്കിൽ എത്തിയതായിരുന്നു. സ്കൂൾ അവധിക്കാലമായതിനാൽ പാർക്കിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. അപകടം നടന്ന റൈഡിൽ മാത്രം മുപ്പതിലധികം ആളുകൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.ഊഞ്ഞാലിന് സമാനമായ റൈഡ് കറങ്ങിക്കൊണ്ടിരിക്കെ പെട്ടെന്ന് വെൽഡിങ് അടർന്ന് താഴേക്ക് പതിക്കുകയായിരുന്നു. റൈഡിനടിയിൽ പെട്ടാണ് ചിലർക്ക് ഗുരുതരമായി പരിക്കേറ്റത്.അപകടം നടന്നയുടൻ തന്നെ പാർക്കിലെ ജീവനക്കാർ ഓടിയെത്തി പ്രാഥമിക രക്ഷാപ്രവർത്തനം നടത്തി. തുടർന്ന് പൊലീസും സംഭവസ്ഥലത്ത് കുതിച്ചെത്തി.പരിക്കേറ്റവരിൽ നാല് പേരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി അഞ്ചുപേരെ പിരപ്പൻകോട് സെന്റ് ജോൺസ് ആശുപത്രിയിലേക്കും, മറ്റുള്ളവരെ സമീപത്തെ മറ്റ് ആശുപത്രികളിലേക്കും മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

വീണ വിജയന്റെ ഫോണ്‍ കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധനയോടെ ‘പൂട്ട് വീഴുമോ’?

വര്‍ഷങ്ങളായി കേരളം ഉറ്റുനോക്കുന്ന എക്‌സാലോജിക് വിവാദങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. വീണാ വിജയന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നു. ഇന്നലെ റെയ്ഡില്‍ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധയിലും രേഖകള്‍ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ റെയ്ഡിനിടയിലെ അക്രമങ്ങള്‍ പെട്ടെന്ന് ഉണ്ടായതല്ലെന്നും ഇതിന് പിന്നില്‍ ആസൂത്രണം ഉണ്ടെന്നുമാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സൂചന. പരിശോധന സുതാര്യമാക്കാന്‍ കോടതി മുഖേനയായിരിക്കും ഫോറന്‍സിക് ലാബിലേക്ക് അയക്കുക.ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരുന്നതോടെ കേസിന്റെ ഭാവി തന്നെ മാറിമറിഞ്ഞേക്കാം.

ദൃശ്യം 3 പുതു ചരിത്രത്തിലേക്ക്…ബോക്‌സ് ഓഫീസില്‍ വെറും 7 ദിവസം കൊണ്ട് 200 കോടി!

മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ജോര്‍ജുകുട്ടിയുടെ തിരിച്ചുവരവ് തിയറ്ററുകളില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്. മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ദൃശ്യം 3’ ബോക്‌സ് ഓഫീസിലെ എല്ലാ മുന്‍ റെക്കോര്‍ഡുകളും തകര്‍ത്തെറിഞ്ഞ് മുന്നേറുന്നു. ചിത്രം റിലീസ് ചെയ്ത് കേവലം 7 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 200 കോടി രൂപയാണ് വാരിക്കൂട്ടിയത്. ആദ്യ വാരം പിന്നിട്ടിട്ടും തിയറ്ററുകളില്‍ ഒട്ടും തിരക്കൊഴിയാത്ത ദൃശ്യം 3, രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും കേരളത്തിലുടനീളം അഞ്ഞൂറോളം സ്‌ക്രീനുകളിലാണ് വന്‍ ജനപങ്കാളിത്തത്തോടെ പ്രദര്‍ശനം തുടരുന്നത്. മലയാള സിനിമയില്‍ ഏറ്റവും വേഗത്തില്‍ 200 കോടി ക്ലബ്ബ് കീഴടക്കുന്ന ചിത്രമെന്ന ഖ്യാതി ഇതോടെ ‘ദൃശ്യം 3’-ക്ക് സ്വന്തം. കേരളത്തിലെ തിയറ്ററുകളില്‍ മാത്രമല്ല, ഗള്‍ഫ് നാടുകളിലും, യുകെ, യു.എസ് തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ് ലഭിക്കുന്നത്. പ്രധാന നഗരങ്ങളിലെ മിക്ക തിയറ്ററുകളിലും വരും ദിവസങ്ങളിലെ ടിക്കറ്റുകള്‍ ഇതിനകം തന്നെ ‘ഹൗസ് ഫുള്‍’ ആയിക്കഴിഞ്ഞു. ആദ്യ രണ്ട് ഭാഗങ്ങളെക്കാളും മികച്ച ട്വിസ്റ്റുകളും സസ്‌പെന്‍സുമാണ് മൂന്നാം ഭാഗത്തില്‍ ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്‌സിലെ അപ്രതീക്ഷിത രംഗങ്ങളാണ് കുടുംബപ്രേക്ഷകരെ വീണ്ടും വീണ്ടും തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നത്.ജിത്തു ജോസഫിന്റെ തിരക്കഥയും മോഹന്‍ലാലിന്റെ തകര്‍പ്പന്‍ പ്രകടനവും ഒത്തുചേര്‍ന്നപ്പോള്‍ വരും വാരന്ത്യത്തില്‍ കളക്ഷന്‍ ഇനിയും വാരിക്കൂട്ടും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

നിങ്ങൾ ഷോപ്പ് ചെയ്യൂ, ബാഗ് ഞങ്ങൾ ചുമക്കാം;ഡൽഹിയിൽ തരംഗമായി ‘ക്യാരിമെൻ’ സർവീസ്

ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളിൽ ഷോപ്പിങ്ങിന് പോകുന്നവർക്ക് വലിയ ആശ്വാസമേകിക്കൊണ്ട് ‘ക്യാരിമെൻ’ എന്ന പേരിൽ ഒരു പുതിയ സ്റ്റാർട്ടപ്പ് സർവീസ് ആരംഭിച്ചിരിക്കുന്നു. ‘യു ഷോപ്പ്, വി ക്യാരി’ (You Shop, We Carry) എന്ന ആശയവുമായി എത്തിയ ഈ സേവനം, ഷോപ്പിങ് നടത്തുമ്പോൾ ബാഗുകൾ ചുമക്കാനും വഴി കാണിക്കാനും ആളുകളെ സഹായിക്കുന്നു. ഒരു മണിക്കൂറിന് 149 രൂപ നിരക്കിലാണ് ഈ ഷോപ്പിങ് അസിസ്റ്റന്റ്മാരുടെ സേവനം ലഭ്യമാകുന്നത്. രണ്ടു മണിക്കൂറിന് 219 രൂപയും, മൂന്ന് മണിക്കൂറിന് 319 രൂപയും, നാല് മണിക്കൂറിന് 399 രൂപയുമാണ് നിരക്കുകൾ. നിലവിൽ ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിലാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്. ഒരു ക്യാരിമാൻ പരമാവധി 12 കിലോ വരെ ഭാരമുള്ള ബാഗുകൾ ചുമക്കും. ഭാരം കൂടിയാൽ അധികമായി മറ്റൊരാളെക്കൂടി ബുക്ക് ചെയ്യാവുന്നതാണ്. വെറുമൊരു ബാഗ് കാരിയർ എന്നതിനപ്പുറം, കുട്ടികളുമായി വരുന്ന അമ്മമാർക്കായി ‘ബേബി പ്രാം അസിസ്റ്റൻസ്’ നൽകാനും, നടന്നു തളരുന്നവർക്കായി ക്യാമ്പിങ് കസേരകൾ, കുട, ശുദ്ധജലം എന്നിവ കരുതാനും ഇവർ തയ്യാറാണ്. കൂടാതെ ഫോൺ ചാർജ് തീരുന്നവർക്കായി ഇവരുടെ പക്കൽ പവർബാങ്കും ഉണ്ടാകും. മികച്ച വിലയിൽ സാധനങ്ങൾ കിട്ടുന്ന കടകളിലേക്ക് വഴി കാട്ടാനും ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാർക്കറ്റിലെ ബൂത്തുകൾ വഴിയോ വാട്സാപ്പ് വഴിയോ ഈ സേവനം ബുക്ക് ചെയ്യാം. വരും ദിവസങ്ങളിൽ ചാന്ദ്നി ചൗക്ക്, സരോജിനി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

മലയാളിയുടെ സ്നേഹം ജയിച്ചു; ഇരുപത് വർഷത്തിന് ശേഷം റഹീം നാട്ടിൽ

ഇരുപത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽ റഹീം സ്വന്തം നാട്ടിൽ തിരിച്ചെത്തി. ഒരു പെരുന്നാൾ മധുരം പോലെയാണ് റഹീമിന്റെ ഈ മടങ്ങിവരവ് പ്രവാസലോകവും കേരളക്കരയും ഒരുപോലെ നെഞ്ചിലേറ്റുന്നത്.സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന റഹീമിനെ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളി സമൂഹം ഒന്നടങ്കം കൈകോർക്കുകയായിരുന്നു. മതം നോക്കാതെ, ജാതി നോക്കാതെ മലയാളികൾ ഒത്തുചേർന്ന് സമാഹരിച്ച 34 കോടിയിലധികം രൂപയാണ് ആ ജീവൻ കാത്തുസൂക്ഷിച്ചത്. നിയമപരമായ എല്ലാ നടപടികളും പൂർത്തിയാക്കി ജയിൽ മോചിതനായ റഹീം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ വികാരനിർഭരമായ രംഗങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. വർഷങ്ങൾക്ക് ശേഷം മകനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഉമ്മയുടെയും, അവനെ വരവേൽക്കാൻ തടിച്ചുകൂടിയ നാട്ടുകാരുടെയും ദൃശ്യങ്ങൾ ഏതൊരു മനുഷ്യന്റെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. പണമില്ലാത്തതിന്റെ പേരിൽ ഒരു പ്രവാസിയുടെയും ജീവൻ പൊലിയാൻ അനുവദിക്കില്ലെന്ന് തെളിയിച്ച മലയാളിയുടെ സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു വിജയമാണിത്.

ഏഴു വർഷത്തെ പീഡനം, 487 പുരുഷന്മാർ;ഫ്രഞ്ച് ബാങ്ക് മാനേജർ തന്റെ പങ്കാളിയോട് ചെയ്ത ക്രൂരത

ഫ്രാൻസിലെ പാരിസിൽ നിന്ന് പുറത്തുവരുന്ന ക്രൂരമായ പീഡനത്തിന്റെ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. തണലാകേണ്ട സ്വന്തം പങ്കാളിയിൽ നിന്ന് ഏഴു വർഷത്തോളം അതിക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്ന 42-കാരിയായ ലെറ്റീഷ്യ ആർ എന്ന യുവതിയുടെ അതിജീവനക്കഥയാണിത്. ഭീഷണിയുടെ നിഴലിൽ നിർത്തി തന്നെ മൃഗത്തെപ്പോലെ വേട്ടയാടിയ മുൻ പങ്കാളിയും മുൻ ബാങ്ക് മാനേജരുമായ ഗില്ലോം ബുച്ചിക്ക് ഒടുവിൽ ഫ്രഞ്ച് കോടതി 25 വർഷത്തെ തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. 2015 മുതൽ 2022 വരെയുള്ള കാലയളവിൽ തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ലെറ്റീഷ്യയെ കീഴ്പ്പെടുത്തിയത്. പണത്തിനായി അപരിചിതർക്കും സ്വന്തം സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും അയാൾ ഈ യുവതിയെ കാഴ്ചവയ്ക്കുകയായിരുന്നു. വിചാരണ വേളയിൽ കോടതിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് താൻ അനുഭവിച്ച നരകയാതനകൾ ലെറ്റീഷ്യ തുറന്നുപറഞ്ഞു. തന്നെ ചൂഷണം ചെയ്ത പുരുഷന്മാരുടെ എണ്ണം 487 പിന്നിട്ടപ്പോൾ താൻ എണ്ണുന്നത് നിർത്തിയെന്ന ലെറ്റീഷ്യയുടെ വാക്കുകൾ കേട്ട് വിറങ്ങലടിച്ചു നിൽക്കാനേ കോടതിക്കും കഴിഞ്ഞുള്ളൂ. അതേസമയം, ലെറ്റീഷ്യയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചിരുന്നതായും സുഹൃത്തുക്കൾക്ക് കൈമാറിയിരുന്നതായും പ്രതിയായ ബുച്ചി കോടതിയിൽ സമ്മതിച്ചെങ്കിലും, ഇതെല്ലാം പരസ്പര സമ്മതത്തോടെയാണ് ചെയ്തതെന്ന വിചിത്ര വാദമാണ് അയാൾ ഉന്നയിച്ചത്. എന്നാൽ ഒരു ഇരയുടെ നിസ്സഹായാവസ്ഥയെയും മാനസികാവസ്ഥയെയും ചൂഷണം ചെയ്ത് നടത്തിയ ഈ അതിക്രമത്തെ പരസ്പര സമ്മതമെന്ന് വിളിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ കോടതി പ്രതിക്ക് കാൽനൂറ്റാണ്ട് കാലത്തെ കഠിനതടവ് വിധിക്കുകയായിരുന്നു. വർഷങ്ങളോളം നീണ്ട ക്രൂര പീഡനങ്ങൾ കാരണം കടുത്ത മാനസിക ആഘാതത്തിലാണ് ലെറ്റീഷ്യ ഇപ്പോഴുമുള്ളത്. എങ്കിലും ഭയത്തിന്റെ തടവറയിൽ നിന്ന് പുറത്തുകടന്ന് സത്യം വിളിച്ച് പറഞ്ഞ് പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിനൽകാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഈ അമ്മ.