ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള മൊജ്താബ ഖാംനയി അംഗീകരിച്ച കരാർ ധാരണാപത്രത്തിൽ യു.എസിനുവേണ്ടി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ആയിരിക്കും ഒപ്പുവെക്കുക. സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ചായിരിക്കും ഈ ചരിത്രപരമായ ഒപ്പിടൽ ചടങ്ങ് നടക്കുകയെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
മധ്യസ്ഥത വഹിച്ച പാകിസ്താനും കരാർ ധാരണയായ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്തിമതീരുമാനമാകും വരെ ഉള്ളടക്കത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പരത്തരുതെന്ന് മാധ്യമങ്ങളോട് അഭ്യർഥിച്ച ഇറാൻ വിദേശകാര്യമന്ത്രി, ആണവസമ്പുഷ്ടീകരണത്തിനുള്ള അവകാശവും ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവും ഉപേക്ഷിച്ചുള്ള ഒരു കരാറിനും തങ്ങൾ തയ്യാറല്ലെന്നും മുൻപ് വ്യക്തമാക്കിയിരുന്നു. സമാധാനക്കരാറിന്റെ വാർത്തകൾ പുറത്തുവന്നതോടെ ആഗോള ഓഹരിവിപണിയിൽ ഉണർവുണ്ടാകുകയും എണ്ണവിലയിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തർക്കങ്ങൾ പരിഹരിച്ച് പശ്ചിമേഷ്യ ശാന്തതയിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് രാജ്യാന്തര സമൂഹം.





