ഡൽഹിയിലെ തിരക്കേറിയ മാർക്കറ്റുകളിൽ ഷോപ്പിങ്ങിന് പോകുന്നവർക്ക് വലിയ ആശ്വാസമേകിക്കൊണ്ട് ‘ക്യാരിമെൻ’ എന്ന പേരിൽ ഒരു പുതിയ സ്റ്റാർട്ടപ്പ് സർവീസ് ആരംഭിച്ചിരിക്കുന്നു. ‘യു ഷോപ്പ്, വി ക്യാരി’ (You Shop, We Carry) എന്ന ആശയവുമായി എത്തിയ ഈ സേവനം, ഷോപ്പിങ് നടത്തുമ്പോൾ ബാഗുകൾ ചുമക്കാനും വഴി കാണിക്കാനും ആളുകളെ സഹായിക്കുന്നു. ഒരു മണിക്കൂറിന് 149 രൂപ നിരക്കിലാണ് ഈ ഷോപ്പിങ് അസിസ്റ്റന്റ്മാരുടെ സേവനം ലഭ്യമാകുന്നത്. രണ്ടു മണിക്കൂറിന് 219 രൂപയും, മൂന്ന് മണിക്കൂറിന് 319 രൂപയും, നാല് മണിക്കൂറിന് 399 രൂപയുമാണ് നിരക്കുകൾ. നിലവിൽ ഡൽഹിയിലെ ലജ്പത് നഗർ മാർക്കറ്റിലാണ് ഈ സർവീസ് പ്രവർത്തിക്കുന്നത്.
ഒരു ക്യാരിമാൻ പരമാവധി 12 കിലോ വരെ ഭാരമുള്ള ബാഗുകൾ ചുമക്കും. ഭാരം കൂടിയാൽ അധികമായി മറ്റൊരാളെക്കൂടി ബുക്ക് ചെയ്യാവുന്നതാണ്. വെറുമൊരു ബാഗ് കാരിയർ എന്നതിനപ്പുറം, കുട്ടികളുമായി വരുന്ന അമ്മമാർക്കായി ‘ബേബി പ്രാം അസിസ്റ്റൻസ്’ നൽകാനും, നടന്നു തളരുന്നവർക്കായി ക്യാമ്പിങ് കസേരകൾ, കുട, ശുദ്ധജലം എന്നിവ കരുതാനും ഇവർ തയ്യാറാണ്. കൂടാതെ ഫോൺ ചാർജ് തീരുന്നവർക്കായി ഇവരുടെ പക്കൽ പവർബാങ്കും ഉണ്ടാകും. മികച്ച വിലയിൽ സാധനങ്ങൾ കിട്ടുന്ന കടകളിലേക്ക് വഴി കാട്ടാനും ഇവർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. മാർക്കറ്റിലെ ബൂത്തുകൾ വഴിയോ വാട്സാപ്പ് വഴിയോ ഈ സേവനം ബുക്ക് ചെയ്യാം. വരും ദിവസങ്ങളിൽ ചാന്ദ്നി ചൗക്ക്, സരോജിനി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.





