ഡർബി പേരിന് പിന്നിൽ?വെളിപ്പെടുത്തി സംവിധായകൻ സജിൽ മമ്പാട്

‘കടകൻ’ എന്ന ചിത്രത്തിന് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’ ഇതിനോടകം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. കലാലയങ്ങളിലെ ഗ്യാങ് ഫൈറ്റുകളും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും കോർത്തിണക്കി ‘ക്യാമ്പസിലെ തല്ലുമാല’ എന്ന വിശേഷണത്തോടെയാണ് ‘ഡർബി’യെത്തുന്നത്.വെറുമൊരു ക്യാമ്പസ് പ്രണയകഥയല്ല ഡർബി. ചടുലമായ നീക്കങ്ങളും പവർഫുൾ ആക്‌ഷൻ രംഗങ്ങളും നിറഞ്ഞ ഒരു പക്കാ ആക്‌ഷൻ എന്റർടെയ്‌നറാണ്. റിലീസിന് മുൻപേ പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഇപ്പോൾ ആ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് സിനിമയുടെ സംവിധായകൻ സജിൻ മമ്പാട്. ഡർബി എന്നാൽ രണ്ട് സംഘങ്ങൾ അല്ലെങ്കിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള പോരാട്ടത്തിനോ മത്സരത്തിനോ ഒക്കെ പറയുന്ന പേരാണ്.സിനിമയുടെ കഥ നടക്കുന്നത് ഒരു കലാലയത്തിനകത്താണ്. ഇതിന്റെ പഠനവുമായി ബന്ധപ്പെട്ട് പോയ സമയത്ത് സംവിധായകൻ അവിടെയുള്ള ഒരു കന്റീൻ ജീവനക്കാരനെ കാണാൻ ഇടയായി. അദ്ദേഹത്തിന്റെ സംസാരത്തിൽ പറഞ്ഞത്, “കുട്ടികൾ മാറിക്കൊണ്ടേയിരിക്കും, പക്ഷേ ഇവിടെയുള്ള ചില പ്രശ്‌നങ്ങൾ അങ്ങനെ തന്നെ നിലനിൽക്കും” എന്നാണ്. ആ പ്രശ്‌നങ്ങൾ എന്നത് അവർ തമ്മിലുള്ള തർക്കങ്ങളും പോരാട്ടങ്ങളുമാണ്. ആളുകൾ മാറിയാലും ആ ഒരു പോരാട്ടം അഥവാ ‘ഡർബി’ അവിടെത്തന്നെ ഉണ്ടാകും. ഈ ചിന്തയിൽ നിന്നാണ് ചിത്രത്തിന് “ഡർബി” എന്ന പേര് വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

റീൽസ് ക്രിയേറ്റിവിറ്റിയുടെ ചിറകാണോ അതോ ചങ്ങലയോ…

ഇന്ന് നമ്മൾ കണ്ണുതുറന്നാൽ ആദ്യം നോക്കുന്നത് ഫോണിലെ ആ 30 സെക്കൻഡ് വിരൽത്തുമ്പിലെ ലോകത്തിലേക്കാണ്. ഇൻസ്റ്റാഗ്രാമും യൂട്യൂബ് ഷോർട്‌സും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. സത്യത്തിൽ റീൽസ് ഒരു മികച്ച പ്ലാറ്റ്‌ഫോം തന്നെയാണ്; വളരെ കുറഞ്ഞ സമയം കൊണ്ട് ഒരു വലിയ ഐഡിയ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇത് സഹായിക്കുന്നു. വലിയ ക്യാമറയോ സ്റ്റുഡിയോയോ ഇല്ലാതെ വെറുമൊരു ഫോൺ കൈയിലുള്ള ആർക്കും തന്റെ കഴിവ് ലോകത്തിന് മുന്നിൽ കാണിക്കാം എന്ന വലിയൊരു മാറ്റം റീൽസ് കൊണ്ടുവന്നു. സാധാരണക്കാർക്ക് പോലും സെലിബ്രിറ്റികളാകാൻ ഇന്ന് ഒരു വൈറൽ വീഡിയോ മതി. പക്ഷേ, ഈ ‘വൈറൽ’ എന്ന വാക്കിന് പിന്നാലെയുള്ള ഓട്ടം നമ്മളെ എവിടെയാണ് എത്തിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ?ഇവിടെയാണ് യഥാർത്ഥ പ്രശ്നം തുടങ്ങുന്നത്. ഒരു പാട്ടോ ഒരു ഡാൻസ് സ്റ്റെപ്പോ വൈറൽ ആയാൽ പിന്നെ എല്ലാവരും അത് തന്നെ അനുകരിക്കാൻ തുടങ്ങുന്നു. “പുതിയതായി എന്ത് ചെയ്യാം?” എന്ന് ചിന്തിക്കുന്നതിന് പകരം “ഹിറ്റ് ആയത് എങ്ങനെ കോപ്പി ചെയ്യാം?” എന്ന ചിന്തയിലേക്ക് നമ്മുടെ ക്രിയേറ്റിവിറ്റി ചുരുങ്ങിപ്പോകുന്നു. ഒറിജിനൽ ഐഡിയകൾക്ക് പകരം വെറും അനുകരണങ്ങൾ മാത്രമായി സോഷ്യൽ മീഡിയ മാറുന്നു. ഇത് നമ്മുടെ ചിന്താശേഷിയെ മാത്രമല്ല, നമ്മുടെ സാമൂഹിക ജീവിതത്തെയും ബാധിക്കുന്നുണ്ട്. മണിക്കൂറുകളോളം റീൽസ് സ്ക്രോൾ ചെയ്യുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകത്തെ നമ്മൾ മറന്നുപോകുന്നു. 30 സെക്കൻഡ് വീഡിയോകൾ കണ്ട് ശീലിച്ച നമ്മുടെ തലച്ചോറിന് ഇപ്പോൾ 5 മിനിറ്റുള്ള ഒരു വീഡിയോ കാണാനോ, ഒരു പുസ്തകം വായിക്കാനോ ഉള്ള ക്ഷമ ഇല്ലാതായിരിക്കുന്നു. ആഴത്തിലുള്ള കാര്യങ്ങൾ ആസ്വദിക്കാനുള്ള നമ്മുടെ കഴിവ് പതിയെ നഷ്ടപ്പെടുകയാണ്.മാത്രമല്ല, റീൽസ് കാണുന്നതിലൂടെ നമ്മൾ അറിയാതെ തന്നെ മറ്റുള്ളവരുടെ ജീവിതവുമായി നമ്മെ താരതമ്യം ചെയ്യാൻ തുടങ്ങുന്നു. ഇത് അനാവശ്യമായ മാനസിക സമ്മർദ്ദത്തിനും ‘FOMO’ (Fear of Missing Out) പോലുള്ള അവസ്ഥകളിലേക്കും നമ്മെ നയിക്കാം. ചുരുക്കത്തിൽ, റീൽസ് എന്ന സാങ്കേതികവിദ്യ ക്രിയേറ്റിവിറ്റിയെ കൊല്ലുന്നില്ല, മറിച്ച് നമ്മൾ അതിന് അടിമപ്പെടുമ്പോഴാണ് പ്രശ്നം തുടങ്ങുന്നത്. ട്രെൻഡുകൾക്ക് പിന്നാലെ കണ്ണുമടച്ച് ഓടാതെ, സ്വന്തം ശൈലി കണ്ടെത്താൻ ശ്രമിക്കുന്നതാണ് യഥാർത്ഥ സർഗ്ഗാത്മകത. റീൽസ് നിങ്ങളെ നിയന്ത്രിക്കണോ, അതോ നിങ്ങൾ റീൽസിനെ ഒരു ടൂൾ ആയി ഉപയോഗിക്കണോ എന്നത് നിങ്ങളുടെ മാത്രം തീരുമാനമാണ്. ഓർക്കുക, ട്രെൻഡ് ഫോളോ ചെയ്യാൻ ആർക്കും പറ്റും, പക്ഷേ സ്വന്തം സ്റ്റൈൽ ഉണ്ടാക്കുന്നവനാണ് യഥാർത്ഥ ക്രിയേറ്റർ.

നീരജ് മാധവും അൽത്താഫ് സലിമും ഒന്നിക്കുന്ന ‘പ്ലൂട്ടോ’; കൗതുകമുണർത്തി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

​മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നീരജ് മാധവും അൽത്താഫ് സലിമും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം ‘പ്ലൂട്ടോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വ്യത്യസ്തമായ ടൈറ്റിലും പോസ്റ്ററിലെ അവതരണ ശൈലിയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ആദിത്യൻ ചന്ദ്രശേഖർസംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ക്ലീൻ എന്റർടൈനർ ആയിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.​അൽത്താഫ് സലിമിന്റെ സ്വതസിദ്ധമായ കോമഡി ശൈലിയും നീരജ് മാധവിന്റെ പ്രകടനവും ഒത്തുചേരുമ്പോൾ ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ദൃശ്യാനുഭവമാകുമെന്നാണ് കരുതപ്പെടുന്നത്. ഇവർക്കൊപ്പം നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്ന പ്ലൂട്ടോയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പുതുമയുള്ള പ്രമേയങ്ങൾ ഇഷ്ടപ്പെടുന്ന മലയാള സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമയെ കാത്തിരിക്കുന്നത്.

ഇതൊരു രണ്ടാം വരവ്! ‘ഭരതനാട്യ’ത്തിന് ശേഷം ‘മോഹിനിയാട്ട’വുമായി സൈജു കുറുപ്പ്

തിയേറ്ററുകളിൽ വലിയ തരംഗമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തതോടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സൈജു കുറുപ്പ് നായകനായ ‘ഭരതനാട്യം’. ഒരു കൊച്ചു കുടുംബചിത്രം എന്ന നിലയിൽ മികച്ച അഭിപ്രായങ്ങൾ നേടിയെങ്കിലും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ ആ പരാജയത്തിൽ തളരാതെ, ആദ്യ ഭാഗത്തിന് ലഭിച്ച പോസിറ്റീവ് റിവ്യൂകൾ ഊർജ്ജമാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ട’വുമായി എത്തുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി. ആദ്യ ഭാഗത്തിന് സംഭവിച്ച വീഴ്ചകൾ കൃത്യമായി പഠിച്ചും പ്രേക്ഷകരുടെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയുമാണ് അദ്ദേഹം പുതിയ ചിത്രം ഒരുക്കുന്നത്.ആദ്യ ഭാഗത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്ത‌മായ ഒരു ശൈലിയിലാണ് രണ്ടാം ഭാഗത്തിന്.ഒരു ഫാമിലി ഡ്രാമ എന്നതിലുപരി ‘ക്രൈം-കോമഡി’ ഴോണറിലാണ് ‘മോഹിനിയാട്ടം’ അവതരിപ്പിക്കുന്നത്. ഭരതനാട്യം അവസാനിച്ചിടത്തുനിന്ന് കഥ തുടങ്ങുന്നുണ്ടെങ്കിലും മേക്കിങ്ങിലും തിരക്കഥയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തുടക്കത്തിൽ രണ്ടാം ഭാഗം ചെയ്യുന്നതിനോട് തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ മികച്ചൊരു സ്ക്രിപ്റ്റ് ലഭിച്ചതോടെയാണ് മുന്നോട്ട് പോയതെന്നും സംവിധായകൻ വെളിപ്പെടുത്തി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു സർപ്രൈസ് എലമെൻ്റ് ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഭാഗത്തിന് ഒടിടിയിൽ ലഭിച്ച ആ വലിയ സ്നേഹം ‘മോഹിനിയാട്ടം’ തിയേറ്ററിൽ തന്നെ നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറപ്രവർത്തകർ.