ട്രംപിന്റെ നയങ്ങൾ ആണവ അരക്ഷിതാവസ്ഥ വർധിപ്പിക്കുന്നു: ഇറാൻ

ആഗോള ആണവസുരക്ഷയുടെ അടിത്തറ തകർക്കുന്ന നിലപാടുകളാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്നതെന്ന് ഇറാൻ. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായിയാണ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. ഇറാനെതിരായ യുഎസ് ആക്രമണങ്ങൾ മറ്റ് രാജ്യങ്ങൾക്കിടയിൽ ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള താൽപര്യം വർധിപ്പിച്ചെന്നാണ് റെസായിയുടെ ആരോപണം. യുഎസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഐഎഇഎയിലെയും എൻപിടിയിലെയും അംഗത്വം മതിയാകില്ലെന്ന ചിന്ത രാജ്യങ്ങൾക്കിടയിൽ ശക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആണവസുരക്ഷയ്ക്ക് പകരം ആണവ അരക്ഷിതാവസ്ഥയാണ് ട്രംപ് സൃഷ്ടിക്കുന്നതെന്നും റെസായി ആരോപിച്ചു. ആണവ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഇറാൻ അംഗീകരിക്കുകയും പാലിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എൻപിടി അംഗമായ ഇറാൻ എല്ലാ പരിശോധനകൾക്കും സമ്മതിച്ചിട്ടുണ്ട്. ആണവ ചട്ടങ്ങളോടുള്ള ഇറാന്റെ പ്രതിബദ്ധത മറ്റേതൊരു രാജ്യത്തേക്കാളും ശക്തമാണെന്നും റെസായി കൂട്ടിച്ചേർത്തു.

യുക്രൈനിൽ ഭരണപ്രതിസന്ധി; തിരഞ്ഞെടുപ്പ് വേണമെന്ന് മുൻ പ്രതിരോധമന്ത്രി

യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്നും യുദ്ധത്തിനിടയിലും തിരഞ്ഞെടുപ്പ് നടത്തി ഇത് പരിഹരിക്കണമെന്നും മുൻ പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്. യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ആവശ്യം ഉന്നയിച്ചത്. സർക്കാർ മാറ്റങ്ങളെ ചെറുക്കുകയാണെന്നും ഉദ്യോഗസ്ഥർക്കിടയിലെ അഴിമതി യുദ്ധം ചെയ്യാനുള്ള രാജ്യത്തിന്റെ ശേഷിയെ ബാധിക്കുന്നുണ്ടെന്നും ഫെഡറോവ് ആരോപിച്ചു. സൈനിക നിയമം നിലനിൽക്കുന്നതിനാൽ യുക്രൈനിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് നിയമവിരുദ്ധമാണ്. 2024ൽ കാലാവധി അവസാനിച്ചെങ്കിലും സെലെൻസ്കി പ്രസിഡന്റായി തുടരുന്നതിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ പലതവണ വിമർശിച്ചിട്ടുണ്ട്. അതിനിടെ, സെലെൻസ്കിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചതായി യുക്രൈൻ അഴിമതി വിരുദ്ധ ഏജൻസികൾ അറിയിച്ചു.

യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ?; ആക്രമണ തന്ത്രത്തിലേക്ക് നീക്കമെന്ന് റിപ്പോർട്ട്

പശ്ചിമേഷ്യയിലെ അമേരിക്ക-ഇറാൻ സംഘർഷം തുടരുകയാണെങ്കിൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇറാൻ സർക്കാരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ഫിനാൻഷ്യൽ ടൈംസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനിക തന്ത്രം പ്രതിരോധത്തിൽ നിന്ന് ആക്രമണാത്മക നിലപാടിലേക്ക് മാറ്റാൻ ഇറാൻ തീരുമാനിച്ചതായും മുതിർന്ന സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്. സൈപ്രസിലെ ബ്രിട്ടീഷ് വ്യോമത്താവളവും തെക്കുകിഴക്കൻ യൂറോപ്പിലെ ബൾഗേറിയയിലെ ബെസ്മർ എയർ ബേസും ഇറാൻ ലക്ഷ്യമിടുന്ന കേന്ദ്രങ്ങളിലുണ്ടെന്നാണ് സൂചന. ഈ വർഷം മാർച്ചിൽ ഇറാന്റെ പ്രധാന സൈനിക താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെയാണ് ബൾഗേറിയയും ഇറാന്റെ പ്രതികാരപട്ടികയിൽ ഉൾപ്പെട്ടതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം അമേരിക്കൻ വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാനും സൈനിക പ്രവർത്തനങ്ങൾ നടത്താനും ബൾഗേറിയ അനുമതി നൽകിയതും ഇതിന് കാരണമായതായി റിപ്പോർട്ടിൽ പറയുന്നു. ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം സംബന്ധിച്ച തർക്കവും സമാധാന ചർച്ചകൾ വഴിമുട്ടിയതുമാണ് നിലവിലെ സംഘർഷത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. ഹോർമൂസ് കടലിടുക്ക് അമേരിക്കയുടെ പുതിയ ഭൂപ്രദേശമാണെന്ന് അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ് മാപ്പ് പങ്കുവച്ചതും ഇറാനെ പ്രകോപിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, യു.എൻ അംഗീകരിച്ച ഒമാൻ റൂട്ടിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നത് ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം കുറയാൻ ഇടയാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. അതിനിടെ, ഉപരോധം നീക്കുന്നതുൾപ്പെടെയുള്ള ഇറാന്റെ നിബന്ധനകൾ അംഗീകരിക്കുന്നതുവരെ ഹോർമൂസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം അനുവദിക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗർ ഗാലിബാഫ് ആവർത്തിച്ചു.

ഹോർമൂസ് സ്വന്തമാക്കുമെന്ന് ട്രംപ്; ഇറാന്റെ തിരിച്ചടിയും എണ്ണവില കുതിപ്പും

ഹോർമൂസ് കടലിടുക്കിനെ അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഇറാനെ പൂർണമായും പരാജയപ്പെടുത്തിയതിന് ശേഷം ഹോർമൂസിന്റെ അവകാശം യുഎസ് ഏറ്റെടുക്കുമെന്നാണ് ന്യൂയോർക്കിൽ അനുയായികളെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞത്. എന്നാൽ, തങ്ങളുടെ അനുമതിയില്ലാതെ ഹോർമൂസിലൂടെ ഒരു കപ്പലും കടന്നുപോകില്ലെന്ന് ഇറാൻ വ്യക്തമാക്കി. കടലിടുക്കിന്റെ നിയന്ത്രണം ഇറാന് തന്നെയാണെന്നും ഉപരോധം തുടരുമെന്നും ഡെപ്യൂട്ടി വിദേശകാര്യമന്ത്രി കാസിം ഗരീദാബാദി പ്രതികരിച്ചു. അതേസമയം, ഹോർമൂസ് കടലിടുക്കിൽ യുഎഇ കപ്പലിന് നേരെയുണ്ടായ ആക്രമണം അബുദാബി നാഷണൽ ഓയിൽ കമ്പനി (അഡ്‌നോക്) സ്ഥിരീകരിച്ചു. ഓഗസ്റ്റ് 13-ന് രണ്ട് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആളപായമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും കമ്പനി അറിയിച്ചു. ഓഗസ്റ്റ് എട്ടിനും അഡ്‌നോക് കപ്പലിന് നേരെ ആക്രമണമുണ്ടായിരുന്നു. സംഘർഷം ആരംഭിച്ചതിന് ശേഷം ആക്രമിക്കപ്പെട്ട അഡ്‌നോക് കപ്പലുകളുടെ എണ്ണം ഇതോടെ 17 ആയി. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള എണ്ണവിലയും ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 88.52 ഡോളറായി. അഡ്‌നോക് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇതുവരെ ഒരു ജീവനക്കാരൻ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകളിലും ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം പ്രധാന വിഷയമായി തുടരുകയാണ്.

പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയെന്ന് അവകാശപ്പെട്ട് ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ചിരിക്കുകയാണ് ബലൂചിസ്ഥാൻ.

‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ എന്ന സംഘടനയാണ് ലോകമെമ്പാടുമുള്ള ബലൂച് ജനങ്ങളോട് ഈ ദിവസം ആഘോഷിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ​ഉടൻ തന്നെ അന്താരാഷ്ട്ര സമൂഹം തങ്ങളെ ഒരു സ്വതന്ത്ര രാജ്യമായി അംഗീകരിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.​ഓഗസ്റ്റ് 11 എല്ലാവരും ഐക്യത്തോടെ ആചരിക്കണമെന്നും വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ സ്വതന്ത്ര ബലൂചിസ്ഥാന്റെ പതാക ഉയർത്തണമെന്നും നേതാവായ മിർ യാർ ബലൂച് പറഞ്ഞു. ഈ ചരിത്രദിനത്തിന്റെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കുകയാണ് ആഘോഷത്തിന്റെ ലക്ഷ്യമെന്നാണ് ഇവരുടെ അവകാശവാദം

“വാക്കുകളിലെ അഴുക്ക് വസതിയിലെ സംസ്കാരമാണോ..?”അശ്ലീല പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെതിരെ ജനരോക്ഷം

പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി വിജയിക്കും നടി തൃഷയ്ക്കുമെതിരെ നടത്തിയ ദ്വയാർത്ഥ പരാമർശവും തുടർന്നുള്ള നാടകീയമായ കസ്റ്റഡിയുമൊക്കെയാണ് ഇപ്പോൾ തമിഴകത്ത് വിവാദത്തിന് വഴിവെച്ചിരിക്കുന്നത്. കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ ഡി.എം.കെ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഉദയനിധിവിവാദ പരാമർശം നടത്തിയത്.പ്രസംഗത്തിനിടെ “കാവേരി വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും ഡി.എം.കെ നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കൽ മാത്രമാണ് അദ്ദേഹത്തിന്റെ ജോലി” എന്നും ഉദയനിധി പരിഹസിച്ചിരുന്നു. ഇതോടെ അണികൾക്കിടയിൽ നിന്ന് ‘തൃഷ, തൃഷ’ എന്ന വിളികൾ ഉയർന്നു. തുടന്ന് പ്രസംഗം നിർത്തി ഉദയനിധി നടത്തിയ ദ്വയാർത്ഥ പ്രയോഗമാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്. രാഷ്ട്രീയമായി ഒന്നും പറയാൻ ശേഷിയില്ലാതെ വരുമ്പോൾ, മൈക്കിന് മുന്നിൽ നിന്ന് ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അണികളെ കൈയടിപ്പിക്കാൻ നോക്കുന്നത് രാഷ്ട്രീയ മിടുക്കല്ല.മറിച്ച് സ്വന്തം മനസ്സിലെ ജീർണ്ണതയാണ് വെളിവാക്കുന്നത്. എം.എൽ.എ എന്നും പ്രതിപക്ഷ നേതാവെന്നുമൊക്കെയുള്ള പദവികൾ നൽകുന്നത് അന്തസ്സോടെ ജനങ്ങളെ പ്രതിനിധീകരിക്കാനാണ് എന്ന കാര്യം വിസ്മരിക്കപെടുമ്പോഴാണ്പൊതുവേദികൾ അശ്ലീലം വിളമ്പുന്ന വേദിയാവുന്നത്. നാക്കിനു എല്ലില്ലാതെ വായിൽ തോന്നിയതെല്ലാം കോതയ്‌ക്ക് പാട്ടെന്നോണം വിളിച്ചു പറഞ്ഞ് ഒരു സ്ത്രീയെക്കുറിച്ച് ഇത്രത്തോളം തരംതാണ് സംസാരിക്കുമ്പോൾ അല്പം പോലും ലജ്ജ തോന്നുന്നില്ലേ?എതിരാളിയെ പ്രത്യയശാസ്ത്രപരമായോ കൃത്യമായ രാഷ്ട്രീയം പറഞ്ഞോ നേരിടാൻ ശേഷിയില്ലാതെ വരുമ്പോൾ, ഒരു സ്ത്രീയുടെ സ്വഭാവത്തിലേക്ക് ചെളിവാരിയെറിയുന്നത് തികഞ്ഞ ഭീരുത്വമാണ്. എതിരാളിയുടെ രാഷ്ട്രീയത്തെ നേരിടാൻ കഴിവില്ലെങ്കിൽ മൈക്ക് മാറ്റിവെച്ച് വിശ്രമിക്കുക.അല്ലാതെ പൊതുവേദികളെ അശ്ലീലച്ചുവയുള്ള നാടകവേദിയാക്കരുത്.അമ്മയും പെങ്ങമ്മാരുമില്ലാത്ത ഇത്തരം ആളുകളോട് സഹതാപം മാത്രം…

സാബു ജേക്കബുമായി ഭിന്നത; ട്വന്റി-20യിൽ നിന്ന് രാജിവെച്ച് അഖിൽ മാരാർ

സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി-20 പാർട്ടിയിൽ നിന്നും രാജി വെച്ചു. പാർട്ടി ചെയർമാൻ സാബു എം. ജേക്കബുമായി നിലനിൽക്കുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് പടിയിറക്കം. സാബു ജേക്കബിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് രാജിക്ക് പിന്നാലെ അഖിൽ മാരാർ ഉന്നയിച്ചിരിക്കുന്നത്. കൊട്ടാരക്കര മണ്ഡലത്തിൽ സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വന്റി-20യിലേക്ക് കൊണ്ടുവന്നതെന്ന് അഖിൽ മാരാർ വെളിപ്പെടുത്തി. എന്നാൽ പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞ് വഞ്ചിക്കുകയായിരുന്നു. ഒടുവിൽ ബിജെപി ഇടപെട്ടാണ് തൃക്കാക്കര മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പാക്കിയത്. തൃക്കാക്കരയിൽ മത്സരിക്കുമ്പോൾ പ്രചാരണ രംഗത്ത് തന്റെ കൂടെ ഉണ്ടായിരുന്നത് വെറും രണ്ടുപേർ മാത്രമായിരുന്നുവെന്നും പാർട്ടി തലത്തിൽ നിന്നും ആവശ്യമായ സംഘടനാ പിന്തുണ ലഭിച്ചില്ലെന്നും അഖിൽ കുറ്റപ്പെടുത്തി.തിരഞ്ഞെടുപ്പിന് ശേഷം താൻ ഫോൺ വിളിച്ചാൽ പോലും സാബു എം. ജേക്കബ് എടുക്കാറില്ലെന്നും, പ്രവർത്തകരുമായോ നേതാക്കളുമായോ യാതൊരു ആശയവിനിമയത്തിനും പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 2026 ഫെബ്രുവരിയിലാണ് NDA ഘടകകക്ഷിയായ ട്വന്റി-20യിൽ അഖിൽ മാരാർ അംഗത്വമെടുക്കുന്നത്. റിയാലിറ്റി ഷോയിലൂടെയും സംവിധാനത്തിലൂടെയും നേടിയ ജനപ്രീതി രാഷ്ട്രീയത്തിലേക്ക് എത്തിക്കാനായിരുന്നു ശ്രമമെങ്കിലും, പാർട്ടിക്കുള്ളിലെ ജനാധിപത്യമില്ലായ്മയും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് തന്നെ രാജിയെന്ന തീരുമാനത്തിലേക്ക് നയിച്ചതെന്ന് അഖിൽ മാരാർ വ്യക്തമാക്കുന്നു.

ഇന്ത്യ – ന്യൂസിലൻഡ് ബന്ധത്തിൽ പുതിയ ചരിത്രം

ഇന്ത്യ-ന്യൂസിലൻഡ് ഉഭയകക്ഷി ബന്ധത്തിൽ ചരിത്രപരമായ പുതിയ അധ്യായം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായി. സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുമായി പുതിയൊരു തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് നീങ്ങുന്ന ഇന്ത്യയും ന്യൂസിലൻഡും യഥാർത്ഥത്തിൽ ‘സ്വാഭാവിക പങ്കാളികൾ’ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനുമായി നടത്തിയ ഉന്നതതല ചർച്ചയ്ക്കിടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നീണ്ട 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ന്യൂസിലൻഡ് സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും രണ്ട് ദിവസത്തെ ഈ ഔദ്യോഗിക സന്ദർശനത്തിനുണ്ട്. ഇന്ത്യ-ന്യൂസിലൻഡ് ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള പിന്തുണ നൽകിയതിന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സനോടും ന്യൂസിലൻഡ് ജനതയോടും പ്രധാനമന്ത്രി മോദി തന്റെ നന്ദി രേഖപ്പെടുത്തി. പുതിയ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയൊരു തലത്തിലേക്ക് ഉയരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടുതൽ ഊർജത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാൻ ഈ നാഴികക്കല്ല് ഇരുരാജ്യങ്ങളെയും പ്രചോദിപ്പിക്കുമെന്നും, തന്റെ സന്ദർശനത്തിലൂടെ ഇന്ത്യ-ന്യൂസിലൻഡ് ബന്ധത്തിൽ പുതിയൊരു ഘട്ടത്തിന് തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുതിയ കരുത്ത് പകരുന്ന ‘ചരിത്രപരമായ നാഴികക്കല്ലാണ്’ ഈ കൂടിക്കാഴ്ചയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിലെ (എഫ്‌ടിഎ) പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേകം പ്രശംസിച്ചു. ക്രിസ്റ്റഫർ ലക്സൻ ഇന്ത്യ സന്ദർശിച്ചപ്പോഴാണ് എഫ്‌ടിഎ നടപടികൾക്ക് തുടക്കമായതെന്നും, ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ കരാർ യാഥാർഥ്യമാക്കാൻ ന്യൂസിലൻഡ് ഭരണകൂടം ഒരുമിച്ച് പ്രവർത്തിച്ച രീതി ആഗോളതലത്തിൽ തന്നെ അപൂർവമായ ഒരു നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും പങ്കിടുന്ന ശക്തമായ ജനാധിപത്യ മൂല്യങ്ങളാണ് ഇന്ത്യയെയും ന്യൂസിലൻഡിനെയും കൂടുതൽ അടുത്ത പങ്കാളികളാക്കുന്നത്. ഈ സഹകരണം വരുംദിവസങ്ങളിൽ ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് വലിയ രീതിയിൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സന്ദർശനം ഉഭയകക്ഷി ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ആഗോള സമാധാനം, സ്ഥിരത, സുരക്ഷ എന്നിവയ്ക്കായുള്ള കൂട്ടായ സംഭാവന വർധിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുണ്ടെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, സമാധാനത്തിന് വേണ്ടി നിലകൊള്ളുകയും സമാധാനത്തിലൂടെ ആഗോള ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് ഇരുരാജ്യങ്ങൾക്കും ലോകത്തിനുതന്നെ മാതൃകയായ ഒരു പ്രേരകശക്തിയായി മാറാൻ സാധിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

നയതന്ത്രത്തിലെ സൗഹൃദങ്ങൾ: ഇന്ത്യ സന്ദർശന ഓർമ്മകളുമായി ജോർജിയ മെലോണി

അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ കടുത്ത ചർച്ചകൾക്കിടയിലും വലിയ സ്വാധീനം ചെലുത്തുന്നത് നേതാക്കൾക്കിടയിലെ വ്യക്തിപരമായ സൗഹൃദങ്ങളാണെന്ന് വ്യക്തമാക്കുകയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. തൻ്റെ പുതിയ പുസ്തകമായ ‘ജോർജിയാസ് വിഷൻ’ (Giorgia’s Vision) എന്ന ഗ്രന്ഥത്തിലൂടെ 2023-ലെ ഇന്ത്യ സന്ദർശന വേളയിലുണ്ടായ മനോഹരമായ അനുഭവങ്ങൾ അവർ പങ്കുവെക്കുന്നുണ്ട്. ജി20 ഉച്ചകോടിക്കായി ന്യൂഡൽഹിയിൽ എത്തിയപ്പോൾ നഗരത്തിലുടനീളം തനിക്ക് ലഭിച്ച വൻ സ്വീകരണത്തെക്കുറിച്ച് മെലോണി പുസ്തകത്തിൽ ഓർക്കുന്നു. റോഡിൻ്റെ ഇരുവശങ്ങളിലും തൻ്റെ ചിത്രങ്ങളടങ്ങിയ വലിയ സ്വാഗത ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. സന്ദർശനം കഴിഞ്ഞ് മടങ്ങുമ്പോൾ ഈ ബോർഡുകളിൽ ‘നന്ദി’ എന്നാക്കി മാറ്റിയത് കണ്ട ഒപ്പമുണ്ടായിരുന്ന ഇറ്റാലിയൻ ഉപപ്രധാനമന്ത്രി അന്റോണിയോ താജാനി, “നിങ്ങൾ ഡൽഹിയിൽ എവിടെയെങ്കിലും മത്സരിച്ചാൽ ഒരു പത്തുലക്ഷം വോട്ട് ഉറപ്പാണ്” എന്ന് തമാശയായി പറഞ്ഞത് മെലോണി കുറിച്ചിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജോർജിയ മെലോണിയും തമ്മിലുള്ള ഊഷ്മളമായ സൗഹൃദം സോഷ്യൽ മീഡിയയിൽ ‘മെലോഡി’ (Melodi) എന്ന പേരിൽ ആഗോളതലത്തിൽ തന്നെ വലിയ തരംഗം സൃഷ്ടിച്ച ഒന്നാണ്. കേവലം ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം ഇത്തരം പരസ്പര വിശ്വാസവും ലളിതമായ സൌഹൃദ നിമിഷങ്ങളുമാണ് ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ബന്ധത്തിന് പുതിയൊരു ഊർജ്ജം നൽകുന്നതെന്ന് ഈ പുസ്തകം അടിവരയിടുന്നു. റൂപ പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന് ആമുഖം എഴുതിയിരിക്കുന്നത് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആണ്.

അമേരിക്കയും ഇറാനും തമ്മിൽ മൂന്നുമാസത്തിലേറെയായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ ധാരണയായെന്ന ശുഭവാർത്ത പുറത്തുവന്നിരിക്കുകയാണ്.

ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള മൊജ്താബ ഖാംനയി അംഗീകരിച്ച കരാർ ധാരണാപത്രത്തിൽ യു.എസിനുവേണ്ടി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആയിരിക്കും ഒപ്പുവെക്കുക. സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ചായിരിക്കും ഈ ചരിത്രപരമായ ഒപ്പിടൽ ചടങ്ങ് നടക്കുകയെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യസ്ഥത വഹിച്ച പാകിസ്താനും കരാർ ധാരണയായ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമതീരുമാനമാകും വരെ ഉള്ളടക്കത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ച ഇറാൻ വിദേശകാര്യമന്ത്രി, ആണവസമ്പുഷ്ടീകരണത്തിനുള്ള അവകാശവും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഉപേക്ഷിച്ചുള്ള ഒരു കരാറിനും തങ്ങൾ തയ്യാറല്ലെന്നും മുൻപ് വ്യക്തമാക്കിയിരുന്നു. സമാധാനക്കരാറിന്റെ വാർത്തകൾ പുറത്തുവന്നതോടെ ആഗോള ഓഹരിവിപണിയിൽ ഉണർവുണ്ടാകുകയും എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തർക്കങ്ങൾ പരിഹരിച്ച് പശ്ചിമേഷ്യ ശാന്തതയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സമൂഹം.