‘മാരി 2’ സിനിമയിലെ ഹിറ്റ് ഗാനമായ ‘റൗഡി ബേബി’യുടെ ചിത്രീകരണം ഇപ്പോഴും തനിക്ക് ട്രോമയാണെന്ന് നടി സായ് പല്ലവി. ബിഹൈൻഡ് വുഡ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗാനരംഗത്തിനിടെ നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ലളിതമായ നൃത്തച്ചുവടുകളായിരിക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് കാര്യങ്ങൾ പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടായെന്നും താരം പറഞ്ഞു.
ആദ്യം എളുപ്പമുള്ള സ്റ്റെപ്പുകളാണെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രഭുദേവയുടെ കൊറിയോഗ്രഫിയിൽ നിരവധി മാറ്റങ്ങൾ വരുത്തേണ്ടിവന്നു. സെറ്റിലെത്തിയപ്പോഴും ചുവടുകൾ മാറ്റിയതോടെ തനിക്ക് വലിയ സമ്മർദ്ദമുണ്ടായെന്നും സായ് പല്ലവി വ്യക്തമാക്കി. നൃത്തച്ചുവടുകൾ പരിശീലിക്കുന്നതിനുമുമ്പ് ഒളിഞ്ഞുനോക്കാറുണ്ടെന്നും, അത് കാണാതിരിക്കാൻ അണിയറപ്രവർത്തകർ മാറിനിന്ന് കൊറിയോഗ്രഫി ചെയ്യാറുണ്ടായിരുന്നുവെന്നും താരം ഓർത്തെടുത്തു.
രണ്ട് മൂന്ന് ടേക്കുകൾ കഴിഞ്ഞപ്പോഴേക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്നതുപോലെ തോന്നിയെന്നും ഓരോ ടേക്കിന് ശേഷവും മതിയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. സ്റ്റെപ്പുകൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ധനുഷിനായിരുന്നു കൂടുതൽ പ്രയാസമെന്നും താരം കൂട്ടിച്ചേർത്തു. നാലഞ്ച് തവണ ശ്രമിച്ച ശേഷമാണ് രംഗം കൃത്യമായി ചിത്രീകരിക്കാനായതെന്നും സായ് പല്ലവി വെളിപ്പെടുത്തി.






