സിനിമയെ വെല്ലുന്ന ഒരു തകർപ്പൻ മാസ്സ് എൻട്രിയോടെയാണ് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എത്തിയത്. ജഗതിയിലെ വീട്ടിൽ നിന്നും ഒരു കൂട്ടം അണികളെയും കൂട്ടി ‘ലൂസിഫർ’ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയെപ്പോലെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് അദ്ദേഹം വെച്ചുപിടിച്ച നടത്തം സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. സാധാരണ നേതാക്കൾ ആഡംബര വണ്ടികളിൽ ചീറിപ്പാഞ്ഞ് വരുമ്പോൾ, ഇതൊരു ഒന്നൊന്നര വരവായിപ്പോയി എന്നാണ് അണികളുടെ കമന്റ്.
വണ്ടിയൊക്കെ ഒഴിവാക്കി എന്തിനാണ് ഈ നടത്തം എന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ വൈകാരികമായ ഒരു ‘ട്വിസ്റ്റും’ ചാണ്ടി ഉമ്മൻ കാത്തുവെച്ചിട്ടുണ്ടായിരുന്നു. കൃത്യം 15 വർഷം മുൻപ് ഇതേ ദിവസമാണ് തന്റെ പിതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും, ആ ഓർമ്മകൾ മനസ്സിലുള്ളതുകൊണ്ട് നാട്ടുകാർക്കൊപ്പം നടന്നു പോകാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് കാലത്ത് സൈക്കിളിൽ കറങ്ങി വോട്ട് ചോദിച്ച് ഞെട്ടിച്ച ചാണ്ടി ഉമ്മൻ, ഇത്തവണ അവസാന നിമിഷം മന്ത്രിപ്പട്ടികയിൽ നിന്ന് ഔട്ടായെങ്കിലും ‘ലൂസിഫർ സ്റ്റൈൽ’ നടത്തത്തിലൂടെ രാഷ്ട്രീയ വൃത്തങ്ങളിലെയും സൈബർ ഇടങ്ങളിലെയും ശ്രദ്ധ മുഴുവൻ ഒറ്റയ്ക്ക് അടിച്ചെടുത്തു എന്ന് തന്നെ പറയാം.





