എം.ജി. സർവകലാശാല പോർട്ടൽ ഹാക്ക് ചെയ്തതിന് തെളിവില്ല

മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റേണൽ മാർക്ക് രേഖപ്പെടുത്തുന്നതിനുള്ള ഔദ്യോഗിക പോർട്ടൽ ഹാക്ക് ചെയ്തതിന് തെളിവില്ലെന്ന് രജിസ്‌ട്രാർ. നാലുവർഷ ഓണേഴ്സ് ബിരുദ വിദ്യാർഥികളുടെ സി.സി.എ. മാർക്ക് രേഖപ്പെടുത്തുന്ന പോർട്ടലിൽ ഹാക്കിങ് നടന്നെന്ന കെ.പി.സി.ടി.എ.യുടെയും സിൻഡിക്കേറ്റിന്റെയും ആരോപണത്തിലാണ് സർവകലാശാല വിശദീകരണം നൽകിയത്. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എ.കെ.പി.സി.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എ. നിശാന്ത് വൈസ് ചാൻസലർക്ക് നൽകിയ കത്തിന് മറുപടിയായാണ് വിശദീകരണം. സംഘടന തയ്യാറാക്കിയ സി.സി.എ. ഫോം ജനറേറ്റർ വഴി ഔദ്യോഗിക പോർട്ടലിലെ വിവരങ്ങൾ ഹാക്ക് ചെയ്തെന്നായിരുന്നു ആരോപണം. എന്നാൽ, രണ്ട് സംവിധാനങ്ങളും വ്യത്യസ്തമാണെന്നും ഫോം ജനറേറ്റർ മാർക്ക് കണക്കാക്കാനുള്ള സഹായക സംവിധാനം മാത്രമാണെന്നും സർവകലാശാല വ്യക്തമാക്കി. ഔദ്യോഗിക പോർട്ടലിൽ അനധികൃത പ്രവേശനമോ സുരക്ഷാ വീഴ്ചയോ ഉണ്ടായതായി സ്ഥിരീകരിക്കാൻ തെളിവുകളില്ലെന്നും കൂടുതൽ സാങ്കേതിക പരിശോധനകൾ ആവശ്യമാണെന്നും രജിസ്‌ട്രാർ അറിയിച്ചു. സംഘടനയുടെ പേര് അനാവശ്യമായി ആരോപണങ്ങളിലേക്ക് വലിച്ചിഴച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എ.കെ.പി.സി.ടി.എ. സംസ്ഥാന സെക്രട്ടറി പ്രൊഫ. ഡോ. ജേക്കബ് എബ്രഹാം വ്യക്തമാക്കി.

കേരളത്തിൽ പത്ത് വർഷത്തിനിടെ കാണാതായത് 1.17 ലക്ഷം പേർ; 2,891 പേരെക്കുറിച്ച് വിവരമില്ല

2016 മാർച്ച് മുതൽ 2026 മാർച്ച് വരെ കേരളത്തിൽ 1,17,733 പേരെ കാണാതായതായി പോലീസിന് പരാതി ലഭിച്ചു. ഇതിൽ 1,14,842 പേരെ കണ്ടെത്തിയെങ്കിലും 2,891 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. കാണാതായവരുടെ നിലവിലെ അവസ്ഥയെക്കുറിച്ചോ അവർക്ക് എന്ത് സംഭവിച്ചെന്നോ പോലീസ് വിശദീകരണം നൽകിയിട്ടില്ല. വിവരങ്ങൾ ആവശ്യപ്പെട്ടുള്ള അപേക്ഷ ആദ്യം വകുപ്പ് 24 ചൂണ്ടിക്കാട്ടി നിരസിച്ചെങ്കിലും വിവരാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടർന്നാണ് കാണാതായവരുടെ എണ്ണം പുറത്തുവിട്ടത്. എന്നാൽ 2,891 പേരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയ്യാറായിട്ടില്ല. പോലീസ് കസ്റ്റഡി മർദനവും മരണവും സംബന്ധിച്ച വിവരങ്ങൾ നിഷേധിച്ചതിനെതിരായ അപ്പീലും നിലവിൽ വിവരാവകാശ കമ്മിഷന്റെ പരിഗണനയിലാണ്.

ഇന്ത്യൻ നാവികസേനയുടെ ബരാക് മിസൈൽ പ്രതിരോധ സംവിധാനം നവീകരിക്കുന്നു

ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ഘടിപ്പിച്ചിട്ടുള്ള ബരാക് പോയിന്റ് ഡിഫൻസ് മിസൈൽ സംവിധാനം നവീകരിക്കാൻ കരാർ. ഇസ്രായേലിലെ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസും റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും വികസിപ്പിച്ച സംവിധാനത്തിന്റെ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. മിസൈലുകൾ, ഡ്രോണുകൾ, യുദ്ധവിമാനങ്ങൾ തുടങ്ങിയവയിൽനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ നവീകരണം സഹായിക്കും. ബരാക് സംവിധാനത്തിന്റെ പ്രവർത്തനക്ഷമതയും പ്രതിരോധ ശേഷിയും വർധിപ്പിക്കുന്നതിലൂടെ യുദ്ധക്കപ്പലുകളുടെ സുരക്ഷ കൂടുതൽ ശക്തമാക്കാനാകും. സംവിധാനം നവീകരിക്കാൻ 2025ൽ തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് പുതിയ കരാർ. സമുദ്ര മേഖലയിൽ വർധിച്ചുവരുന്ന മിസൈൽ, ഡ്രോൺ ഭീഷണികളെ നേരിടാൻ നാവികസേനയെ കൂടുതൽ സജ്ജമാക്കുകയാണ് ലക്ഷ്യം.

‘റൗഡി ബേബി’ ചിത്രീകരണം ഇപ്പോഴും ട്രോമ; തുറന്നുപറഞ്ഞ് സായ് പല്ലവി

‘മാരി 2’ സിനിമയിലെ ഹിറ്റ് ഗാനമായ ‘റൗഡി ബേബി’യുടെ ചിത്രീകരണം ഇപ്പോഴും തനിക്ക് ട്രോമയാണെന്ന് നടി സായ് പല്ലവി. ബിഹൈൻഡ് വുഡ്‌സ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗാനരംഗത്തിനിടെ നേരിട്ട സമ്മർദ്ദങ്ങളെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ലളിതമായ നൃത്തച്ചുവടുകളായിരിക്കുമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് കാര്യങ്ങൾ പ്രതീക്ഷിച്ചതിലും ബുദ്ധിമുട്ടായെന്നും താരം പറഞ്ഞു. ആദ്യം എളുപ്പമുള്ള സ്റ്റെപ്പുകളാണെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പ്രഭുദേവയുടെ കൊറിയോഗ്രഫിയിൽ നിരവധി മാറ്റങ്ങൾ വരുത്തേണ്ടിവന്നു. സെറ്റിലെത്തിയപ്പോഴും ചുവടുകൾ മാറ്റിയതോടെ തനിക്ക് വലിയ സമ്മർദ്ദമുണ്ടായെന്നും സായ് പല്ലവി വ്യക്തമാക്കി. നൃത്തച്ചുവടുകൾ പരിശീലിക്കുന്നതിനുമുമ്പ് ഒളിഞ്ഞുനോക്കാറുണ്ടെന്നും, അത് കാണാതിരിക്കാൻ അണിയറപ്രവർത്തകർ മാറിനിന്ന് കൊറിയോഗ്രഫി ചെയ്യാറുണ്ടായിരുന്നുവെന്നും താരം ഓർത്തെടുത്തു. രണ്ട് മൂന്ന് ടേക്കുകൾ കഴിഞ്ഞപ്പോഴേക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്നതുപോലെ തോന്നിയെന്നും ഓരോ ടേക്കിന് ശേഷവും മതിയാക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. സ്റ്റെപ്പുകൾ ചെയ്യാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും ധനുഷിനായിരുന്നു കൂടുതൽ പ്രയാസമെന്നും താരം കൂട്ടിച്ചേർത്തു. നാലഞ്ച് തവണ ശ്രമിച്ച ശേഷമാണ് രംഗം കൃത്യമായി ചിത്രീകരിക്കാനായതെന്നും സായ് പല്ലവി വെളിപ്പെടുത്തി.

12 വർഷത്തിന് ശേഷം റഷ്യൻ ആണവശേഷിയുള്ള ബോംബറുകൾ വിയറ്റ്നാമിൽ; ഇന്തോ-പസഫിക്കിൽ പുതിയ നീക്കവുമായി മോസ്‌കോ

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണവശേഷിയുള്ള സ്ട്രാറ്റജിക് ബോംബർ വിമാനങ്ങളെ വിയറ്റ്നാമിൽ വീണ്ടും വിന്യസിച്ച് റഷ്യ. രണ്ട് ടി.യു-95 ബോംബർ വിമാനങ്ങളും അവയ്ക്ക് ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള രണ്ട് ഐൽ-78 ടാങ്കർ വിമാനങ്ങളുമാണ് മധ്യ വിയറ്റ്നാമിലെ ദാ നാങ് വിമാനത്താവളത്തിലെത്തിയത്. റഷ്യയുടെ ഫാർ ഈസ്റ്റിൽ നിന്ന് പറന്നെത്തിയ ഈ വിമാനവിന്യാസം ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും ചൈനയ്ക്കും നൽകുന്ന തന്ത്രപരമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്. ആണവശേഷിയുള്ള ക്രൂയിസ് മിസൈലുകൾ വഹിക്കാൻ കഴിയുന്ന ടി.യു-95 വിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളുടെ സഹായത്തോടെ പസഫിക്കിലെ പ്രധാന അമേരിക്കൻ സൈനിക താവളമായ ഗുവാം വരെ എത്താനാകും. 2014-ലാണ് റഷ്യൻ സ്ട്രാറ്റജിക് വിമാനങ്ങൾ അവസാനമായി വിയറ്റ്നാമിലെത്തിയത്. അന്ന് കാം റാൺ ബേ നാവിക താവളവും ദാ നാങ് വിമാനത്താവളവും ഉപയോഗിക്കാൻ വിയറ്റ്നാം അനുമതി നൽകിയിരുന്നെങ്കിലും അമേരിക്കയുടെ എതിർപ്പിനെത്തുടർന്ന് നീക്കം തടസ്സപ്പെട്ടു. യുക്രൈൻ യുദ്ധം തുടരുന്നതിനിടയിലും ഇന്തോ-പസഫിക് മേഖലയിൽ സൈനിക സാന്നിധ്യം ശക്തമാക്കാനാണ് റഷ്യയുടെ ശ്രമം. ദക്ഷിണ ചൈനാ കടലിലെ തർക്കങ്ങളും ചൈനയുടെ വർധിച്ചുവരുന്ന സൈനിക സ്വാധീനവും കണക്കിലെടുത്ത് റഷ്യയുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ വിയറ്റ്നാമും താൽപര്യപ്പെടുന്നു. റഷ്യയും ചൈനയും തമ്മിലുള്ള അടുപ്പത്തിനിടയിലും സ്വന്തം ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള തന്ത്രപരമായ നീക്കമായാണ് വിയറ്റ്നാമിന്റെ ഈ നിലപാട് വിലയിരുത്തപ്പെടുന്നത്.

ഔദ്യോഗിക രേഖകളിൽ ‘ദത്തെടുത്ത മകൾ/മകൻ’ എന്ന് രേഖപ്പെടുത്തേണ്ടതില്ല: ഹൈക്കോടതി

സർക്കാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘ദത്തെടുക്കപ്പെട്ട മകൾ’ അല്ലെങ്കിൽ ‘ദത്തെടുക്കപ്പെട്ട മകൻ’ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം രേഖകളിൽ ‘മകൾ’ അല്ലെങ്കിൽ ‘മകൻ’ എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. തൃശ്ശൂർ സ്വദേശിനിയായ ഹർജിക്കാരിക്ക് പിതാവിന്റെ മരണശേഷം അനുവദിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ‘ദത്തെടുക്കപ്പെട്ട മകൾ’ എന്ന് രേഖപ്പെടുത്തിയതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. 1956-ലെ ഹിന്ദു ദത്തെടുക്കലും പരിപാലനവും നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം ദത്തെടുക്കുന്ന നിമിഷം മുതൽ കുട്ടി ദത്തെടുത്ത മാതാപിതാക്കളുടെ സ്വന്തം മകനോ മകളോ ആയി കണക്കാക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഔദ്യോഗിക രേഖകളിൽ ദത്തെടുക്കൽ പ്രത്യേകം പരാമർശിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. തുടർന്ന്, ‘ദത്തെടുക്കപ്പെട്ട മകൾ’ എന്ന് രേഖപ്പെടുത്തിയ അനന്തരാവകാശ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. ബന്ധം ‘മകൾ’ എന്ന് തിരുത്തി രണ്ടാഴ്ചയ്ക്കകം പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി. ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിൽ ദത്തെടുത്ത കുട്ടികളെ വേർതിരിച്ചു കാണിക്കുന്ന ഓപ്ഷൻ നീക്കം ചെയ്യാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കാനും സർക്കാരിന് ഒരു മാസത്തെ സമയവും അനുവദിച്ചു.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസയിൽ മുന്നറിയിപ്പ്; പുതിയ സംവിധാനം വരുന്നു

സാധുവായ ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ ടോൾ പ്ലാസകളിൽ തിരിച്ചറിഞ്ഞ് ഉടമകൾക്ക് എസ്.എം.എസ് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). വാഹന ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉടമയെ വിവരം അറിയിക്കുന്ന പദ്ധതിയുടെ പൈലറ്റ് പരീക്ഷണം ഇതിനകം ആരംഭിച്ചു. ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-2 (യുഇആർ-2) മുണ്ട്ക ടോൾ പ്ലാസയിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ വാഹൻ ഡാറ്റാബേസിലെ രജിസ്ട്രേഷൻ, ഇൻഷുറൻസ് വിവരങ്ങൾ പരിശോധിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ടോൾ പ്ലാസ കടന്നുപോകുന്ന വാഹനത്തിന്റെ ഇൻഷുറൻസ് സാധുത തത്സമയം പരിശോധിച്ച് കാലാവധി കഴിഞ്ഞതാണെങ്കിൽ ഉടമയ്ക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ സന്ദേശം ലഭിക്കും. വാഹന നമ്പർ, ടോൾ കടന്ന തീയതിയും സമയവും, ഇൻഷുറൻസ് അവസാനിച്ച തീയതി എന്നിവ ഉൾപ്പെടുന്ന അറിയിപ്പിലൂടെ പോളിസി പുതുക്കാൻ ഉടമകൾക്ക് അവസരമൊരുക്കും. പരീക്ഷണം വിജയിച്ചാൽ രാജ്യത്തെ മറ്റ് ടോൾ പ്ലാസകളിലേക്കും സംവിധാനം വ്യാപിപ്പിച്ചേക്കും. മോട്ടോർ വാഹന നിയമപ്രകാരം നിരത്തിലോടുന്ന വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസ് ഇല്ലാതെ ആദ്യമായി പിടിക്കപ്പെട്ടാൽ അടിസ്ഥാന പ്രീമിയത്തിന്റെ മൂന്നിരട്ടിയോ 5,000 രൂപയോ, ഏതാണോ കൂടുതൽ, അതാണ് പിഴ. കുറ്റം ആവർത്തിച്ചാൽ അടിസ്ഥാന പ്രീമിയത്തിന്റെ അഞ്ചിരട്ടിയോ 10,000 രൂപയോ, ഏതാണോ കൂടുതൽ, പിഴയായി ഈടാക്കും. പുതിയ സംവിധാനം ഇൻഷുറൻസ് പുതുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.

ഐസിസി ഏകദിന റാങ്കിങ്ങിൽ കുതിപ്പുമായി അർഷ്ദീപ് സിങ്; ആദ്യ 20ൽ ഇടംപിടിച്ചു

ഐസിസി ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ മികച്ച നേട്ടവുമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തോടെ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 19ആംറാങ്കിലെത്തി. 567 പോയന്റാണ് അർഷ്ദീപിനുള്ളത്. ഇന്ത്യൻ ഓൾറൗണ്ടർ അക്ഷർ പട്ടേലും രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 19ആം റാങ്കിലെത്തി. അതേസമയം, കുൽദീപ് യാദവ് എട്ട് സ്ഥാനങ്ങൾ താഴേക്കിറങ്ങി 15ആം സ്ഥാനത്തായി. ന്യൂസിലൻഡ് പേസർ മാറ്റ് ഹെന്റിയും റാങ്കിങ്ങിൽ വലിയ മുന്നേറ്റം നടത്തി. 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി താരം 12ആംറാങ്കിലെത്തി. ഏകദിന ബൗളർമാരിൽ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് രണ്ടാം സ്ഥാനത്തും പാകിസ്താന്റെ അബ്രാർ അഹമ്മദ്, ഷഹീൻ അഫ്രീദി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമുണ്ട്. ആദ്യ പത്തിൽ ഇന്ത്യൻ ബൗളർമാരാരും ഇടംപിടിച്ചിട്ടില്ല. ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ രണ്ടാമതും വിരാട് കോലി മൂന്നാമതുമാണ്. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാൻ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ രോഹിത് ശർമ ഒരു സ്ഥാനം നഷ്ടപ്പെടുത്തി അഞ്ചാമതായി.

വിജയ് ദേവരകൊണ്ടയെ പ്രാങ്ക് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍; വീഡിയോ വൈറല്‍

തന്റെ അടുത്ത സുഹൃത്തായ വിജയ് ദേവരകൊണ്ടയുമായുള്ള സൗഹൃദം പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ, വിജയ് ദേവരകൊണ്ടയെ ഫോണിലൂടെ പ്രാങ്ക് ചെയ്യുന്ന ദുല്‍ഖറിന്റെ രസകരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ദുല്‍ഖര്‍ നായകനായെത്തുന്ന ‘ആകാശമ്ലോ ഒക്ക താര’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് താരം ഈ രസകരമായ പ്രാങ്ക് ഒരുക്കിയത്. വിജയ് ദേവരകൊണ്ടയെ ഫോണില്‍ വിളിച്ച ദുല്‍ഖര്‍ ഉടന്‍ തന്നെ ‘ഡിക്യു വാട്ട്‌സാപ്പ്’ എന്ന് പറഞ്ഞ് ഫോണ്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയാണ് വിജയുമായി സംസാരിച്ചത്. റോഡില്‍ നിന്ന് ഒരു ഫോണ്‍ കളഞ്ഞുകിട്ടിയെന്നും അതിലെ എമര്‍ജന്‍സി കോണ്‍ടാക്ടില്‍ ഈ നമ്പര്‍ കണ്ടതുകൊണ്ടാണ് വിളിച്ചതെന്നും പെണ്‍കുട്ടി അറിയിച്ചു. ദുല്‍ഖറിന്റെ ഫോണ്‍ ശരിക്കും നഷ്ടപ്പെട്ടതാണെന്ന് വിശ്വസിച്ച വിജയ്, താന്‍ നല്‍കുന്ന നമ്പറില്‍ ഫോണ്‍ എത്തിച്ചുകൊടുക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. നിര്‍ദേശം നല്‍കിയ ശേഷം വിജയ് കോള്‍ അവസാനിപ്പിക്കുകയും ചെയ്തു. പിന്നീട് ദുല്‍ഖര്‍ നേരിട്ട് വിജയ് ദേവരകൊണ്ടയെ വിളിച്ചാണ് സംഭവം പ്രാങ്കായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ദുല്‍ഖറിന്റെ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് കരുതി ആത്മാര്‍ഥമായി സഹായിക്കാന്‍ ശ്രമിച്ച വിജയ്‌യുടെ പ്രതികരണവും വീഡിയോയില്‍ കാണാം. അവധിയാഘോഷത്തിനായി വിജയ് ഇപ്പോള്‍ ജപ്പാനിലാണെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇരുതാരങ്ങളുടെയും സൗഹൃദം വ്യക്തമാക്കുന്ന രസകരമായ ഈ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഹാഷിറിന്റെ പുതിയ ചിത്രം ‘ഞൊടി’യുടെ ചിത്രീകരണം പൂർത്തിയായി72 ദിവസം നീണ്ട ഷൂട്ടിംഗിന് പാക്കപ്പ്

‘വാഴ 2’ന് ശേഷം ഹാഷിർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ‘ഞൊടി’യുടെ ചിത്രീകരണം പൂർത്തിയായി. 72 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗ് വിജയകരമായി പൂർത്തിയാക്കിയ വിവരം പാക്കപ്പ് ദിനത്തിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ അറിയിച്ചത്. നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹാഷിറിനൊപ്പം അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസണും മിഡ്‌നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ സഹനിർമ്മാതാക്കളാണ് സൂപ്പർ ഡൂപ്പർ ഫിലിംസ്. ‘വാഴ’, ‘എക്കോ’, ‘വാഴ 2’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ച ഐക്കൺ സിനിമാസാണ് ‘ഞൊടി’യുടെ വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായതോടെ ‘ഞൊടി’യുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് തുടക്കമിടാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ചിത്രത്തിന്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാഷിറിന്റെ പുതിയ ചിത്രമെന്ന നിലയിൽ ‘ഞൊടി’യെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.