ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും മനുഷ്യരുടെ ജീവിതം എളുപ്പമാക്കിയെന്ന് നമ്മൾ അഭിമാനിക്കുമ്പോൾ, അതേ സാങ്കേതികവിദ്യയുടെ മറവിൽ വളരുന്നത് ലോകത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്.

ഇന്റർനെറ്റും സ്മാർട്ട്ഫോണുകളും മനുഷ്യരുടെ ജീവിതം എളുപ്പമാക്കിയെന്ന് നമ്മൾ അഭിമാനിക്കുമ്പോൾ, അതേ സാങ്കേതികവിദ്യയുടെ മറവിൽ വളരുന്നത് ലോകത്തിലെ ഏറ്റവും ക്രൂരവും ഭയാനകവുമായ കുറ്റകൃത്യ ശൃംഖലകളിലൊന്നാണ്. കുട്ടികളുടെയും സ്ത്രീകളുടെയും ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, ഓൺലൈൻ പീഡന ശൃംഖലകൾ എന്നിവ ഇന്ന് അതിർത്തികളില്ലാത്ത ഒരു ആഗോള പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. വിരൽതുമ്പിലെ ഒരു ക്ലിക്കിലൂടെ പോലും ഇരകളെ കണ്ടെത്താനും വാങ്ങാനും വിൽക്കാനും കഴിയുന്ന തരത്തിൽ കുറ്റവാളികൾ സാങ്കേതികവിദ്യയെ ദുരുപയോഗം ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്.

ഈ യാഥാർഥ്യത്തിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ വീണ്ടും തിരിക്കുകയാണ് പ്രശസ്ത സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ സുനിത കൃഷ്ണൻ. ഒരു പുരസ്കാര ചടങ്ങിനിടയാണ് പ്രസംഗത്തിൽ, മനുഷ്യക്കടത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും ഇരുണ്ട ലോകത്ത് നിന്ന് കണ്ട അനുഭവങ്ങളാണ് അവർ പങ്കുവെച്ചത്.
“ലൈംഗികതയ്ക്ക് വേണ്ടി മനുഷ്യവർഗം ചൂഷണം ചെയ്യപ്പെടുന്ന ഇരുണ്ടകാലത്തു നിന്നാണ് ഞാൻ വരുന്നത്” എന്ന വാക്കുകളോടെയായിരുന്നു സുനിത കൃഷ്ണന്റെ പ്രസംഗം ആരംഭിച്ചത്.

വർഷങ്ങളായി മനുഷ്യക്കടത്തിനും ലൈംഗിക ചൂഷണത്തിനും ഇരയാകുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന തനിക്ക് ഇന്നും ഏറ്റവും ഭയം തോന്നുന്നത് കുറ്റവാളികളെയല്ല, മറിച്ച് സമൂഹത്തിന്റെ നിശബ്ദതയെയാണെന്ന് അവർ പറഞ്ഞു.

ഒരു മൂന്നുവയസ്സുകാരിയെ വ്യഭിചാര കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ അനുഭവം വിവരിച്ച സുനിത, കുട്ടികൾ പോലും വിപണന വസ്തുക്കളായി മാറുന്ന യാഥാർഥ്യമാണ് സമൂഹം നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടി. ഒരുകാലത്ത് കുറ്റവാളികളെ തിരിച്ചറിയാൻ എളുപ്പമായിരുന്നെങ്കിൽ ഇന്ന് സാങ്കേതികവിദ്യയുടെ മറവിൽ അവരുടെ മുഖങ്ങൾ അദൃശ്യമാകുകയാണെന്നും അവർ പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളെയും സ്ത്രീകളെയും വിൽക്കുന്ന പുതിയ ശൃംഖലകൾ രൂപപ്പെട്ടിരിക്കുന്നുവെന്നും സ്വന്തം അന്വേഷണത്തിനിടെ വെറും മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് ഇന്ത്യൻ കുട്ടികളുടെ നഗ്നവീഡിയോകൾ ലഭിച്ച അനുഭവം ഞെട്ടലോടെയാണ് അവർ പങ്കുവെച്ചത്.
എന്നാൽ പ്രസംഗത്തിന്റെ കേന്ദ്രബിന്ദു കണക്കുകളോ കുറ്റകൃത്യങ്ങളോ ആയിരുന്നില്ല. “എന്റെ കുഞ്ഞിന് സംഭവിച്ചാൽ മാത്രമേ ഞാൻ പ്രതികരിക്കൂ” എന്ന മനോഭാവമാണ് സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയമെന്ന് സുനിത കൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഒരു കുഞ്ഞ് ചൂഷണം ചെയ്യപ്പെടുമ്പോൾ അത് ഒരു കുടുംബത്തിന്റെ മാത്രം ദുരന്തമല്ല, സമൂഹത്തിന്റെ കൂട്ടായ പരാജയമാണെന്നും അവർ ഓർമ്മിപ്പിച്ചു.
കുറ്റവാളികളുടെ ക്രൂരതയെക്കാൾ ഭയപ്പെടുത്തുന്നത് അതെല്ലാം അറിഞ്ഞിട്ടും നിശബ്ദരായി തുടരുന്ന മനുഷ്യരുടെ അനാസ്ഥയാണെന്ന മുന്നറിയിപ്പോടെയാണ് സുനിത കൃഷ്ണൻ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories