ഇന്ത്യൻ വ്യോമസേനയുടെ കൈവശമുള്ള 36 റഫാൽ യുദ്ധവിമാനങ്ങളിൽ 32 എണ്ണം മാത്രമാണ് നിലവിൽ പ്രവർത്തനക്ഷമമെന്ന് ബ്രിട്ടീഷ് ഏവിയേഷൻ മാസികയായ ഫ്‌ളൈറ്റ് ഗ്ലോബലിന്റെ പുതിയ റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിലെ കണക്കുകൾ പൂർണമായും തെറ്റാണെന്ന് വ്യോമസേന മുൻ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി പ്രതികരിച്ചു. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണമോ തെളിവുകളോ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 35 റഫാൽ വിമാനങ്ങൾ പ്രവർത്തനക്ഷമമാണെന്നായിരുന്നു ഫ്‌ളൈറ്റ് ഗ്ലോബലിന്റെ കണക്ക്. പുതിയ റിപ്പോർട്ടിൽ ഇത് 32 ആയി കുറച്ചതാണ് വിവാദത്തിന് കാരണം. പാകിസ്താൻ വെടിവെച്ചിട്ടെന്ന് അവകാശപ്പെട്ട റഫാൽ വിമാനങ്ങളുടെ തിരിച്ചറിയൽ നമ്പറുകൾ നേരത്തേ പുറത്തുവിട്ടവരാണ് തെറ്റായ വിവരങ്ങൾക്ക് പിന്നിലെന്നും, ആ നമ്പറുകളിലുള്ള വിമാനങ്ങൾ പിന്നീട് അന്താരാഷ്ട്ര സൈനിക അഭ്യാസങ്ങളിൽ പങ്കെടുത്തെന്നും തിവാരി ആരോപിച്ചു.
റഫാൽ പൈലറ്റായ ശിവാംഗി സിങ്ങിനെ പാകിസ്താൻ സൈന്യം പിടികൂടിയെന്ന വ്യാജപ്രചാരണവും ഇതേ വിവരസ്രോതസ്സുകളുമായി ബന്ധപ്പെട്ടതാണെന്ന് തിവാരി ചൂണ്ടിക്കാട്ടി. അതേസമയം, ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്ക് വിമാനനഷ്ടങ്ങളും തന്ത്രപരമായ പിഴവുകളും സംഭവിച്ചതായി മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർ സമ്മതിച്ചിരുന്നെങ്കിലും നാല് റഫാൽ വിമാനങ്ങൾ നഷ്ടപ്പെട്ടെന്ന പാകിസ്താന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചിരുന്നു.






