സർക്കാർ നൽകുന്ന അനന്തരാവകാശ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ‘ദത്തെടുക്കപ്പെട്ട മകൾ’ അല്ലെങ്കിൽ ‘ദത്തെടുക്കപ്പെട്ട മകൻ’ എന്ന് പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരം രേഖകളിൽ ‘മകൾ’ അല്ലെങ്കിൽ ‘മകൻ’ എന്ന് മാത്രം രേഖപ്പെടുത്തിയാൽ മതിയെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. തൃശ്ശൂർ സ്വദേശിനിയായ ഹർജിക്കാരിക്ക് പിതാവിന്റെ മരണശേഷം അനുവദിച്ച അനന്തരാവകാശ സർട്ടിഫിക്കറ്റിൽ ‘ദത്തെടുക്കപ്പെട്ട മകൾ’ എന്ന് രേഖപ്പെടുത്തിയതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
1956-ലെ ഹിന്ദു ദത്തെടുക്കലും പരിപാലനവും നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം ദത്തെടുക്കുന്ന നിമിഷം മുതൽ കുട്ടി ദത്തെടുത്ത മാതാപിതാക്കളുടെ സ്വന്തം മകനോ മകളോ ആയി കണക്കാക്കപ്പെടുമെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ ഔദ്യോഗിക രേഖകളിൽ ദത്തെടുക്കൽ പ്രത്യേകം പരാമർശിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
തുടർന്ന്, ‘ദത്തെടുക്കപ്പെട്ട മകൾ’ എന്ന് രേഖപ്പെടുത്തിയ അനന്തരാവകാശ സർട്ടിഫിക്കറ്റ് കോടതി റദ്ദാക്കി. ബന്ധം ‘മകൾ’ എന്ന് തിരുത്തി രണ്ടാഴ്ചയ്ക്കകം പുതിയ സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് നിർദ്ദേശം നൽകി. ഇ-ഡിസ്ട്രിക്റ്റ് പോർട്ടലിൽ ദത്തെടുത്ത കുട്ടികളെ വേർതിരിച്ചു കാണിക്കുന്ന ഓപ്ഷൻ നീക്കം ചെയ്യാനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കാനും സർക്കാരിന് ഒരു മാസത്തെ സമയവും അനുവദിച്ചു.






