പെട്രോളിൽ കലർത്തിയിരിക്കുന്ന എഥനോളിന്റെ അളവ് പെട്രോൾ പമ്പുകളിൽ പ്രദർശിപ്പിക്കുകയും ഇന്ധന ബില്ലിലും ഇൻവോയിസിലും നിർബന്ധമായും രേഖപ്പെടുത്തുകയും വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർട്ടിക്കിൾ 32 പ്രകാരം സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച കോടതി, പരാതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാമെന്ന് ഹർജിക്കാരന് നിർദേശം നൽകി.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പെട്രോളിൽ എത്ര ശതമാനം എഥനോൾ കലർത്തിയിട്ടുണ്ടെന്ന വിവരം എല്ലാ പെട്രോൾ പമ്പുകളിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നായിരുന്നു ഹർജിക്കാരനായ നരേന്ദ്ര കുമാർ ഗോസ്വാമിയുടെ പ്രധാന ആവശ്യം. ഇന്ധനം നിറയ്ക്കുന്ന നോസിലുകളിലും ഈ വിവരം രേഖപ്പെടുത്തണമെന്നും പെട്രോൾ വാങ്ങുമ്പോൾ ലഭിക്കുന്ന ബില്ലിലും ഇൻവോയിസിലും എഥനോൾ ശതമാനം വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
പമ്പുകളിൽ നിന്ന് ലഭിക്കുന്ന ഇന്ധനത്തിന്റെ ഘടനയെക്കുറിച്ച് ഉപഭോക്താവിന് അറിയാനുള്ള അവകാശമുണ്ടെന്നാണ് ഹർജിക്കാരന്റെ വാദം. നിലവിൽ പെട്രോൾ വാങ്ങിയ ശേഷം ലഭിക്കുന്ന രസീതുകൾ പരിശോധിച്ചാലും അതിൽ എഥനോൾ കലർപ്പിന്റെ അളവ് വ്യക്തമാകുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന എഥനോൾ മിശ്രിത പെട്രോളിന്റെ അളവ് സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന ഡാറ്റാബേസ് രൂപീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വാഹന നിർമാതാവ്, മോഡൽ, എൻജിൻ തരം, നിർമാണ വർഷം എന്നിവയ്ക്കൊപ്പം ഓരോ വാഹനത്തിലും പരമാവധി എത്ര ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കാമെന്ന വിവരവും ഡാറ്റാബേസിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം.
പഴയ വാഹനങ്ങൾക്കും ഉയർന്ന അളവിലുള്ള എഥനോൾ മിശ്രിതം അനുയോജ്യമല്ലാത്ത വാഹനങ്ങൾക്കും കുറഞ്ഞ എഥനോൾ അളവുള്ള പെട്രോൾ ലഭ്യമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇ20 പെട്രോൾ നടപ്പാക്കുന്നതിന് മുമ്പ് നടത്തിയ പഠനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, പൊതുജനങ്ങളിൽ നിന്ന് തേടിയ അഭിപ്രായങ്ങൾ, പഠന റിപ്പോർട്ടുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ പരിശോധിക്കണമെന്നും ഹർജിക്കാരൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ, ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജി പരിഗണിക്കാൻ വിസമ്മതിച്ച സുപ്രീം കോടതി, വിഷയത്തിൽ പരിഹാരം തേടി ഹൈക്കോടതിയെ സമീപിക്കാമെന്ന് നിർദേശിക്കുകയായിരുന്നു.





