കർഷക പ്രതിഷേധം; പഞ്ചസാരവില ഉയരാൻ സാധ്യത

കർഷക പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് പഞ്ചസാരവില വീണ്ടും ഉയർന്നേക്കും. നിലവിൽ ചില്ലറ വിപണിയിൽ കിലോഗ്രാമിന് 52 മുതൽ 55 രൂപ വരെയാണ് വില. കരിമ്പിനും പഞ്ചസാരയ്ക്കും ഉയർന്ന വില ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രംഗത്തെത്തിയതാണ് വിലക്കയറ്റ ഭീഷണിക്ക് കാരണം. കർണാടകത്തിൽ പഞ്ചസാരയുടെ താങ്ങുവില 60 രൂപയാക്കണമെന്നും കരിമ്പിന് ടണ്ണിന് 800 രൂപ ഉത്പാദനസഹായം നൽകണമെന്നുമാണ് ആവശ്യം. തമിഴ്നാട്, ഗുജറാത്ത്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും കർഷകർ പ്രോത്സാഹനത്തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കേരളത്തിലും വിലവർധനയുടെ പ്രതിഫലനം പ്രകടമാണ്. ഓണത്തിന് പിന്നാലെ മഹാരാഷ്ട്രയിൽനിന്ന് കിലോഗ്രാമിന് 58 രൂപയ്ക്കാണ് വ്യാപാരികൾ പഞ്ചസാര വാങ്ങിയത്. സപ്ലൈകോ ന്യായവിലയ്ക്ക് പഞ്ചസാര നൽകുന്നത് ഉപഭോക്താക്കൾക്ക് ആശ്വാസമാണെങ്കിലും വിലവർധന സ്ഥാപനത്തിന് പ്രതിമാസം 17 കോടി രൂപയുടെ നഷ്ടമുണ്ടാക്കുന്നുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധം; സമുദ്രപാതാ സുരക്ഷയ്ക്കായി ഇന്ത്യയുടെ ഇടപെടൽ

റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ സിവിലിയൻ കപ്പലുകളുടെ സുരക്ഷ, കരിങ്കടൽ വഴിയുള്ള ധാന്യക്കയറ്റുമതി, ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യ ഇരുരാജ്യങ്ങളുമായും യൂറോപ്യൻ രാജ്യങ്ങളുമായും ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. അറ്റ്ലാന്റയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിവിലിയൻ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കുകയാണ് ചർച്ചയിലെ പ്രധാന വിഷയം. യുദ്ധംമൂലം തടസ്സപ്പെട്ട കരിങ്കടൽ വഴിയുള്ള റഷ്യയുടെയും യുക്രെയ്ന്റെയും ധാന്യക്കയറ്റുമതി പുനഃസ്ഥാപിക്കുന്നതും ചർച്ചയായി. റിഫൈനറികൾ, വൈദ്യുതി ഗ്രിഡുകൾ, ഇന്ധനക്കപ്പലുകൾ തുടങ്ങിയ ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ തടയുന്നതും പ്രധാന വിഷയമാണെന്ന് ജയ്ശങ്കർ പറഞ്ഞു. സമുദ്രഗതാഗതത്തിലെ തടസ്സങ്ങൾ ചരക്കുനീക്കത്തെയും അന്താരാഷ്ട്ര വിതരണശൃംഖലയെയും ബാധിക്കുന്നതിനൊപ്പം ചരക്കുകൂലിയും ഇൻഷുറൻസ് ചെലവും വർധിപ്പിക്കും. ഊർജ അടിസ്ഥാനസൗകര്യങ്ങൾക്കുനേരെയുള്ള ആക്രമണങ്ങൾ ഇന്ധനവിതരണത്തെയും വിലയെയും ബാധിക്കാനും സാധ്യതയുണ്ട്. ആഗോള ഭക്ഷ്യ-ഊർജ വിപണികളിലെ സ്ഥിരത ഉറപ്പാക്കാൻ ഈ മേഖലകളുടെ സുരക്ഷ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ചേരനല്ലൂർ വാഹനാപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചെന്ന ആരോപണം

ചേരനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17-കാരന്റെ പിതാവും ജഡ്ജിയുമായ വ്യക്തിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. അപകടത്തിന് പിന്നാലെ തെളിവുകൾ നശിപ്പിക്കാനും അന്വേഷണം അട്ടിമറിക്കാനും ജഡ്ജി ശ്രമിച്ചെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ഭാരതീയ ന്യായസംഹിതയിലെ 238-ാം വകുപ്പ് പ്രകാരം പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അപകടദിവസം നിയമവിരുദ്ധമായി പോലീസ് സ്റ്റേഷനിലെത്തിയ ജഡ്ജി, മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചതായും കുടുംബം ആരോപിക്കുന്നു. അപകടസ്ഥലത്ത് നേരിട്ടെത്തിയ ജഡ്ജി വാഹനം മാറ്റുകയോ വൃത്തിയാക്കുകയോ ചെയ്തിട്ടുണ്ടോ എന്നും വാഹനത്തിന് പിന്നിലുണ്ടായിരുന്ന ‘ജഡ്ജ്’ എന്ന ബോർഡ് നീക്കം ചെയ്തതായും സംശയമുണ്ട്. പോലീസുകാരെ സ്വാധീനിച്ച് അന്വേഷണത്തിൽ ഇടപെട്ടതായും പരാതിയിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത മകന് വാഹനം നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ 199എ വകുപ്പ് പ്രകാരം ജഡ്ജിക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. എന്നാൽ മകനെ നിയമനടപടികളിൽനിന്ന് രക്ഷിക്കാൻ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിലും പ്രത്യേക അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
ആവശ്യങ്ങൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ

അമേരിക്ക തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറക്കാമെന്ന് ഇറാൻ. ഉപരോധങ്ങൾ പിൻവലിക്കുകയും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുകയും എല്ലാ മേഖലകളിലെയും യുദ്ധം അവസാനിപ്പിക്കുകയും വേണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി അറിയിച്ചു. ഖത്തർ മുഖേന കൈമാറിയ നിർദേശങ്ങൾ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരുന്നു. ഇറാനുമേൽ കൂടുതൽ ഉപരോധങ്ങളും ഏർപ്പെടുത്തി. അതേസമയം, ഇറാനെതിരായ ഏത് സൈനിക നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബഖായി മുന്നറിയിപ്പ് നൽകി. പിക്ആക്സ് മൗണ്ടെയ്ൻ ആണവനിലയമാണെന്ന അമേരിക്കയുടെ സംശയവും ഇറാൻ നിഷേധിച്ചു.
സൂര്യകുമാറിന്റെ റെക്കോഡ് തകർത്ത് ഇഷാൻ കിഷൻ; ടി20യിൽ ചരിത്രനേട്ടം

ന്യൂസീലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യൻ താരം ഇഷാൻ കിഷൻ. ഒരു കലണ്ടർ വർഷം ഇന്ത്യയ്ക്കായി ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് ഇഷാൻ സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ റെക്കോഡാണ് താരം മറികടന്നത്. മത്സരത്തിൽ നാലാം പന്തിൽ സിക്സർ നേടിയാണ് ഇഷാൻ ചരിത്ര നേട്ടത്തിലെത്തിയത്. 2026ൽ ഇതുവരെ കളിച്ച 37 മത്സരങ്ങളിൽ നിന്ന് 1,220 റൺസാണ് ഇഷാൻ നേടിയത്. ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 2022ൽ 1,164 റൺസ് നേടിയ സൂര്യകുമാറായിരുന്നു ഇതുവരെ റെക്കോഡിന് ഉടമ. 1,153 റൺസുമായി അഭിഷേക് ശർമയാണ് ഇഷാന് പിന്നിലുള്ളത്. 30 മത്സരങ്ങളിൽ നിന്ന് 810 റൺസാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം. അതേസമയം, ഒരു കലണ്ടർ വർഷം ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ലോക റെക്കോഡ് ഓസ്ട്രിയയുടെ കരൺബീർ സിങ്ങിന്റെ പേരിലാണ്. 2025ൽ 32 മത്സരങ്ങളിൽ നിന്ന് 1,488 റൺസാണ് താരം നേടിയത്. 2021ൽ 1,326 റൺസ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് പട്ടികയിൽ രണ്ടാമത്.
ഡിസംബർ 11ന് വീണ്ടും തിയേറ്ററുകളിലേക്ക് ‘ജെന്റിൽമാൻ’റീ റിലീസ് പ്രഖ്യാപിച്ചു

തമിഴ് സിനിമയിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ വീണ്ടും തിയേറ്ററുകളിലെത്തുന്നു. ഡിസംബർ 11ന് ആഗോളതലത്തിൽ ചിത്രം റീ റിലീസ് ചെയ്യുമെന്ന് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. 1993ൽ പുറത്തിറങ്ങിയ ചിത്രം എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. അർജുൻ നായകനായെത്തിയ സിനിമ മികച്ച ആക്ഷൻ രംഗങ്ങളും പ്രണയവും സാമൂഹിക പ്രമേയവും കൊണ്ട് അക്കാലത്ത് ബോക്സ് ഓഫീസിൽ വൻ വിജയം നേടി. എ.ആർ. റഹ്മാന്റെ സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണമായിരുന്നു. പഴയ തലമുറയ്ക്കും പുതിയ പ്രേക്ഷകർക്കും ഒരുപോലെ ആവേശം പകരുന്നതാണ് റീ റിലീസ്. 4K അൾട്രാ എച്ച്ഡി ദൃശ്യനിലവാരത്തിലും 7.1 സറൗണ്ട് സൗണ്ട് സംവിധാനത്തിലുമാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നത്.
നിവിൻ പോളിയുടെ സർപ്രൈസ് കോൾസന്തോഷം മറച്ചുവയ്ക്കാനാകാതെ സായ് പല്ലവി

നടി സായ് പല്ലവിക്ക് അപ്രതീക്ഷിതമായി ഫോൺ ചെയ്ത് നടൻ നിവിൻ പോളി. ഇരുവരുടേയും ഫോൺ സംഭാഷണവും സായ് പല്ലവിയുടെ പ്രതികരണവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം. നിവിൻ പോളിയുടെ പുതിയ ചിത്രമായ ‘ബത്ലഹേം കുടുംബ യൂണിറ്റ്’ കണ്ട അനുഭവം പങ്കുവെക്കുന്നതിനിടെയാണ് നിവിൻ നേരിട്ട് വിളിച്ചത്. രണ്ട് ദിവസം മുമ്പാണ് ചിത്രം കണ്ടതെന്നും അതേക്കുറിച്ച് സംസാരിക്കാൻ നിവിനെ വിളിക്കാനിരിക്കുകയായിരുന്നുവെന്നും സായ് പല്ലവി പറഞ്ഞു. ചിത്രത്തിലെ മമിത ബൈജുവിന്റെ പ്രകടനത്തെയും താരം പ്രശംസിച്ചു. ചിത്രം ബ്ലോക്ക്ബസ്റ്ററായതിൽ നിവിനെ അഭിനന്ദിച്ച സായ് പല്ലവി, സംവിധായകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അയ്യപ്പാ വിളികൾ തന്നെ ഏറെ ചിരിപ്പിച്ചെന്നും പറഞ്ഞു. അപ്രതീക്ഷിത ഫോൺ കോളിന് നന്ദി അറിയിച്ച താരം നിവിനോട് സംസാരിക്കാനായതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.
മോഹൻലാൽ- തരുൺ മൂർത്തി ചിത്രം ‘അതിമനോഹരം’ആദ്യഗാനം പുറത്തിറങ്ങി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ – തരുൺ മൂർത്തി ചിത്രം ‘അതിമനോഹര’ത്തിലെ ആദ്യഗാനം പുറത്തിറങ്ങി. സുന്ദര രാവണൻ എന്ന ലിറിക്കൽ ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. എം. ജി ശ്രീകുമാറിന്റെ ആലാപനത്തിൽ ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം ഇതിനോടകം ശ്രദ്ധ നേടുകയാണ്. മോഹൻലാലിന്റെ നർമ്മരംഗങ്ങളും ഗാനത്തിന്റെ പ്രധാന ആകർഷണമാണ്. ‘തുടരും’ എന്ന വിജയചിത്രത്തിന് ശേഷം മോഹൻലാലും തരുൺമൂർത്തിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. രതീഷ് രവിയാണ് ചിത്രത്തിന് തിരകഥ ഒരുക്കുന്നത്. നേരത്തെ L365 എന്ന പേരിൽ പ്രഖ്യാപിച്ചിരുന്ന ചിത്രം ഓസ്റ്റിൻ ഡാൻ തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്. എന്നാൽ പിന്നീട് ഓസ്റ്റിൻ ചിത്രത്തിൽ നിന്ന് പിന്മാറുകയും തരുൺ മൂർത്തിയുടെ സംവിധാനത്തിൽ L365 പ്രഖ്യപിക്കുകയുമായിരുന്നു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.
രണ്ടാം വിവാഹത്തിനൊരുങ്ങി റിമി ടോമിസന്തോഷവാർത്ത പങ്കുവച്ച് താരം

രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്ന സന്തോഷവാർത്ത പങ്കുവച്ച് ഗായിക റിമി ടോമി. 2026ൽ തന്റെ ജീവിതത്തിലേക്ക് ഒരാൾ കടന്നുവന്നുവെന്നും അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കുമെന്നും താരം താരം യൂട്യൂബ് ചാനലിലൂടെ അറിയിച്ചു. വരൻ അഭിനേതാവോ ഗായകനോ പ്രശസ്ത വ്യക്തിയോ കോടീശ്വരനോ അല്ലെന്നും റിമി വ്യക്തമാക്കി. പുതിയ വ്യക്തിയുമായുള്ള ബന്ധം തനിക്ക് വലിയ മനസമാധാനം നൽകുന്നുണ്ടെന്നും പരസ്പരം മനസിലാക്കിയ ശേഷമാണ് വിവാഹതീരുമാനത്തിലേക്ക് എത്തിയതെന്നും താരം പറഞ്ഞു. ജീവിതത്തിൽ ഒരു പങ്കാളിയുടെ അഭാവം എപ്പോഴും തോന്നിയിരുന്നുവെന്നും നല്ലൊരു ജീവിതം ലഭിക്കുമെന്ന് ഉറപ്പായതോടെയാണ് പുതിയ തീരുമാനമെടുത്തതെന്നും റിമി കൂട്ടിച്ചേർത്തു. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കുമെന്നും ആരാധകരുടെ പ്രാർത്ഥനയും പിന്തുണയും അനുഗ്രഹവും വേണമെന്നും താരം അഭ്യർഥിച്ചു.