എഡി എച്ച് ഡിചിതറുന്ന ചിന്തകളുടെ പിന്നിലെ ശാസ്ത്രം

.നമ്മുടെ ഇടയിൽ പലരും പലപ്പോഴും പറയുന്ന ഒരു കാര്യമാണ് — “ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല.” എന്നാൽ ചിലർക്കിത് ഒരു സാധാരണ പ്രശ്നമല്ല. അത് എ ഡി എച്ച് ഡി (Attention Deficit Hyperactivity Disorder) എന്ന ന്യൂറോഡെവലപ്‌മെന്റൽ അവസ്ഥയുടെ ഭാഗമായിരിക്കാം. കുട്ടികളിൽ മാത്രം കാണപ്പെടുന്ന ഒന്നാണെന്ന തെറ്റിദ്ധാരണ ഇപ്പോഴും നിലനിൽക്കുന്നുവെങ്കിലും, യാഥാർത്ഥ്യത്തിൽ ഇത് മുതിർന്നവരിലും വ്യാപകമായി കാണപ്പെടുന്നു.എ ഡി എച്ച് ഡി തലച്ചോറിന്റെ പ്രവർത്തന രീതിയുമായി ബന്ധപ്പെട്ട ഒരു വ്യത്യസ്ത അവസ്ഥയാണ്, ഇത് പ്രധാനമായും ശ്രദ്ധക്കുറവ്, അമിത സജീവത, ഇംപൾസീവ് പെരുമാറ്റം എന്നീ മേഖലകളിൽ സ്വാധീനം ചെലുത്തുന്നു. ഒരിക്കലും ഇത് മടിയുടേയോ അലംഭാവത്തിന്റേയോ ഫലമല്ല; തലച്ചോറിലെ ഡോപമിൻ എന്ന രാസവസ്തുവിന്റെ അസന്തുലിതാവസ്ഥയാണ് ഇതിന് പ്രധാന കാരണം.എ ഡി എച്ച് ഡിഉള്ളവരുടെ ദൈനംദിന ജീവിതം പലപ്പോഴും പുറത്തുനിന്ന് കാണുമ്പോൾ സാധാരണപോലെ തോന്നാം, പക്ഷേ അവരുടെ ഉള്ളിൽ ഒരുപാട് വെല്ലുവിളികളാണ് നടക്കുന്നത്. സമയക്രമം പാലിക്കാൻ ബുദ്ധിമുട്ട്, ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയാതെ വരിക, പലപ്പോഴും വൈകി എത്തുക എന്നിവ സാധാരണമാണ്. ചെറിയ കാര്യങ്ങൾ പോലും വലിയൊരു ഭാരമായി തോന്നുകയും അത് തുടങ്ങാൻ തന്നെ വലിയ പ്രയാസമാകുകയും ചെയ്യുന്നു. മറവിയും ഇതിന്റെ പ്രധാന ഭാഗമാണ് — സാധനങ്ങൾ എവിടെ വെച്ചുവെന്ന് മറക്കുക, ചെറിയ കാര്യങ്ങൾ പോലും ഓർമ്മയിൽ നിലനിർത്താൻ ബുദ്ധിമുട്ട് അനുഭവപ്പെടുക. ഇതോടൊപ്പം, വികാരങ്ങൾ കൂടുതൽ തീവ്രമായി അനുഭവപ്പെടുന്നത് കൊണ്ട് പെട്ടെന്ന് ദേഷ്യം വരിക, നിരാശപ്പെടുക, അല്ലെങ്കിൽ ഓവർത്തിങ്കിംഗ് ചെയ്യുക പോലുള്ള അനുഭവങ്ങളും സാധാരണമാണ്.എന്നാൽ എ ഡി എച്ച് ഡി ഒരു ദൗർബല്യം മാത്രമല്ല. അതിന് ഒരു ശക്തിയുമുണ്ട്. താൽപ്പര്യമുള്ള ഒരു വിഷയമാണെങ്കിൽ, മറ്റെല്ലാം മറന്ന് മണിക്കൂറുകളോളം അതിൽ മുഴുകിയിരിക്കാൻ കഴിയുന്ന അവസ്ഥയാണ് ഹൈപ്പർ ഫോക്കസ് ഈ അവസ്ഥ പലപ്പോഴും സൃഷ്ടിപരമായ ചിന്തകളിലും പുതിയ ആശയങ്ങൾ കണ്ടെത്തുന്നതിലും വലിയ പങ്ക് വഹിക്കുന്നു. അതുകൊണ്ടുതന്നെ,എ ഡി എച്ച് ഡി ഉള്ള പലരും creative മേഖലകളിൽ ശ്രദ്ധേയരാകുന്നത് അപൂർവ്വമല്ല.എ ഡി എച്ച് ഡിയെ പൂർണ്ണമായും മാറ്റേണ്ട ഒരു “രോഗം” എന്നതിലുപരി, മനസ്സിലാക്കി കൈകാര്യം ചെയ്യേണ്ട ഒരു അവസ്ഥയായി കാണുന്നത് കൂടുതൽ പ്രായോഗികമാണ്. വലിയ ജോലികളെ ചെറിയ ഭാഗങ്ങളാക്കി തിരിച്ച് ഓരോന്നായി പൂർത്തിയാക്കുന്നത് സഹായകരമാണ്. റിമൈൻഡറുകൾ, മൊബൈൽ നോട്ടുകൾ, അലാറങ്ങൾ എന്നിവ ഉപയോഗിക്കുന്നത് മറവി കുറയ്ക്കാൻ സഹായിക്കും. ചിലർക്കു ലഘു സംഗീതം കേൾക്കുന്നത് ശ്രദ്ധ നിലനിർത്താൻ സഹായകരമായേക്കാം. കൂടാതെ, കൃത്യമായ ഉറക്കവും ഭക്ഷണവും ഉൾപ്പെടുന്ന ഒരു സ്ഥിരമായ ജീവിതക്രമം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.ഒടുവിൽ, എ ഡി എച്ച് ഡിഉള്ളവരുടെ ലോകം മറ്റുള്ളവരുടേതിൽ നിന്ന് അല്പം വ്യത്യസ്തമാണ്. ചിലപ്പോൾ അത് വളരെ വ്യക്തവും ക്രമബദ്ധവുമായിരിക്കും, മറ്റു ചിലപ്പോൾ ചിതറിപ്പോയ ചിന്തകളുടെ ഒരു പ്രവാഹംപോലെ തോന്നും. എന്നാൽ അത് ഒരു കുറവല്ല; മറിച്ച് ഒരു വ്യത്യസ്തമായ തലച്ചോറിന്റെ പ്രവർത്തനമാണ്. അതിനെ ഭയപ്പെടുകയോ തള്ളിക്കളയുകയോ ചെയ്യുന്നതിന് പകരം, മനസ്സിലാക്കി അതിനനുസരിച്ച് ജീവിക്കാനാണ് നമ്മൾ പഠിക്കേണ്ടത്. അതാണ് കൂടുതൽ സമതുലിതവും ആത്മവിശ്വാസമുള്ളതുമായ ജീവിതത്തിലേക്കുള്ള വഴി.

റീൽസ് ക്രിയേറ്റിവിറ്റിയുടെ ചിറകാണോ അതോ ചങ്ങലയോ…

ഇന്ന് നമ്മൾ കണ്ണുതുറന്നാൽ ആദ്യം നോക്കുന്നത് ഫോണിലെ ആ 30 സെക്കൻഡ് വിരൽത്തുമ്പിലെ ലോകത്തിലേക്കാണ്. ഇൻസ്റ്റാഗ്രാമും യൂട്യൂബ് ഷോർട്‌സും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. സത്യത്തിൽ റീൽസ് ഒരു മികച്ച പ്ലാറ്റ്‌ഫോം തന്നെയാണ്; വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു വലിയ ഐഡിയ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇത് സഹായിക്കുന്നു. വലിയ ക്യാമറയോ സ്റ്റുഡിയോയോ ഇല്ലാതെ വെറുമൊരു ഫോൺ കൈയിലുള്ള ആർക്കും തന്റെ കഴിവ് ലോകത്തിന് മുന്നിൽ കാണിക്കാം എന്ന വലിയൊരു മാറ്റം റീൽസ് കൊണ്ടുവന്നു. സാധാരണക്കാർക്ക് പോലും സെലിബ്രിറ്റികളാകാൻ ഇന്ന് ഒരു വൈറൽ വീഡിയോ മതി. പക്ഷേ, ഈ ‘വൈറൽ’ എന്ന വാക്കിന് പിന്നാലെയുള്ള ഓട്ടം നമ്മളെ എവിടെയാണ് എത്തിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?ഇവിടെയാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്. ഒരു പാട്ടോ ഒരു ഡാൻസ് സ്റ്റെപ്പോ വൈറൽ ആയാൽ പിന്നെ എല്ലാവരും അത് തന്നെ അനുകരിക്കാൻ തുടങ്ങുന്നു. “പുതിയതായി എന്ത് ചെയ്യാം?” എന്ന് ചിന്തിക്കുന്നതിന് പകരം “ഹിറ്റ് ആയത് എങ്ങനെ കോപ്പി ചെയ്യാം?” എന്ന ചിന്തയിലേക്ക് നമ്മുടെ ക്രിയേറ്റിവിറ്റി ചുരുങ്ങിപ്പോകുന്നു. ഒറിജിനൽ ഐഡിയകൾക്ക് പകരം വെറും അനുകരണങ്ങൾ മാത്രമായി സോഷ്യൽ മീഡിയ മാറുന്നു. ഇത് നമ്മുടെ ചിന്താശേഷിയെ മാത്രമല്ല, നമ്മുടെ സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുണ്ട്. മണിക്കൂറുകളോളം റീൽസ് സ്ക്രോൾ ചെയ്യുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകത്തെ നമ്മൾ മറന്നുപോകുന്നു. 30 സെക്കൻഡ് വീഡിയോകൾ കണ്ട് ശീലിച്ച നമ്മുടെ തലച്ചോറിന് ഇപ്പോൾ 5 മിനിറ്റുള്ള ഒരു വീഡിയോ കാണാനോ, ഒരു പുസ്തകം വായിക്കാനോ ഉള്ള ക്ഷമ ഇല്ലാതായിരിക്കുന്നു. ആഴത്തിലുള്ള കാര്യങ്ങൾ ആസ്വദിക്കാനുള്ള നമ്മുടെ കഴിവ് പതിയെ നഷ്ടപ്പെടുകയാണ്.മാത്രമല്ല, റീൽസ് കാണുന്നതിലൂടെ നമ്മൾ അറിയാതെ തന്നെ മറ്റുള്ളവരുടെ ജീവിതവുമായി നമ്മെ താരതമ്യം ചെയ്യാൻ തുടങ്ങുന്നു. ഇത് അനാവശ്യമായ മാനസിക സമ്മർദ്ദത്തിനും ‘FOMO’ (Fear of Missing Out) പോലുള്ള അവസ്ഥകളിലേക്കും നമ്മെ നയിക്കാം. ചുരുക്കത്തിൽ, റീൽസ് എന്ന സാങ്കേതികവിദ്യ ക്രിയേറ്റിവിറ്റിയെ കൊല്ലുന്നില്ല, മറിച്ച് നമ്മൾ അതിന് അടിമപ്പെടുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. ട്രെൻഡുകൾക്ക് പിന്നാലെ കണ്ണുമടച്ച് ഓടാതെ, സ്വന്തം ശൈലി കണ്ടെത്താൻ ശ്രമിക്കുന്നതാണ് യഥാർത്ഥ സർഗ്ഗാത്മകത. റീൽസ് നിങ്ങളെ നിയന്ത്രിക്കണോ, അതോ നിങ്ങൾ റീൽസിനെ ഒരു ടൂൾ ആയി ഉപയോഗിക്കണോ എന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. ഓർക്കുക, ട്രെൻഡ് ഫോളോ ചെയ്യാൻ ആർക്കും പറ്റും, പക്ഷേ സ്വന്തം സ്റ്റൈൽ ഉണ്ടാക്കുന്നവനാണ് യഥാർത്ഥ ക്രിയേറ്റർ.

ടീച്ചർക്കായി സേതു ഡെഡിക്കേറ്റ് ചെയ്ത ഗാനം ഏറ്റെടുത്ത് ആരാധകർ; ഹിറ്റായി ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനം

മലയാള സിനിമയിൽ വിസ്മയം തീർത്ത ആ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു! ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രേക്ഷകരെ പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ‘റേഡിയോ നോസ്റ്റാൾജിയ’യുമായാണ് ഈ പാട്ടിൻ്റെ വരവ്.ഗാനം ആലപിച്ചത് കപിൽ കപിലനും നേഹ നായരുമാണ്. മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്‌സും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം,സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.വയനാടിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രം ഏപ്രിലിൽ തീയറ്ററുകളിലേക്ക് എത്തും.

ആഗോള രാഷ്ട്രീയത്തിൽ കനൽ എരിയുന്നു ; സുരക്ഷിത താവളം തേടി സ്വർണം

ആഗോള രാഷ്ട്രീയ വേദിയിൽ അനിശ്ചിതത്വങ്ങൾ പുകയുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സർവകാല റെക്കോർഡുകളിലേക്ക് കുതിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും സാമ്പത്തിക അസ്ഥിരതയുമാണ് നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് അടുപ്പിക്കുന്നത്. പ്രധാനമായും മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള സൈനിക നീക്കങ്ങൾ ശക്തമായതും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഭാഗിക നിയന്ത്രണങ്ങളും ആഗോള വിപണിയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുപുറമെ നാല് വർഷമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് തുടരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ സ്വർണശേഖരത്തെ ആശ്രയിക്കുന്നതും വിപണിയിലെ ചലനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര-സാങ്കേതിക യുദ്ധവും ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈന, കസാക്കിസ്ഥാൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ നീക്കങ്ങളും സ്വർണത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.വിദേശ ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നത് വിപണിയിൽ വലിയ ഡിമാൻഡ് സൃഷ്ടിക്കുന്നു. ഓഹരി വിപണികൾ തകരുകയും കറൻസികളുടെ മൂല്യം ഇടിയുകയും ചെയ്യുന്ന ഘട്ടത്തിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകർച്ചയും വിവാഹ സീസണുകളിലെ വർധിച്ച ആവശ്യകതയും വിലക്കയറ്റത്തിന്റെ ആഘാതം വർധിപ്പിക്കുകയാണ്. ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ പോലും സാധാരണക്കാരന്റെ ജീവിതച്ചെലവിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണിന്ന്. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ മനുഷ്യൻ ഇന്നും ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സുരക്ഷിത താവളമായി ഈ മഞ്ഞലോഹം നിലകൊള്ളുന്നു.

ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ‘ദുരന്ധർ 2’ ഒരാഴ്ചയ്ക്കുള്ളിൽ ആയിരം കോടി ക്ലബ്ബിൽ

​പ്രമുഖ സംവിധായകൻ ആദിത്യ ധറും സൂപ്പർ താരം രൺവീർ സിംഗും ഒന്നിച്ച ‘ധുരന്ധർ 2 ആഗോള ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിരിക്കുന്നു. റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങൾക്കുള്ളിൽ ആയിരം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ട ചിത്രം, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കി. ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ 18 ദിവസങ്ങൾ കൊണ്ട് സ്ഥാപിച്ച റെക്കോർഡിനെയാണ് ഈ പാൻ-ഇന്ത്യൻ സ്പൈ ത്രില്ലർ വെറും ഒരാഴ്ച കൊണ്ട് മറികടന്നത്. ഈ വിജയത്തോടെ ഷാരൂഖ് ഖാനും പ്രഭാസിനും ശേഷം ആയിരം കോടി ക്ലബ്ബിൽ രണ്ട് ചിത്രങ്ങളുള്ള മൂന്നാമത്തെ ഇന്ത്യൻ താരമെന്ന പദവി രൺവീർ സിംഗ് കരസ്ഥമാക്കി. കറാച്ചി അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തെത്തുടർന്ന് നിർമ്മാതാക്കൾ അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര കാർ രൺവീർ സിംഗിന് സമ്മാനമായി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ജയസൂര്യയുടെ ‘കത്തനാർ’ വരുന്നു; മന്ത്രവാദവും മായക്കാഴ്ചകളുമായി ടീസർ മാർച്ച് 31-ന്

​മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ ‘കത്തനാർ – ദ വൈൽഡ് സോർസറർ’ എന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ ട്രെയിലർ മാർച്ച് 31-ന് റിലീസ് ചെയ്യും. ‘ഹോം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയുടെ സാങ്കേതിക മികവിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്.​ഐതിഹ്യവും സാങ്കേതികതയും ഒന്നിക്കുമ്പോൾ​കടമറ്റത്ത് കത്തനാരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം, ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന ‘വെർച്വൽ പ്രൊഡക്ഷൻ’ (Virtual Production) സാങ്കേതികവിദ്യ പൂർണ്ണമായും ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. ​ജയസൂര്യയ്‌ക്കൊപ്പം തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്ക ഷെട്ടി ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കൂടാതെ പ്രഭുദേവ, വിനീത്, നിതീഷ് ഭരദ്വാജ്, സനൂപ് സന്തോഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആർ. രാമാനന്ദിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം നൽകുന്നത്.

രാഷ്ട്രീയവും കുടുംബവും ഇഴചേർന്ന മാസ്റ്റർപീസ്; ‘പ്രതിഛായ’ പ്രേക്ഷക ഹൃദയം കീഴടക്കുന്നു.

മലയാള സിനിമയിൽ തന്റെ വിജയയാത്ര പുതിയൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ് നിവിൻ പോളി. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ‘പ്രതിഛായ’ തിയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നത് തികച്ചും വ്യത്യസ്തമായ ഒരു സിനിമാനുഭവമാണ്. വെറുമൊരു മാസ് പടം എന്നതിലുപരി, ആഴമുള്ള രാഷ്ട്രീയവും ഹൃദയസ്പർശിയായ കുടുംബബന്ധങ്ങളും കോർത്തിണക്കിയ പക്വതയാർന്നൊരു മേക്കിങ്ങാണ് ചിത്രത്തിന്റെ കരുത്ത്. റിലീസ് ദിനത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ നല്ല അഭിപ്രായങ്ങൾ ലഭിച്ചതോടെ ചിത്രം പ്രേക്ഷക ഹൃദയം കീഴടക്കി എന്നതിന്റെ തെളിവാണ്.ബി ഉണ്ണികൃഷ്ണൻ തന്നെ രചിച്ച തിരക്കഥയിലെ കാമ്പുള്ള സംഭാഷണങ്ങൾ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ തറയ്ക്കുന്നവയാണ്. അനാവശ്യമായ ബഹളങ്ങളില്ലാതെ, ഓരോ സീനിലും സംവിധായകൻ പുലർത്തിയ മിതത്വം അഭിനന്ദനാർഹമാണ്. ബാലചന്ദ്ര മേനോനും നിവിൻ പോളിയും ഒന്നിച്ചെത്തുന്ന കോമ്പിനേഷൻ രംഗങ്ങൾ ചിത്രത്തിന് ഒരു പ്രത്യേക പുതുമ നൽകുന്നു. ഷറഫുദ്ദീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ തുടങ്ങിയ വൻ താരനിരയും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു. അവധിക്കാലമായതിനാൽ കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു കംപ്ലീറ്റ് പാക്കേജായി ‘പ്രതിഛായ’ മാറിയിരിക്കുകയാണ്.

ബോക്സ് ഓഫീസിൽ ‘ആട്’ തരംഗം; ടിക്കറ്റ് വിൽപ്പനയിൽ റെക്കോർഡുകൾ തിരുത്തി ആട് 3

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3: ‘ ബോക്സ് ഓഫീസിൽ വൻ വിജയമാണ് കാഴ്ച വെകുന്നത്.റിലീസ് ദിനം തന്നെ റെക്കോർഡുകളെല്ലാം കാറ്റിൽ പറത്തി ബുക്ക് മൈ ഷോയിൽ മണിക്കൂറിൽ 23,000-ത്തോളം ടിക്കറ്റുകൾ വിറ്റഴിച്ചുകൊണ്ട്, ലാലേട്ടന്റെയും മമ്മൂക്കയുടെയും ബിഗ് ബജറ്റ് ചിത്രങ്ങൾക്കൊപ്പം റെക്കോർഡ് പട്ടികയിൽ പാപ്പനും പിള്ളേരും ഇടംപിടിച്ചു. ചിരിയും മാസ്സും മാത്രമല്ല, ഇത്തവണ അമ്പരപ്പിക്കുന്ന ഫാന്റസി ദൃശ്യവിരുന്നും ജയസൂര്യയും സംഘവും കാത്തുവെച്ചിട്ടുണ്ട്.ആരാധകരുടെ വർദ്ധിച്ചുവരുന്ന തിരക്ക് പരിഗണിച്ച് കേരളത്തിലുടനീളം എക്സ്ട്രാ ഷോകൾ ഇതിനോടകം അനുവദിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുമെന്നാണ് സിനിമാ മേഖലയിലെ വിലയിരുത്തൽ.

സിനിമ ഇനി പോക്കറ്റിലും; സാങ്കേതിക വിസ്മയവുമായി ‘പകിട കളി’ തീയേറ്ററുകളിലേക്ക്.

ജോജു ജോർജ് ചിത്രം ‘പണി’യുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാദ് ഹസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘പഗിട കളി’യുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.പൂർണ്ണമായും ഐഫോണിൽ ചിത്രീകരിച്ചുവെന്ന പ്രത്യേകതയുള്ള ഈ ചിത്രം സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ഒന്നാണ്. കേരളത്തിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെത്തുടർന്ന് ഒരു കുട്ടിയെ കാണാതാവുകയും ആ കേസന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് നീളുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അമല സുരേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും നിഷാദ് ഹസൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശരത് ചന്ദ്രൻ സംഗീതം നൽകിയ ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മാർച്ച് മാസത്തിൽ തീയേറ്ററുകളിലെത്തും

40-കാരനെ പ്രണയിക്കുന്ന 20-കാരി; വിന്റേജ് ലുക്കിൽ സൂര്യ, കൂട്ടിന് മമിതയും; ‘വിശ്വനാഥ് ആന്റ് സൺസ്’ ടീസർ പുറത്ത്

സൂര്യയും മമിത ബൈജുവും ഒന്നിക്കുന്ന വെങ്കി അറ്റ്‌ലൂരി ചിത്രം ‘വിശ്വനാഥ് ആന്റ് സൺസി’ന്റെ ആവേശകരമായ ടീസർ പുറത്തിറങ്ങി. 40 വയസ്സുകാരനായ നായകനും 20 വയസ്സുകാരിയായ നായികയും തമ്മിലുള്ള ഹൃദ്യമായ പ്രണയകഥയാണ് ചിത്രം പറയുന്നതെന്ന സൂചനയാണ് ടീസർ നൽകുന്നത്. ‘ലക്കി ഭാസ്കറി’ന്റെ വൻ വിജയത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്‌നർ ആയിരിക്കും. ജി.വി. പ്രകാശ് കുമാർ സംഗീതവും നിമിഷ് രവി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 2026 ജൂലൈ മാസത്തോടെ തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു.