നവമാധ്യമങ്ങളിൽ തരംഗമായ സിജെപിയുടെ പ്രതിഷേധത്തിന് ഡൽഹി ജന്തർമന്തറിൽ തുടക്കമായി.

സോഷ്യൽ മീഡിയയിലെ പിന്തുടർച്ചക്കാരുടെ അത്രയും വലിയ ജനക്കൂട്ടം എത്തിയില്ലെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യുവതി യുവാക്കൾ പ്രതിഷേധത്തിൽ പങ്കാളികളാകാൻ ഡൽഹിയിൽ ഒത്തുകൂടിയിട്ടുണ്ട്.

സിജെപിയുടെ പ്രതീകമായ പാറ്റയുടെ ചിഹ്നം പതിപ്പിച്ച ടീഷർട്ടും കയ്യിൽ ദേശീയപതാകയുമായാണ് ഭൂരിഭാഗം പ്രതിഷേധക്കാരും എത്തിയത്.
നീറ്റ്, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങളിൽ രാജ്യത്തെ യുവാക്കൾക്കിടയിൽ ഉയരുന്ന ശക്തമായ അമർഷത്തിന്റെ പ്രതീകമായി ഈ സമരം മാറിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് അണിനിരന്ന പ്രവർത്തകർ വ്യക്തമാക്കുന്നത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പാർലമെന്റ് പോലീസ് സ്റ്റേഷനിൽ എത്തുന്നത് കാത്ത് രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്.
സിജെപിയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ജന്തർമന്തറിലേക്ക് എത്തിയിട്ടുണ്ട്.

പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് വ്യക്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ നേടിയ സിജെപിക്ക്, നേരിട്ടുള്ള സമരത്തിലേക്ക് വന്നപ്പോൾ ആ എണ്ണത്തിനനുസരിച്ചുള്ള ആളുകളെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അതിനിടെ പ്രതിഷേധ സ്ഥലത്തേക്ക് ജയ് ശ്രീറാം വിളികളുമായി സിജെപിയെ എതിർക്കുന്ന ഒരു സംഘം ആളുകൾ എത്തിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ ജന്തർമന്തറിൽ നിന്ന് നീക്കം ചെയ്തു. നിലവിലെ സാഹചര്യത്തിൽ പ്രതിഷേധക്കാർക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ അത് സമരത്തിന് കൂടുതൽ ഊർജ്ജം നൽകുമെന്ന് മനസിലാക്കി പോലീസ് വളരെ കരുതലോടെയാണ് നീങ്ങുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories