സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകും എൻ. പ്രശാന്തും വൈകാതെ സർവീസിൽ തിരിച്ചെത്തിയേക്കും.

മുൻ സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്റെ പേരിൽ ഇവർക്കെതിരെ എടുത്ത അച്ചടക്കനടപടി പുനഃപരിശോധിക്കാനുള്ള നടപടികളിലേക്ക് പുതിയ സർക്കാർ കടന്നിരിക്കുകയാണ്. വരുംദിവസങ്ങളിൽ വിവിധ വകുപ്പുകളിലേക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനൊപ്പം ഇവരുടെ കാര്യത്തിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒന്നര വർഷത്തോളമായി പ്രശാന്ത് സസ്പെൻഷനിലാണ്. പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനാണ് കഴിഞ്ഞ മാസം ബി. അശോകിനെ സസ്പെൻഡ് ചെയ്തത്.വിമർശനങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടികൾ അനാവശ്യമാണെന്ന നിലപാടിലാണ് പുതിയ സർക്കാർ. സംസ്ഥാനത്ത് നിലവിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോൾ അനുഭവസമ്പന്നരായ രണ്ട് പേർ പുറത്തുനിൽക്കുന്നത് ഉചിതമല്ലെന്നാണ് വിലയിരുത്തൽ. ഇവരുടെ സസ്പെൻഷൻ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളിലെ നിയമനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി മന്ത്രിമാരുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിവരികയാണ്. അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. താൻ ആഗ്രഹിച്ച റവന്യു വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്തിയെത്തുടർന്നാണ് ഈ തീരുമാനം. മറ്റൊരു വശത്ത്, പുതിയ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനം പൂർത്തിയാകാത്തതിൽ സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സർവീസ് സംഘടനകൾക്ക് ശക്തമായ പരിഭവമുണ്ട്. നിലവിൽ പല വകുപ്പുകളിലും മുൻ സർക്കാരിനോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള തന്ത്രപ്രധാന തസ്തികകളിൽ ‘മറുപക്ഷ’ത്തുള്ളവരാണ് ഇരിക്കുന്നതെന്നുമാണ് ഇവരുടെ പരാതി. ഉദ്യോഗസ്ഥതലത്തിൽ വ്യാപകമായ അഴിച്ചുപണി നടത്തിയാൽ മാത്രമേ യുഡിഎഫ് നയങ്ങൾക്കനുസരിച്ച് സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കൂവെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കുന്നു.
നവമാധ്യമങ്ങളിൽ തരംഗമായ സിജെപിയുടെ പ്രതിഷേധത്തിന് ഡൽഹി ജന്തർമന്തറിൽ തുടക്കമായി.

സോഷ്യൽ മീഡിയയിലെ പിന്തുടർച്ചക്കാരുടെ അത്രയും വലിയ ജനക്കൂട്ടം എത്തിയില്ലെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യുവതി യുവാക്കൾ പ്രതിഷേധത്തിൽ പങ്കാളികളാകാൻ ഡൽഹിയിൽ ഒത്തുകൂടിയിട്ടുണ്ട്. സിജെപിയുടെ പ്രതീകമായ പാറ്റയുടെ ചിഹ്നം പതിപ്പിച്ച ടീഷർട്ടും കയ്യിൽ ദേശീയപതാകയുമായാണ് ഭൂരിഭാഗം പ്രതിഷേധക്കാരും എത്തിയത്.നീറ്റ്, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങളിൽ രാജ്യത്തെ യുവാക്കൾക്കിടയിൽ ഉയരുന്ന ശക്തമായ അമർഷത്തിന്റെ പ്രതീകമായി ഈ സമരം മാറിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് അണിനിരന്ന പ്രവർത്തകർ വ്യക്തമാക്കുന്നത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പാർലമെന്റ് പോലീസ് സ്റ്റേഷനിൽ എത്തുന്നത് കാത്ത് രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്.സിജെപിയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ജന്തർമന്തറിലേക്ക് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് വ്യക്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ നേടിയ സിജെപിക്ക്, നേരിട്ടുള്ള സമരത്തിലേക്ക് വന്നപ്പോൾ ആ എണ്ണത്തിനനുസരിച്ചുള്ള ആളുകളെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.അതിനിടെ പ്രതിഷേധ സ്ഥലത്തേക്ക് ജയ് ശ്രീറാം വിളികളുമായി സിജെപിയെ എതിർക്കുന്ന ഒരു സംഘം ആളുകൾ എത്തിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ ജന്തർമന്തറിൽ നിന്ന് നീക്കം ചെയ്തു. നിലവിലെ സാഹചര്യത്തിൽ പ്രതിഷേധക്കാർക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ അത് സമരത്തിന് കൂടുതൽ ഊർജ്ജം നൽകുമെന്ന് മനസിലാക്കി പോലീസ് വളരെ കരുതലോടെയാണ് നീങ്ങുന്നത്.
തിരുച്ചിറപ്പള്ളി ഈസ്റ്റ് പിടിക്കാൻ വിജയ്‌യുടെ ‘മാസ്റ്റർ സ്ട്രോക്ക്’! ടിവികെ സ്ഥാനാർത്ഥിയായി രാഘവ ലോറൻസ്

തമിഴ്‌നാട് രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിച്ചു കൊണ്ട് പുതിയൊരു നീക്കത്തിന് തമിഴക വെട്രി കഴകം ഒരുങ്ങുന്നതായി സൂചനകൾ. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ, പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ രാഘവ ലോറൻസ് ടിവികെ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മുഖ്യമന്ത്രി വിജയ്, പിന്നീട് തിരുച്ചിറപ്പള്ളി ഈസ്റ്റിലെ എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു.വെറുമൊരു സിനിമാതാരം എന്നതിനപ്പുറം തമിഴ് ജനതയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള വ്യക്തിത്വമാണ് രാഘവ ലോറൻസിന്റേത്.ഈ ജനകീയ മണ്ഡലം കൈവിട്ടുപോകാതെ നിലനിർത്താൻ ഇതിലും മികച്ചൊരു ചോയ്സ് വിജയ്‌ക്ക് മുന്നിലില്ല എന്നാണ് വിലയിരുത്തലുകൾ.
ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തിയ സംഭവം: അഭിനന്ദിച്ചു കെ പി ശശികല ടീച്ചർ

പേരാമ്പ്രയിലെ ഒരു റെസ്റ്റോറന്റ് ഉദ്ഘാടനത്തിനിടെ ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ-മത വൃത്തങ്ങളിലും ചർച്ചകൾ സജീവമായത്.സംഭവത്തിൽ ഫാത്തിമ തഹിലിയയെ തിരുത്തിക്കൊണ്ട് സമസ്ത മുശാവറ യോഗം രംഗത്തെത്തിയിട്ടുണ്ട്. നിലവിളക്ക് കൊളുത്തൽ എന്നത് ഒരു പ്രത്യേക മതചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങൾ നടത്തിവരുന്ന കാര്യമാണെന്നും, അതിനാൽ ഇതരമതക്കാരുടെ ഇത്തരം ആചാരങ്ങളും ചടങ്ങുകളും മുസ്ലിംങ്ങൾ വർജ്ജിക്കണമെന്നുമാണ് കേന്ദ്ര മുഷവറ അംഗങ്ങൾ വ്യക്തമാക്കുന്നത്. അനിസ്ലാമിക ആചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആഹ്വാനമാണ് സമസ്ത ഈ വിഷയത്തിൽ മുന്നോട്ടുവെക്കുന്നത്.സമസ്തയ്ക്ക് പുറമെ മറ്റ് ഇസ്ലാമിക സംഘടനകളും നേതാക്കളും ഫാത്തിമ തഹിലിയയുടെ നടപടിയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു. ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫും ഈ വിഷയത്തിൽ എംഎൽഎക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച നേതാക്കളിൽ പെടുന്നു.അതേസമയം, നിലവിളക്ക് കൊളുത്തിയ ഫാത്തിമ തഹിലിയയെ അഭിനന്ദിച്ചുകൊണ്ട് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചർ രംഗത്തെത്തിയത് ശ്രദ്ധേയമായി. നാടിന്റെ പാരമ്പര്യം പിന്തുടർന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ എന്നാണ് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. മതപരമായ വിലക്കുകളും സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചേർന്ന വലിയൊരു സംവാദത്തിനാണ് നിലവിൽ ഈ സംഭവം കാരണമായിരിക്കുന്നത്.
ഹെൽമറ്റില്ലാതെ 53 ലക്ഷം രൂപയുടെ ആഡംബര ബൈക്കിൽ മന്ത്രി.

ലോകമെമ്പാടും ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആഡംബര ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര നടത്തിയ ഒരു മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടവർ തന്നെ അവ ലംഘിക്കുമ്പോൾ സാധാരണ ജനങ്ങളോട് എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. പശ്ചിമ ബംഗാളിലെ കൃഷി, പഞ്ചായത്ത് രാജ്, മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിയായ ദിലീപ് ഘോഷാണ് വിവാദത്തിന്റെ കേന്ദ്രത്തിൽ. കൊൽക്കത്തയിലെ പ്രശസ്തമായ ഇക്കോ പാർക്കിൽ വച്ചാണ് 53 ലക്ഷം രൂപ വിലവരുന്ന ആഡംബര ബൈക്ക് അദ്ദേഹം ഓടിച്ചത്. എന്നാൽ വീഡിയോ പുറത്തുവന്നതോടെ ശ്രദ്ധ നേടിയത് ബൈക്കിന്റെ വിലയല്ല, മന്ത്രി ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥരും പാർക്കിലെ സന്ദർശകരും സമീപത്തുണ്ടായിരിക്കെയാണ് ദിലീപ് ഘോഷ് ബൈക്ക് ഓടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്നയാളും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇതോടെ ഗതാഗത നിയമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തമുള്ള ജനപ്രതിനിധികൾ തന്നെ നിയമലംഘനം നടത്തുകയാണെന്ന വിമർശനം ശക്തമായി. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ മന്ത്രിക്കെതിരെ രംഗത്തെത്തി. സാധാരണക്കാർ ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന സംവിധാനങ്ങൾ, ജനപ്രതിനിധികൾക്ക് മുന്നിൽ നിശബ്ദമാകുന്നുവോ എന്ന ചോദ്യവും ഉയർന്നു. “നിയമം എല്ലാവർക്കും ഒരുപോലെയാണോ, അതോ രാഷ്ട്രീയക്കാർക്ക് പ്രത്യേക ഇളവുകളുണ്ടോ?” എന്നായിരുന്നു പലരുടെയും പ്രതികരണം. ചിലർ പരിഹാസത്തോടെയും വിമർശനത്തോടെയും പ്രതികരിച്ചു. ഗതാഗത സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന സർക്കാരിന്റെ ഭാഗമായ ഒരു മന്ത്രി തന്നെ ഇത്തരമൊരു മാതൃക കാട്ടുന്നത് ദൗർഭാഗ്യകരമാണെന്നാണ് വിമർശകർ പറയുന്നത്. അതേസമയം, ദിലീപ് ഘോഷിന്റെ വിവാദപരവും വ്യത്യസ്തവുമായ പൊതുപ്രതിച്ഛായയെ ചൂണ്ടിക്കാട്ടി “ദബാംഗ് ദിലീപ്” എന്ന വിശേഷണം വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമോയെന്നും നിയമനടപടികൾ സ്വീകരിക്കുമോയെന്നും കാത്തിരിക്കുകയാണ് പൊതുസമൂഹം.
പ്രധാനമന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ഇങ്ങനെ വസ്ത്രം ധരിക്കാമോ?വിജയ്‌ക്കെതിരെ വിമര്‍ശനം

തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ് യുടെ പ്രധാന മന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ച്ച ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് യും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തമിഴ്നാടിന്റെ വികസന വിഷയങ്ങളും ചോള കാലഘട്ടത്തിലെ ചെമ്പോലകള്‍ തിരികെ എത്തിച്ചതിന് നന്ദിയും അറിയിക്കാനാണ് മുഖ്യമന്ത്രിയായി വിജയ് ആദ്യമായി ഡല്‍ഹിയിലെത്തിയത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് ബ്ലേസറും ധരിച്ച് ഔദ്യോഗിക ലുക്കിലാണ് വിജയ് എത്തിയതെങ്കിലും, ഷര്‍ട്ടിന്റെ മുകളിലെ ബട്ടണുകളിടാത്തതിനെച്ചൊല്ലിയാണ് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്തുന്നത്. ഉള്ളിലെ ബനിയന്‍ പുറത്തു കാണുന്ന രീതിയില്‍ ഇത്രയും അലസമായാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണേണ്ടതെന്നാണ് വിമര്‍ശകരുടെ ചോദ്യം. എന്നാല്‍ ഇതൊന്നും വലിയ കാര്യമാക്കേണ്ടതില്ലെന്നും, വിജയ് യുടെ ലാളിത്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.
വീണ വിജയന്റെ ഫോണ്‍ കസ്റ്റഡിയില്‍; ശാസ്ത്രീയ പരിശോധനയോടെ ‘പൂട്ട് വീഴുമോ’?

വര്‍ഷങ്ങളായി കേരളം ഉറ്റുനോക്കുന്ന എക്‌സാലോജിക് വിവാദങ്ങളില്‍ നിര്‍ണായക വഴിത്തിരിവ്. വീണാ വിജയന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നു. ഇന്നലെ റെയ്ഡില്‍ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു. വീണയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകളും ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിക്കും. പിണറായിയുടെ വീട്ടിലെ പരിശോധയിലും രേഖകള്‍ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ റെയ്ഡിനിടയിലെ അക്രമങ്ങള്‍ പെട്ടെന്ന് ഉണ്ടായതല്ലെന്നും ഇതിന് പിന്നില്‍ ആസൂത്രണം ഉണ്ടെന്നുമാണ് കണ്ടെത്തല്‍. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ഈ ഫോണില്‍ ഉണ്ടെന്നാണ് സൂചന. പരിശോധന സുതാര്യമാക്കാന്‍ കോടതി മുഖേനയായിരിക്കും ഫോറന്‍സിക് ലാബിലേക്ക് അയക്കുക.ഡിജിറ്റല്‍ തെളിവുകള്‍ പുറത്തുവരുന്നതോടെ കേസിന്റെ ഭാവി തന്നെ മാറിമറിഞ്ഞേക്കാം.
ആര്യ രാജേന്ദ്രന്റെ ബസ് തടയല്‍ വിവാദം; ഡ്രൈവര്‍ യദുവിനെ പുറത്താക്കാന്‍ ഗണേഷ് കുമാര്‍ കളിച്ച നാടകം പൊളിഞ്ഞു,തെളിവ് പുറത്തുവിട്ടു യദു!

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവര്‍ യദുകൃഷ്ണനും തമ്മിലുണ്ടായ റോഡ് വിവാദത്തില്‍ മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രതിരോധത്തിലാക്കി പുതിയ തെളിവുകള്‍ പുറത്ത്. 6 മണിക്കൂര്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ചതിനാണ് യദുവിനെ പുറത്താക്കിയതെന്ന മുന്‍ മന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ബസ് തടഞ്ഞത് ചോദ്യം ചെയ്തതിന്റെ പ്രതികാരമായാണ് തനിക്ക് ജോലി നഷ്ടമായതെന്ന് വ്യക്തമാക്കിയാണ് യദു രംഗത്തെത്തിയത്.തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ യദു തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഫോണില്‍ സംസാരിച്ചെന്നും, സിറ്റി പൊലീസ് കമ്മീഷണര്‍ ഇതിന്റെ കോള്‍ ഡീറ്റെയില്‍സ് കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ വാദം.താന്‍ ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ട ഒരു രേഖയും കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ മറുപടി വ്യക്തമാക്കുന്നു. 2024 ഏപ്രില്‍ 27-ന് രാത്രി പാളയത്തുവെച്ച് മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും ചേര്‍ന്ന് കെഎസ്ആര്‍ടിസി ബസ് തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. മേയറും കുടുംബവും ബസ് തടഞ്ഞത് ചോദ്യം ചെയ്തതിനാണ് യദുവിനെ തിരെ നടപടിയുണ്ടായത്. മന്ത്രി ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ ഇതിന് പിന്നിലെ കള്ളത്തരം പൊളിക്കാനാണ് യദു വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസന്വേഷണം എങ്ങുമെത്താത്തതിനാല്‍ യദുവിന് ഇതുവരെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിഞ്ഞിട്ടില്ല. താന്‍ കെഎസ്ആര്‍ടിസിയില്‍ തിരിച്ചുകയറി എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് യദു പ്രതികരിച്ചു.നിലവില്‍ കുടുംബം പുലര്‍ത്താനായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ജോലി ചെയ്യുകയാണ് യദു.
സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് ;വി.ഡി.സതീശനെ വേട്ടയാടുന്നവർക്ക് മറുപടിയുമായി ശ്രീകുമാരൻ തമ്പി

മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ പിതാവിന്റെ പേര് തെറ്റിച്ചു പറഞ്ഞു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെയും വിമർശകർക്കെതിരെയും കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരൻ തമ്പി. സതീശനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരുടെ മനസ്സ് എത്രമാത്രം മലിനമാണെന്ന് ഈ വിവാദം തെളിയിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വി.ഡി. സതീശൻ തന്റെ അച്ഛന്റെ പേര് ബോധപൂർവ്വം മറച്ചുവെച്ചു എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ശ്രീകുമാരൻ തമ്പി ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയുടെ ഔദ്യോഗിക രേഖകളിലും സർട്ടിഫിക്കറ്റുകളിലും ഉള്ള പേരാണ് സത്യപ്രതിജ്ഞാ സമയത്ത് വായിക്കേണ്ടി വരുന്നത്. ‘വി.ഡി. സതീശൻ’ എന്ന പേരിൽ ‘വി’ എന്നാൽ ‘വടശ്ശേരി’ എന്നും ‘ഡി’ എന്നാൽ ‘ധരണിപാലൻ’ (അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛൻ) എന്നുമാണ് അർത്ഥമാക്കുന്നത്. സ്കൂൾ രേഖകളിൽ അങ്ങനെ ചേർക്കപ്പെട്ടത് സതീശന്റെ കുറ്റമല്ല. “തന്റെ രേഖകളിലുള്ള പേര് സത്യസന്ധമായി വായിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അതിനെ വളച്ചൊടിച്ച് അദ്ദേഹം സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞു എന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്,” ശ്രീകുമാരൻ തമ്പി പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകൾ ആകാം, എന്നാൽ അതിനായി ഒരു വ്യക്തിയുടെ കുടുംബത്തെയും മാതാപിതാക്കളെയും വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ ജീർണ്ണതയുടെ ലക്ഷണമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വി.ഡി. സതീശന്റെ പിതാവ് കെ. രഘുനാഥൻ നായർ തനിക്ക് വ്യക്തിപരമായി അറിയാവുന്ന മാന്യനായ ഒരു മനുഷ്യനായിരുന്നുവെന്നും, മകന്റെ വളർച്ചയിൽ അദ്ദേഹം എന്നും അഭിമാനിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർ സ്വന്തം നിലവാരമില്ലായ്മയാണ് പുറത്തുവിടുന്നത്. ജീവിച്ചിരുന്നപ്പോൾ അച്ഛനെ പൊന്നുപോലെ നോക്കിയ മകനാണ് സതീശൻ. ഇത്തരം തരംതാണ സൈബർ ആക്രമണങ്ങൾ കൊണ്ട് വി.ഡി. സതീശൻ എന്ന രാഷ്ട്രീയ നേതാവിന്റെ പ്രതിച്ഛായ തകർക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ശ്രീകുമാരൻ തമ്പി തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.
തരംഗമായി കോക്രോച്ച് ജനത പാർട്ടി

ഇന്ത്യൻ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണ് തള്ളിക്കുന്ന രീതിയിലാണ് ‘കോക്രോച്ച് ജനത പാർട്ടി’ എന്ന പുത്തൻ കൂട്ടായ്മ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ ഇതിനോടകം തന്നെ 2.9 മില്യൺ (29 ലക്ഷം) ഫോളോവേഴ്സിനെ സ്വന്തമാക്കാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ യുവജന പ്രതിഷേധങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ മുഖമായി ഇത് മാറിയിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ അഭിജീത് ദിപ് കെ സ്ഥാപിച്ച ഈ വിചിത്രമായ കൂട്ടായ്മ, രാഷ്ട്രീയ പരിഹാസത്തിലൂടെ രാജ്യത്തെ തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ പ്രസക്തമായ ജനകീയ വിഷയങ്ങൾ ഉന്നയിച്ചാണ് ദേശീയ ശ്രദ്ധ ആകെ ആകർഷിക്കുന്നത്. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമർശത്തിൽ നിന്നാണ് ഈ വലിയ സമൂഹ മാധ്യമ പ്രസ്ഥാനത്തിന്റെ തുടക്കം കുറിച്ചത്. ഇന്ത്യൻ യുവാക്കളെ അദ്ദേഹം പാറ്റകളെന്നും പരാന്നഭോജികളെന്നും വിളിച്ച് ആക്ഷേപിച്ചു എന്ന് ആരോപിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ഈ പുതിയ കൂട്ടായ്മ രൂപം കൊണ്ടത്. എന്നാൽ തന്റെ വാക്കുകൾ പൂർണ്ണമായും തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് പിന്നീട് വിശദീകരണം നൽകുകയുണ്ടായി. എങ്കിലും ഈ പ്രതിഷേധ കൂട്ടായ്മ യുവാക്കൾക്കിടയിൽ കാട്ടുതീ പോലെ വളരെ വേഗത്തിൽ പടർന്നു പന്തലിക്കുകയായിരുന്നു. ‘യുവാക്കളുടെ, യുവാക്കളാൽ, യുവാക്കൾക്ക് വേണ്ടിയുള്ള ഒരു രാഷ്ട്രീയ മുന്നണി’ എന്ന പരസ്യ പ്രഖ്യാപനത്തോടെയാണ് ഈ കൂട്ടായ്മ തങ്ങളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. വെറുമൊരു തമാശ എന്നതിനപ്പുറം, വ്യവസ്ഥിതികളോടുള്ള കടുത്ത അമർഷവും പരിഹാസവും കലർന്ന വീഡിയോകളും റീലുകളുമാണ് ഇതിലൂടെ യുവാക്കൾ നിരന്തരം പങ്കുവെക്കുന്നത്. നിലവിലെ അധികാര വർഗ്ഗത്തിനുംBoone തലമുറയിലെ രാഷ്ട്രീയ വ്യവസ്ഥിതികൾക്കും എതിരെ ഡിജിറ്റൽ യുഗത്തിൽ യുവാക്കൾ നടത്തുന്ന വേറിട്ടൊരു സമരമുറയായിട്ടാണ് സമൂഹ മാധ്യമ ലോകം ഇതിനെ വിലയിരുത്തുന്നത്.