എബോള ഭീതിയിൽ ആഫ്രിക്കൻ രാജ്യങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും എബോള വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന (WHO) അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി അന്താരാഷ്ട്ര സഹായങ്ങൾ എത്രയും വേഗം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നടപടി. വൈറസിന്റെ ഏറ്റവും അപകടകരവും അപൂർവവുമായ വകഭേദമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്.രോഗബാധമൂലം ഇവിടെ 88 മരണങ്ങളും, 336-ഓളം സംശയാസ്പദമായ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഈ വകഭേദത്തിന് അംഗീകൃത വാക്‌സിനുകളോ കൃത്യമായ ചികിത്സാരീതികളോ ലഭ്യമല്ല. പനി, തലവേദന, പേശികളിലെ വേദന, വയറിളക്കം, ഛർദി ശരീരത്തിൽ നിന്നും രക്തം ഒഴുകിപ്പോകൽ എന്നിവയാണ് വൈറസിന്റെ രോഗലക്ഷണങ്ങൾ.നിലവിൽ ചികിത്സ ലഭ്യമല്ലാത്തതിനാൽ രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം.രോഗബാധിത പ്രദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കുക, കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ യുഗാണ്ട, ഡി.ആർ. കോംഗോ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ താമസിച്ചിരുന്ന യുഎസ് ഇതര പാസ്പോർട്ട് ഉടമകൾക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയവ കർക്കശമാക്കിയിട്ടുണ്ട്.

യുഡിഎഫിന്റെ ‘ഇന്ദിരാ ഗ്യാരണ്ടി’ വാഗ്ദാനങ്ങളിൽ ഒന്നായ കെഎസ്ആർടിസിയിലെ വനിതാ സൗജന്യയാത്ര പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ വലിയ ചർച്ചയായിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് വേളയിൽ വി.ഡി. സതീശൻ മുന്നോട്ടുവെച്ച ഈ പ്രഖ്യാപനം സാധാരണക്കാരായ വീട്ടമ്മമാർക്കിടയിൽ വലിയ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെഎസ്ആർടിസിയുടെ ഭാവി എന്താകുമെന്ന ആശങ്കയും ഇതിനൊപ്പമുണ്ട്. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം 1,580 കോടി രൂപയുടെ വാർഷിക നഷ്ടവും ആറായിരം കോടിയിലധികം രൂപയുടെ സഞ്ചിത നഷ്ടവുമുള്ള ഒരു സ്ഥാപനത്തിന് ഈ അധിക ബാധ്യത എങ്ങനെ താങ്ങാനാകുമെന്നതാണ് പ്രധാന ചോദ്യം. നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ ഏതാണ്ട് പകുതിയോളം കാലാവധി കഴിഞ്ഞവയാണ്. ശമ്പളത്തിനും പെൻഷനുമായി പ്രതിമാസം 165 കോടി രൂപ കണ്ടെത്താൻ തന്നെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ, പ്രതിമാസം 90 കോടി രൂപയോളം അധികച്ചെലവ് വരുന്ന സൗജന്യയാത്രാ പദ്ധതി നടപ്പാക്കുന്നത് വലിയ വെല്ലുവിളിയാകും. യാത്രക്കാരുടെ കൃത്യമായ കണക്കെടുക്കുന്നതിനായി മുൻ സർക്കാർ ‘ജെൻഡർ ടിക്കറ്റുകൾ’ പരീക്ഷിച്ചെങ്കിലും പലവിധ കാരണങ്ങളാൽ അത് പൂർണ്ണതയിലെത്തിയില്ല. കർണാടകയിലും തമിഴ്‌നാട്ടിലും സമാനമായ പദ്ധതികൾ നിലവിലുണ്ടെങ്കിലും കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ പൊതുഗതാഗതത്തിന്റെ വലിയൊരു ഭാഗം സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് നിൽക്കുന്നത്. കെഎസ്ആർടിസിയിൽ മാത്രം സൗജന്യം അനുവദിക്കുന്നത് സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന പരാതി ഉടമകൾക്കുണ്ട്.പദ്ധതി വിജയകരമാകണമെങ്കിൽ സർക്കാർ സബ്‌സിഡി തുക കൃത്യസമയത്ത് കോർപ്പറേഷന് കൈമാറേണ്ടതുണ്ട്. കൂടാതെ, ഗുണഭോക്താക്കൾക്ക് നേരിട്ട് പണം കൈമാറുന്ന ഡിബിടി (DBT) രീതിയോ അല്ലെങ്കിൽ ഇലക്ട്രിക് ബസുകളുടെ വ്യാപനമോ വഴി പ്രവർത്തനച്ചെലവ് കുറയ്ക്കാനുള്ള ശ്രമങ്ങളും ഉണ്ടായേക്കാം. ചുരുക്കത്തിൽ, സ്ത്രീ ശാക്തീകരണത്തിന് ഈ പദ്ധതി ഗുണകരമാണെങ്കിലും കെഎസ്ആർടിസിയെ തളർത്താത്ത വിധത്തിലുള്ള കൃത്യമായ ആസൂത്രണം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകേണ്ടത് അനിവാര്യമാണ്.

വണ്ടിയും പത്രാസും വേണ്ട; അണികളെ കൂട്ടി സെൻട്രൽ സ്റ്റേഡിയത്തിലേക്ക് വെച്ചുപിടിച്ച് ചാണ്ടി ഉമ്മൻ

സിനിമയെ വെല്ലുന്ന ഒരു തകർപ്പൻ മാസ്സ് എൻട്രിയോടെയാണ് പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എത്തിയത്. ജഗതിയിലെ വീട്ടിൽ നിന്നും ഒരു കൂട്ടം അണികളെയും കൂട്ടി ‘ലൂസിഫർ’ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളിയെപ്പോലെ സെൻട്രൽ സ്റ്റേഡിയത്തിലേക്ക് അദ്ദേഹം വെച്ചുപിടിച്ച നടത്തം സോഷ്യൽ മീഡിയയിൽ  വൈറലായി മാറിക്കഴിഞ്ഞു. സാധാരണ നേതാക്കൾ ആഡംബര വണ്ടികളിൽ ചീറിപ്പാഞ്ഞ് വരുമ്പോൾ, ഇതൊരു ഒന്നൊന്നര വരവായിപ്പോയി എന്നാണ് അണികളുടെ കമന്റ്. വണ്ടിയൊക്കെ ഒഴിവാക്കി എന്തിനാണ് ഈ നടത്തം എന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ വൈകാരികമായ ഒരു ‘ട്വിസ്റ്റും’ ചാണ്ടി ഉമ്മൻ കാത്തുവെച്ചിട്ടുണ്ടായിരുന്നു. കൃത്യം 15 വർഷം മുൻപ് ഇതേ ദിവസമാണ് തന്റെ പിതാവ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും, ആ ഓർമ്മകൾ മനസ്സിലുള്ളതുകൊണ്ട് നാട്ടുകാർക്കൊപ്പം നടന്നു പോകാനാണ് താൻ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് കാലത്ത് സൈക്കിളിൽ കറങ്ങി വോട്ട് ചോദിച്ച് ഞെട്ടിച്ച ചാണ്ടി ഉമ്മൻ, ഇത്തവണ അവസാന നിമിഷം മന്ത്രിപ്പട്ടികയിൽ നിന്ന് ഔട്ടായെങ്കിലും ‘ലൂസിഫർ സ്റ്റൈൽ’ നടത്തത്തിലൂടെ രാഷ്ട്രീയ വൃത്തങ്ങളിലെയും സൈബർ ഇടങ്ങളിലെയും ശ്രദ്ധ മുഴുവൻ ഒറ്റയ്ക്ക് അടിച്ചെടുത്തു എന്ന് തന്നെ പറയാം.

ബൈക്ക് സ്റ്റണ്ടുകൾക്ക് പൂട്ടിടാൻ സർക്കാർ; കൈവിട്ട് കളിച്ചാൽ വണ്ടി തനിയെ നിൽക്കും! പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ വരുന്നു

റോഡുകളിൽ ബൈക്കുകൾ ഉപയോഗിച്ചുള്ള അപകടകരമായ അഭ്യാസപ്രകടനങ്ങൾക്ക് തടയിടാൻ പുതിയൊരു സുരക്ഷാ സാങ്കേതികവിദ്യ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ . ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ രണ്ടു കൈകളും ഹാൻഡിലിൽ ഉറപ്പിച്ചു വെച്ചാൽ മാത്രമേ ഇനി വാഹനം സ്റ്റാർട്ട് ചെയ്യാൻ സാധിക്കൂ എന്ന രീതിയിലുള്ള ഇഗ്നിഷൻ ലോക്ക് സംവിധാനമാണ് ഇതിന്റെ പ്രധാന ഭാഗം. യാത്രയ്ക്കിടയിൽ എപ്പോഴെങ്കിലും ഒരു കൈ ഹാൻഡിലിൽ നിന്ന് മാറ്റുകയാണെങ്കിൽ, മൂന്ന് സെക്കൻഡിനകം ഡിസ്‌പ്ലേയിൽ മുന്നറിയിപ്പ് സന്ദേശവും ഒപ്പം ശബ്ദവും പുറപ്പെടുവിക്കും. ഈ മുന്നറിയിപ്പ് അവഗണിച്ച് എട്ട് സെക്കൻഡിലധികം കൈ മാറ്റിവെച്ച് യാത്ര തുടരുകയാണെങ്കിൽ, വാഹനത്തിന്റെ വേഗത തനിയെ കുറയ്ക്കുന്ന ‘കോസ്റ്റ് ഡൗൺ മോഡ്’ പ്രവർത്തനക്ഷമമാകും. കൈവിട്ടുള്ള ഡ്രൈവിങ്ങും ബൈക്ക് സ്റ്റണ്ടുകളും മൂലം നിരത്തുകളിൽ ഉണ്ടാകുന്ന വലിയ അപകടങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇത്തരം പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നത്.

തെരുവ് നായ ശല്യം; നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി; ‘മനുഷ്യജീവന് ഭീഷണിയാകുന്നവയെ കൊല്ലാം’

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന്മേല്‍ അതിനിര്‍ണായകമായ വിധി പ്രസ്താവനയുമായി സുപ്രീം കോടതി. മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവ് നായകളെ കൊല്ലാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഹൈക്കോടതി വിധി ഉയര്‍ത്തിപ്പിടിച്ചാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പൊതുസ്ഥലങ്ങളായ ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്ന് തെരുവ് നായകളെ പൂര്‍ണ്ണമായും മാറ്റണമെന്ന 2025 നവംബറിലെ ഉത്തരവ് പിന്‍വലിക്കണമെന്ന മൃഗസ്‌നേഹികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഇത്തരം കാര്യങ്ങളില്‍ കണ്‍കെട്ടുവിദ്യകള്‍ കാണിക്കരുതെന്നും കോടതി കര്‍ശനമായി മുന്നറിയിപ്പ് നല്‍കി. മുന്‍പ് ഇത്തരം പൊതുസ്ഥലങ്ങളില്‍ നിന്ന് മാറ്റുന്ന തെരുവ് നായകള്‍ക്ക് വാക്‌സിനേഷനും വന്ധ്യംകരണവും നല്‍കിയ ശേഷം അതേ സ്ഥലങ്ങളിലേക്ക് തന്നെ തിരികെ വിടാനായിരുന്നു നിര്‍ദ്ദേശമെങ്കില്‍, ഇനി മുതല്‍ അവയെ തിരികെ വിടാതെ പ്രത്യേക ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന് കോടതി വ്യക്തമാക്കിമനുഷ്യജീവന്‍ നേരിടുന്ന ഭീഷണികള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍, അത് പരിഹരിക്കാന്‍ പ്രത്യേക നിയമസംവിധാനങ്ങള്‍ നിലവിലുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയ കാഴ്ചക്കാരായി തുടരുന്നത് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. തെരുവ് നായകളുടെ ആക്രമണം കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി പുതിയ നിലപാട് വ്യക്തമാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊന്നു!രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ ആക്രമിച്ചു കൊലപ്പെടുത്തി

പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. തെലങ്കാനയിലെ ജഡ്‌ചേര്‍ലയിലാണ് സംഭവം. സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായ വൈഷ്ണവി(21) എന്ന യുവതിയെ പ്രണയാഭ്യര്‍ത്ഥന നടത്തി തേജ എന്ന യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു.ആ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്. ഒരു സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 21 വയസ്സുകാരിയായ വൈഷ്ണവി. മുൻപ് ജോലി ചെയ്തിരുന്ന കോളേജിൽ വെച്ചാണ് വൈഷ്ണവി തേജയെ പരിചയപ്പെടുന്നത്. നേരത്തെയും പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.പിന്നീട് പ്രണയാഭ്യര്‍ത്ഥന നടത്തി തേജ നിരന്തരം ശല്യം ചെയ്തിരുന്നു.ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്ന വൈഷ്ണവിയെ തേജ പിന്തുടര്‍ന്നു. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്നിലൂടെ എത്തിയ പ്രതി കത്തികൊണ്ട് ആക്രമിച്ചു. കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട് പിടികൂടി. കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പ്രതിയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണപ്പെട്ടു.

സൂര്യയുടെ കരിയര്‍ ബെസ്റ്റായി ‘കറുപ്പ്’;13 വര്‍ഷങ്ങള്‍ക്കിപ്പുറം ഹിറ്റടിച്ച് ചിത്രം

തിയേറ്റര്‍ ഹിറ്റില്ലാത്ത 13 വര്‍ഷങ്ങള്‍ക്ക് ഫുള്‍സ്റ്റോപ്പിട്ട് നടിപ്പിന്‍ നായകന്‍ സൂര്യ.’കറുപ്പ്’ നാല് ദിവസം കൊണ്ട് 140 കോടിയിലേറെ രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ സൂര്യയുടെ ഗ്രാഫ് ഒരിക്കല്‍ കൂടി ഉയര്‍ന്നിരിക്കുകയാണ്. ‘സിങ്കം 2’-ന്റെ കളക്ഷന്‍ ആയിരുന്നു സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ തിയേറ്റര്‍ ഹിറ്റ്. ഇത് നാല് ദിവസം കൊണ്ട് മറികടന്നാണ് കറുപ്പ് ചരിത്ര വിജയത്തിലേക്ക് കുതിക്കുന്നത്. രണ്ട് മില്യണിലധികം ടിക്കറ്റുകളാണ് ഇതുവരെ ‘ബുക്ക് മൈ ഷോ’ വഴി മാത്രം വിറ്റുപോയത്. ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ഈ മാസ്സ് ആക്ഷന്‍ ത്രില്ലറില്‍ രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് ‘കറുപ്പി’ല്‍ എത്തിയത്.ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങി മികച്ച താരനിരയാണ് ‘കറുപ്പില്‍’ അണിനിരക്കുന്നത്. യുവ സംഗീത സെന്‍സേഷന്‍ സായ് അഭ്യങ്കറാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യ-തൃഷ കോംബോക്കൊപ്പം വമ്പന്‍ താരനിര കൂടി അണിനിരന്നപ്പോള്‍ ബോക്‌സ് ഓഫീസ് ഇളകിമറിഞ്ഞിരിക്കുകയാണ്.

വി. ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്നത്തെ ദിവസം മാതൃഭൂമി പത്രം കയ്യിലെടുത്ത മലയാളികൾ ഒന്നടങ്കം ഒരു നിമിഷം അത്ഭുതപ്പെട്ടിട്ടുണ്ടാകും.

വി. ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്നത്തെ ദിവസം മാതൃഭൂമി പത്രം കയ്യിലെടുത്ത മലയാളികൾ ഒന്നടങ്കം ഒരു നിമിഷം അത്ഭുതപ്പെട്ടിട്ടുണ്ടാകും. സാധാരണ പത്രത്താൾ മറിക്കുന്നത് പോലെ വലത്തോട്ട് മാറ്റുന്നതിന് പകരം, വീടിന്റെ ജനൽപ്പാളികൾ ഇരുവശത്തേക്കും തുറക്കുന്നത് പോലെ മധ്യഭാഗത്തുനിന്നും രണ്ട് വശങ്ങളിലേക്കായി തുറക്കുന്ന ഒരു പ്രത്യേക ലേഔട്ടിലാണ് ആ ദിവസത്തെ പത്രം രൂപകൽപ്പന ചെയ്തിരുന്നത്. പ്രിന്റിംഗ് പ്രെസ് സാങ്കേതികവിദ്യയിലും മാധ്യമ വ്യവസായത്തിലും ഏറെ പ്രശസ്തമായ ‘ഫ്രഞ്ച് വിൻഡോ’ (French Window) അല്ലെങ്കിൽ ‘ബട്ടർഫ്ലൈ സ്റ്റൈൽ’ (Butterfly Fold) പ്രിന്റിംഗ് രീതിയാണിത്. മലയാളി വായനക്കാർക്ക് ഇതൊരു പുതിയ അനുഭവവും കൗതുകവുമായിരുന്നെങ്കിലും, ആഗോള മാധ്യമരംഗത്തും ഇന്ത്യൻ ഇംഗ്ലീഷ് പത്രങ്ങളിലും ഇതിന് പതിറ്റാണ്ടുകളുടെ വലിയ ചരിത്രമുണ്ട്.സാങ്കേതികമായി ‘പ്രീമിയം ഇന്നൊവേഷൻ ഫോർമാറ്റ്’ എന്ന് വിളിക്കുന്ന ഈ ശൈലി, അന്താരാഷ്ട്ര തലത്തിൽ ‘ദി ന്യൂയോർക്ക് ടൈംസ്’, ‘ദി ഗാർഡിയൻ’ തുടങ്ങിയ മുൻനിര പത്രങ്ങൾ കാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒന്നാണ്. ഇന്ത്യയിൽ ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഹിന്ദുസ്ഥാൻ ടൈംസ്’ തുടങ്ങിയ വൻകിട ഇംഗ്ലീഷ് ദിനപത്രങ്ങളിലും, ‘ഇന്ത്യ ടുഡേ’ പോലുള്ള പ്രമുഖ മാഗസിനുകളിലുമാണ് വായനക്കാരെ ആകർഷിക്കാൻ ഈ വിദ്യ സാധാരണയായി കണ്ടുവരാറുള്ളത്. ഇംഗ്ലീഷ് മാധ്യമങ്ങൾ വർഷങ്ങളായി പയറ്റിത്തെളിഞ്ഞ ഈ പരീക്ഷണം മലയാളത്തിൽ മുൻപും ചില പത്രങ്ങൾ ഭാഗികമായി നടത്തിയിട്ടുണ്ടെങ്കിലും, ഇത്രയും വലിയൊരു രാഷ്ട്രീയ-ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ മാതൃഭൂമി തങ്ങളുടെ പ്രധാന ഒന്നാം പേജിൽ തന്നെ ഇത് അവതരിപ്പിച്ചത് കേരളത്തിലെ പ്രിന്റ് മീഡിയ രംഗത്ത് വലിയൊരു ചർച്ചയായി മാറിയിരിക്കുകയാണ്. എന്നിരുന്നാലും , ഈ പുതുമ കൊണ്ടുവരാൻ മാതൃഭൂമിയുടെ അണിയറപ്രവർത്തകർ ഒരല്പം കഷ്ടപ്പെടുകയും നന്നായി വിയർക്കുകയും ചെയ്തിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷേ, ആ കഠിനാധ്വാനം വായനക്കാർക്ക് തികച്ചും വ്യത്യസ്തമായൊരു പുതിയ ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. പത്രത്തിന്റെ ആദ്യപേജിൽ വി. ഡി. സതീശൻ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്ന ചിത്രമാണ് നൽകിയിരുന്നത്. ഈ രണ്ട് പാളികൾ ഇരുവശത്തേക്കും തുറക്കുമ്പോൾ വായനക്കാർ എത്തിച്ചേരുന്നത് പുതിയ മന്ത്രിസഭയിലെ 21 അംഗങ്ങളുടെയും നിയമസഭയുടെയും ഗംഭീരമായ ചിത്രങ്ങളിലേക്കാണ്. അതിലേക്ക് വാർത്തകൾ കൂടി മനോഹരമായി ചേർത്തുവെച്ചപ്പോൾ പത്രത്താളിന്റെ കാഴ്ചയ്ക്കുള്ള സൗന്ദര്യം ഇരട്ടിക്കുകയായിരുന്നു.ഫ്രഞ്ച് വിൻഡോ കൂടാതെ വായനക്കാരുടെ ശ്രദ്ധ ആകർഷിക്കാൻ പ്രിന്റ് മാധ്യമങ്ങൾ ഉപയോഗിക്കുന്ന വേറെയും ചില ലേഔട്ട് വിദ്യകളുണ്ട്. പത്രത്തിന്റെ യഥാർത്ഥ മുൻപേജിന് മുകളിലായി ഒരു മുഴുവൻ കവർ പോലെ വന്ന് പൊതിയുന്ന നാല് പേജുകളുള്ള ‘ജാക്കറ്റ് പേജുകൾ’ (False Cover) ഇന്ന് നമ്മൾ സ്ഥിരമായി കാണാറുള്ളതാണ്. ഇതിന്റെ തന്നെ മറ്റൊരു വകഭേദമാണ് മുൻപേജിന്റെ പകുതി ഭാഗം മാത്രം ലംബമായി മറയ്ക്കുന്ന രീതിയിൽ വരുന്ന ‘സ്പേഡിയ’ അല്ലെങ്കിൽ ‘വെർട്ടിക്കൽ ഫ്ലാപ്പുകൾ’. പത്രത്തിന്റെ ഏറ്റവും മുകളിൽ പ്രധാന ലോഗോയ്ക്കും മേലെയായി വീതിയിൽ കൊടുക്കുന്ന ‘സ്കൈബസ് ബാനറുകളും’, വാർത്തകളുടെ കൃത്യം നടുവിലായി കടലിന് നടുവിലെ ദ്വീപ് പോലെ കൊടുക്കുന്ന ‘ഐലൻഡ് പരസ്യങ്ങളും’ വായനക്കാരെക്കൊണ്ട് നിർബന്ധമായും കണ്ണ് അടിപ്പിക്കാൻ പ്രിന്റിംഗ് രംഗത്ത് ഉപയോഗിക്കുന്ന മറ്റ് ചില തന്ത്രങ്ങളാണ്. ഡിജിറ്റൽ മാധ്യമങ്ങളുടെ കടന്നുകയറ്റത്തിനിടയിലും പ്രിന്റ് മീഡിയ ഇത്തരം സങ്കീർണ്ണമായ ശൈലികൾ ഉപയോഗിക്കുന്നതിന് പിന്നിൽ കൃത്യമായ ചില കാരണങ്ങളുണ്ട്. പത്രത്തിന്റെ അരികുകളിൽ വരുന്ന പരസ്യങ്ങൾ വായനക്കാർ ശ്രദ്ധിക്കാതെ പോകാനുള്ള സാധ്യത (Banner Blindness) ഇവിടെ പൂർണ്ണമായും ഇല്ലാതാകുന്നു എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. പത്രത്തിലെ വാർത്തകളിലേക്ക് കടക്കണമെങ്കിൽ വായനക്കാരൻ ഈ ഫ്രഞ്ച് വിൻഡോ തുറക്കുകയോ ജാക്കറ്റ് പേജ് മാറ്റുകയോ ചെയ്തേ മതിയാകൂ എന്നതിനാൽ, ഉള്ളടക്കത്തിന് നൂറ് ശതമാനം വായനാശ്രദ്ധ ഉറപ്പാക്കാൻ സാധിക്കും. കൂടാതെ ഡിസൈനർമാർക്ക് വലിയ ചിത്രങ്ങളും ആശയങ്ങളും ഒന്നിച്ച് ഉൾക്കൊള്ളിച്ച് മനോഹരമായ ഒരു വിഷ്വൽ അനുഭവം ഒരുക്കാനും ഇത് വലിയ സ്വാതന്ത്ര്യം നൽകുന്നു. വരുമാനത്തിന്റെ കാര്യത്തിലും ഇത്തരം ഡിസൈനുകൾ പത്രങ്ങൾക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. സാധാരണ പരസ്യ നിരക്കുകളേക്കാൾ വലിയ പ്രീമിയം തുകയാണ് ഇത്തരം പ്രത്യേക ലേഔട്ടുകൾക്കായി ബ്രാൻഡുകളിൽ നിന്നും സർക്കാരുകളിൽ നിന്നും മാധ്യമ സ്ഥാപനങ്ങൾ ഈടാക്കാറുള്ളത്. സാങ്കേതികവിദ്യകൾ എത്രതന്നെ മാറിയാലും വായനക്കാരെ തൊട്ടറിഞ്ഞ് കയ്യിലെടുക്കാൻ പ്രിന്റ് മീഡിയ നടത്താറുള്ള ഇത്തരം ക്രിയേറ്റീവ് പരീക്ഷണങ്ങൾ എന്നും കൗതുകകരമായ കാഴ്ച തന്നെയാണ്. എന്തായാലും മാതൃഭൂമി ടീമിന്റെ പ്രയത്നം വെറുതെയായിട്ടില്ല,