‘സമ്മർദ്ദം ചെലുത്തിയിട്ട് കാര്യമില്ല’; യുഎസിന് ഇറാന്റെ വ്യക്തമായ സന്ദേശം

പശ്ചിമേഷ്യൻ സംഘർഷത്തിന് ആറുമാസം പിന്നിടുമ്പോൾ യുഎസിന് വ്യക്തമായ സന്ദേശവുമായി ഇറാൻ. നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നത് അസാധ്യമല്ലെന്നും എന്നാൽ അതിന് അമേരിക്ക ആദ്യം സമ്മർദ്ദ തന്ത്രം ഉപേക്ഷിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി. സമ്മർദ്ദം തുടരുന്നത് യാതൊരു ഫലവും ഉണ്ടാക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ അൽത്താനി ടെഹ്‌റാൻ സന്ദർശിച്ചതിന് പിന്നാലെയാണ് അരാഗ്‌ചിയുടെ പ്രതികരണം. ഇറാൻ-യുഎസ് സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായാണ് ഖത്തർ പ്രധാനമന്ത്രി ഇറാനിലെത്തിയത്. അദ്ദേഹവുമായി ക്രിയാത്മകമായ ചർച്ചകൾ നടത്തിയെന്നും അരാഗ്‌ചി അറിയിച്ചു. അമേരിക്ക വിശ്വാസം വളർത്തുകയും പരസ്പര ബഹുമാനത്തോടെ സംസാരിക്കുകയും ഇറാന്റെ അവകാശങ്ങൾ അംഗീകരിക്കുകയും മുൻപ് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുകയും വേണമെന്നാണ് അരാഗ്‌ചിയുടെ നിലപാട്. ഇക്കാര്യങ്ങൾ അംഗീകരിച്ചാൽ നയതന്ത്ര ചർച്ചകൾക്ക് വീണ്ടും വഴിതുറക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആരംഭിച്ച സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനായി ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ മാസങ്ങളായി മധ്യസ്ഥശ്രമങ്ങൾ നടത്തിവരികയാണ്. ഏപ്രിലിൽ വെടിനിർത്തലുണ്ടായെങ്കിലും ജൂണിൽ അന്തിമ സമാധാന കരാറിനായുള്ള ധാരണയിലെത്തിയ ശേഷവും സ്ഥിരമായ കരാർ യാഥാർഥ്യമായിട്ടില്ല. ഇറാനെതിരായ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഉപരോധ നടപടികൾ തുടരുന്നതിനിടെയാണ് പുതിയ നയതന്ത്ര നീക്കങ്ങൾ. ഒമാനും പാകിസ്ഥാനും നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രി ടെഹ്‌റാനിലെത്തിയത്. സംഘർഷത്തിന് പരിഹാരം കാണുന്നതിനായി മധ്യസ്ഥ രാജ്യങ്ങൾ നയതന്ത്ര ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്.