2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 102 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിൽ തിരിച്ചെത്തിയിരിക്കുകയാണ്.

എങ്കിലും ഇത്ര നാളായിട്ടും ആരെയും കണ്ടെത്താനായിട്ടില്ല കോൺഗ്രസിന്റെ ലിസ്റ്റിൽ പ്രധാനമായും മുൻനിരയിലുള്ള മൂന്ന് നേതാക്കളുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നത്. താഴെത്തട്ടിൽ നിന്ന് കെട്ടിപ്പടുത്ത ഇവരുടെ രാഷ്ട്രീയ പശ്ചാത്തലവും യോഗ്യതകളും നമുക്കൊന്ന് പരിശോധിച്ചു നോക്കാം. കെ.സി. വേണുഗോപാൽ (63 വയസ്സ്) പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാനായും തുടർന്ന് 1988-ൽ കെ.എസ്.യു (KSU) സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചാണ് ഇദ്ദേഹം നേതൃനിരയിലേക്ക് എത്തിയത്. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി എന്ന നിലയിൽ ദേശീയതലത്തിൽ പാർട്ടിയെ നയിക്കുന്നതിലുള്ള പരിചയവും ഹൈക്കമാൻഡുമായുള്ള അടുത്ത ബന്ധവും. യു.പി.എ സർക്കാരിൽ സിവിൽ ഏവിയേഷൻ, ഊർജ്ജം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തതിലൂടെയുള്ള വികസന കാഴ്ചപ്പാട്.(1996): ആലപ്പുഴയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുകയും പിന്നീട് ഉമ്മൻചാണ്ടി സർക്കാരിൽ മന്ത്രിയായും കേന്ദ്രമന്ത്രിയായും പ്രവർത്തിക്കുകയും ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ സങ്കീർണ്ണമായ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ച പരിചയം കേരളത്തിലെ പാർട്ടിയെ ഐക്യത്തോടെ നയിക്കാൻ സഹായിക്കും. രമേശ് ചെന്നിത്തല (69 വയസ്സ്)തന്റെ പതിനെട്ടാം വയസ്സിൽ 1980-ൽ കെ.എസ്.യുവിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന പ്രസിഡന്റായി മാറിക്കൊണ്ടാണ് ചെന്നിത്തല രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിന്റെ എല്ലാ തലങ്ങളിലും പ്രവർത്തിച്ചുള്ള ദീർഘകാല അനുഭവസമ്പത്ത്. (1986): തന്റെ 28-ാം വയസ്സിൽ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരിത്രം.ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ ‘ഓപ്പറേഷൻ കുബേര’ പോലുള്ള പദ്ധതികളിലൂടെ ഭരണപരമായ മികവ് തെളിയിച്ചു. കേരളത്തിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്കിടയിലുള്ള ശക്തമായ സ്വാധീനവും എല്ലാവരെയും ഒന്നിപ്പിക്കുന്ന നേതൃശൈലിയും അദ്ദേഹത്തിന് അനുകൂലഘടകങ്ങളാണ്. വി.ഡി. സതീശൻ (61 വയസ്സ്): 1986-ൽ എം.ജി സർവകലാശാല യൂണിയൻ ചെയർമാനായും പിന്നീട് കെ.എസ്.യു സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ച് വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്നു. 2026-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ 102 സീറ്റുകളുടെ വൻ വിജയത്തിലേക്ക് നയിച്ച അമരക്കാരൻ എന്ന നിലയിലുള്ള ജനപിന്തുണ.(2001): പറവൂർ മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുകയും അവിടെ നിന്ന് തുടർച്ചയായി ആറ് തവണ വിജയിക്കുകയും ചെയ്തു.നിയമസഭയിൽ കണക്കുകളും വസ്തുതകളും നിരത്തി സംസാരിക്കാനുള്ള കഴിവും ആധുനികമായ വികസന കാഴ്ചപ്പാടുകളും. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പോരാട്ട വീര്യവും ജനങ്ങൾക്കിടയിൽ നേടിയെടുത്ത പുതിയ സ്വീകാര്യതയും അദ്ദേഹത്തെ കരുത്തനായ മത്സരാർത്ഥിയാക്കുന്നു.അനുഭവസമ്പത്തും നേതൃപാടവവും ഒത്തിണങ്ങിയ ഈ മൂന്ന് നേതാക്കളിൽ ആര് നയിച്ചാലും അത് കേരളത്തിന്റെ വികസനത്തിന് മികച്ച ഊർജ്ജമാകും. ജനകീയമായ ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കേരളത്തിന്റെ ഭാവി നയിക്കാൻ ഏറ്റവും അനുയോജ്യനായ നേതാവിനെ ഹൈക്കമാൻഡ് നിശ്ചയിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.

കാത്തിരിപ്പിന് വിരാമം!തിയറ്ററുകളില്‍ കോടികള്‍ വാരിയ രണ്‍വീര്‍ സിംഗിന്റെ ‘ധുരന്ധര്‍ 2’ ഇനി ഒടിടിയിലേക്ക്…

ബോക്‌സ് ഓഫീസിനെ വിറപ്പിച്ച രണ്‍വീര്‍ സിംഗിന്റെ മാസ്സ് പ്രകടനം ഇനി നെറ്റ്ഫ്‌ലിക്‌സില്‍.ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ഈ ആക്ഷന്‍ വിരുന്ന് ഒടിടിയില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.തിയറ്ററുകളില്‍ നിന്ന് 3000 കോടിയിലധികം രൂപ ആഗോളതലത്തില്‍ വാരിക്കൂട്ടിയ ഈ ബ്രഹ്‌മാണ്ഡ ചിത്രം മെയ് 14-ന് സ്ട്രീമിംഗ് ആരംഭിക്കും. ഷാരൂഖ് ഖാന് ശേഷം തുടര്‍ച്ചയായി രണ്ട് 1000 കോടി ചിത്രങ്ങള്‍ സ്വന്തമാക്കുന്ന ബോളിവുഡ് താരമെന്ന നേട്ടവും ഇനി രണ്‍വീര്‍ സിംഗിന് സ്വന്തം. ‘ജവാന്‍’, ‘പത്താന്‍’ എന്നിവയിലൂടെ കിംഗ് ഖാന്‍ സൃഷ്ടിച്ച റെക്കോര്‍ഡിനൊപ്പമാണ് രണ്‍വീര്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കേരളത്തിലും ‘ധുരന്ധര്‍’ തരംഗം സൃഷ്ടിച്ചിരുന്നു.മലയാളി പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഈ ചിത്രം 14 കോടി രൂപയ്ക്ക് മുകളില്‍ കേരളത്തില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന നേട്ടവും ധുരന്ധറിന് സ്വന്തം.ആദിത്യ ധര്‍ ഒരുക്കിയ ഈ മാസ്സ് ത്രില്ലര്‍ തിയറ്ററുകളിലെ ആവേശത്തിന് ശേഷം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും പുതിയ റെക്കോര്‍ഡുകള്‍ കുറിക്കുമെന്ന പ്രതിക്ഷയിലാണ് ഇപ്പോൾ സിനിമാ ലോകം.

പഴയ ആ പാവം പയ്യൻ ഇന്ന് ബ്രിട്ടനിലെ വലിയ സെലിബ്രിറ്റി; ‘ഗോൾ’ താരം ശിവയുടെ ഈ വളർച്ച ആരെയും അത്ഭുതപ്പെടുത്തും!

ഫുട്ബോൾ മൈതാനത്ത് പന്തുമായി ഓടി നടന്ന ആ പഴയ ‘രാഹുലിനെ’ ഓർമ്മയില്ലേ? കമൽ ചിത്രം ‘ഗോളിലൂടെ’ നമ്മുടെ പ്രിയങ്കരനായി മാറിയ ആ കൊച്ചു മിടുക്കൻ ഇന്ന് മലയാള സിനിമയുടെ അതിരുകൾ കടന്ന് ലോകം കീഴടക്കുകയാണ്. ശിവ റായ്‌ചന്ദാനി എന്ന ആ താരം ഇന്ന് കേവലം ഒരു നടൻ മാത്രമല്ല, ബ്രിട്ടീഷ് സിനിമയിലും കലാരംഗത്തും വിപ്ലവം സൃഷ്ടിക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ്. താനൊരു ‘നോൺ ബൈനറി’ വ്യക്തിത്വമാണെന്ന് ലോകത്തോട് വിളിച്ച് പറഞ്ഞ ശിവ, തന്റെ നിലപാടുകൾ കൊണ്ടും അസാമാന്യമായ കരിയർ വളർച്ച കൊണ്ടും ആരാധകരെ ഞെട്ടിക്കുകയാണിപ്പോൾ. ശിവ സംവിധാനം ചെയ്ത സിനിമകൾ പ്രശസ്തമായ ബാഫ്റ്റ (BAFTA) പുരസ്‌കാരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചതും, ഹോളിവുഡ് ചിത്രം ‘എറ്റേർണൽസി’ൽ അഭിനയിച്ചതുമെല്ലാം ഒരു ഇന്ത്യൻ വംശജനെ സംബന്ധിച്ച് വലിയ നേട്ടങ്ങളാണ്. ബ്രിട്ടനിലെ ഏറ്റവും മികച്ച 10 യുവ കലാകാരന്മാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട ശിവ, അവിടെ ക്വീർ സമൂഹത്തിന്റെ അവകാശങ്ങൾക്കും ലിംഗസമത്വത്തിനും വേണ്ടി കലയിലൂടെ പോരാടുന്നു. പണ്ട് ഗോളിൽ കണ്ട ആ കുസൃതിക്കാരൻ ബാലൻ ഇന്ന് അന്താരാഷ്ട്ര വേദിയിൽ സ്വന്തമായൊരു ഇരിപ്പിടം കണ്ടെത്തിയത് ശരിക്കും അത്ഭുതകരമാണ്. മലയാളികൾ കണ്ടുപരിചയിച്ച ആ മുഖം ഇന്ന് ലോകത്തിന് മുൻപിൽ വലിയൊരു മാറ്റത്തിന്റെ അടയാളമായി നിൽക്കുന്നു.

ഓണപ്പോരിൽ സൂപ്പർസ്റ്റാറുകൾ!ഖലീഫയെ നേരിടാൻ നിവിൻറെ ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’

മലയാള സിനിമയിലെ റൊമാന്റിക് ഹീറോ നിവിന്‍ പോളിയും ബ്ലോക്ക്ബസ്റ്റര്‍ സംവിധായകന്‍ ഗിരീഷ് എ.ഡിയും ആദ്യമായി കൈകോര്‍ക്കുന്ന ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ചിത്രീകരണം പൂര്‍ത്തിയാക്കി. ഓണം റിലീസായി എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’യുമായി ബോക്‌സ്ഓഫീസില്‍ നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങുകയാണ്. പ്രണയവും കോമഡിയും നിറഞ്ഞു നില്‍ക്കുന്ന ഈ ഫാമിലി എന്റര്‍ടൈനറില്‍ മമിത ബൈജുവാണ് നായികയായി എത്തുന്നത്.ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സംഗീത് പ്രതാപ്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രേമലുവിന്റെ വിജയത്തിന് ശേഷം ഗിരീഷ് എ.ഡി ഒരുക്കുന്ന ഈ ചിത്രം വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പാക്ക്-അപ്പ് ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൃത്യമായ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണത്തിന് തിയേറ്ററുകള്‍ ആഘോഷമാക്കാന്‍ നിവിനും സംഘവും എത്തുമെന്ന് ഉറപ്പായി…

ചൂടാവണ്ട,കറന്റ് ബില്ല് കുറച്ചുകൊണ്ട് ഇനി കൂളാകാം…

നട്ടുച്ചവെയിലിൽ വെന്തുരുകുന്ന കേരളത്തിൽ എസിയും ഫാനും ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ വയ്യാത്ത അവസ്ഥയാണ്. എന്നാൽ മാസാമാസം വരുന്ന കറന്റ് ബില്ല് കാണുമ്പോൾ ചൂടിനേക്കാൾ വലിയ ‘ഷോക്ക്’ ആണ് കിട്ടുന്നത്. കറന്റ് ബില്ല് കുറച്ചുകൊണ്ട് തന്നെ വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ സഹായിക്കുന്ന ചില സ്മാർട്ട് വഴികളുണ്ട്. അതൊന്ന് നോക്കിയാലോ.. ജനാലകളുടെ കാര്യത്തിൽ വേണം ഒരു ‘ടൈം ടേബിൾ‘ നമ്മളിൽ മിക്കവരും ചൂട് കൂടുമ്പോൾ കാറ്റ് വരാനായി ജനാലകൾ തുറന്നിടാറുണ്ട്. എന്നാൽ വേനൽക്കാലത്ത് ഇത് വിപരീത ഫലമാണ് നൽകുക.പകൽ സമയം (10 AM – 5 PM): ഈ സമയത്ത് പുറത്തെ വായുവിന് ചൂട് കൂടുതലായതിനാൽ ജനാലകൾ മുറുക്കെ അടച്ചിടുക. ഇത് വീടിനുള്ളിലെ ഫർണിച്ചറുകളും ചുവരുകളും ചൂടാകുന്നത് തടയും.രാത്രി സമയം: വൈകുന്നേരം 6 മണിക്ക് ശേഷം ജനാലകൾ തുറന്നിടുക. ഭിത്തികളിൽ തങ്ങിനിൽക്കുന്ന ചൂട് പുറത്തുപോകാൻ ഇത് സഹായിക്കും. കർട്ടനുകൾ ശ്രദ്ധിക്കുക കട്ടിയുള്ള കർട്ടനുകൾഉപയോഗിക്കുന്നത് സൂര്യപ്രകാശത്തെ തടയും. വെളുത്ത നിറത്തിലുള്ള കർട്ടനുകൾ വെളിച്ചത്തെ പ്രതിഫലിപ്പിക്കാൻ മികച്ചതാണ്. കൂടുതൽ തണുപ്പിനായി ഉച്ചസമയത്ത് കർട്ടനുകളിൽ അല്പം വെള്ളം തളിക്കുന്നതും നല്ലതാണ്. ടെറസിനെ തണുപ്പിക്കാം വീടിനുള്ളിലെ ചൂടിന്റെ 80 ശതമാനവും വരുന്നത് മേൽക്കൂര വഴിയാണ്.ടെറസിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച ശേഷം അതിനു മുകളിൽ വൈക്കോൽ നിരത്തി വെള്ളം നനയ്ക്കുക. വൈക്കോൽ ഒരു ഇൻസുലേറ്ററായി പ്രവർത്തിച്ച് കോൺക്രീറ്റിലേക്ക് ചൂട് ഇറങ്ങുന്നത് തടയും. ഇത് മുറിക്കുള്ളിലെ താപനില 3 മുതൽ 5 ഡിഗ്രി വരെ കുറയ്ക്കും.ഇതിനൊപ്പം ടെറസിൽ വെളുത്ത പെയിന്റോ ‘സോളാർ റിഫ്ലക്റ്റീവ്’ പെയിന്റോ അടിക്കുന്നത് വെയിലിനെ പ്രതിഫലിപ്പിച്ചു വിടാൻ സഹായിക്കും.ടെറസിൽ ഗ്രോബാഗുകൾ വെച്ച് കൃഷി ചെയ്യുന്നതും അതിനു മുകളിൽ ഗ്രീൻ നെറ്റ് കെട്ടുന്നതും വീടിനുള്ളിൽ സ്വാഭാവിക തണുപ്പ് നൽകും. കാറ്റ് സുഗമമായി സഞ്ചരിക്കട്ടെ വീടിന്റെ എതിർവശങ്ങളിലുള്ള ജനാലകൾ ഒരേസമയം തുറന്നിടുന്നത് വായുസഞ്ചാരം വർദ്ധിപ്പിക്കും. ചൂടുവായുവിന് ഭാരം കുറവായതിനാൽ അത് എപ്പോഴും മുകളിലേക്ക് ഉയരും. അതിനാൽ മുകളിലത്തെ നിലയിലുള്ള ജനാലകൾ തുറന്നിടുന്നത് വഴി ചൂട് വായു പെട്ടെന്ന് പുറത്തുപോകും. വീടിനുള്ളിൽ ചെടികൾ വളർത്താം മുറിക്കുള്ളിലെ വായു ശുദ്ധീകരിക്കാനും തണുപ്പ് നൽകാനും ഇൻഡോർ പ്ലാന്റുകൾ സഹായിക്കുംസ്നേക്ക് പ്ലാന്റ്മണിപ്ലാന്റ്ഇവ അന്തരീക്ഷത്തിലെ ഈർപ്പം നിലനിർത്തുകയും ചൂട് ആഗിരണം ചെയ്യുകയും ചെയ്യുന്നു.ഇതിനൊപ്പം ഒരു ബക്കറ്റ് വെള്ളം മുറിക്കുള്ളിൽ വെക്കുന്നതും ചൂട് കുറയ്ക്കും. ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ഉപയോഗം പഴയ ബൾബുകൾ കൂടുതൽ ചൂട് പുറത്തുവിടുന്നവയാണ്, അവ മാറ്റി എൽഇഡി ഉപയോഗിക്കുക.അനാവശ്യ പ്ലഗ്ഗുകൾ ഊരിയിടുക: ടിവി, കമ്പ്യൂട്ടർ തുടങ്ങിയവ ഉപയോഗമില്ലാത്തപ്പോൾ ഓഫ് ചെയ്യുന്നത് മുറിയിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. ഈ ലളിതമായ മാറ്റങ്ങളിലൂടെ വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ സാധിക്കും.പ്രകൃതിദത്തമായ ഇത്തരം മാർഗങ്ങളിലൂടെ കറന്റ് ബില്ല് പേടിക്കാതെ നമുക്ക് ഈ വേനൽക്കാലം കൂളാക്കാം.

ബോക്‌സ് ഓഫീസ് വിറപ്പിക്കാന്‍ ഷാജി കൈലാസിന്റെ ‘വരവ്’

മലയാളത്തിന്റെ ആക്ഷന്‍ കിംഗ് ഷാജി കൈലാസ് വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നു. ഇക്കുറി തകര്‍പ്പന്‍ ഗെറ്റപ്പില്‍ ജോജു ജോര്‍ജ് നായകനായെത്തുന്ന ചിത്രത്തില്‍ മുരളി ഗോപിയും അര്‍ജുന്‍ അശോകനും പ്രധാന വേഷത്തിലെത്തുന്നു. 98 ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം തീയേറ്ററുകളില്‍ ആവേശം വിതറാന്‍ ഒരുങ്ങിയിരിക്കുകയാണ്. ആദ്യമായി ജോജു ജോര്‍ജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകത കൂടിയുളള ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസി റെജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.മൂന്നാര്‍, മറയൂര്‍, കാതലൂര്‍, തേനി, കോട്ടയം, വാഗമണ്‍, മുണ്ടക്കയം, എറണാകുളം, തിരുവനന്തപുരം, പൂപ്പാറ എന്നിങ്ങനെ വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരണം നടത്തിയത്. ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റണ്ട് മാസ്റ്റര്‍മാരായ സ്റ്റണ്ട് സില്‍വ, കലൈ കിംഗ്സണ്‍, ഫീനിക്‌സ് പ്രഭു, രാജശേഖര്‍ മാസ്റ്റര്‍, തവ്സി മാസ്റ്റര്‍, മാഫിയ ശശി, ജാക്കി ജോണ്‍സണ്‍ എന്നിങ്ങനെ ഏഴ് മാസ്റ്റേഴ്സ് ചിത്രത്തിനായി ഒന്നിക്കുന്നു. മലയാളത്തിന്റെറെ ആക്ഷന്‍ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചിത്രത്തിലുണ്ട്. ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി കുര്യന്‍, അശ്വിന്‍ കുമാര്‍, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ബാലാജി, ബിജു പപ്പന്‍, ചാലി പാല, ഷാജി ഷാഹിദ്, ആന്‍ഡ്രയ് ബ്ലിറ്റ്‌സ് നെറ്റ്‌സോവ്, വിന്‍സി അലോഷ്യസ്, സാനിയ അയ്യപ്പന്‍, വീണ നായര്‍, മെറ്റില്‍ഡ പെട്രോവിക് എന്നിവരും ചിത്രത്തില്‍ പ്രധാവേഷങ്ങളിലെത്തുന്നു. എ.കെ. സാജനാണ് വരവിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം എസ്. ശരവണന്‍. സംഗീതം ഒരുക്കുന്നത് സാം സി എസ്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജോമി ജോസഫ് പുളിങ്കുന്ന്, രാഹുല്‍ റെജി തോമസ്, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -സ്യമന്തക് പ്രദീപ്, സൗണ്ട് ഡിസൈന്‍ രാമകൃഷ്ണന്‍ എംആര്‍, കലാസംവിധാനം സാബു റാം, മേക്കപ്പ് സജി കാട്ടാക്കട, കോസ്റ്റും ഡിസൈന്‍ – സമീറ സനിഷ്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍ – റോണ്‍ ഐസക്ക് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – വിനോദ് മംഗലത്ത്, മാനേജര്‍സ് ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍, ഷെറിന്‍ സ്റ്റാന്‍ലി, സ്റ്റില്‍സ് ഹരിതിരുമല, മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വര്‍ടൈസിങ് -ബ്രിങ്‌ഫോര്‍ത്ത്, വിശ്വാല്‍ പ്രൊമോഷന്‍ -സാകെപ്ലാന്റ്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

കടക്കെണിയിലാകുന്ന യുവത്വം: സ്മാർട്ട്ഫോൺ യുഗത്തിലെ നിശബ്ദ ശത്രു

ഇന്നത്തെ സ്മാർട്ട്ഫോൺ യുഗത്തിൽ, യുദ്ധങ്ങളെയും മഹാമാരികളെയും മറികടന്ന് നിശബ്ദമായി മനുഷ്യരുടെ ജീവിതത്തിലേക്ക് കടന്നുകയറിയ ഒരു വലിയ ഭീഷണിയാണ് അനിയന്ത്രിതമായ ഡിജിറ്റൽ വായ്പകൾ. വിരൽത്തുമ്പിൽ പണം ലഭിക്കുന്ന ഈ സൗകര്യം, പ്രത്യേകിച്ച് യുവജനങ്ങളെ അതിവേഗത്തിൽ കടക്കെണിയിലേക്ക് തള്ളിവിടുകയാണ്. രാജ്യത്തെ പുതിയ വായ്പക്കാരിൽ ഏകദേശം 41 ശതമാനവും 18 മുതൽ 30 വരെ പ്രായമുള്ളവരാണെന്ന കണക്ക് ഈ പ്രവണതയുടെ ഗൗരവം വ്യക്തമാക്കുന്നു. ഒരു കാലത്ത് കടം എടുക്കുന്നത് ഒരു നിർബന്ധിത സാഹചര്യമായിരുന്നെങ്കിൽ, ഇന്ന് അത് ജീവിതശൈലിയിലെ ഭാഗമായിത്തീർന്നിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം, മറ്റുള്ളവരുടെ ജീവിതവുമായി നിരന്തരം താരതമ്യം ചെയ്യപ്പെടുന്ന മനോഭാവം, പിന്നിലാകുന്നുവെന്ന ഭയം എന്നിവയാണ് യുവാക്കളെ കടത്തിലേക്ക് നയിക്കുന്ന പ്രധാന ഘടകങ്ങൾ. ഇൻഫ്ലുവൻസേഴ്സിന്റെ ആഡംബര ജീവിതം കണ്ട്, അതിനെ അനുകരിക്കാനുള്ള ശ്രമം പലപ്പോഴും സാമ്പത്തികമായി അവ്യവസ്ഥ സൃഷ്ടിക്കുന്നു. അതോടൊപ്പം, തൽക്ഷണ സന്തോഷത്തിനായി തിരിച്ചടവ് ശേഷി പരിഗണിക്കാതെ വായ്പ എടുക്കുന്ന പ്രവണതയും വർദ്ധിച്ചുവരികയാണ്. ഫിൻടെക് ആപ്പുകളുടെ വളർച്ച ഈ സാഹചര്യത്തെ കൂടുതൽ ഗുരുതരമാക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ, രേഖകളില്ലാതെ പോലും വായ്പ ലഭ്യമാക്കുന്ന ഈ പ്ലാറ്റ്ഫോമുകൾ യുവാക്കളെ എളുപ്പത്തിൽ ആകർഷിക്കുന്നു. എന്നാൽ പലപ്പോഴും ഇവയിൽ ഈടാക്കുന്ന പലിശ നിരക്കുകൾ വളരെ ഉയർന്നതായിരിക്കും, അത് തിരിച്ചടവിനെ കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. തുടക്കത്തിൽ ചെറിയ തുകയായി തോന്നുന്ന വായ്പ, പിന്നീട് നിയന്ത്രണാതീതമായ ബാധ്യതയായി മാറുന്ന സംഭവങ്ങൾ വർദ്ധിച്ചുവരികയാണ്. സാമ്പത്തിക പ്രതിസന്ധി കേവലം പണവുമായി ബന്ധപ്പെട്ട പ്രശ്നമല്ല; അത് വ്യക്തിയുടെ മാനസികാരോഗ്യത്തെയും ഭാവിയെയും ഗൗരവമായി ബാധിക്കുന്നു. തിരിച്ചടവ് സാധ്യമാകാത്ത അവസ്ഥയിൽ ഉണ്ടാകുന്ന സമ്മർദ്ദം വിഷാദത്തിലേക്കും ആത്മഹത്യാ ചിന്തകളിലേക്കും നയിക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ, ചെറുപ്പത്തിൽ തന്നെ ക്രെഡിറ്റ് സ്കോർ തകരുന്നത് ഭാവിയിൽ വീട് സ്വന്തമാക്കുന്നതിനോ ബിസിനസ് ആരംഭിക്കുന്നതിനോ വലിയ തടസ്സമാകുന്നു. ഈ സാഹചര്യത്തിൽ നിന്ന് രക്ഷപ്പെടാൻ സാമ്പത്തിക ശീലങ്ങളിൽ മാറ്റം അനിവാര്യമാണ്. വ്യക്തി തന്റെ മൊത്തം ബാധ്യതകളെ വ്യക്തമായി മനസ്സിലാക്കുകയും, ഉയർന്ന പലിശയുള്ള വായ്പകൾ ആദ്യം തീർക്കാനുള്ള പദ്ധതികൾ രൂപപ്പെടുത്തുകയും വേണം. അനാവശ്യ ചിലവുകൾ കുറച്ച്, വരുമാനവും ചെലവും കൃത്യമായി നിയന്ത്രിക്കുന്ന ബജറ്റിംഗ് ശീലം വളർത്തുന്നത് അത്യന്താപേക്ഷിതമാണ്. കൂടാതെ, അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാൻ ഒരു എമർജൻസി ഫണ്ട് സൃഷ്ടിക്കുന്നതും സാമ്പത്തിക സ്ഥിരതയ്ക്ക് സഹായകരമാണ്. ചുരുക്കത്തിൽ, കടം ഇന്നത്തെ കാലഘട്ടത്തിലെ ഒരു മറഞ്ഞിരിക്കുന്ന അടിമത്തമായി മാറിയിരിക്കുകയാണ്. താൽക്കാലിക ആനന്ദങ്ങൾക്കായി ദീർഘകാല സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതിരിക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. യഥാർത്ഥ സ്വാതന്ത്ര്യം പണത്തിന്റെ ലഭ്യതയിൽ അല്ല, അതിന്റെ നിയന്ത്രിത ഉപയോഗത്തിലാണ് ഒളിഞ്ഞിരിക്കുന്നത്.

ഡിജിറ്റൽ ദുർമന്ത്രവാദത്തിനും അന്ത്യം! അന്ധവിശ്വാസ നിരോധന നിയമം വരുന്നു

കേരളത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമനിർമ്മാണ നടപടികൾ പുരോഗമിക്കുകയാണ്. ശാരീരിക പീഡനങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് നടത്തുന്ന വ്യാജ ‘അത്ഭുത’ പ്രചാരണങ്ങളും ഇനി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ഹൈക്കോടതി നിർദേശത്തെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതി, സമൂഹത്തിന് ഹാനികരമായ 34 ആചാരങ്ങളെയാണ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ശുപാർശ ചെയ്തിരിക്കുന്നത്. അനാചാരങ്ങളുടെ സ്വഭാവവും തീവ്രതയും അടിസ്ഥാനമാക്കി അവയെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് വിലയിരുത്തിയിട്ടുണ്ട്. അതീവ ഗുരുതരമായ കുറ്റങ്ങളിൽ നരബലി, ആചാരങ്ങളുടെ പേരിൽ ശാരീരികമായി മുറിവേൽപ്പിക്കൽ, ജീവനോടെ അടക്കം ചെയ്യൽ, ശ്വാസം മുട്ടിക്കൽ തുടങ്ങിയ ക്രൂരകൃത്യങ്ങൾ ഉൾപ്പെടുന്നു. രോഗശാന്തിയുടെയോ ആചാരങ്ങളുടെയോ മറവിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കും കടുത്ത ശിക്ഷ നിർദേശിച്ചിട്ടുണ്ട്. മിതമായ പീഡനങ്ങളുടെ വിഭാഗത്തിൽ, ബാധയൊഴിപ്പിക്കൽ എന്ന പേരിൽ മർദ്ദനവും ശാരീരിക ഉപദ്രവവും, ചികിത്സ വൈകിപ്പിക്കൽ, ആഭിചാര ക്രിയകൾക്കായി ലഹരി നൽകൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആചാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവയും നിയമപരമായി കുറ്റകരമാക്കപ്പെടും. സാമ്പത്തിക ചൂഷണവും ഡിജിറ്റൽ തട്ടിപ്പും ഉൾപ്പെടുന്ന വിഭാഗത്തിൽ, അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് പണം തട്ടൽ, ബ്ലാക്ക് മാജിക് വഴി രോഗശാന്തി വാഗ്ദാനം ചെയ്യൽ, നിധി വാഗ്ദാനം, ‘അനുഗ്രഹ’ വസ്തുക്കളുടെ വിൽപന തുടങ്ങിയ പ്രവർത്തനങ്ങൾ നിരോധിക്കും. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വ്യാജ അത്ഭുതങ്ങൾ പ്രചരിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പുതിയ നിയമപ്രകാരം കുറ്റകരമാകും. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേർതിരിക്കുന്നതിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പം മുൻപ് ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ തടസ്സമായിരുന്നു. എന്നാൽ ഇത്തവണ വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് സമിതി മുന്നോട്ട് പോകുന്നത്. മതസംഘടനകൾക്കും പൊതുജനങ്ങൾക്കും ഈ മാസം 27-വരെ നിയമപരിഷ്‌കരണ കമ്മീഷനോട് അവരുടെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. സാക്ഷരകേരളത്തിലും നരബലിയും ദുർമന്ത്രവാദ തട്ടിപ്പുകളും ആവർത്തിക്കുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ കാലത്തിനനുസരിച്ചുള്ള ഈ നിയമം സമൂഹത്തിന് കൂടുതൽ സുരക്ഷ നൽകുന്ന നിർണായക ഇടപെടലായി മാറുമെന്നാണ് വിലയിരുത്തൽ.

അമേരിക്ക–ഇറാൻ സംഘർഷം: ഇന്ത്യയിൽ ഇന്ധനവില ഉയരുമ്പോൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ലോക വിപണിയിൽ ക്രൂഡ് ഓയിൽ വിലകൾ കുതിച്ചുയരാൻ തുടങ്ങിയത് ഇന്ത്യയിലേക്കും പ്രതിഫലിക്കുകയാണ്. ആഗോള രാഷ്ട്രീയത്തിലെ ചെറിയ ചലനങ്ങൾ പോലും എങ്ങനെ നമ്മുടെ ദിവസേന ജീവിതച്ചെലവുകളെ ബാധിക്കുന്നു എന്നതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഇന്ധനവില. അടുത്തിടെ നയാരയ്ക്ക് പിന്നാലെ ഷെല്ലും ഇന്ധനവില വർധിപ്പിച്ചതോടെ, സ്വകാര്യ പമ്പുകളിൽ പെട്രോൾ 119 രൂപയും ഡീസൽ 123 രൂപയും കടന്നത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുകയാണ്. ഇന്ധനവില വർധനവ് എന്നത് വെറും പെട്രോൾ പമ്പിൽ മാത്രം കാണുന്ന ഒരു മാറ്റമല്ല. ഇത് ഒരു തരംഗം പോലെ സാമ്പത്തിക വ്യവസ്ഥയിലുടനീളം വ്യാപിക്കുന്നു. ഗതാഗതച്ചെലവ് ഉയരുമ്പോൾ സാധനങ്ങളുടെ വിലയും സ്വാഭാവികമായി ഉയരും. അതായത്, പച്ചക്കറി മുതൽ ദിനചര്യാവസ്തുക്കൾ വരെ എല്ലാം ഇതിന്റെ ആഘാതം അനുഭവിക്കും. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് നേരിട്ട് സാമ്പത്തിക സമ്മർദ്ദമായി മാറുന്നു. ഇപ്പോൾ സംഭവിക്കുന്നത് അതുതന്നെയാണ്. അമേരിക്ക–ഇറാൻ സംഘർഷം മൂലം മിഡിൽ ഈസ്റ്റ് മേഖലയിൽ അനിശ്ചിതത്വം വർധിച്ചതോടെ, ഓയിൽ സപ്ലൈയിൽ തടസ്സമുണ്ടാകുമെന്ന ആശങ്കയാണ് വിപണിയെ ചൂടുപിടിപ്പിക്കുന്നത്. ഈ ആശങ്ക തന്നെയാണ് വില ഉയരാൻ പ്രധാന കാരണമായത്. അതേസമയം, സ്വകാര്യ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില ക്രമീകരിക്കുന്നതിനാൽ ഇവരുടെ പമ്പുകളിൽ വില വർധനവ് വേഗത്തിൽ പ്രകടമാകുന്നു. ഇത് സാധാരണ ജനങ്ങൾക്ക് ഒരു നിശബ്ദ സമ്മർദ്ദമായി മാറുന്നു. ദിവസേന യാത്ര ചെയ്യുന്ന തൊഴിലാളി മുതൽ ചെറിയ വ്യാപാരി വരെ എല്ലാവർക്കും ഇതിന്റെ ഭാരം തോന്നിത്തുടങ്ങും. സർക്കാർ കമ്പനികളുടെ പമ്പുകളിൽ വില സ്ഥിരമായി തുടരുന്നുണ്ടെങ്കിലും, സ്വകാര്യ പമ്പുകളിലെ വർധനവ് വിപണിയിൽ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കം കുറിക്കുന്നതായാണ് കാണുന്നത്. ഇനി മുന്നോട്ട് പോകുമ്പോൾ, ആഗോള രാഷ്ട്രീയത്തിലെ ഈ സംഘർഷം എത്രത്തോളം നീളും എന്നതിനെ ആശ്രയിച്ചാകും ഇന്ത്യയിലെ ഇന്ധനവിലയുടെ ഭാവി. സമാധാനം വന്നാൽ വിലകൾ സ്ഥിരത കൈവരിക്കാൻ സാധ്യതയുണ്ടെങ്കിലും, സംഘർഷം രൂക്ഷമായാൽ പെട്രോൾ പമ്പുകളിൽ കാണുന്ന അക്കങ്ങൾ ഇനിയും ഉയരാൻ സാധ്യത നിഷേധിക്കാനാവില്ല.

കേരളത്തിൻ്റെ ക്രൈസ്തവ ചരിത്രത്തിൽ ഒമ്പതാം നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യങ്ങളെയും വിദേശ സഭകളുമായുള്ള ബന്ധത്തെയും സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കണ്ണിയാണ് കടമറ്റത്ത് കത്തനാർ.

​കത്തനാർ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒമ്പതാം നൂറ്റാണ്ട് കേരളത്തിലെ ക്രൈസ്തവ സഭയുടെ വളർച്ചയിൽ സുപ്രധാനമാണ്. എ.ഡി 825-ൽ പേർഷ്യയിൽ നിന്നും കേരളത്തിലെത്തിയ മാർ ആബോ (മാർ സബോർ), മാർ പ്രോത്ത് എന്നിവർ പള്ളികൾ സ്ഥാപിക്കുന്നതിലും സഭയെ വികസിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിരുന്നു. കടമറ്റത്ത് കത്തനാരുടെ ഗുരുവായാണ് മാർ ആബോയെ ചരിത്രം അടയാളപ്പെടുത്തുന്നത്.​ ​കടമറ്റത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പൗലോസ് എന്ന യുവാവാണ് പിന്നീട് കത്തനാരായത്. മാർ ആബോയിൽ നിന്ന് സുറിയാനി ഭാഷയും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം, അന്നത്തെ കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസം ലഭിച്ച ചുരുക്കം വ്യക്തികളിൽ ഒരാളായിരുന്നു. പിന്നീട് ബിഷപ്പ് മാർ സബോറിനാൽ തന്നെ പുരോഹിതനായി വാഴിക്കപ്പെട്ടു.​ ‘ അന്നത്തെ അറിവുകളും​ചരിത്രകാരന്മാർ വിലയിരുത്തുന്നത് പ്രകാരം, കത്തനാർക്ക് ഉണ്ടായിരുന്ന അസാധാരണമായ അറിവുകളാണ് പിൽക്കാലത്ത് ‘മന്ത്രവാദം എന്ന നിലയിൽ ഐതിഹ്യങ്ങളായി മാറിയത്.​ ആയുർവേദത്തിലും പ്രകൃതിദത്തമായ മരുന്നുകളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നിരിക്കാം. അക്കാലത്ത് ഭേദമാക്കാൻ കഴിയാത്ത മാനസിക രോഗങ്ങളെയും മറ്റ് അസുഖങ്ങളെയും ചികിത്സിച്ചു ഭേദമാക്കിയത് അദ്ദേഹത്തിന് അമാനുഷിക പരിവേഷം നൽകി.​ ബാധ ഒഴുപ്പിക്കൽ’ എന്നത് പലപ്പോഴും ആധുനിക മനഃശാസ്ത്രത്തിലെ ഹിപ്നോസിസ് അല്ലെങ്കിൽ കൗൺസിലിംഗ് രീതികളുടെ പ്രാഥമിക രൂപമായിരുന്നിരിക്കാം.​ പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന താളിയോലകൾ മന്ത്രങ്ങളേക്കാൾ ഉപരിയായി അന്നത്തെ വൈദ്യശാസ്ത്ര കുറിപ്പുകളോ വൈദിക ഗ്രന്ഥങ്ങളോ ആകാനാണ് സാധ്യത.​ ​കത്തനാരുടെ കഥകൾ പരിശോധിച്ചാൽ അദ്ദേഹം ജാതിമത ഭേദമന്യേ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ചിരുന്നതായി കാണാം. യക്ഷികളെയും മന്ത്രവാദികളെയും തോൽപ്പിച്ചു എന്നത് പ്രതീകാത്മകമായി ജനങ്ങളെ ഭയപ്പെടുത്തിയിരുന്ന സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടമായും വ്യാഖ്യാനിക്കാം. ഇത് അദ്ദേഹത്തിന് ഒരു ജനകീയ നായകൻ്റെ പദവി നൽകി. ​കടമറ്റം പള്ളിയിലെ ലിഖിതങ്ങളും അവിടുത്തെ കുരിശും പുരാതനമായ പേർഷ്യൻ ബന്ധത്തെ സാക്ഷ്യപ്പെടുത്തുന്നു. പള്ളിയിൽ കത്തനാർ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന പീഠവും കിണറും ഇന്നും സംരക്ഷിക്കപ്പെടുന്നു. ചരിത്രപരമായ തെളിവുകൾ കുറവാണെങ്കിലും, ഒരു ജനതയുടെ വിശ്വാസത്തിൽ അദ്ദേഹം നൂറ്റാണ്ടുകളായി ജീവിക്കുന്നു എന്നത് അദ്ദേഹത്തിൻ്റെ ചരിത്രസാന്നിധ്യത്തിൻ്റെ വലിയ തെളിവാണ്. ​കടമറ്റത്ത് കത്തനാർ കേവലം ഒരു മന്ത്രവാദി മാത്രമായിരുന്നില്ല; മറിച്ച് വിജ്ഞാനവും ആത്മീയതയും സമന്വയിപ്പിച്ച, തൻ്റെ കാലഘട്ടത്തിന് മുന്നേ സഞ്ചരിച്ച ഒരു പുരോഹിതനായിരുന്നു. പിൽക്കാലത്ത് നാടോടിക്കഥകൾ അദ്ദേഹത്തിന് ചുറ്റും മിത്തുകളുടെ ഒരു വലയം സൃഷ്ടിച്ചു എങ്കിലും, ഒമ്പതാം നൂറ്റാണ്ടിലെ കേരളീയ ക്രൈസ്തവ ജീവിതത്തിൻ്റെ ഒരു അവിഭാജ്യ ഭാഗമായിരുന്നു അദ്ദേഹം.