സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ലോകബാങ്കിന്റെ കീഴിലുള്ള ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച വിധി അംഗീകരിക്കില്ലെന്ന് ഇന്ത്യ. നിയമവിരുദ്ധമായി രൂപീകരിച്ച കോടതിക്ക് ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ അധികാരമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കോടതിയുടെ പ്രഖ്യാപനങ്ങൾ ഇന്ത്യ നടപ്പാക്കുന്ന ജലവൈദ്യുത പദ്ധതികളെയോ മറ്റ് പദ്ധതികളെയോ ഒരു തരത്തിലും ബാധിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ച ഇന്ത്യയുടെ തീരുമാനത്തിൽ മാറ്റമില്ലെന്നും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.
സിന്ധു നദീജല കരാറിലെ വ്യവസ്ഥകൾ ലംഘിച്ചാണ് ലോകബാങ്ക് ആർബിട്രേഷൻ കോടതി രൂപീകരിച്ചതെന്നാണ് ഇന്ത്യയുടെ നിലപാട്. അതിനാൽ കോടതിയുടെ നിയമസാധുത ഇന്ത്യ അംഗീകരിച്ചിട്ടില്ല. കോടതി രൂപീകരണം തന്നെ കരാറിന്റെ ഗുരുതരമായ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി കോടതിയിലെ നടപടികളിൽ ഇന്ത്യ പങ്കെടുക്കുകയോ അതിന്റെ പ്രഖ്യാപനങ്ങൾക്ക് അംഗീകാരം നൽകുകയോ ചെയ്തിട്ടില്ല.
ജമ്മു കശ്മീരിലെ കിഷൻഗംഗ, റാറ്റിൽ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് ആർബിട്രേഷൻ കോടതി നേരത്തെ പുറപ്പെടുവിച്ച തീരുമാനങ്ങളും ഇന്ത്യ തള്ളിയിരുന്നു.
2025 ഏപ്രിലിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. എന്നാൽ കരാർ ഇപ്പോഴും പ്രാബല്യത്തിലാണെന്നും അത് നിർത്തിവെക്കാനോ റദ്ദാക്കാനോ ഇന്ത്യ ഉന്നയിക്കുന്ന കാരണങ്ങൾ ന്യായീകരിക്കാനാകില്ലെന്നുമാണ് ഹേഗ് ആസ്ഥാനമായ ആർബിട്രേഷൻ കോടതിയുടെ നിലപാട്.
അതേസമയം, ഇന്ത്യയുടെ പരമാധികാര തീരുമാനങ്ങളിൽ ഇടപെടാൻ ആർബിട്രേഷൻ കോടതിക്ക് അധികാരമില്ലെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.





