സാബു ജേക്കബുമായി ഭിന്നത; ട്വന്റി-20യിൽ നിന്ന് രാജിവെച്ച് അഖിൽ മാരാർ

സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ നിന്നും രാജി വെച്ചു. പാർട്ടി ചെയർമാൻ സാബു എം. ജേക്കബുമായി നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് പടിയിറക്കം. സാബു ജേക്കബിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാജിക്ക് പിന്നാലെ അഖിൽ മാരാർ ഉന്നയിച്ചിരിക്കുന്നത്. കൊട്ടാരക്കര മണ്ഡലത്തിൽ സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി-20യിലേക്ക് കൊണ്ടുവന്നതെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി. എന്നാൽ പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ഒടുവിൽ ബിജെപി ഇടപെട്ടാണ് തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയത്. തൃക്കാക്കരയിൽ മത്സരിക്കുമ്പോൾ പ്രചാരണ രംഗത്ത് തന്റെ കൂടെ ഉണ്ടായിരുന്നത് വെറും രണ്ടുപേർ മാത്രമായിരുന്നുവെന്നും പാർട്ടി തലത്തിൽ നിന്നും ആവശ്യമായ സംഘടനാ പിന്തുണ ലഭിച്ചില്ലെന്നും അഖിൽ കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിന് ശേഷം താൻ ഫോൺ വിളിച്ചാൽ പോലും സാബു എം. ജേക്കബ് എടുക്കാറില്ലെന്നും, പ്രവർത്തകരുമായോ നേതാക്കളുമായോ യാതൊരു ആശയവിനിമയത്തിനും പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 2026 ഫെബ്രുവരിയിലാണ് NDA ഘടകകക്ഷിയായ ട്വന്റി-20യിൽ അഖിൽ മാരാർ അംഗത്വമെടുക്കുന്നത്. റിയാലിറ്റി ഷോയിലൂടെയും സംവിധാനത്തിലൂടെയും നേടിയ ജനപ്രീതി രാഷ്ട്രീയത്തിലേക്ക് എത്തിക്കാനായിരുന്നു ശ്രമമെങ്കിലും, പാർട്ടിക്കുള്ളിലെ ജനാധിപത്യമില്ലായ്മയും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് തന്നെ രാജിയെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് അഖിൽ മാരാർ വ്യക്തമാക്കുന്നു.

സഞ്ജുവിന് ഇരട്ടത്താപ്പോ?

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര വിജയത്തിന് ശേഷവും ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ചർച്ചകൾ അടങ്ങുന്നില്ല, വിഷയമാകട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലെ സ്ഥാനവും. ഒരു വശത്ത് യുവതാരം വൈഭവ് സൂര്യവംശിയുടെ മിന്നുന്ന ഫോമും മറു വശത്ത് പരാജയപ്പെട്ടിട്ടും അഭിഷേക് ശർമയ്ക്ക് ലഭിക്കുന്ന അതിരറ്റ പിന്തുണയും ആരാധകരെയും ക്രിക്കറ്റ് പണ്ഡിറ്റുകളെയും ഒരുപോലെ ചൊടിപ്പിക്കുന്നുണ്ട്. തുടർച്ചയായി ഫോം ഔട്ടാകുന്ന അഭിഷേകിനെ ടീം മാനേജ്മെന്റ് നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ സഞ്ജുവിനോട് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ കൃഷ്ണമചാരി ശ്രീകാന്തും താരം ഹനുമ വിഹാരിയും രംഗത്തെത്തിക്കഴിഞ്ഞു.യൂട്യൂബ് ചാനലിലൂടെ ചോദ്യശരങ്ങൾ എറിഞ്ഞ ഹനുമ വിഹാരി, കണക്കുകൾ നിരത്തിയാണ് അഭിഷേകിന് ലഭിക്കുന്ന ‘പ്രത്യേക പരിഗണന’യെ തുറന്നുകാട്ടിയത്. ലോകകപ്പിന് മുൻപ് അഞ്ച് മത്സരങ്ങളിൽ നിറംമങ്ങിയെന്ന പേരിൽ ടീമിൽ നിന്ന് പുറത്താക്കപ്പെട്ട സഞ്ജു, പിന്നീട് മാസ് തിരിച്ചുവരവ് നടത്തി ടൂർണമെന്റിലെ താരമാകുന്നതാണ് നമ്മൾ കണ്ടത്. എന്നാൽ എട്ട് മത്സരങ്ങളിൽ നിന്ന് ഒറ്റ അർധസെഞ്ചറി മാത്രം നേടിയ അഭിഷേകിന് ഒരു കുഴപ്പവുമില്ല. കഴിഞ്ഞ ആറ് ട്വന്റി-20 ഇന്നിങ്സുകളിൽ 2, 8, 1, 3, 16, 10 എന്നിങ്ങനെ മാത്രം സ്കോർ ചെയ്ത അഭിഷേക്, അഞ്ച് മത്സരങ്ങൾ കളിച്ചപ്പോൾ ഉയർന്ന സ്കോർ 16 മാത്രമാണ്. അതേസമയം കളിച്ച മൂന്ന് മത്സരങ്ങളിലും അർധസെഞ്ചറി തികച്ച സഞ്ജുവിനെ പുറത്തിരുത്തുകയും ചെയ്യുന്നു. സമ്മർദഘട്ടങ്ങളിൽ ടീമിനെ ജയിപ്പിക്കാൻ പ്രാപ്തിയുള്ള സഞ്ജുവിനോടും അഭിഷേകിനോടും മാനേജ്മെന്റിന് എങ്ങനെയാണ് രണ്ട് നീതിയാകുന്നതെന്നാണ് വിഹാരിയുടെ ചോദ്യം. സമാനമായ രീതിയിൽ കെ. ശ്രീകാന്തും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടും സഞ്ജുവിന് അർഹിച്ച അവസരങ്ങൾ നൽകാതെ, പൂർണ പരാജയമായ അഭിഷേകിനെ വീണ്ടും വീണ്ടും സംരക്ഷിക്കുന്നതിന്റെ യുക്തി എന്താണെന്ന് അദ്ദേഹം ആരായുന്നു. ഇതിനിടയിലാണ് വൈഭവ് സൂര്യവംശിയുടെ ഫോം സഞ്ജുവിന് ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി മുൻ താരം ഇർഫാൻ പത്താൻ എത്തുന്നത്. ഒരാളുടെ സ്ഥാനം പിടിച്ചെടുത്താൽ വൈഭവ് അവരെ ആ വഴിക്ക് തിരികെ വരാൻ അനുവദിക്കില്ലെന്നാണ് പത്താന്റെ നിരീക്ഷണം. ഐർലൻഡ് പരമ്പരയിൽ സഞ്ജു മങ്ങിയതോടെ ഇംഗ്ലണ്ടിനെതിരായ വഴി തുറന്ന കിട്ടിയ വൈഭവ്, സിംബാബ്‌വെ പര്യടനത്തിൽ മൂന്ന് ഇന്നിങ്സുകളിൽ നിന്ന് രണ്ട് അർധസെഞ്ചറിയടക്കം 185 റൺസാണ് അടിച്ചുകൂട്ടിയത്. ഇതോടെ വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലെ ഓപ്പണിങ് സ്ലോട്ടിൽ സഞ്ജുവോ അതോ വൈഭവോ എന്ന വലിയ ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

തലൈവരുടെ ജീവിതം ഇനി ബിഗ് സ്‌ക്രീനില്‍!ആത്മകഥയുമായി രജനികാന്ത്

ബസ് കണ്ടക്ടറില്‍ നിന്ന് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറിലേക്കുള്ളതലൈവരുടെ ജീവിതകഥ ഇനി കാണാം,വായിക്കാം.ആത്മകഥ എഴുതാനൊരുങ്ങി നടന്‍ രജനികാന്ത്.മകള്‍ സൗന്ദര്യ രജനികാന്ത് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിലെത്തിയതും പ്രശസ്തി കൈവരിച്ചതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രജനി ആത്മകഥയില്‍ കുറിക്കുമെന്നാണ് അറിയുന്നത്. ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങള്‍, പോരാട്ടങ്ങള്‍, സങ്കടകരമായ അനുഭവങ്ങള്‍ തുടങ്ങിയവയും പുസ്തകത്തില്‍ ഇടംപിടിക്കും. നിലവില്‍ നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ 2 ആണ് രജനികന്തിന്റെ അപ്കമിംഗ് പ്രോജക്റ്റ്.ഒക്ടോബര്‍ 15 നാണ് തിയേറ്റര്‍ റിലീസ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം വന്‍ ഹിറ്റായിരുന്നു.ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.