‘അക്ക’ സിനിമയുടെ പ്രമോഷനിടെ രാധിക ആപ്‌തെ നടത്തിയ വിവാദ പരാമർശത്തിലും തന്റെ പ്രതികരണത്തിലും വിശദീകരണവുമായി നടി കീർത്തി സുരേഷ്. രാധിക ആദ്യം പറഞ്ഞത് തനിക്ക് ശരിയായി മനസ്സിലായില്ലെന്നും തെന്നിന്ത്യൻ സംസ്കാരത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. ‘സത്യവാൻ സാവിത്രി’ സിനിമയുടെ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.
തെലുങ്ക് സിനിമയിൽ അമ്മാവനെ റൊമാൻസ് ചെയ്യേണ്ടിവന്നതിനെക്കുറിച്ച് രാധിക നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ കേരളത്തിൽ അത്തരമൊരു ആചാരമില്ലെന്ന് കീർത്തി പറഞ്ഞതും ചർച്ചയായി. രാധികയെ തിരുത്താതെ പിന്തുണച്ചെന്ന വിമർശനവും ആരാധകർ ഉയർത്തിയിരുന്നു.
കേരളത്തിൽ അമ്മാവന്മാരെ വിവാഹം കഴിക്കുന്ന ആചാരമില്ലെന്നാണ് തന്റെ അറിവെന്നും മുറൈമാമൻ തിരുമണം തമിഴ്നാട്ടിലും ആന്ധ്രയിലുമുള്ള ആചാരമാണെന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്നും കീർത്തി വിശദീകരിച്ചു. ഒരു കാര്യം വ്യക്തമാക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും തെന്നിന്ത്യൻ സംസ്കാരത്തെ താഴ്ത്തിക്കെട്ടാൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.






