സാബു ജേക്കബുമായി ഭിന്നത; ട്വന്റി-20യിൽ നിന്ന് രാജിവെച്ച് അഖിൽ മാരാർ

സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ നിന്നും രാജി വെച്ചു. പാർട്ടി ചെയർമാൻ സാബു എം. ജേക്കബുമായി നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് പടിയിറക്കം. സാബു ജേക്കബിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാജിക്ക് പിന്നാലെ അഖിൽ മാരാർ ഉന്നയിച്ചിരിക്കുന്നത്.

കൊട്ടാരക്കര മണ്ഡലത്തിൽ സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി-20യിലേക്ക് കൊണ്ടുവന്നതെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി. എന്നാൽ പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ഒടുവിൽ ബിജെപി ഇടപെട്ടാണ് തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയത്.

തൃക്കാക്കരയിൽ മത്സരിക്കുമ്പോൾ പ്രചാരണ രംഗത്ത് തന്റെ കൂടെ ഉണ്ടായിരുന്നത് വെറും രണ്ടുപേർ മാത്രമായിരുന്നുവെന്നും പാർട്ടി തലത്തിൽ നിന്നും ആവശ്യമായ സംഘടനാ പിന്തുണ ലഭിച്ചില്ലെന്നും അഖിൽ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിന് ശേഷം താൻ ഫോൺ വിളിച്ചാൽ പോലും സാബു എം. ജേക്കബ് എടുക്കാറില്ലെന്നും, പ്രവർത്തകരുമായോ നേതാക്കളുമായോ യാതൊരു ആശയവിനിമയത്തിനും പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

2026 ഫെബ്രുവരിയിലാണ് NDA ഘടകകക്ഷിയായ ട്വന്റി-20യിൽ അഖിൽ മാരാർ അംഗത്വമെടുക്കുന്നത്. റിയാലിറ്റി ഷോയിലൂടെയും സംവിധാനത്തിലൂടെയും നേടിയ ജനപ്രീതി രാഷ്ട്രീയത്തിലേക്ക് എത്തിക്കാനായിരുന്നു ശ്രമമെങ്കിലും, പാർട്ടിക്കുള്ളിലെ ജനാധിപത്യമില്ലായ്മയും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് തന്നെ രാജിയെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് അഖിൽ മാരാർ വ്യക്തമാക്കുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *