നടൻ സലിം കുമാർ ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ, പ്രാർത്ഥനയോടെ സിനിമാലോകം!

നടനും സംവിധായകനുമായ സലിം കുമാറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹത്തെ നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്.ഡോക്ടർമാരുടെ വിദഗ്ധ സംഘം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച പരിശോധനകൾ തുടരുകയാണ്. കഴിഞ്ഞ കുറച്ചേറെ വർഷങ്ങളായി ഗുരുതരമായ കരൾ രോഗബാധയെ തുടർന്ന് സലിം കുമാർ ചികിത്സയിലായിരുന്നു. തുടർന്ന് അദ്ദേഹം വിജയകരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. തനിക്ക് ബാധിച്ച ലിവർ സിറോസിസ് രോഗം മദ്യപാനം മൂലമുണ്ടായതല്ലെന്നും, പാരമ്പര്യമായി വന്നതാണെന്നും താരം മുൻപ് വെളിപ്പെടുത്തിയിരുന്നു. രോഗത്തിന്റെ തുടക്കകാലത്ത് വ്യാജ ചികിത്സകർക്ക് പിന്നാലെ പോകേണ്ടി വന്നത് തന്റെ ആരോഗ്യം കൂടുതൽ വഷളാക്കിയതായും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. ആരോഗ്യപരമായ കടുത്ത വെല്ലുവിളികൾക്കിടയിലും പൊതുപരിപാടികളിലും രാഷ്ട്രീയ വേദികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി അദ്ദേഹം സജീവമായി രംഗത്തിറങ്ങിയിരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളും നടക്കാനുള്ള പ്രയാസങ്ങളും പ്രകടമായിരുന്നിട്ടും പറവൂരിൽ വി.ഡി. സതീശന്റെ വിജയത്തിന് ശേഷം സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ ഉൾപ്പെടെ അദ്ദേഹം പങ്കെടുത്തിരുന്നു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ താരത്തിന്റെ പെട്ടെന്നുള്ള രോഗവിവരം അറിഞ്ഞ് സിനിമാ സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ ലക്ഷക്കണക്കിന് മലയാളികളാണ് പ്രിയ നടന്റെ തിരിച്ചുവരവിനായി പ്രാർത്ഥനകളോടെ കാത്തിരിക്കുന്നത്. ആശുപത്രി അധികൃതരിൽ നിന്നുള്ള ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിൻ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റതോടെ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകും എൻ. പ്രശാന്തും വൈകാതെ സർവീസിൽ തിരിച്ചെത്തിയേക്കും.

മുൻ സർക്കാരിനെയും ചീഫ് സെക്രട്ടറിയെയും വിമർശിച്ചതിന്റെ പേരിൽ ഇവർക്കെതിരെ എടുത്ത അച്ചടക്കനടപടി പുനഃപരിശോധിക്കാനുള്ള നടപടികളിലേക്ക് പുതിയ സർക്കാർ കടന്നിരിക്കുകയാണ്. വരുംദിവസങ്ങളിൽ വിവിധ വകുപ്പുകളിലേക്ക് സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനൊപ്പം ഇവരുടെ കാര്യത്തിലും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ വിമർശിച്ചതിന്റെ പേരിൽ ഒന്നര വർഷത്തോളമായി പ്രശാന്ത് സസ്പെൻഷനിലാണ്. പിണറായി വിജയനെയും മുൻ സർക്കാരിന്റെ പ്രവർത്തനങ്ങളെയും വിമർശിച്ച് അഭിമുഖം നൽകിയതിനാണ് കഴിഞ്ഞ മാസം ബി. അശോകിനെ സസ്പെൻഡ് ചെയ്തത്.വിമർശനങ്ങളുടെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടികൾ അനാവശ്യമാണെന്ന നിലപാടിലാണ് പുതിയ സർക്കാർ. സംസ്ഥാനത്ത് നിലവിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം നേരിടുമ്പോൾ അനുഭവസമ്പന്നരായ രണ്ട് പേർ പുറത്തുനിൽക്കുന്നത് ഉചിതമല്ലെന്നാണ് വിലയിരുത്തൽ. ഇവരുടെ സസ്പെൻഷൻ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളിലെ നിയമനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി മന്ത്രിമാരുമായി അനൗദ്യോഗിക ചർച്ചകൾ നടത്തിവരികയാണ്. അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനം ഒഴിയാമെന്ന് സണ്ണി ജോസഫ് ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. താൻ ആഗ്രഹിച്ച റവന്യു വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്തിയെത്തുടർന്നാണ് ഈ തീരുമാനം. മറ്റൊരു വശത്ത്, പുതിയ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫ് നിയമനം പൂർത്തിയാകാത്തതിൽ സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സർവീസ് സംഘടനകൾക്ക് ശക്തമായ പരിഭവമുണ്ട്. നിലവിൽ പല വകുപ്പുകളിലും മുൻ സർക്കാരിനോട് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള തന്ത്രപ്രധാന തസ്തികകളിൽ ‘മറുപക്ഷ’ത്തുള്ളവരാണ് ഇരിക്കുന്നതെന്നുമാണ് ഇവരുടെ പരാതി. ഉദ്യോഗസ്ഥതലത്തിൽ വ്യാപകമായ അഴിച്ചുപണി നടത്തിയാൽ മാത്രമേ യുഡിഎഫ് നയങ്ങൾക്കനുസരിച്ച് സർക്കാരിന് മുന്നോട്ടുപോകാൻ സാധിക്കൂവെന്ന് സംഘടനാ പ്രതിനിധികൾ വ്യക്തമാക്കുന്നു.
‘ഡാർക്ക് ഹ്യൂമറിലൂടെ ബോക്സ് ഓഫീസ് പിടിച്ച് നസ്‌ലെൻ’; തിയേറ്ററുകളിൽ ചിരിപൂരം തീർത്ത് ‘മോളിവുഡ് ടൈംസ്’

നസ്‌ലെനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസ്’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ കഴിയുമ്പോൾ തന്നെ ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. സിനിമയെ സ്നേഹിക്കുന്ന ഏതൊരാൾക്കും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പക്കാ ഡാർക്ക് ഹ്യൂമർ എന്റർടൈനറാണ് ചിത്രം എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. നസ്‌ലെന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് ഇതെന്ന് പ്രേക്ഷകർ അടിവരയിടുന്നു. സംവിധായകനാവാൻ കൊതിക്കുന്ന ‘വിനീത് മാധവൻ’ എന്ന യുവാവിന്റെ കഥയും അയാളുടെ സിനിമായാത്രയുമാണ് ചിത്രം പറയുന്നത്. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കിയ ഈ ചിത്രത്തിലെ അദ്ദേഹത്തിന്റെ സംവിധാന മികവും എടുത്തുപറയേണ്ടതാണ്. ഷറഫുദ്ധീൻ, റോഷൻ, സംഗീത് പ്രതാപ്, ജഗദീഷ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മനോഹരമാക്കിയിട്ടുണ്ട്. ഒരു മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കാൻ ക്യാമറയ്ക്ക് മുന്നിലും പിന്നിലും വലിയൊരു അണിയറപ്രവർത്തകരുടെ നിര തന്നെയുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണിത്. രാമു സുനില്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ജേക്ക്‌സ് ബിജോയ് ആണ്. അഭിനവ് സുന്ദര്‍ നായക്കും നിധിൻ രാജ് അരോളും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. 2026ല്‍ നസ്‌ലെന്റേതായി ആദ്യം പുറത്തിറങ്ങുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. മേക്കപ്പിൽ റോണെക്സ് സേവ്യറും, വസ്ത്രാലങ്കാരത്തിൽ മാഷർ ഹംസയും, വിഎഫ്എക്സിൽ ഡിജി ബ്രിക്സും തങ്ങളുടെ മികവ് പുലർത്തിയപ്പോൾ ശ്രീക് വാരിയറുടെ കളറിംഗും ചിത്രത്തിന് കൂടുതൽ മിഴിവേകി. ചുരുക്കത്തിൽ, ഈ വാരം തിയേറ്ററുകളിൽ തകർക്കാൻ പോകുന്ന ഒന്നാന്തരം സിനിമാ വിരുന്ന് തന്നെയാണ് ‘മോളിവുഡ് ടൈംസ്’ എന്ന കാര്യം ഉറപ്പാണ്.
ആൻഡമാൻ കടൽത്തീരത്ത് പുതിയ പ്രകൃതിവാതക നിക്ഷേപം

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലവർദ്ധനവും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും ആഗോള ഊർജ്ജ വിതരണത്തിൽ ആശങ്ക ഉയർത്തുന്നതിനിടെ, ആൻഡമാൻ കടൽത്തീരത്ത് പുതിയ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഓപ്പൺ ഏക്രേജ് ലൈസൻസിംഗ് പോളിസിക്ക് കീഴിലുള്ള ആൻഡമാൻ ബ്ലോക്കിൽ നടത്തിയ മൂന്നാമത്തെ പര്യവേക്ഷണ കിണറായ വിജയപുരം-3ൽ നിന്നാണ് പ്രകൃതിവാതകം കണ്ടെത്തിയത്. ആൻഡമാൻ ദ്വീപുകളുടെ കിഴക്കൻ തീരത്തുനിന്ന് 15 കിലോമീറ്റർ അകലെ, 355 മീറ്റർ ആഴമുള്ള കടലിലാണ് ഈ പര്യവേഷണ കിണർ കുഴിച്ചത്. ഇതോടെ ഈ ബ്ലോക്കിൽ കമ്പനി കുഴിച്ച മൂന്ന് പര്യവേക്ഷണ കിണറുകളിൽ രണ്ടെണ്ണത്തിലും ഇന്ധനസാന്നിധ്യം സ്ഥിരീകരിച്ചു. ഭൂമിക്കടിയിൽ 1900 മീറ്ററിലധികം ആഴത്തിലുള്ള ശിലാപാളികളിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രകൃതിവാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. വാതകം തുടർച്ചയായി ജ്വലിപ്പിച്ചു നിർത്തിക്കൊണ്ടാണ് സാന്നിധ്യം ഉറപ്പാക്കിയതെന്ന് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു. കിണറ്റിൽ ദ്വാരങ്ങൾ ഇട്ട ഉടൻ തന്നെ വാതക ഉത്പാദനം ആരംഭിക്കുകയും സമ്മർദ്ദം വർദ്ധിക്കുകയും ചെയ്തു. കണ്ടെത്തിയ വാതകത്തിന്റെ ഘടന, കലോറി മൂല്യം, ഉറവിടം എന്നിവ കൃത്യമായി മനസ്സിലാക്കാൻ വാതക സാമ്പിളുകൾ ശേഖരിച്ച് കമ്പനി കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്.ഈ മേഖലയിൽ ഇന്ധന നിക്ഷേപമുണ്ടെന്നതിന്റെ ശക്തമായ സൂചനയാണിതെന്നും ഭാവിയിലെ പര്യവേക്ഷണ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കി. നേരത്തെ 2025 സെപ്റ്റംബറിൽ ഇതേ ബ്ലോക്കിലെ വിജയപുരം-2 കിണറിലും പ്രകൃതിവാതകം കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർപഠനങ്ങൾ ഓയിൽ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ ലഭ്യമായ 2D സീസ്മിക് വിവരങ്ങൾ കമ്പനി പുനഃപരിശോധിക്കുകയും കൂടാതെ 600 ചതുരശ്ര കിലോമീറ്റർ പരിധിയിൽ പുതിയ 3D സീസ്മിക് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളുടെ വിശകലനം പൂർത്തിയാകുന്നതോടെ കൂടുതൽ പര്യവേക്ഷണ കിണറുകൾ കുഴിക്കാനാണ് കമ്പനിയുടെ തീരുമാനം. ആൻഡമാൻ കടലിൽ നിലവിൽ നടക്കുന്ന പര്യവേക്ഷണത്തിൽ രണ്ടാമത്തെ തവണയാണ് ഇന്ധനസാന്നിധ്യം കണ്ടെത്തുന്നത്.
നവമാധ്യമങ്ങളിൽ തരംഗമായ സിജെപിയുടെ പ്രതിഷേധത്തിന് ഡൽഹി ജന്തർമന്തറിൽ തുടക്കമായി.

സോഷ്യൽ മീഡിയയിലെ പിന്തുടർച്ചക്കാരുടെ അത്രയും വലിയ ജനക്കൂട്ടം എത്തിയില്ലെങ്കിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി യുവതി യുവാക്കൾ പ്രതിഷേധത്തിൽ പങ്കാളികളാകാൻ ഡൽഹിയിൽ ഒത്തുകൂടിയിട്ടുണ്ട്. സിജെപിയുടെ പ്രതീകമായ പാറ്റയുടെ ചിഹ്നം പതിപ്പിച്ച ടീഷർട്ടും കയ്യിൽ ദേശീയപതാകയുമായാണ് ഭൂരിഭാഗം പ്രതിഷേധക്കാരും എത്തിയത്.നീറ്റ്, സിബിഎസ്ഇ പരീക്ഷാ വിവാദങ്ങളിൽ രാജ്യത്തെ യുവാക്കൾക്കിടയിൽ ഉയരുന്ന ശക്തമായ അമർഷത്തിന്റെ പ്രതീകമായി ഈ സമരം മാറിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് അണിനിരന്ന പ്രവർത്തകർ വ്യക്തമാക്കുന്നത്. സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ പാർലമെന്റ് പോലീസ് സ്റ്റേഷനിൽ എത്തുന്നത് കാത്ത് രാവിലെ തന്നെ പ്രവർത്തകർ സംഘടിച്ചിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്.സിജെപിയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് എസ്എഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ നേതാക്കളും പ്രവർത്തകരും ജന്തർമന്തറിലേക്ക് എത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി എസ്എഫ്ഐ നേതാവ് ഐഷി ഘോഷ് വ്യക്തമാക്കി. ചുരുങ്ങിയ കാലം കൊണ്ട് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണ നേടിയ സിജെപിക്ക്, നേരിട്ടുള്ള സമരത്തിലേക്ക് വന്നപ്പോൾ ആ എണ്ണത്തിനനുസരിച്ചുള്ള ആളുകളെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്.അതിനിടെ പ്രതിഷേധ സ്ഥലത്തേക്ക് ജയ് ശ്രീറാം വിളികളുമായി സിജെപിയെ എതിർക്കുന്ന ഒരു സംഘം ആളുകൾ എത്തിയെങ്കിലും പോലീസ് ഇടപെട്ട് ഇവരെ ജന്തർമന്തറിൽ നിന്ന് നീക്കം ചെയ്തു. നിലവിലെ സാഹചര്യത്തിൽ പ്രതിഷേധക്കാർക്ക് നേരെ എന്തെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാൽ അത് സമരത്തിന് കൂടുതൽ ഊർജ്ജം നൽകുമെന്ന് മനസിലാക്കി പോലീസ് വളരെ കരുതലോടെയാണ് നീങ്ങുന്നത്.