സ്ത്രീകൾക്കൊരു കരുതൽ യാത്ര; PRD യുമായി ചേർന്ന് Chapter 4 ഒരുക്കിയ ‘പ്രിയദർശിനി’ ഹ്രസ്വചിത്രം പ്രകാശനം ചെയ്തു.

സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിയുടെ പ്രാധാന്യവും ലക്ഷ്യവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇൻഫർമേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനുവേണ്ടി Chapter4 തയ്യാറാക്കിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി സതീശൻ പ്രകാശനം ചെയ്തു. സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം അവരുടെ യാത്രാസ്വാതന്ത്ര്യത്തിനും സാമൂഹിക മുന്നേറ്റത്തിനും പിന്തുണ നൽകുന്ന പദ്ധതിയുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഹ്രസ്വചിത്രത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ ദൈനംദിന ജീവിതത്തിൽ ഇത്തരം പദ്ധതികൾക്കുള്ള പ്രാധാന്യം ലളിതമായ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിനു വേണ്ടി Chapter4 ആണ് ഹ്രസ്വചിത്രം ഒരുക്കിയത്. ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സീജി കടയ്ക്കൽ, മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകൾക്കായുള്ള ക്ഷേമപദ്ധതിയുടെ സന്ദേശം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഹ്രസ്വചിത്രം സഹായകമാകുമെന്നാണ് പ്രതീക്ഷ. അണിയറ പ്രവർത്തകർ : സംവിധാനം & ഛായാഗ്രഹണം – ജിതേഷ് പി പൂനത്ത് , തിരക്കഥ – നേഹ പി , ചിത്രസംയോജനം – പ്രശോഭ് കെ , സക്കീർ ഹുസൈൻ , ശ്രീലക്ഷ്മി , ശിവാരാധ്യ , ജ്യോതിശ്രീ , പ്രദീപ് , ദീപ്തി പി വി , ജയവിദ്യ , രാഹുൽ.

സ്വകാര്യ സ്ഥലത്തും ലൈസൻസില്ലാതെ വണ്ടിയോടിക്കരുത്; പ്രായപൂർത്തിയാകാത്തവർക്കും ഇളവില്ല

പ്രായപൂർത്തിയാകാത്തവർക്ക് സ്വകാര്യ സ്ഥലങ്ങളിൽ പോലും വാഹനമോടിക്കാൻ നിയമപരമായി ഇളവില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പൊതുനിരത്തുകളിൽ മാത്രമാണ് നിയമം ബാധകമെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ടെന്നും നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നടപടികളിൽനിന്ന് രക്ഷപ്പെട്ടാലും നിയമലംഘനം ന്യായീകരിക്കാനാകില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള സ്വകാര്യ ഇടങ്ങളിലും വാഹനമോടിക്കുമ്പോൾ നിയമം പാലിക്കണം. സ്വകാര്യ മൈതാനങ്ങൾ, വലിയ എസ്റ്റേറ്റുകൾ, തിയേറ്റർ പാർക്കിങ് ഏരിയകൾ, ഷോപ്പിങ് മാളുകളിലെ പാർക്കിങ് സ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പൊതുജനങ്ങൾക്കോ മറ്റ് വാഹനങ്ങൾക്കോ പ്രവേശനമുണ്ടെങ്കിൽ അവ മോട്ടോർ വാഹന നിയമപ്രകാരം പൊതുസ്ഥലമായി കണക്കാക്കും. ഇത്തരം ഇടങ്ങളിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് നിയമനടപടികൾക്ക് വഴിവെക്കും. അപകടസാധ്യത സൃഷ്ടിക്കുന്നതിനൊപ്പം വാഹനയുടമയ്ക്കും നിയമപരമായ ബാധ്യതയുണ്ടാക്കുന്ന കുറ്റമാണിതെന്ന് പത്തനംതിട്ട ആർ.ടി.ഒ. സി. ശ്യാം പറഞ്ഞു. അതിനാൽ സ്വകാര്യ സ്ഥലമാണെന്ന കാരണത്താൽ നിയമങ്ങൾ അവഗണിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി കാണാൻ പോകുന്നവർ ശ്രദ്ധിക്കുക; നിയമലംഘനത്തിന് കർശന നടപടി

മീശപ്പുലിമലയിലെ നീലക്കുറിഞ്ഞി വസന്തം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾ വനവകുപ്പ് നിർദേശിച്ച പാതകളിലൂടെ മാത്രമേ സഞ്ചരിക്കാവൂ എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നതും ചെടികൾ നശിപ്പിക്കുന്നതും ശിക്ഷാർഹമാണ്. പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കണമെന്നും മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾക്ക് നിരോധനമുണ്ടെന്നും വനവകുപ്പ് അറിയിച്ചു. വരയാടുകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെയും അപൂർവയിനം തവളകളെയും മറ്റ് ജീവികളെയും സ്പർശിക്കാനോ തീറ്റ നൽകാനോ പാടില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയും വന്യജീവികളുടെ സുരക്ഷയും ഉറപ്പാക്കാൻ സന്ദർശകർ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ജോലി ചെയ്യാം; സൂര്യനെല്ലിയിൽ ‘വർക്കേഷൻ’ ഒരുക്കി കെ.എഫ്.ഡി.സി.

ഓഫീസ് മുറികളിലെ പതിവ് ജോലിസാഹചര്യങ്ങളിൽനിന്ന് മാറി പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ജോലി ചെയ്യാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എഫ്.ഡി.സി.). സൂര്യനെല്ലി ഇക്കോ ടൂറിസം സെന്ററിലാണ് ‘വർക്കേഷൻ’ എന്ന ആശയം അവതരിപ്പിച്ചിരിക്കുന്നത്. മാനസിക സമ്മർദം കുറച്ച് ശാന്തമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുക. താമസത്തിനായി മൂന്ന് സ്റ്റോൺ കോട്ടേജുകളും വ്യക്തിഗത ജോലികൾക്കും മീറ്റിങ്ങുകൾക്കുമായി പ്രത്യേക ഇടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആവശ്യാനുസരണം പാർട്ടി സ്‌പേസായും മാറ്റാവുന്ന ‘ഗോൾഗർ’ ഇതിന്റെ പ്രത്യേകതയാണ്. തടസ്സമില്ലാതെ ജോലി ചെയ്യുന്നതിനും ഓൺലൈൻ മീറ്റിങ്ങുകൾ നടത്തുന്നതിനുമായി 24 മണിക്കൂറും ഹൈസ്പീഡ് വൈഫൈ സൗകര്യവും ലഭ്യമാണ്. വിദേശ കമ്പനികളുടെ ഷിഫ്റ്റുകളിൽ രാത്രി ജോലി ചെയ്യുന്നവർക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. രാത്രി ചായയും ലഘുഭക്ഷണവും ലഭ്യമാക്കാൻ വാച്ചർമാരുടെ സേവനവും തണുപ്പുള്ള കാലാവസ്ഥയിൽ ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രകൃതിയോട് ചേർന്നുനിന്ന് ജോലിയും വിശ്രമവും ഒരുമിച്ച് ആസ്വദിക്കാനുള്ള അവസരമാണ് ഈ വർക്കേഷൻ പദ്ധതിയിലൂടെ കെ.എഫ്.ഡി.സി. ലക്ഷ്യമിടുന്നത്.

‘അർണാബ്’ ചുഴലിക്കാറ്റിൽ ആന്ധ്രയിൽ മൂന്ന് മരണം; 1.8 ലക്ഷം പേർ മാറ്റിപ്പാർപ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണാബ്’ ചുഴലിക്കാറ്റ് കരതൊട്ടതോടെ ആന്ധ്രാപ്രദേശിലും യാനം തീരമേഖലയിലും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിലും മഴയിലും ആന്ധ്രയിൽ മൂന്ന് പേർ മരിച്ചു. 31 വീടുകൾ തകർന്നു. മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചതിനെ തുടർന്ന് നിരവധി മരങ്ങളും വൈദ്യുതത്തൂണുകളും കടപുഴകി. ആന്ധ്രയിൽനിന്നും ഒഡീഷയിൽനിന്നുമായി 1.8 ലക്ഷത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. തീരദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ശ്രീകാകുളത്ത് 167 ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. അന്തർവേദി തീരത്ത് എൻജിൻ തകരാറിലായ ചരക്കുകപ്പൽ തീരത്തടിഞ്ഞു. ചെന്നൈയിലെ എന്നൂരിൽ തിരമാലകൾ റോഡിലേക്ക് അടിച്ചുകയറിയതോടെ വാഹനങ്ങൾ ഒഴുകിപ്പോയി. ചുഴലിക്കാറ്റിനെ തുടർന്ന് വിമാന, റെയിൽ സർവീസുകളും തടസ്സപ്പെട്ടു. ചെന്നൈയിൽനിന്നുള്ള 12 വിമാനങ്ങളും വിജയവാഡയിലെ 18 സർവീസുകളും റദ്ദാക്കി. കിഴക്കൻ തീരത്ത് 50-ലധികം ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് ഝാർഖണ്ഡിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മോശം കാലാവസ്ഥ കാരണം നേപ്പാളിലെ ചില മേഖലകളിലേക്കുള്ള ട്രെക്കിങ് പെർമിറ്റുകളും താൽക്കാലികമായി നിർത്തിവച്ചു.

നിവിൻ പോളിക്കും എബ്രിഡ് ഷൈനിനുമെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ 1.9 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ് ഹൈക്കോടതി റദ്ദാക്കി. ‘ആക്ഷൻ ഹീറോ ബിജു 2’ സിനിമയുമായി ബന്ധപ്പെട്ട കേസിൽ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്റെ ബെഞ്ചിന്റെ നടപടി. കേസിലെ പരാതിക്കാരനായ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ നിവിൻ പോളി നൽകിയ പരാതിയും കോടതി റദ്ദാക്കി. സിനിമയുടെ നിർമാണാവകാശം, ലാഭവിഹിതം, വ്യാജ ഒപ്പിട്ട് രേഖകൾ സമർപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കേസിന് ആധാരം.

എബോള മരണം 4,887 ആയി; കോംഗോയിൽ രോഗബാധ പതിനായിരം കടന്നു

ഡി.ആർ. കോംഗോയിൽ എബോള രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം 10,060 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 4,887 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ എബോള വ്യാപനമായാണ് നിലവിലെ സാഹചര്യത്തെ വിലയിരുത്തുന്നത്. കെനിയ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും എബോള സ്ഥിരീകരിച്ചതോടെ രോഗവ്യാപനം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി. ഒക്ടോബർ ആദ്യം കെനിയയിലും നൈജീരിയയിലും ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. മെയ്, ജൂൺ മാസങ്ങളിലായി ഉഗാണ്ടയിൽ 20 കേസുകളും സ്ഥിരീകരിച്ചു. നൈജീരിയയിൽ സ്ഥിരീകരിച്ച രോഗബാധയ്ക്ക് പിന്നിൽ ഡി.ആർ. കോംഗോയിലെ വ്യാപനത്തിന് കാരണമായ ബൂൻഡിബുഗ്യോ വൈറസാണെന്ന് കണ്ടെത്തിയിരുന്നു. എബോള ബാധിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമാണ് നൈജീരിയ. ഒക്ടോബർ മൂന്നിന് ഉഗാണ്ടയിൽനിന്ന് തലസ്ഥാനമായ അബുജയിലേക്ക് യാത്ര ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് നൈജീരിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (NCDC) അറിയിച്ചു.

ദക്ഷിണേന്ത്യൻ സിനിമകളിൽ ഇപ്പോൾ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കി നടി രാധിക ആപ്‌തെ.

അവസരങ്ങളുടെ കുറവല്ല ഇതിന് പിന്നിലെന്നും വടക്കേ ഇന്ത്യയിൽ നിന്നുള്ള നടിമാരെ തമിഴ്, തെലുങ്ക് സിനിമകളിൽ തിരഞ്ഞെടുക്കുന്നതിന് പ്രധാന കാരണം അവരുടെ വെളുത്ത നിറമാണെന്ന് അറിഞ്ഞപ്പോൾ ബുദ്ധിമുട്ട് തോന്നിയെന്നും താരം പറഞ്ഞു. ഗലാട്ടാ തമിഴിന് നൽകിയ അഭിമുഖത്തിലായിരുന്നു രാധികയുടെ പ്രതികരണം. ദക്ഷിണേന്ത്യൻ സിനിമകളിൽ അഭിനയിച്ചിരുന്ന കാലത്ത് വടക്കേ ഇന്ത്യയിൽ നിന്നുള്ള ചില നടിമാരാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് രാധിക വെളിപ്പെടുത്തി. കഴിവുള്ള നിരവധി നടിമാർ ദക്ഷിണേന്ത്യയിലുണ്ടെന്നും അവരെ അവസരങ്ങൾക്കായി പരിഗണിക്കാമല്ലോ എന്നുമാണ് താൻ ചിന്തിച്ചതെന്നും താരം വ്യക്തമാക്കി. ഭാഷാപരമായ പരിമിതികളും ദക്ഷിണേന്ത്യൻ സിനിമകളിൽ നിന്ന് വിട്ടുനിൽക്കാനുള്ള മറ്റൊരു കാരണമായി രാധിക ചൂണ്ടിക്കാട്ടി. തനിക്ക് അറിയാത്ത ഭാഷയിൽ അഭിനയിക്കുമ്പോൾ സംഭാഷണങ്ങൾ സ്വാഭാവികമായി അവതരിപ്പിക്കുന്നതും ആവശ്യാനുസരണം മാറ്റങ്ങൾ വരുത്തുന്നതും പ്രയാസകരമാണ്. ഡയലോഗുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെന്ന് തോന്നിയാൽ പോലും ഭാഷ അറിയാത്തതിനാൽ അത് സാധിക്കണമെന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

മഹാനടിക്ക് ശേഷം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും സവിശേഷവുമായ കഥാപാത്രമാണ് ഡൊറോത്തിയുടേതെന്ന് നടി കീർത്തി സുരേഷ്.

സിനിമയുടെ ക്ലൈമാക്സിനോട് ചില സുഹൃത്തുക്കൾക്ക് അത്ര താൽപര്യം തോന്നിയില്ലെങ്കിലും അതിൽ തനിക്ക് പ്രശ്നമില്ലെന്നും ചിത്രത്തെക്കുറിച്ച് ചർച്ചകൾ നടക്കണമെന്നതായിരുന്നു അണിയറപ്രവർത്തകരുടെ ലക്ഷ്യമെന്നും താരം പറഞ്ഞു. ‘മഹാനടിക്ക് ശേഷം എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണിത്. ഈ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. യഥാർഥ മാറ്റത്തിന് വഴിയൊരുക്കുന്ന സിനിമയായതിനാൽ ഇതിന്റെ ഭാഗമാകാൻ സാധിച്ചത് വളരെ അർത്ഥവത്തായ അനുഭവമാണ്. ഒരു തമിഴ് സിനിമയിൽ LGBTQ വിഷയം ചർച്ച ചെയ്യുന്നു എന്നത് തന്നെ വലിയ കാര്യമാണ്. സമീപഭാവിയിൽ ഇത്തരമൊരു സിനിമ ഉണ്ടാകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല’, കീർത്തി വ്യക്തമാക്കി. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം സിനിമ പൂർണമായി കാണുമ്പോൾ പ്രേക്ഷകർക്ക് മനസിലാകുമെന്നും നടി പറഞ്ഞു. ചിത്രത്തിൽ അതിഥിവേഷത്തിന് സമാനമായ, ‘എക്സ്റ്റൻഡഡ് കാമിയോ’ ആണ് തന്റേതെന്നും ആറ്–ഏഴ് ദിവസങ്ങൾ മാത്രമാണ് സിനിമയ്ക്കായി ചെലവഴിച്ചതെന്നും താരം വെളിപ്പെടുത്തി.

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് ‘കീർത്തിചക്ര’.

സംവിധായകനെന്ന നിലയിൽ മേജർ രവിയുടെ അരങ്ങേറ്റ ചിത്രമായിരുന്ന ഇത് മോഹൻലാലിന്റെ കരിയറിലെ ശ്രദ്ധേയ ഹിറ്റുകളിലൊന്നായി മാറി. ഇപ്പോഴിതാ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച മേജർ മഹാദേവൻ എന്ന കഥാപാത്രത്തിന് തന്റെ ജീവിതവുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മേജർ രവി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ചിത്രത്തിലെ പല കഥാപാത്രങ്ങളും തന്റെ ജീവിതാനുഭവങ്ങളിൽനിന്ന് രൂപപ്പെട്ടവയാണെന്നും മേജർ രവി പറഞ്ഞു. ‘കീർത്തിചക്രയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ഞാനാണ്. ജീവ അവതരിപ്പിച്ച കഥാപാത്രം ഇപ്പോൾ എന്റെ മാനേജരായ ക്യാപ്റ്റൻ അനിൽ കുമാറിന്റേതാണ്. അദ്ദേഹം ഇപ്പോഴും എനിക്കൊപ്പമുണ്ട്. 38 വർഷമായി ഞങ്ങൾ ഒരുമിച്ചാണ്. അതുപോലൊരു ബന്ധം അങ്ങനെയൊന്നും ഉണ്ടാകില്ല. 1988-ലാണ് ഞാൻ അവനെ കാണുന്നത്. അന്ന് തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള സിങ്കിങ്. എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്’, മേജർ രവി പറഞ്ഞു.