‘കടകൻ’ എന്ന ചിത്രത്തിന് ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന ‘ഡർബി’ ഇതിനോടകം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. കലാലയങ്ങളിലെ ഗ്യാങ് ഫൈറ്റുകളും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും കോർത്തിണക്കി ‘ക്യാമ്പസിലെ തല്ലുമാല’ എന്ന വിശേഷണത്തോടെയാണ് ‘ഡർബി’യെത്തുന്നത്.വെറുമൊരു ക്യാമ്പസ് പ്രണയകഥയല്ല ഡർബി. ചടുലമായ നീക്കങ്ങളും പവർഫുൾ ആക്ഷൻ രംഗങ്ങളും നിറഞ്ഞ ഒരു പക്കാ ആക്ഷൻ എന്റർടെയ്നറാണ്. റിലീസിന് മുൻപേ പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
ഇപ്പോൾ ആ പേരിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ് സിനിമയുടെ സംവിധായകൻ സജിൻ മമ്പാട്. ഡർബി എന്നാൽ രണ്ട് സംഘങ്ങൾ അല്ലെങ്കിൽ രണ്ട് വ്യക്തികൾ തമ്മിലുള്ള പോരാട്ടത്തിനോ മത്സരത്തിനോ ഒക്കെ പറയുന്ന പേരാണ്.സിനിമയുടെ കഥ നടക്കുന്നത് ഒരു കലാലയത്തിനകത്താണ്. ഇതിന്റെ പഠനവുമായി ബന്ധപ്പെട്ട് പോയ സമയത്ത് സംവിധായകൻ അവിടെയുള്ള ഒരു കന്റീൻ ജീവനക്കാരനെ കാണാൻ ഇടയായി. അദ്ദേഹത്തിന്റെ സംസാരത്തിൽ പറഞ്ഞത്, “കുട്ടികൾ മാറിക്കൊണ്ടേയിരിക്കും, പക്ഷേ ഇവിടെയുള്ള ചില പ്രശ്നങ്ങൾ അങ്ങനെ തന്നെ നിലനിൽക്കും” എന്നാണ്. ആ പ്രശ്നങ്ങൾ എന്നത് അവർ തമ്മിലുള്ള തർക്കങ്ങളും പോരാട്ടങ്ങളുമാണ്. ആളുകൾ മാറിയാലും ആ ഒരു പോരാട്ടം അഥവാ ‘ഡർബി’ അവിടെത്തന്നെ ഉണ്ടാകും. ഈ ചിന്തയിൽ നിന്നാണ് ചിത്രത്തിന് “ഡർബി” എന്ന പേര് വന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
