സാധുവായ ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ ടോൾ പ്ലാസകളിൽ തിരിച്ചറിഞ്ഞ് ഉടമകൾക്ക് എസ്.എം.എസ് മുന്നറിയിപ്പ് നൽകാനുള്ള സംവിധാനവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). വാഹന ഇൻഷുറൻസ് കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഉടമയെ വിവരം അറിയിക്കുന്ന പദ്ധതിയുടെ പൈലറ്റ് പരീക്ഷണം ഇതിനകം ആരംഭിച്ചു. ഡൽഹിയിലെ അർബൻ എക്സ്റ്റൻഷൻ റോഡ്-2 (യുഇആർ-2) മുണ്ട്ക ടോൾ പ്ലാസയിലാണ് നിലവിൽ പരീക്ഷണം നടക്കുന്നത്.
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ വാഹൻ ഡാറ്റാബേസിലെ രജിസ്ട്രേഷൻ, ഇൻഷുറൻസ് വിവരങ്ങൾ പരിശോധിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. ടോൾ പ്ലാസ കടന്നുപോകുന്ന വാഹനത്തിന്റെ ഇൻഷുറൻസ് സാധുത തത്സമയം പരിശോധിച്ച് കാലാവധി കഴിഞ്ഞതാണെങ്കിൽ ഉടമയ്ക്ക് ഏതാനും മിനിറ്റുകൾക്കുള്ളിൽ സന്ദേശം ലഭിക്കും. വാഹന നമ്പർ, ടോൾ കടന്ന തീയതിയും സമയവും, ഇൻഷുറൻസ് അവസാനിച്ച തീയതി എന്നിവ ഉൾപ്പെടുന്ന അറിയിപ്പിലൂടെ പോളിസി പുതുക്കാൻ ഉടമകൾക്ക് അവസരമൊരുക്കും. പരീക്ഷണം വിജയിച്ചാൽ രാജ്യത്തെ മറ്റ് ടോൾ പ്ലാസകളിലേക്കും സംവിധാനം വ്യാപിപ്പിച്ചേക്കും.
മോട്ടോർ വാഹന നിയമപ്രകാരം നിരത്തിലോടുന്ന വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസ് ഇല്ലാതെ ആദ്യമായി പിടിക്കപ്പെട്ടാൽ അടിസ്ഥാന പ്രീമിയത്തിന്റെ മൂന്നിരട്ടിയോ 5,000 രൂപയോ, ഏതാണോ കൂടുതൽ, അതാണ് പിഴ. കുറ്റം ആവർത്തിച്ചാൽ അടിസ്ഥാന പ്രീമിയത്തിന്റെ അഞ്ചിരട്ടിയോ 10,000 രൂപയോ, ഏതാണോ കൂടുതൽ, പിഴയായി ഈടാക്കും. പുതിയ സംവിധാനം ഇൻഷുറൻസ് പുതുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും സഹായകമാകുമെന്നാണ് പ്രതീക്ഷ.






