ഗംഗയിൽ ജലനിരപ്പ് അതിവേഗം ഉയരുന്നു; വാരാണസിയിൽ പ്രളയഭീതി, 84 ഘാട്ടുകളും വെള്ളത്തിൽ

കനത്ത മഴ തുടരുന്നതിനിടെ വാരാണസിയിൽ ഗംഗാനദിയിലെ ജലനിരപ്പ് അപകട മുന്നറിയിപ്പ് പരിധിയിലേക്ക് അടുക്കുന്നു. തിങ്കളാഴ്ച ജലനിരപ്പ് 69.40 മീറ്ററിലെത്തി. 70.262 മീറ്ററാണ് മുന്നറിയിപ്പ് പരിധി. 71.26 മീറ്ററിലെത്തിയാൽ അപകടനിലയായി കണക്കാക്കും. നിലവിൽ വാരാണസിയിലെ 84 ഘാട്ടുകളും പൂർണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്. ഗംഗയിലെ ജലനിരപ്പ് മണിക്കൂറിൽ നാല് സെന്റീമീറ്റർ വീതം ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും പ്രളയഭീഷണി ശക്തമായി. നമോ ഘാട്ടിലെ ‘നമസ്തേ’ പ്രതിമ ഉൾപ്പെടെയുള്ള നിരവധി ഭാഗങ്ങൾ വെള്ളത്തിൽ മുങ്ങി. സമീപത്തെ റിവർ പൊലീസ് കമ്മീഷണറേറ്റ് ഓഫീസിലും വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി ഗംഗയിലെ ബോട്ട് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഇതിനിടെ വരുണ നദി വിപരീത ദിശയിൽ ഒഴുകിയതും സ്ഥിതി കൂടുതൽ രൂക്ഷമാക്കി. ഇതോടെ തീരത്തോട് ചേർന്ന താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശവാസികളെ സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി. പ്രളയസാഹചര്യം നേരിടാൻ ജില്ലാ ഭരണകൂടം വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വാരാണസിയിൽ 61 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി 21 ഫ്ലഡ് പോസ്റ്റുകളും സ്ഥാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി 198 ബോട്ടുകൾ സജ്ജമായി നിർത്തിയിട്ടുണ്ട്. ദുരന്തനിവാരണ സേന, വാട്ടർ പൊലീസ്, പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി സംഘങ്ങൾ എന്നിവരും വിവിധ മേഖലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ കന്നുകാലികളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
സിന്ധു നദീജല കരാർ: ആർബിട്രേഷൻ കോടതി വിധി തള്ളി ഇന്ത്യ

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കില്ലെന്ന് ഇന്ത്യ. നിയമവിരുദ്ധമായി രൂപീകരിച്ച കോടതിക്ക് ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കോടതിയുടെ പ്രഖ്യാപനങ്ങൾ ഇന്ത്യ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതികളെയോ മറ്റ് പദ്ധതികളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ലോകബാങ്ക് ആർബിട്രേഷൻ കോടതി രൂപീകരിച്ചതെന്നാണ് ഇന്ത്യയുടെ നിലപാട്. അതിനാൽ കോടതിയുടെ നിയമസാധുത ഇന്ത്യ അംഗീകരിച്ചിട്ടില്ല. കോടതി രൂപീകരണം തന്നെ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി കോടതിയിലെ നടപടികളിൽ ഇന്ത്യ പങ്കെടുക്കുകയോ അതിന്റെ പ്രഖ്യാപനങ്ങൾക്ക് അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല. ജമ്മു കശ്മീരിലെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ കോടതി നേരത്തെ പുറപ്പെടുവിച്ച തീരുമാനങ്ങളും ഇന്ത്യ തള്ളിയിരുന്നു. 2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ കരാർ ഇപ്പോഴും പ്രാബല്യത്തിലാണെന്നും അത് നിർത്തിവെക്കാനോ റദ്ദാക്കാനോ ഇന്ത്യ ഉന്നയിക്കുന്ന കാരണങ്ങൾ ന്യായീകരിക്കാനാകില്ലെന്നുമാണ് ഹേഗ് ആസ്ഥാനമായ ആർബിട്രേഷൻ കോടതിയുടെ നിലപാട്. അതേസമയം, ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ ഇടപെടാൻ ആർബിട്രേഷൻ കോടതിക്ക് അധികാരമില്ലെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.
നേപ്പാളിൽ 93 തൊഴിലാളികൾക്കായി തെർമൽ ഡ്രോൺ തിരച്ചിൽ; തുരങ്കത്തിൽ ആരെയും കണ്ടെത്തിയില്ല

നേപ്പാളിലെ പ്രളയബാധിത രസുവ ജില്ലയിലെ രസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടില്ല. തുരങ്കത്തിനുള്ളിൽ 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് അത്യാധുനിക തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല. ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കാമെന്ന സംശയം ഉയർന്നത്. അപകടസാധ്യത കണക്കിലെടുത്ത് നേപ്പാൾ സൈന്യത്തിലെ ഉദ്യോഗസ്ഥർ, എൻജിനീയർമാർ, ഡ്രോൺ വിദഗ്ധർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. തുരങ്കത്തിന്റെ വിവിധ ഭാഗങ്ങൾ തെർമൽ ഡ്രോണുകളുടെ സഹായത്തോടെ വിശദമായി പരിശോധിച്ചെങ്കിലും മനുഷ്യസാന്നിധ്യം സൂചിപ്പിക്കുന്ന യാതൊരു അടയാളവും ലഭിച്ചില്ല. ഇതോടെ തുരങ്കത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് വിലയിരുത്തി രക്ഷാദൗത്യം അവസാനിപ്പിച്ചു. പരിശോധന നടത്തിയ സൈനിക സംഘം മടങ്ങിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അതേസമയം, പ്രളയത്തിൽ നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ഭൂഗർഭ തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. കാണാതായ തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിയതാണോ, രക്ഷപ്പെടുന്നതിനിടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയതാണോ, പ്രളയജലത്തിൽപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 933 പേരെ കാണാതായതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. വിവിധ തുരങ്കങ്ങളിൽ നിന്നായി 279 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മേഖലകളിൽ രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്.
പെട്രോളിലെ എഥനോൾ ശതമാനം ബില്ലിൽ രേഖപ്പെടുത്തണം; ഹർജി തള്ളി സുപ്രീം കോടതി

പെട്രോളിൽ കലർത്തിയിരിക്കുന്ന എഥനോളിന്റെ അളവ് പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കുകയും ഇന്ധന ബില്ലിലും ഇൻവോയിസിലും നിർബന്ധമായും രേഖപ്പെടുത്തുകയും വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച കോടതി, പരാതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരന് നിർദേശം നൽകി. ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പെട്രോളിൽ എത്ര ശതമാനം എഥനോൾ കലർത്തിയിട്ടുണ്ടെന്ന വിവരം എല്ലാ പെട്രോൾ പമ്പുകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരനായ നരേന്ദ്ര കുമാർ ഗോസ്വാമിയുടെ പ്രധാന ആവശ്യം. ഇന്ധനം നിറയ്ക്കുന്ന നോസിലുകളിലും ഈ വിവരം രേഖപ്പെടുത്തണമെന്നും പെട്രോൾ വാങ്ങുമ്പോൾ ലഭിക്കുന്ന ബില്ലിലും ഇൻവോയിസിലും എഥനോൾ ശതമാനം വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പമ്പുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനത്തിന്റെ ഘടനയെക്കുറിച്ച് ഉപഭോക്താവിന് അറിയാനുള്ള അവകാശമുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. നിലവിൽ പെട്രോൾ വാങ്ങിയ ശേഷം ലഭിക്കുന്ന രസീതുകൾ പരിശോധിച്ചാലും അതിൽ എഥനോൾ കലർപ്പിന്റെ അളവ് വ്യക്തമാകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന എഥനോൾ മിശ്രിത പെട്രോളിന്റെ അളവ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഡാറ്റാബേസ് രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വാഹന നിർമാതാവ്, മോഡൽ, എൻജിൻ തരം, നിർമാണ വർഷം എന്നിവയ്ക്കൊപ്പം ഓരോ വാഹനത്തിലും പരമാവധി എത്ര ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാമെന്ന വിവരവും ഡാറ്റാബേസിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. പഴയ വാഹനങ്ങൾക്കും ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതം അനുയോജ്യമല്ലാത്ത വാഹനങ്ങൾക്കും കുറഞ്ഞ എഥനോൾ അളവുള്ള പെട്രോൾ ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ20 പെട്രോൾ നടപ്പാക്കുന്നതിന് മുമ്പ് നടത്തിയ പഠനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, പൊതുജനങ്ങളിൽ നിന്ന് തേടിയ അഭിപ്രായങ്ങൾ, പഠന റിപ്പോർട്ടുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നും ഹർജിക്കാരൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി, വിഷയത്തിൽ പരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്ന് നിർദേശിക്കുകയായിരുന്നു.
ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ആരോഗ്യവകുപ്പിന്റെ പുതിയ പദ്ധതി

ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിടുന്നു. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ചൊവ്വാഴ്ച പുനലൂർ ജനറൽ ആശുപത്രിയിൽ ആരംഭിക്കും. ആറുമാസത്തിനകം പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പി.ജി. യോഗ്യത നേടിയ അസിസ്റ്റന്റ് സർജൻമാരെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ജില്ലാ, ജനറൽ ആശുപത്രികളിലേക്ക് പുനർനിയമിക്കും. പുനർവിന്യാസം നടത്തുന്ന ഡോക്ടർമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ഡോക്ടർമാരുടെ സമ്മതം കൂടി കണക്കിലെടുത്തായിരിക്കും പുനർനിയമനം നടത്തുക. ഡോക്ടർമാരുടെ പുനർനിയമനത്തെ തുടർന്ന് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ടാകുന്ന ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ പുതിയ ഡോക്ടർമാരെ നിയമിക്കും. സംസ്ഥാനത്താകെ ഇതിനകം 140 ഡോക്ടർമാർക്ക് കരാർ നിയമനത്തിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം സ്ഥിരം നിയമന നടപടികളും തുടരുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഒൻപത് ഡോക്ടർമാരുടെ സേവനം ആശുപത്രികളിൽ ഉറപ്പാക്കും. രാത്രി എട്ടിന് ശേഷം അടിയന്തരമായി സ്പെഷ്യാലിറ്റി സേവനം ആവശ്യമായി വന്നാൽ ബന്ധപ്പെട്ട ഡോക്ടർമാരെ ആശുപത്രിയിലെത്തിക്കുന്ന ഓൺ-കോൾ സംവിധാനവും ഏർപ്പെടുത്തും.
ആധാറിലെ ജനനത്തീയതി തിരുത്തൽ പ്രതിസന്ധിയിൽ; അപേക്ഷ സ്വീകരിക്കാൻ സേവനകേന്ദ്രങ്ങൾക്കും മടി

ആധാർ കാർഡിലെ ജനനത്തീയതി തിരുത്തുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തതയില്ലാത്തത് അപേക്ഷകരെ പ്രതിസന്ധിയിലാക്കുന്നു. ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടും അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യതയും, രേഖകൾ തെറ്റാണെന്ന് കണ്ടെത്തിയാൽ സേവനകേന്ദ്രങ്ങൾക്ക് പിഴ ചുമത്തുമെന്ന വ്യവസ്ഥയും കാരണം പല ആധാർ സേവനകേന്ദ്രങ്ങളും ജനനത്തീയതി തിരുത്തൽ അപേക്ഷകൾ സ്വീകരിക്കാൻ മടിക്കുകയാണ്. ഇതോടെ ആധാറിൽ തെറ്റായി രേഖപ്പെടുത്തിയ ജനനത്തീയതി തിരുത്തുന്നത് പലർക്കും ഏറെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ വിവരങ്ങൾ തിരുത്തുന്നതിനുമായി സമർപ്പിക്കാവുന്ന രേഖകളുടെ പട്ടികയിൽ നിന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ.) കഴിഞ്ഞ ഡിസംബറിൽ നിരവധി രേഖകൾ ഒഴിവാക്കിയിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് ആധാർ വിവരങ്ങളിൽ മാറ്റം വരുത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു നടപടി. എന്നാൽ ഇതിന് പിന്നാലെയാണ് ജനനത്തീയതി തിരുത്തൽ കൂടുതൽ സങ്കീർണമാകുന്നതായി പരാതികൾ ഉയർന്നത്. നിലവിൽ ജനനസർട്ടിഫിക്കറ്റ് പോലുള്ള ആധികാരിക രേഖ സമർപ്പിക്കുന്ന അപേക്ഷകളിലാണ് ആധാറിലെ ജനനത്തീയതി തിരുത്താൻ പ്രധാനമായും അവസരം ലഭിക്കുന്നത്. ഫോട്ടോ പതിച്ചതും ബാർകോഡ് ഉൾപ്പെടുന്നതുമായ എസ്.എസ്.എൽ.സി. ബുക്ക്, പാസ്‌പോർട്ട് തുടങ്ങിയവ അംഗീകൃത രേഖകളായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും ഇവ ഉപയോഗിച്ചുള്ള അപേക്ഷകൾ പലപ്പോഴും നിരസിക്കപ്പെടുന്നതായും പരാതിയുണ്ട്. ജനനത്തീയതി തിരുത്തുന്നതിനുള്ള രേഖകളുടെ പട്ടികയിൽ നിന്ന് സ്കൂൾ സർട്ടിഫിക്കറ്റുകൾ നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. ഇതോടെ എസ്.എസ്.എൽ.സി. ബുക്ക് കൈവശമില്ലാത്ത പ്രായമായവരുടെ ആധാർ വിവരങ്ങളിലെ ജനനത്തീയതി തിരുത്തലും കൂടുതൽ പ്രയാസകരമായി. ആധാർ എടുക്കുന്നതിനും വിവരങ്ങൾ പുതുക്കുന്നതിനും ഉപയോഗിക്കാവുന്ന രേഖകളിൽ നിന്ന് പാൻ കാർഡ്, സ്കൂൾ വിടുതൽ സർട്ടിഫിക്കറ്റ്, സ്കൂൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന കുടുംബാവകാശ രേഖ, പൊതുമേഖലാ ബാങ്കുകൾ നൽകുന്ന ഫോട്ടോ പതിച്ച പാസ്‌ബുക്ക് തുടങ്ങിയവയും നേരത്തെ ഒഴിവാക്കിയിരുന്നു. രേഖകൾ സംബന്ധിച്ച മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തുകയും അംഗീകരിക്കാവുന്ന രേഖകളുടെ കാര്യത്തിൽ ഏകീകൃത സമീപനം ഉറപ്പാക്കുകയും ചെയ്താൽ മാത്രമേ ആധാറിലെ തെറ്റായ ജനനത്തീയതി തിരുത്തുന്നതിനുള്ള പ്രതിസന്ധിക്ക് പരിഹാരമാകൂ എന്നാണ് അപേക്ഷകരുടെ ആവശ്യം.
‘ചോദ്യം ചെയ്യുന്നത് ധിക്കാരമല്ല’; വിദ്യാർഥികളെ ഭീഷണിപ്പെടുത്തരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ്

അധികാരസ്ഥാനങ്ങളിലുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസാരിച്ചതിന്റെ പേരിൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയോ ശിക്ഷാനടപടികൾക്ക് വിധേയരാക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ പൗരത്വത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ എൽഎൽഎം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ജനാധിപത്യത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ധിക്കാരത്തിന്റെ ലക്ഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന്റെയും അനിവാര്യമായ പ്രകടനമാണ് ചോദ്യം ചെയ്യാനുള്ള അവകാശം. അതിനാൽ, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുകയോ അധികാരസ്ഥാനങ്ങളിലുള്ളവരിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്താൽ അവരെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും ശിക്ഷാനടപടികൾ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരവും പദവിയും ദുരുപയോഗം ചെയ്ത് വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണായ ഇന്ത്യയിൽ അസഹിഷ്ണുത നിറഞ്ഞ മനോഭാവത്തിന് ഇടമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസാരിക്കാനും ചിന്തിക്കാനും വ്യത്യസ്തമായ വിശ്വാസങ്ങൾ പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. ഭിന്നാഭിപ്രായങ്ങളെയും വിയോജിപ്പുകളെയും ന്യായമായ അഭിപ്രായവ്യത്യാസങ്ങളായി കാണാതെ അവയെ നിശ്ശബ്ദമാക്കുകയോ നിരസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യേണ്ട ഒന്നായി പരിഗണിക്കുമ്പോഴാണ് അസഹിഷ്ണുത ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ചൂണ്ടിക്കാട്ടി. വ്യത്യസ്ത അഭിപ്രായങ്ങളോടൊപ്പം ജീവിക്കാനുള്ള കഴിവ് കേവലം ഒരു സാമൂഹിക ഗുണം മാത്രമല്ലെന്നും അത് ശക്തമായ ഭരണഘടനാ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പമ്പയാറിൽ ആവേശത്തിരയിളക്കി ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് തുടക്കം

ലോകപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാനദിയിൽ ആവേശകരമായ തുടക്കം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടനച്ചടങ്ങുകൾക്ക് പിന്നാലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ മത്സരങ്ങളും ആരംഭിച്ചു. ആയിരക്കണക്കിന് ജലമേള പ്രേമികൾ സാക്ഷ്യം വഹിക്കുന്ന ആവേശകരമായ കാഴ്ചകൾക്കാണ് പമ്പാതീരം ഇപ്പോൾ വേദിയാകുന്നത്. ഉദ്ഘാടനത്തിന് പിന്നാലെ പമ്പയിലൂടെ തിരുവോണത്തോണിയാണ് ആദ്യം നീങ്ങിയത്. കൃഷ്ണവേഷമണിഞ്ഞ ബാലനും തുഴച്ചിൽക്കാരും മങ്ങാട്ട് മഠത്തിലെ കാരണവന്മാരും ഉൾപ്പെടുന്ന സംഘമാണ് തിരുവോണത്തോണിയിൽ അണിനിരന്നത്. പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ ജനങ്ങൾ ആർപ്പുവിളികളോടെയാണ് തിരുവോണത്തോണിയെ വരവേറ്റത്. ജലഘോഷയാത്രയ്ക്ക് കൂടുതൽ വർണപ്പകിട്ടേകി വേലകളി വേഷധാരികളും മോഹിനിയാട്ടം അവതരിപ്പിക്കുന്ന കുട്ടികളും പ്രത്യേകം അലങ്കരിച്ച ചെങ്ങാടങ്ങളിൽ അണിനിരന്നു. പാരമ്പര്യവും ആഘോഷവും ആവേശവും ഒരുമിക്കുന്ന ജലമേളയിൽ ഇത്തവണ 51 പള്ളിയോടങ്ങളാണ് ജലഘോഷയാത്രയിൽ പങ്കെടുക്കുന്നത്. പമ്പയുടെ ഇരുകരകളിലും ആവേശം നിറച്ച് പള്ളിയോടങ്ങൾ നീങ്ങുമ്പോൾ ആറന്മുള ഉത്രട്ടാതി ജലമേളയുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തുകയാണ്.
പകൽ ജയിലിന് പുറത്ത് ജോലി; തടവുകാർക്ക് വരുമാനം കണ്ടെത്താൻ അവസരമൊരുക്കി ഝാർഖണ്ഡ് സർക്കാർ

തടവുകാർക്ക് പകൽ സമയങ്ങളിൽ ജയിലിന് പുറത്തുപോയി ജോലി ചെയ്ത് വരുമാനം കണ്ടെത്താൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ. തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിനൊപ്പം, അവർക്ക് സ്വന്തമായി വരുമാനം കണ്ടെത്താനും അതിലൂടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് രാവിലെ ജയിലിൽ നിന്ന് പുറത്തുപോയി വിവിധ ജോലികളിൽ ഏർപ്പെടാം. എന്നാൽ പകൽ ജോലി പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ ഇവർ നിർബന്ധമായും ജയിലിലേക്ക് തിരിച്ചെത്തണം. രാവിലെ ആറ് അല്ലെങ്കിൽ ഏഴ് മണിയോടെ പുറത്തുപോകുന്നവർ ഏകദേശം 12 മണിക്കൂറിന് ശേഷം ജയിലിൽ തിരിച്ചെത്തുന്ന രീതിയിലായിരിക്കും സംവിധാനം. നിലവിൽ സംസ്ഥാനത്തെ നാല് പ്രധാന സെൻട്രൽ ജയിലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്ന ജയിലുകൾ നഗരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തടവുകാർക്ക് സമീപ പ്രദേശങ്ങളിൽ ജോലി കണ്ടെത്താനും വരുമാനം നേടാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ എല്ലാ തടവുകാർക്കും ഈ ആനുകൂല്യം ലഭിക്കില്ല. യോഗ്യരായ തടവുകാരെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കും. തടവുകാരുടെ പെരുമാറ്റം, ജയിൽ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും പുറത്തുപോയി ജോലി ചെയ്യാനുള്ള അനുമതി നൽകുക. പദ്ധതിയുടെ ഭാഗമായി പുറത്തുപോകുന്ന തടവുകാരുടെ കാര്യത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും. തടവുകാരുടെ സ്വഭാവപരിഷ്കരണത്തിന് സഹായിക്കുന്നതിനും ജയിൽ മോചിതരായ ശേഷം സമൂഹത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ തിരിച്ചെത്തുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തടവുശിക്ഷയ്ക്കൊപ്പം തൊഴിൽപരിചയവും സാമ്പത്തിക സ്വാതന്ത്ര്യവും നേടാൻ അവസരം നൽകുന്നതിലൂടെ അവരുടെ പുനരധിവാസം കൂടുതൽ ഫലപ്രദമാക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ‘ഝാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട്, 2025’ന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. പദ്ധതിക്ക് ഝാർഖണ്ഡ് മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.
ഇന്ത്യ–ഉസ്ബെക്കിസ്ഥാൻ ബന്ധത്തിന് പുതിയ കരുത്ത്; യുറേനിയം കരാറിൽ ഒപ്പുവച്ചു, ഇന്ത്യക്കാർക്ക് വിസ വേണ്ട

ഇന്ത്യയുടെ ആണവോർജ പദ്ധതികൾക്ക് കൂടുതൽ കരുത്തേകുന്ന ദീർഘകാല യുറേനിയം വിതരണ കരാറിൽ ഇന്ത്യയും ഉസ്ബെക്കിസ്ഥാനും ഒപ്പുവച്ചു. ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കൻ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡൻ്റ് ഷാവ്കത്ത് മിർസിയോയേവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കരാർ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായിരുന്നു യുറേനിയം വിതരണ കരാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നഗരങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനായി മൂന്ന് ‘സിസ്റ്റർ സിറ്റി’, ‘സിസ്റ്റർ സ്റ്റേറ്റ്’ കരാറുകൾക്കും ഇരുരാജ്യങ്ങളും അന്തിമരൂപം നൽകുന്നുണ്ട്. ഇത്തരം പങ്കാളിത്തങ്ങൾ രേഖകളിൽ മാത്രം ഒതുങ്ങാതെ പ്രായോഗികമായി നടപ്പാക്കണമെന്നും അതിനായി കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഇന്ത്യയെ വിശ്വസ്തമായ തന്ത്രപ്രധാന പങ്കാളിയായാണ് കാണുന്നതെന്ന് ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷാവ്കത്ത് മിർസിയോയേവ് വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ചരിത്രത്തിലാദ്യമായി 100 കോടി ഡോളർ കടന്നതായും അദ്ദേഹം പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുൻപത്തെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇരു രാജ്യങ്ങളിലെയും സംയുക്ത സംരംഭങ്ങളുടെ എണ്ണം ഏഴിരട്ടിയായി വർധിച്ചതായും പ്രസിഡൻ്റ് വ്യക്തമാക്കി. ഇതിനിടെ ഇന്ത്യൻ യാത്രക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനവും ഉസ്ബെക്കിസ്ഥാൻ നടത്തി. ഇന്ത്യൻ പൗരന്മാർക്ക് ഇനി ഉസ്ബെക്കിസ്ഥാനിൽ 30 ദിവസം വരെ വിസയില്ലാതെ കഴിയാം. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ച് നിലവിൽ ആഴ്ചയിൽ 14 നേരിട്ടുള്ള വിമാന സർവീസുകളുണ്ടെന്നും ഇതോടെ യാത്ര കൂടുതൽ എളുപ്പമായെന്നും മിർസിയോയേവ് പറഞ്ഞു.