ന്യൂസീലൻഡിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ റെക്കോഡ് നേട്ടവുമായി ഇന്ത്യൻ താരം ഇഷാൻ കിഷൻ. ഒരു കലണ്ടർ വർഷം ഇന്ത്യയ്ക്കായി ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടമാണ് ഇഷാൻ സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ റെക്കോഡാണ് താരം മറികടന്നത്. മത്സരത്തിൽ നാലാം പന്തിൽ സിക്സർ നേടിയാണ് ഇഷാൻ ചരിത്ര നേട്ടത്തിലെത്തിയത്.
2026ൽ ഇതുവരെ കളിച്ച 37 മത്സരങ്ങളിൽ നിന്ന് 1,220 റൺസാണ് ഇഷാൻ നേടിയത്. ഒരു സെഞ്ചുറിയും ഏഴ് അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 2022ൽ 1,164 റൺസ് നേടിയ സൂര്യകുമാറായിരുന്നു ഇതുവരെ റെക്കോഡിന് ഉടമ. 1,153 റൺസുമായി അഭിഷേക് ശർമയാണ് ഇഷാന് പിന്നിലുള്ളത്. 30 മത്സരങ്ങളിൽ നിന്ന് 810 റൺസാണ് സഞ്ജു സാംസണിന്റെ സമ്പാദ്യം.
അതേസമയം, ഒരു കലണ്ടർ വർഷം ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന ലോക റെക്കോഡ് ഓസ്ട്രിയയുടെ കരൺബീർ സിങ്ങിന്റെ പേരിലാണ്. 2025ൽ 32 മത്സരങ്ങളിൽ നിന്ന് 1,488 റൺസാണ് താരം നേടിയത്. 2021ൽ 1,326 റൺസ് നേടിയ പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ് പട്ടികയിൽ രണ്ടാമത്.






