നേപ്പാളിൽ 93 തൊഴിലാളികൾക്കായി തെർമൽ ഡ്രോൺ തിരച്ചിൽ; തുരങ്കത്തിൽ ആരെയും കണ്ടെത്തിയില്ല

നേപ്പാളിലെ പ്രളയബാധിത രസുവ ജില്ലയിലെ രസുവഗഢി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടില്ല. തുരങ്കത്തിനുള്ളിൽ 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് അത്യാധുനിക തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ആരെയും കണ്ടെത്താനായില്ല.

ഭോട്ടെ കോശി നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയിരിക്കാമെന്ന സംശയം ഉയർന്നത്. അപകടസാധ്യത കണക്കിലെടുത്ത് നേപ്പാൾ സൈന്യത്തിലെ ഉദ്യോഗസ്ഥർ, എൻജിനീയർമാർ, ഡ്രോൺ വിദഗ്ധർ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്.

തുരങ്കത്തിന്റെ വിവിധ ഭാഗങ്ങൾ തെർമൽ ഡ്രോണുകളുടെ സഹായത്തോടെ വിശദമായി പരിശോധിച്ചെങ്കിലും മനുഷ്യസാന്നിധ്യം സൂചിപ്പിക്കുന്ന യാതൊരു അടയാളവും ലഭിച്ചില്ല. ഇതോടെ തുരങ്കത്തിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് വിലയിരുത്തി രക്ഷാദൗത്യം അവസാനിപ്പിച്ചു. പരിശോധന നടത്തിയ സൈനിക സംഘം മടങ്ങിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.

അതേസമയം, പ്രളയത്തിൽ നേപ്പാളിലെ വിവിധ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട ഭൂഗർഭ തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് വിവരം. കാണാതായ തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിയതാണോ, രക്ഷപ്പെടുന്നതിനിടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയതാണോ, പ്രളയജലത്തിൽപ്പെട്ടതാണോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 933 പേരെ കാണാതായതായി നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു. വിവിധ തുരങ്കങ്ങളിൽ നിന്നായി 279 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ മേഖലകളിൽ രക്ഷാപ്രവർത്തനവും തെരച്ചിലും തുടരുകയാണ്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *