പ്രണയാഭ്യര്‍ത്ഥന നിരസിച്ച വൈരാഗ്യത്തിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. തെലങ്കാനയിലെ ജഡ്ചേര്‍ലയിലാണ് സംഭവം. സ്വകാര്യ സ്കൂളില്‍ റിസപ്ഷനിസ്റ്റായ വൈഷ്ണവി(21) എന്ന യുവതിയെ പ്രണയാഭ്യര്‍ത്ഥന നടത്തി തേജ എന്ന യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നു.
ആ വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്.
ഒരു സ്വകാര്യ സ്കൂളില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 21 വയസ്സുകാരിയായ വൈഷ്ണവി. മുൻപ് ജോലി ചെയ്തിരുന്ന കോളേജിൽ വെച്ചാണ് വൈഷ്ണവി തേജയെ പരിചയപ്പെടുന്നത്. നേരത്തെയും പ്രതിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.
പിന്നീട് പ്രണയാഭ്യര്‍ത്ഥന നടത്തി തേജ നിരന്തരം ശല്യം ചെയ്തിരുന്നു.ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുന്ന വൈഷ്ണവിയെ തേജ പിന്തുടര്ന്നു.
ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന വൈഷ്ണവിയെ പിന്നിലൂടെ എത്തിയ പ്രതി കത്തികൊണ്ട് ആക്രമിച്ചു. കഴുത്തറുത്ത് പരിക്കേല്‍പ്പിച്ച ശേഷം പ്രതി സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇയാളെ ഓടിച്ചിട്ട് പിടികൂടി. കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ പ്രതിയെ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണപ്പെട്ടു.





