ഇന്ത്യൻ ട്വന്റി-20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് വലിയ അഴിച്ചുപണിക്ക് സാധ്യത. ഫോമില്ലായ്മ നേരിടുന്ന സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യർ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഈ നിർണായക തീരുമാനമുണ്ടായതെന്നാണ് വിവരം.
വരാനിരിക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ വരും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
ടീം തിരഞ്ഞെടുപ്പിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിന്റെ താല്പര്യങ്ങളേക്കാൾ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നിലപാടുകൾക്കാണ് അപെക്സ് കൗൺസിൽ മുൻഗണന നൽകിയത്. അഗാർക്കറുടെ ശക്തമായ പിന്തുണയാണ് ശ്രേയസ് അയ്യർക്ക് നായകസ്ഥാനത്തേക്ക് വഴിതുറന്നത്.
സമീപകാലത്തെ ഫോമില്ലായ്മയാണ് സൂര്യകുമാർ യാദവിന് തിരിച്ചടിയായത്. കഴിഞ്ഞ ടി20 ലോകകപ്പിലും 2026 ഐപിഎല്ലിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാത്ത സൂര്യകുമാറിന് ക്യാപ്റ്റൻസിക്ക് പുറമെ ടി20 ടീമിലെ സ്ഥാനം തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
അതേസമയം 2023 ഡിസംബറിന് ശേഷം ഇന്ത്യക്കായി ട്വന്റി-20 കളിച്ചിട്ടില്ലെങ്കിലും ഐപിഎല്ലിലെ മികച്ച ക്യാപ്റ്റൻസി മികവാണ് 31 കാരനായ ശ്രേയസ് അയ്യർക്ക് തുണയായത്. 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച അദ്ദേഹം 2020-ലും 2025-ലും ഡൽഹി, പഞ്ചാബ് ടീമുകളെ ഫൈനലിലും എത്തിച്ചിരുന്നു.
കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലും മികച്ച ബാറ്റിങ് ഫോം തുടരുന്ന ശ്രേയസിന്റെ വരവോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു യുഗത്തിന് തുടക്കമാകുമോ എന്ന് ശനിയാഴ്ചത്തെ ഔദ്യോഗിക പ്രഖ്യാപനത്തോടെ വ്യക്തമാകും.





