തിയേറ്ററുകളിൽ വലിയ തരംഗമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്തതോടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സൈജു കുറുപ്പ് നായകനായ ‘ഭരതനാട്യം’. ഒരു കൊച്ചു കുടുംബചിത്രം എന്ന നിലയിൽ മികച്ച അഭിപ്രായങ്ങൾ നേടിയെങ്കിലും ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സിനിമയ്ക്ക് സാധിച്ചിരുന്നില്ല. എന്നാൽ ആ പരാജയത്തിൽ തളരാതെ, ആദ്യ ഭാഗത്തിന് ലഭിച്ച പോസിറ്റീവ് റിവ്യൂകൾ ഊർജ്ജമാക്കിക്കൊണ്ട് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘മോഹിനിയാട്ട’വുമായി എത്തുകയാണ് സംവിധായകൻ കൃഷ്ണദാസ് മുരളി. ആദ്യ ഭാഗത്തിന് സംഭവിച്ച വീഴ്ചകൾ കൃത്യമായി പഠിച്ചും പ്രേക്ഷകരുടെ താല്പര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയുമാണ് അദ്ദേഹം പുതിയ ചിത്രം ഒരുക്കുന്നത്.ആദ്യ ഭാഗത്തെ അപേക്ഷിച്ച് തികച്ചും വ്യത്യസ്തമായ ഒരു ശൈലിയിലാണ് രണ്ടാം ഭാഗത്തിന്.
ഒരു ഫാമിലി ഡ്രാമ എന്നതിലുപരി ‘ക്രൈം-കോമഡി’ ഴോണറിലാണ് ‘മോഹിനിയാട്ടം’ അവതരിപ്പിക്കുന്നത്. ഭരതനാട്യം അവസാനിച്ചിടത്തുനിന്ന് കഥ തുടങ്ങുന്നുണ്ടെങ്കിലും മേക്കിങ്ങിലും തിരക്കഥയിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തുടക്കത്തിൽ രണ്ടാം ഭാഗം ചെയ്യുന്നതിനോട് തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും എന്നാൽ മികച്ചൊരു സ്ക്രിപ്റ്റ് ലഭിച്ചതോടെയാണ് മുന്നോട്ട് പോയതെന്നും സംവിധായകൻ വെളിപ്പെടുത്തി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒരു സർപ്രൈസ് എലമെൻ്റ് ചിത്രത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഭാഗത്തിന് ഒടിടിയിൽ ലഭിച്ച ആ വലിയ സ്നേഹം ‘മോഹിനിയാട്ടം’ തിയേറ്ററിൽ തന്നെ നേടിയെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് അണിയറപ്രവർത്തകർ.



