തമിഴ്നാട് രാഷ്ട്രീയത്തെ വീണ്ടും ചൂടുപിടിപ്പിച്ചു കൊണ്ട് പുതിയൊരു നീക്കത്തിന് തമിഴക വെട്രി കഴകം ഒരുങ്ങുന്നതായി സൂചനകൾ. തമിഴ്നാട് മുഖ്യമന്ത്രി വിജയ് രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ, പ്രശസ്ത നടനും സാമൂഹിക പ്രവർത്തകനുമായ രാഘവ ലോറൻസ് ടിവികെ സ്ഥാനാർത്ഥിയായേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച മുഖ്യമന്ത്രി വിജയ്, പിന്നീട് തിരുച്ചിറപ്പള്ളി ഈസ്റ്റിലെ എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു.
വെറുമൊരു സിനിമാതാരം എന്നതിനപ്പുറം തമിഴ് ജനതയുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമുള്ള വ്യക്തിത്വമാണ് രാഘവ ലോറൻസിന്റേത്.ഈ ജനകീയ മണ്ഡലം കൈവിട്ടുപോകാതെ നിലനിർത്താൻ ഇതിലും മികച്ചൊരു ചോയ്സ് വിജയ്ക്ക് മുന്നിലില്ല എന്നാണ് വിലയിരുത്തലുകൾ.





