ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടുമൊരു രാജമൗലി ചിത്രം; രാമനായി മഹേഷ് ബാബു, കുംഭകര്‍ണ്ണനായി പൃഥ്വിരാജ്!

ഇന്ത്യന്‍ സിനിമയില്‍ ‘റെക്കോര്‍ഡ്’ എന്ന വാക്കിന് പുതിയ നിര്‍വചനം നല്‍കിയ സംവിധായകനാണ് എസ്.എസ്. രാജമൗലി. ‘ബാഹുബലി’, ‘ആര്‍.ആര്‍.ആര്‍’ എന്നീ ആഗോള വിജയങ്ങള്‍ക്ക് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ബ്രഹ്‌മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വന്‍ തരംഗം സൃഷ്ടിക്കുന്നത്.

തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നത്.മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

രാമായണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അഡ്വഞ്ചര്‍ ഡ്രാമയായിരിക്കും ഈ ചിത്രം. ചിത്രത്തില്‍ ശ്രീരാമന്റെ സമാനമായ സവിശേഷതകളുള്ള, സാഹസികനായ ഒരു നായക കഥാപാത്രമായ രുദ്രയായിട്ടാണ് മഹേഷ് ബാബു എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിത്.

കുംഭകര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന് സമാനമായ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ‘സലാര്‍’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ പാന്‍-ഇന്ത്യന്‍ മാര്‍ക്കറ്റ് ഉയര്‍ത്തുന്നതായിരിക്കും ഈ കഥാപാത്രം.പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ മന്ദാകിനിയായി വേഷമിടുന്നത്.ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍സും ആഫ്രിക്കന്‍ കാടുകളിലെ സാഹസികതയും നിറഞ്ഞ ഈ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ മുന്‍ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *