വെറുതെ ട്രൈ ചെയ്തു, കിട്ടിയത് പട്ടുറുമാലില്‍! മനസ്സ് തുറന്ന് ഫാത്തിമത്തൂല്‍ ഫാദിയ
മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന മൊഞ്ചന്മാരുടെയും മൊഞ്ചത്തിമാരുടെയും സ്വപ്നവേദിയാണ് പട്ടുറുമാല്‍.കിട്ടാന്‍ ഭാഗ്യം വേണമെന്ന് കരുതിയിരുന്ന റിയാലിറ്റി ഷോയിലേക്ക് വെറുതെ ഒന്ന് ട്രൈ ചെയ്തതാണ് ഫാത്തിമത്തൂല്‍ഫാദിയ. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടുറുമാലിലെ ഓഡിഷനെക്കുറിച്ച് കേള്‍ക്കുന്നത്. ഈ വിവരം അറിയിച്ചതും പാട്ടുപാടാന്‍ പ്രോത്സാഹിപ്പിച്ചതും ഉമ്മയാണ്. ഓഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ മൂന്ന് മെലഡിയിലുള്ള പാട്ടുകള്‍ പാടി അയച്ചുകൊടുക്കണം.പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് അയച്ചെങ്കിലും മറുപടിയൊന്നും വന്നില്ല.പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ തിരൂരിൽ വെച്ച് നടക്കുന്ന ഫൈനല്‍ ഓഡിഷന് വരണം എന്ന് പറഞ്ഞ് സന്ദേശം വന്നു.അങ്ങനെ ഫൈനല്‍ ഓഡിഷന് പങ്കെടുക്കണം എന്ന ആവേശത്തില്‍ ഫാദിയ പാട്ട് പഠിക്കാന്‍ തുടങ്ങി.കലോത്സവത്തിന് ഒന്നാം സ്ഥാനം കിട്ടിയ പാട്ടായിരുന്നു ഓഡിഷന് പാടിയിരുന്നത്.ഒടുവില്‍ ആ പാട്ട് കൊണ്ടെത്തിച്ചത് പട്ടുറുമാലിന്റെ വേദിയില്‍ ആയിരുന്നു. പട്ടുറുമാല്‍ എന്ന ജനകീയ റിയാലിറ്റി ഷോയില്‍തിളങ്ങിനിന്നിരുന്ന പട്ടുറുമാലിലെ പാട്ടുകാരിക്ക് ഇനി ഒരു ആഗ്രഹം കൂടിയുണ്ട് ബാക്കി. സിനിമയില്‍ പാടണം. പട്ടുറുമാല്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണിപ്പോള്‍ ഫാത്തിമത്തൂല്‍ ഫാദിയ.










