ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം; ആരോഗ്യവകുപ്പിന്റെ പുതിയ പദ്ധതി

ജില്ലാ, ജനറൽ ആശുപത്രികളിൽ മുഴുവൻ സമയവും സ്പെഷ്യാലിറ്റി ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് ആരോഗ്യവകുപ്പ് തുടക്കമിടുന്നു. പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനം ചൊവ്വാഴ്ച പുനലൂർ ജനറൽ ആശുപത്രിയിൽ ആരംഭിക്കും. ആറുമാസത്തിനകം പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലാ, ജനറൽ ആശുപത്രികളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി പി.ജി. യോഗ്യത നേടിയ അസിസ്റ്റന്റ് സർജൻമാരെ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ജില്ലാ, ജനറൽ ആശുപത്രികളിലേക്ക് പുനർനിയമിക്കും. പുനർവിന്യാസം നടത്തുന്ന ഡോക്ടർമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. ഡോക്ടർമാരുടെ സമ്മതം കൂടി കണക്കിലെടുത്തായിരിക്കും പുനർനിയമനം നടത്തുക.

ഡോക്ടർമാരുടെ പുനർനിയമനത്തെ തുടർന്ന് പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലുണ്ടാകുന്ന ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ പുതിയ ഡോക്ടർമാരെ നിയമിക്കും. സംസ്ഥാനത്താകെ ഇതിനകം 140 ഡോക്ടർമാർക്ക് കരാർ നിയമനത്തിനുള്ള ഉത്തരവ് നൽകിയിട്ടുണ്ട്. ഇതോടൊപ്പം സ്ഥിരം നിയമന നടപടികളും തുടരുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

പദ്ധതിയുടെ ഭാഗമായി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ഒൻപത് ഡോക്ടർമാരുടെ സേവനം ആശുപത്രികളിൽ ഉറപ്പാക്കും. രാത്രി എട്ടിന് ശേഷം അടിയന്തരമായി സ്പെഷ്യാലിറ്റി സേവനം ആവശ്യമായി വന്നാൽ ബന്ധപ്പെട്ട ഡോക്ടർമാരെ ആശുപത്രിയിലെത്തിക്കുന്ന ഓൺ-കോൾ സംവിധാനവും ഏർപ്പെടുത്തും.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *