ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ വീണ്ടുമൊരു രാജമൗലി ചിത്രം; രാമനായി മഹേഷ് ബാബു, കുംഭകര്‍ണ്ണനായി പൃഥ്വിരാജ്!

ഇന്ത്യന്‍ സിനിമയില്‍ ‘റെക്കോര്‍ഡ്’ എന്ന വാക്കിന് പുതിയ നിര്‍വചനം നല്‍കിയ സംവിധായകനാണ് എസ്.എസ്. രാജമൗലി. ‘ബാഹുബലി’, ‘ആര്‍.ആര്‍.ആര്‍’ എന്നീ ആഗോള വിജയങ്ങള്‍ക്ക് ശേഷം രാജമൗലി ഒരുക്കുന്ന പുതിയ ബ്രഹ്‌മാണ്ഡ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും വന്‍ തരംഗം സൃഷ്ടിക്കുന്നത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു നായകനാകുന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയനടന്‍ പൃഥ്വിരാജും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് എന്നതാണ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നത്.മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രാമായണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന അഡ്വഞ്ചര്‍ ഡ്രാമയായിരിക്കും ഈ ചിത്രം. ചിത്രത്തില്‍ ശ്രീരാമന്റെ സമാനമായ സവിശേഷതകളുള്ള, സാഹസികനായ ഒരു നായക കഥാപാത്രമായ രുദ്രയായിട്ടാണ് മഹേഷ് ബാബു എത്തുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രമാണിത്. കുംഭകര്‍ണ്ണന്‍ എന്ന കഥാപാത്രത്തിന് സമാനമായ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ‘സലാര്‍’ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജിന്റെ പാന്‍-ഇന്ത്യന്‍ മാര്‍ക്കറ്റ് ഉയര്‍ത്തുന്നതായിരിക്കും ഈ കഥാപാത്രം.പ്രിയങ്ക ചോപ്രയാണ് ചിത്രത്തില്‍ മന്ദാകിനിയായി വേഷമിടുന്നത്.ഹോളിവുഡ് നിലവാരത്തിലുള്ള വിഷ്വല്‍സും ആഫ്രിക്കന്‍ കാടുകളിലെ സാഹസികതയും നിറഞ്ഞ ഈ ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിലെ മുന്‍ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
ഇന്ന് ലോകം മുഴുവൻ പുരോഗതിയെക്കുറിച്ചും സ്ത്രീസമത്വത്തെക്കുറിച്ചും സംസാരിക്കുമ്പോൾ, തൊട്ടപ്പുറത്ത് ശ്വാസമെടുക്കാൻ പോലും അനുവാദമില്ലാതെ ഒരു ജനത ജീവനോടെ നരകിക്കുകയാണ്.

താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ അനുഭവിക്കുന്ന അതിക്രൂരവും ദയനീയവുമായ മനുഷ്യാവകാശ ലംഘനങ്ങളുടെ തികച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കളിച്ചുനടക്കേണ്ട പ്രായത്തിൽ, വെറും ആറ് വയസ്സ് മാത്രമുള്ള പിഞ്ചുകുഞ്ഞുങ്ങളെയാണ് അവിടെ മുതിർന്ന പുരുഷന്മാർക്ക് നിർബന്ധിതമായി വിവാഹം കൽപ്പിച്ച് നൽകുന്നത്. ലൈംഗികത എന്നത് അവിടുത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ദിവസേനയുള്ള കടുത്ത ശാരീരിക-മാനസിക പീഡനമായി മാറിയിരിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസം നേടാനോ യഥേഷ്ടം ജോലി ചെയ്യാനോ ഉള്ള അവകാശം താലിബാൻ ഭരണകൂടം സ്ത്രീകൾക്ക് പൂർണ്ണമായും നിഷേധിച്ചിരിക്കുകയാണ്. അടുത്ത ബന്ധുക്കളായ പുരുഷന്മാരുടെ സാന്നിധ്യമില്ലാതെ അവർക്ക് വീടിന് പുറത്തിറങ്ങാനോ സ്വന്തമായി യാത്ര ചെയ്യാനോ കഴിയില്ലെന്നു മാത്രമല്ല, ഒരു രോഗം വന്നാൽ പോലും ഒരു ഡോക്ടറെ കണ്ട് യഥാസമയം ചികിത്സ തേടാനുള്ള സ്വാതന്ത്ര്യം പോലുമില്ല. സ്ത്രീകളുടെ ശബ്ദം പോലും അന്യപുരുഷന്മാർ കേൾക്കാൻ പാടില്ലെന്ന കടുത്ത നിയന്ത്രണങ്ങൾ കാരണം പൊതുയിടങ്ങളിൽ സംസാരിക്കാനോ സ്വന്തം നിലപാട് വ്യക്തമാക്കാനോ അവർക്കാവില്ല. സ്വന്തം മുഖം പോലും ലോകത്തിന് മുന്നിൽ മറച്ചുപിടിക്കാൻ നിർബന്ധിതരായ അവർ സ്വന്തം വീടുകൾക്കുള്ളിൽ തടവുകാരാക്കപ്പെട്ടിരിക്കുകയാണ്. ആധുനിക ലോകത്തിന് തന്നെ വലിയൊരു കറുത്ത പാടായി മാറിയ ഈ മനുഷ്യത്വരഹിതമായ നിയമങ്ങളും അന്താരാഷ്ട്ര സമൂഹം കണ്ണടയ്ക്കുന്ന നിലപാടുകളും അഫ്ഗാനിസ്ഥാനെ ഭൂമിയിലെ ഒരു യഥാർത്ഥ നരകമാക്കി മാറ്റിയിരിക്കുകയാണ്. സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ പോലും കഴിയാതെ, ജീവച്ഛവമായി വീട്ടുതടങ്കലിൽ കഴിയുന്ന അവിടുത്തെ സ്ത്രീകളുടെ അതിവേദന നിറഞ്ഞ അതിജീവന പോരാട്ടങ്ങൾ ലോകം തിരിച്ചറിയേണ്ടതുണ്ട്.
‘കറുപ്പ്’ ഇനി ഒടിടിയില്‍… സ്ട്രീമിങ് തീയതി പുറത്ത്!

സൂര്യയുടെ കരിയറിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘കറുപ്പ്’ ഇനി ഒടിടിയിലേക്ക്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി ഔദ്യോഗികമായി പുറത്തുവന്നു. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ 12 മുതല്‍ചിത്രം പ്രൈമില്‍ സ്ട്രീമിങ് ആരംഭിക്കും.മെയ് 15-ന് തിയേറ്ററുകളിലെത്തിയ ‘കറുപ്പ്’ നാലാഴ്ച പിന്നിടുമ്പോഴും ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. ഇതിനോടകം തന്നെ ചിത്രം 300 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. ഇതോടെ 2026-ല്‍ തമിഴ്നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ‘കറുപ്പിന്’ സ്വന്തം. ആര്‍. ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രത്തില്‍ സൂര്യയുടെ മികച്ച പ്രകടനത്തോടൊപ്പം തൃഷയുടെ നായികാവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുകൂടാതെ മലയാളി താരങ്ങളായ ഇന്ദ്രന്‍സ്, അനഘ രവി, സ്വാസിക, ശിവദ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
9 കോടിയുടെ പടംനേടിയത് 1400 കോടി…ബോക്സ് ഓഫീസിൽ കോടികൾ വാരി ‘ഒബ്സെഷൻ’…

ഒരുപാട് സ്‌നേഹിക്കുന്ന, കെയറിങ് ചെയ്യുന്ന ഒരു ജീവിതപങ്കാളിയെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ‘ഒബ്‌സെഷന്‍’ എന്ന ചിത്രം കണ്ടവരുടെ മനസ്സില്‍ ഒന്നേയുള്ളൂ; ഇങ്ങനെ ഒരു പങ്കാളിയെ ആര്‍ക്കും കൊടുക്കരുതേ എന്ന്. ഒരു വ്യക്തിക്ക് മറ്റൊരാളോട് തോന്നുന്ന അമിതമായ ഭ്രമം, അല്ലെങ്കില്‍ സൈക്കോപതിക് ആയ പ്രണയം എങ്ങനെ അവരുടെയും ചുറ്റുമുള്ളവരുടെയും ജീവിതം തകര്‍ക്കുന്നു എന്ന് പറയുന്ന ഒരു ഹൊറര്‍- സൈക്കോളജിക്കല്‍ ത്രില്ലറാണിത്. മേയ് 15ന് തിയേറ്ററിലെത്തിയ ഈ ചിത്രത്തിന് വെറും ഒന്‍പത് കോടിക്ക് താഴെ മാത്രമാണ് ചിലവ് വന്നത്. പരിചിതമായ വന്‍ താരനിരയൊന്നും അണിനിരക്കാതെ തന്നെ ഈ ചിത്രം ഇപ്പോള്‍ ബോക്‌സ് ഓഫീസില്‍ നാന്നൂറ് കോടി കടന്നിരിക്കുകയാണ്. ചിത്രം സംവിധാനം ചെയ്തത് യൂട്യൂബറായ കറി ബാര്‍ക്കറാണ്. സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയിട്ടും ഇന്ത്യയില്‍ മികച്ച ഓപ്പണിങ്ങാണ് ഒബ്‌സെഷന് ലഭിക്കുന്നത്. താരങ്ങളുടെ പ്രകടനവും ശ്രദ്ധേയമാണ്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഇന്ദേ നവറെറ്റെയും മൈക്കിള്‍ ജോണ്‍സ്റ്റണും ആണ്. സാധാരണവും സമാധാനപരവുമായ ഒരു ജീവിതം നയിക്കുന്ന നായകനും നായികയും. തുടക്കത്തില്‍ ആകര്‍ഷണീയമായി തോന്നുന്ന ഈ വ്യക്തിത്വം പതുക്കെപ്പതുക്കെ ഒരു ഭ്രാന്തമായ ഒബ്‌സെഷനിലേക്ക് മാറുന്നു. സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാതെ ഒരാളെ സ്‌നേഹിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന് പറയുന്ന ചിത്രം, അത് ‘കണ്‍സെന്റ് ഹൊറര്‍’ എന്ന് വിശേഷിപ്പിക്കാവുന്ന ഒരവസ്ഥയിലേക്ക് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു. ഒബ്‌സെസീവ് ആയ കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെയും നടിയുടെയും പ്രകടനം ചിത്രത്തില്‍ എടുത്തുപറയേണ്ടതാണ്. സ്‌നേഹത്തില്‍ നിന്നും പെട്ടെന്ന് വില്ലത്തരത്തിലേക്ക് മാറുന്ന ഭാവമാറ്റങ്ങള്‍ മനോഹരമായി ചിത്രം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറിന് വേണ്ട ആകാംഷയും ഭയവും ജനിപ്പിക്കുന്നതില്‍ ബിജിഎം വലിയ പങ്കുവഹിച്ചു.ഇത്തരം ഒബ്‌സെഷന്‍ സിനിമകളില്‍ സാധാരണയായി കാണാറുള്ള ചില ക്ലീഷേ രംഗങ്ങള്‍ ഇതിലും ആവര്‍ത്തിക്കുന്നുണ്ട്. കഥ എങ്ങോട്ടാണ് പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് മുന്‍കൂട്ടി ഊഹിക്കാന്‍ സാധിക്കും. സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒട്ടും നിരാശപ്പെടാതെ കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ചിത്രമാണിത്.
നാവിനെ കറുപ്പിക്കുന്ന ആ പഴയ നാട്ടുരുചിക്ക് ഇപ്പോൾ പൊന്നുംവില; വിപണിയിൽ തരംഗമായി ഞാവൽ പഴം

പക്ഷികളുടെ വിരുന്നുകാരനിൽ നിന്ന് വിപണിയിലെ താരം; ഞാവൽ പഴത്തിന് വൻ ഡിമാൻഡ്ഒരുകാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ ആർക്കും വേണ്ടാതെ, വീട്ടുപറമ്പുകളിൽ വീണുടഞ്ഞ് പക്ഷികൾക്ക് മാത്രം വിരുന്നായി മാറിയിരുന്ന ഞാവൽ പഴങ്ങൾ (Jamun Fruit) ഇന്ന് വിപണിയിലെ താരമായി മാറിയിരിക്കുകയാണ്. നാവു കറുക്കും വരെ കൊതിയോടെ കഴിച്ചിരുന്ന ആ പഴയ മധുര സ്മരണകൾ മലയാളി അത്രപെട്ടെന്നൊന്നും മറന്നിട്ടില്ല. കേരളത്തിൽ ഇന്ന് നാടൻ ഞാവൽ മരങ്ങൾ അപൂർവമായി മാറിയതോടെ, തമിഴ്‌നാട്ടിലെ തിരുനെൽവേലി, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നും ആന്ധ്രപ്രദേശിൽ നിന്നുമാണ് ഇപ്പോൾ കേരളത്തിലേക്ക് പ്രധാനമായും ഞാവൽ പഴങ്ങൾ ഒഴുകിയെത്തുന്നത്. ഇന്ന് വഴിയോരങ്ങളിൽ സജീവമായ ഈ കടും പർപ്പിൾ സുന്ദരന്മാർക്ക് വിപണിയിൽ വൻ ഡിമാൻഡാണുള്ളത്. എന്നാൽ ഈ നാട്ടുരുചി നുണയണമെങ്കിൽ കീശ അൽപം ചോരും; കിലോയ്ക്ക് 400 രൂപ വരെയാണ് നിലവിലെ വില. മീന-മേട മാസങ്ങളിൽ പൂത്തുലയുന്ന ഞാവൽ മരങ്ങളിൽ നിന്ന് കായകൾ കേടുപാടുകൾ കൂടാതെ വലിയ വലകൾ വിരിച്ചാണ് കർഷകർ ശേഖരിക്കുന്നത്. പഴത്തിന് മാത്രമല്ല, പ്രമേഹമടക്കമുള്ള അസുഖങ്ങൾക്ക് ഉത്തമമായ ഇതിന്റെ കുരുവിനും മികച്ച ഔഷധഗുണമുള്ളതിനാൽ വില എത്രയായാലും വാങ്ങാൻ ആളുകൾ തിക്കും തിരക്കും കൂട്ടുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്ന് ദിവസേന ദീർഘദൂര ബസുകളിലും പിക്കപ്പ് വാനുകളിലുമായി എത്തുന്ന ഈ പഴങ്ങൾ വിറ്റ് വഴിയോര കച്ചവടക്കാർ പ്രതിദിനം ആയിരക്കണക്കിന് രൂപയുടെ ബിസിനസ്സാണ് കേരളത്തിൽ നടത്തുന്നത്.
പ്രതിസന്ധികളെ തോൽപ്പിച്ച ഇച്ഛാശക്തി; കട്ടപ്പനയുടെ വിദ്യാഭ്യാസ അംബാസഡറായി എസ്തർ മരിയ ടോമി

ശാരീരിക പരിമിതികളെ തന്റെ അടിയുറച്ച ആത്മവിശ്വാസം കൊണ്ടും കഠിനാധ്വാനം കൊണ്ടും മറികടന്ന് വിജയഗാഥ രചിച്ചിരിക്കുകയാണ് എസ്തർ മരിയ ടോമി എന്ന മിടുക്കി. വെറും 80 സെന്റീമീറ്റർ ഉയരവും 10 കിലോഗ്രാം തൂക്കവുമുള്ള എസ്തർ, കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ ചരിത്രത്തിൽ ഇനി പുതിയൊരു ഊർജ്ജമായി മാറും. ഇത്തവണത്തെ പ്ലസ്ടു കംപ്യൂട്ടർ സയൻസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മികച്ച രീതിയിൽ എ പ്ലസ് കരസ്ഥമാക്കിയ എസ്തറിനെ തേടി, കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ എജ്യുക്കേഷനൽ അംബാസഡർ പദവിയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ മൂലം വളർച്ചയെ ബാധിച്ചതിനാൽ മൂന്നാം ക്ലാസ് വരെ വീട്ടിലിരുന്ന് പഠിക്കേണ്ടി വന്നെങ്കിലും, കളിമുറ്റങ്ങളിൽ നിന്ന് പഠനമുറികളിലേക്ക് എത്തിയപ്പോൾ അവൾ തോറ്റുകൊടുക്കാൻ തയ്യാറായിരുന്നില്ല. എസ്എസ്എൽസി പരീക്ഷയിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി തിളങ്ങിയ ഈ കൊച്ചു മിടുക്കി വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ വിദ്യാർത്ഥിനിയാണ്. പ്രതിസന്ധികൾക്ക് മുന്നിൽ തളർന്നുപോകുന്ന ഏതൊരാൾക്കും മുന്നോട്ടുള്ള വഴിയിൽ വെളിച്ചം പകരുന്ന ഒന്നാണ് വെള്ളയാംകുടി സ്വദേശികളായ ടോമി ജോസഫിന്റെയും ഫിലോമിന സെബാസ്റ്റ്യന്റെയും മകളായ എസ്തറിന്റെ ഈ വിജയയാത്ര. ഈ അതുല്യ നേട്ടം മറ്റുള്ളവർക്കും വലിയൊരു പ്രചോദനമാകുമെന്ന തിരിച്ചറിവിലാണ് അധികൃതർ എസ്തറിനെ ഈ വലിയ പദവി നൽകി ആദരിച്ചിരിക്കുന്നത്.
കീടനാശിനി പ്രയോഗം: രാജസ്ഥാനിൽ കർഷക മരണം വർദ്ധിക്കുന്നു

കൃഷിയിലെ കീടനാശിനി പ്രയോഗം കർഷകരുടെ ജീവന് തന്നെ വില്ലനാകുന്ന ഗുരുതര സാഹചര്യമാണ് രാജസ്ഥാനിൽ നിലനിൽക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ 535 കർഷകരാണ് കീടനാശിനികളുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽ സംസ്ഥാനത്ത് മരണമടഞ്ഞത്. രാജസ്ഥാൻ നിയമസഭയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ച ഔദ്യോഗിക റിപ്പോർട്ടിലാണ് ഇത്രയും ആശങ്കാജനകമായ വിവരങ്ങളുള്ളത്. മരിച്ച കർഷകരുടെ ആശ്രിതർക്ക് ഇതിനകം തന്നെ സർക്കാർ വലിയ തുക ധനസഹായമായി കൈമാറിക്കഴിഞ്ഞു.വിപണിയിൽ ലഭ്യമാകുന്ന കീടനാശിനികളുടെ ഗുണനിലവാരമില്ലായ്മയാണ് ഈ ദുരന്തങ്ങൾക്ക് പ്രധാന കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അധികൃതർ നടത്തിയ വിപുലമായ പരിശോധനയിൽ, വിതരണം ചെയ്ത അയ്യായിരത്തിലധികം സാമ്പിളുകളിൽ 189 എണ്ണം അതീവ അപകടകരവും മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വ്യാജ ഉൽപ്പന്നങ്ങളുടെ ഉപയോഗമാണ് കർഷകരുടെ ജീവൻ അപകടത്തിലാക്കിയത്. സംസ്ഥാനത്തെ ബിക്കാനീർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കർഷകർ മരണപ്പെട്ടത് (57 പേർ). ഇതിന് പുറമെ ചുരു, ഹനുമാൻഗഡ്, ജലവാർ, ജോധ്പൂർ തുടങ്ങിയ പ്രദേശങ്ങളിലും വലിയ തോതിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.വ്യാജ കീടനാശിനികൾ വിപണിയിലെത്തുന്നത് തടയാൻ കർശനമായ പരിശോധനകൾ വേണമെന്നാണ് ഈ കണക്കുകൾ വിരൽ ചൂണ്ടുന്നത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും കർഷകർക്ക് ആവശ്യമായ ബോധവൽക്കരണവും ഉറപ്പാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിലും സ്ഥിതി കൂടുതൽ സങ്കീർണ്ണമാകാൻ സാധ്യതയുണ്ട്.