മികച്ച പ്രതികരണവുമായി ദുൽഖറിന്റെ ‘ആകാശംലോ ഒക താര’;പ്രകടനത്തിന് കൈയടി

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ‘ആകാശംലോ ഒക താര’ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുന്നു. റിലീസിന് മുന്നോടിയായി കേരളത്തിൽ നടന്ന പ്രീമിയർ ഷോകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദുൽഖറിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ചിത്രത്തിലേതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നായിക സാത്വിക വീരവല്ലിക്കും മികച്ച പ്രശംസ ലഭിക്കുന്നുണ്ട്. ചിത്രത്തിൽ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുൽഖർ എത്തുന്നത്. പുതുമുഖം സാത്വിക വീരവല്ലി കല്പനയെയും അവതരിപ്പിക്കുന്നു. സമൂഹം മുന്നോട്ടുവെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്ന കല്പനയ്ക്ക് പിന്തുണയാകുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. വൈകാരികതയും പ്രണയവും പ്രചോദനവും മനോഹരമായി കോർത്തിണക്കിയ അവതരണമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവയുടെ ബാനറുകളിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ വേഫെറർ ഫിലിംസാണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. മികച്ച മേക്കിംഗ്, ദൃശ്യാവിഷ്കാരം, താരങ്ങളുടെ പ്രകടനം എന്നിവയും ചിത്രത്തിന് അനുകൂലമായ പ്രതികരണങ്ങൾ നേടിക്കൊടുക്കുന്നുണ്ട്.
തെന്നിന്ത്യൻ സംസ്കാരത്തെ അപമാനിച്ചിട്ടില്ല; രാധിക ആപ്തെ വിവാദത്തിൽ വിശദീകരണവുമായി കീർത്തി സുരേഷ്

‘അക്ക’ സിനിമയുടെ പ്രമോഷനിടെ രാധിക ആപ്തെ നടത്തിയ വിവാദ പരാമർശത്തിലും തന്റെ പ്രതികരണത്തിലും വിശദീകരണവുമായി നടി കീർത്തി സുരേഷ്. രാധിക ആദ്യം പറഞ്ഞത് തനിക്ക് ശരിയായി മനസ്സിലായില്ലെന്നും തെന്നിന്ത്യൻ സംസ്കാരത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ‘സത്യവാൻ സാവിത്രി’ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. തെലുങ്ക് സിനിമയിൽ അമ്മാവനെ റൊമാൻസ് ചെയ്യേണ്ടിവന്നതിനെക്കുറിച്ച് രാധിക നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ കേരളത്തിൽ അത്തരമൊരു ആചാരമില്ലെന്ന് കീർത്തി പറഞ്ഞതും ചർച്ചയായി. രാധികയെ തിരുത്താതെ പിന്തുണച്ചെന്ന വിമർശനവും ആരാധകർ ഉയർത്തിയിരുന്നു. കേരളത്തിൽ അമ്മാവന്മാരെ വിവാഹം കഴിക്കുന്ന ആചാരമില്ലെന്നാണ് തന്റെ അറിവെന്നും മുറൈമാമൻ തിരുമണം തമിഴ്നാട്ടിലും ആന്ധ്രയിലുമുള്ള ആചാരമാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്നും കീർത്തി വിശദീകരിച്ചു. ഒരു കാര്യം വ്യക്തമാക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും തെന്നിന്ത്യൻ സംസ്കാരത്തെ താഴ്ത്തിക്കെട്ടാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.