‘ചോദ്യം ചെയ്യുന്നത് ധിക്കാരമല്ല’; വിദ്യാർഥികളെ ഭീഷണിപ്പെടുത്തരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ്

അധികാരസ്ഥാനങ്ങളിലുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്ന് വ്യത്യസ്തമായി സംസാരിച്ചതിന്റെ പേരിൽ വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയോ ശിക്ഷാനടപടികൾക്ക് വിധേയരാക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. ചോദ്യം ചെയ്യാനുള്ള അവകാശം ജനാധിപത്യ പൗരത്വത്തിന്റെ അടിസ്ഥാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ എൽഎൽഎം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ഉജ്ജൽ ഭുയാൻ.

ജനാധിപത്യത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതും വ്യത്യസ്തമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതും ധിക്കാരത്തിന്റെ ലക്ഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭരണഘടനാപരമായ ഉത്തരവാദിത്വത്തിന്റെയും അനിവാര്യമായ പ്രകടനമാണ് ചോദ്യം ചെയ്യാനുള്ള അവകാശം. അതിനാൽ, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുകയോ അധികാരസ്ഥാനങ്ങളിലുള്ളവരിൽനിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുകയോ ചെയ്താൽ അവരെ ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും ശിക്ഷാനടപടികൾ ചൂണ്ടിക്കാട്ടി ഭയപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അധികാരവും പദവിയും ദുരുപയോഗം ചെയ്ത് വിദ്യാർഥികളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് ഭുയാൻ പറഞ്ഞു.

ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണായ ഇന്ത്യയിൽ അസഹിഷ്ണുത നിറഞ്ഞ മനോഭാവത്തിന് ഇടമുണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസാരിക്കാനും ചിന്തിക്കാനും വ്യത്യസ്തമായ വിശ്വാസങ്ങൾ പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്നുണ്ട്.

ഭിന്നാഭിപ്രായങ്ങളെയും വിയോജിപ്പുകളെയും ന്യായമായ അഭിപ്രായവ്യത്യാസങ്ങളായി കാണാതെ അവയെ നിശ്ശബ്ദമാക്കുകയോ നിരസിക്കുകയോ ശിക്ഷിക്കുകയോ ചെയ്യേണ്ട ഒന്നായി പരിഗണിക്കുമ്പോഴാണ് അസഹിഷ്ണുത ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ചൂണ്ടിക്കാട്ടി.

വ്യത്യസ്ത അഭിപ്രായങ്ങളോടൊപ്പം ജീവിക്കാനുള്ള കഴിവ് കേവലം ഒരു സാമൂഹിക ഗുണം മാത്രമല്ലെന്നും അത് ശക്തമായ ഭരണഘടനാ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *