ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തിയ സംഭവം: അഭിനന്ദിച്ചു കെ പി ശശികല ടീച്ചർ

പേരാമ്പ്രയിലെ ഒരു റെസ്റ്റോറന്റ് ഉദ്ഘാടനത്തിനിടെ ഫാത്തിമ തഹിലിയ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളിലും രാഷ്ട്രീയ-മത വൃത്തങ്ങളിലും ചർച്ചകൾ സജീവമായത്.
സംഭവത്തിൽ ഫാത്തിമ തഹിലിയയെ തിരുത്തിക്കൊണ്ട് സമസ്ത മുശാവറ യോഗം രംഗത്തെത്തിയിട്ടുണ്ട്. നിലവിളക്ക് കൊളുത്തൽ എന്നത് ഒരു പ്രത്യേക മതചടങ്ങായി കാലങ്ങളായി അമുസ്ലിങ്ങൾ നടത്തിവരുന്ന കാര്യമാണെന്നും, അതിനാൽ ഇതരമതക്കാരുടെ ഇത്തരം ആചാരങ്ങളും ചടങ്ങുകളും മുസ്ലിംങ്ങൾ വർജ്ജിക്കണമെന്നുമാണ് കേന്ദ്ര മുഷവറ അംഗങ്ങൾ വ്യക്തമാക്കുന്നത്.

അനിസ്ലാമിക ആചാരങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന ആഹ്വാനമാണ് സമസ്ത ഈ വിഷയത്തിൽ മുന്നോട്ടുവെക്കുന്നത്.
സമസ്തയ്ക്ക് പുറമെ മറ്റ് ഇസ്ലാമിക സംഘടനകളും നേതാക്കളും ഫാത്തിമ തഹിലിയയുടെ നടപടിയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിരുന്നു.

ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫും ഈ വിഷയത്തിൽ എംഎൽഎക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച നേതാക്കളിൽ പെടുന്നു.
അതേസമയം, നിലവിളക്ക് കൊളുത്തിയ ഫാത്തിമ തഹിലിയയെ അഭിനന്ദിച്ചുകൊണ്ട് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല ടീച്ചർ രംഗത്തെത്തിയത് ശ്രദ്ധേയമായി.

നാടിന്റെ പാരമ്പര്യം പിന്തുടർന്ന എംഎൽഎക്ക് അഭിനന്ദനങ്ങൾ എന്നാണ് അവർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. മതപരമായ വിലക്കുകളും സാംസ്കാരിക പാരമ്പര്യത്തെക്കുറിച്ചുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചേർന്ന വലിയൊരു സംവാദത്തിനാണ് നിലവിൽ ഈ സംഭവം കാരണമായിരിക്കുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *