തന്റെ അടുത്ത സുഹൃത്തായ വിജയ് ദേവരകൊണ്ടയുമായുള്ള സൗഹൃദം പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇപ്പോഴിതാ, വിജയ് ദേവരകൊണ്ടയെ ഫോണിലൂടെ പ്രാങ്ക് ചെയ്യുന്ന ദുല്‍ഖറിന്റെ രസകരമായ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ദുല്‍ഖര്‍ നായകനായെത്തുന്ന ‘ആകാശമ്ലോ ഒക്ക താര’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കുട്ടികള്‍ക്കൊപ്പം ചേര്‍ന്നാണ് താരം ഈ രസകരമായ പ്രാങ്ക് ഒരുക്കിയത്.
വിജയ് ദേവരകൊണ്ടയെ ഫോണില്‍ വിളിച്ച ദുല്‍ഖര്‍ ഉടന്‍ തന്നെ ‘ഡിക്യു വാട്ട്‌സാപ്പ്’ എന്ന് പറഞ്ഞ് ഫോണ്‍ കൈമാറുകയായിരുന്നു. തുടര്‍ന്ന് ഒരു പെണ്‍കുട്ടിയാണ് വിജയുമായി സംസാരിച്ചത്. റോഡില്‍ നിന്ന് ഒരു ഫോണ്‍ കളഞ്ഞുകിട്ടിയെന്നും അതിലെ എമര്‍ജന്‍സി കോണ്‍ടാക്ടില്‍ ഈ നമ്പര്‍ കണ്ടതുകൊണ്ടാണ് വിളിച്ചതെന്നും പെണ്‍കുട്ടി അറിയിച്ചു. ദുല്‍ഖറിന്റെ ഫോണ്‍ ശരിക്കും നഷ്ടപ്പെട്ടതാണെന്ന് വിശ്വസിച്ച വിജയ്, താന്‍ നല്‍കുന്ന നമ്പറില്‍ ഫോണ്‍ എത്തിച്ചുകൊടുക്കാന്‍ കുട്ടിയോട് ആവശ്യപ്പെട്ടു. നിര്‍ദേശം നല്‍കിയ ശേഷം വിജയ് കോള്‍ അവസാനിപ്പിക്കുകയും ചെയ്തു.
പിന്നീട് ദുല്‍ഖര്‍ നേരിട്ട് വിജയ് ദേവരകൊണ്ടയെ വിളിച്ചാണ് സംഭവം പ്രാങ്കായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ദുല്‍ഖറിന്റെ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് കരുതി ആത്മാര്‍ഥമായി സഹായിക്കാന്‍ ശ്രമിച്ച വിജയ്‌യുടെ പ്രതികരണവും വീഡിയോയില്‍ കാണാം. അവധിയാഘോഷത്തിനായി വിജയ് ഇപ്പോള്‍ ജപ്പാനിലാണെന്നും ദുല്‍ഖര്‍ വീഡിയോയില്‍ പറയുന്നുണ്ട്. ഇരുതാരങ്ങളുടെയും സൗഹൃദം വ്യക്തമാക്കുന്ന രസകരമായ ഈ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.






