പകൽ ജയിലിന് പുറത്ത് ജോലി; തടവുകാർക്ക് വരുമാനം കണ്ടെത്താൻ അവസരമൊരുക്കി ഝാർഖണ്ഡ് സർക്കാർ

തടവുകാർക്ക് പകൽ സമയങ്ങളിൽ ജയിലിന് പുറത്തുപോയി ജോലി ചെയ്ത് വരുമാനം കണ്ടെത്താൻ അവസരമൊരുക്കുന്ന പുതിയ പദ്ധതിയുമായി ഝാർഖണ്ഡ് സർക്കാർ. തടവുകാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിനൊപ്പം, അവർക്ക് സ്വന്തമായി വരുമാനം കണ്ടെത്താനും അതിലൂടെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാനും അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന തടവുകാർക്ക് രാവിലെ ജയിലിൽ നിന്ന് പുറത്തുപോയി വിവിധ ജോലികളിൽ ഏർപ്പെടാം. എന്നാൽ പകൽ ജോലി പൂർത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ ഇവർ നിർബന്ധമായും ജയിലിലേക്ക് തിരിച്ചെത്തണം. രാവിലെ ആറ് അല്ലെങ്കിൽ ഏഴ് മണിയോടെ പുറത്തുപോകുന്നവർ ഏകദേശം 12 മണിക്കൂറിന് ശേഷം ജയിലിൽ തിരിച്ചെത്തുന്ന രീതിയിലായിരിക്കും സംവിധാനം.

നിലവിൽ സംസ്ഥാനത്തെ നാല് പ്രധാന സെൻട്രൽ ജയിലുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിൽ, ഹസാരിബാഗിലെ ജയ് പ്രകാശ് നാരായൺ സെൻട്രൽ ജയിൽ, ഈസ്റ്റ് സിങ്ഭൂമിലെ ഘാഘിദിഹ് സെൻട്രൽ ജയിൽ, ദുംക സെൻട്രൽ ജയിൽ എന്നിവയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്ന ജയിലുകൾ നഗരപ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തടവുകാർക്ക് സമീപ പ്രദേശങ്ങളിൽ ജോലി കണ്ടെത്താനും വരുമാനം നേടാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ എല്ലാ തടവുകാർക്കും ഈ ആനുകൂല്യം ലഭിക്കില്ല. യോഗ്യരായ തടവുകാരെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കും.

തടവുകാരുടെ പെരുമാറ്റം, ജയിൽ ചട്ടങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും പുറത്തുപോയി ജോലി ചെയ്യാനുള്ള അനുമതി നൽകുക. പദ്ധതിയുടെ ഭാഗമായി പുറത്തുപോകുന്ന തടവുകാരുടെ കാര്യത്തിൽ കൃത്യമായ നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.

തടവുകാരുടെ സ്വഭാവപരിഷ്കരണത്തിന് സഹായിക്കുന്നതിനും ജയിൽ മോചിതരായ ശേഷം സമൂഹത്തിലേക്ക് കൂടുതൽ എളുപ്പത്തിൽ തിരിച്ചെത്തുന്നതിനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തടവുശിക്ഷയ്ക്കൊപ്പം തൊഴിൽപരിചയവും സാമ്പത്തിക സ്വാതന്ത്ര്യവും നേടാൻ അവസരം നൽകുന്നതിലൂടെ അവരുടെ പുനരധിവാസം കൂടുതൽ ഫലപ്രദമാക്കാമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

‘ഝാർഖണ്ഡ് പ്രിസൺ ആൻഡ് കറക്ഷണൽ സർവീസ് ആക്ട്, 2025’ന്റെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. പദ്ധതിക്ക് ഝാർഖണ്ഡ് മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *