അമേരിക്ക–ഇറാൻ സംഘർഷം: ഇന്ത്യയിൽ ഇന്ധനവില ഉയരുമ്പോൾ

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ ലോക വിപണിയിൽ ക്രൂഡ് ഓയിൽ വിലകൾ കുതിച്ചുയരാൻ തുടങ്ങിയത് ഇന്ത്യയിലേക്കും പ്രതിഫലിക്കുകയാണ്. ആഗോള രാഷ്ട്രീയത്തിലെ ചെറിയ ചലനങ്ങൾ പോലും എങ്ങനെ നമ്മുടെ ദിവസേന ജീവിതച്ചെലവുകളെ ബാധിക്കുന്നു എന്നതിന് ഏറ്റവും വ്യക്തമായ ഉദാഹരണമാണ് ഇന്ധനവില. അടുത്തിടെ നയാരയ്ക്ക് പിന്നാലെ ഷെല്ലും ഇന്ധനവില വർധിപ്പിച്ചതോടെ, സ്വകാര്യ പമ്പുകളിൽ പെട്രോൾ 119 രൂപയും ഡീസൽ 123 രൂപയും കടന്നത് ഉപഭോക്താക്കളെ ആശങ്കപ്പെടുത്തുകയാണ്. ഇന്ധനവില വർധനവ് എന്നത് വെറും പെട്രോൾ പമ്പിൽ മാത്രം കാണുന്ന ഒരു മാറ്റമല്ല. ഇത് ഒരു തരംഗം പോലെ സാമ്പത്തിക വ്യവസ്ഥയിലുടനീളം വ്യാപിക്കുന്നു. ഗതാഗതച്ചെലവ് ഉയരുമ്പോൾ സാധനങ്ങളുടെ വിലയും സ്വാഭാവികമായി ഉയരും. അതായത്, പച്ചക്കറി മുതൽ ദിനചര്യാവസ്തുക്കൾ വരെ എല്ലാം ഇതിന്റെ ആഘാതം അനുഭവിക്കും. പ്രത്യേകിച്ച് ഇന്ത്യ പോലുള്ള ഇറക്കുമതി ആശ്രിത രാജ്യങ്ങളിൽ ക്രൂഡ് ഓയിൽ വില ഉയരുന്നത് നേരിട്ട് സാമ്പത്തിക സമ്മർദ്ദമായി മാറുന്നു. ഇപ്പോൾ സംഭവിക്കുന്നത് അതുതന്നെയാണ്. അമേരിക്ക–ഇറാൻ സംഘർഷം മൂലം മിഡിൽ ഈസ്റ്റ് മേഖലയിൽ അനിശ്ചിതത്വം വർധിച്ചതോടെ, ഓയിൽ സപ്ലൈയിൽ തടസ്സമുണ്ടാകുമെന്ന ആശങ്കയാണ് വിപണിയെ ചൂടുപിടിപ്പിക്കുന്നത്. ഈ ആശങ്ക തന്നെയാണ് വില ഉയരാൻ പ്രധാന കാരണമായത്. അതേസമയം, സ്വകാര്യ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വില ക്രമീകരിക്കുന്നതിനാൽ ഇവരുടെ പമ്പുകളിൽ വില വർധനവ് വേഗത്തിൽ പ്രകടമാകുന്നു. ഇത് സാധാരണ ജനങ്ങൾക്ക് ഒരു നിശബ്ദ സമ്മർദ്ദമായി മാറുന്നു. ദിവസേന യാത്ര ചെയ്യുന്ന തൊഴിലാളി മുതൽ ചെറിയ വ്യാപാരി വരെ എല്ലാവർക്കും ഇതിന്റെ ഭാരം തോന്നിത്തുടങ്ങും. സർക്കാർ കമ്പനികളുടെ പമ്പുകളിൽ വില സ്ഥിരമായി തുടരുന്നുണ്ടെങ്കിലും, സ്വകാര്യ പമ്പുകളിലെ വർധനവ് വിപണിയിൽ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കം കുറിക്കുന്നതായാണ് കാണുന്നത്. ഇനി മുന്നോട്ട് പോകുമ്പോൾ, ആഗോള രാഷ്ട്രീയത്തിലെ ഈ സംഘർഷം എത്രത്തോളം നീളും എന്നതിനെ ആശ്രയിച്ചാകും ഇന്ത്യയിലെ ഇന്ധനവിലയുടെ ഭാവി. സമാധാനം വന്നാൽ വിലകൾ സ്ഥിരത കൈവരിക്കാൻ സാധ്യതയുണ്ടെങ്കിലും, സംഘർഷം രൂക്ഷമായാൽ പെട്രോൾ പമ്പുകളിൽ കാണുന്ന അക്കങ്ങൾ ഇനിയും ഉയരാൻ സാധ്യത നിഷേധിക്കാനാവില്ല.
ആശുപത്രി നിഗൂഢതകളിലേക്ക് ‘ഡോസ്’: സിജു വിൽസൺ ചിത്രം ഏപ്രിൽ 24ന് റിലീസ്

സിജു വിൽസൺ നായകനാകുന്ന മെഡിക്കൽ ത്രില്ലർ ‘ഡോസ്’ റിലീസ് പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് സിജു വിൽസൺ തന്നെ റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം ഏപ്രിൽ 24ന് തിയേറ്ററുകളിൽ എത്തും. നവാഗതനായ അഭിലാഷ് ആർ. നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം എസിനിമാറ്റിക്ക് പിക്‌ചേഴ്‌സിന്റെ ബാനറിൽ, വണ്ടർ മൂഡ്‌സിനൊപ്പം ചേർന്ന് ഷാന്റോ തോമസ് നിർമ്മിക്കുന്നു. ജഗദീഷ്, അശ്വിൻ കുമാർ,കൃഷ്ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാൽ, റോണി ഡേവിഡ് രാജ്, സഞ്ജു സനിച്ചൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനുചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈം കേസുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ‘ഡോസ്’ ഒരുങ്ങുന്നത്. അങ്കിത് ത്രിവേദി കോ-പ്രൊഡ്യൂസറാണ്. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വർക്ക്, വിൽസൺ പിക്ചേഴ്സ്, കുര്യൻ മാത്യു എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. സാങ്കേതിക പ്രവർത്തകർ: സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – വിഷ്ണുപ്രസാദ്, എഡിറ്റിംഗ് – ശ്യാം ശശിധരൻ, വരികൾ – റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ – അപ്പുമാരായി, ഡി.ഐ – ലിജു പ്രഭാകർ, മേക്കപ്പ് – പ്രണവ് വാസൻ, കോസ്റ്റ്യൂം ഡിസൈൻ – സുൽത്താനാ റസാഖ്.
രവി ബസ്രൂർ – ആന്റണി വർഗീസ് കൂട്ടുകെട്ട്; ആക്ഷൻ പ്രേമികൾ കാത്തിരിക്കുന്ന ‘കാട്ടാളൻ’ റിലീസിന് തയ്യാറെടുക്കുന്നു

മലയാള സിനിമയിൽ വീണ്ടും ഒരു ആക്ഷൻ മാമാങ്കത്തിന് കളമൊരുങ്ങുകയാണ്. ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ എന്ന ചിത്രം പ്രഖ്യാപനം മുതൽക്കേ സിനിമാപ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ‘കെജിഎഫ്’, ‘സലാർ’ തുടങ്ങിയ പാൻ ഇന്ത്യൻ ഹിറ്റുകളിലൂടെ ഇന്ത്യയൊട്ടാകെ തരംഗം തീർത്ത സംഗീത മാന്ത്രികൻ രവി ബസ്രൂർ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ‘മാർക്കോ’യ്ക്ക് ശേഷം രവി ബസ്രൂർ സംഗീതം പകരുന്ന മലയാള ചിത്രം എന്ന നിലയിൽ ഇതിലെ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങൾക്കും വലിയ പ്രാധാന്യമുണ്ടാകുമെന്ന് ഉറപ്പാണ്. ആക്ഷൻ രംഗങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ താരം കബീർ ദുഹാൻ സിംഗാണ് വില്ലനായി എത്തുന്നത്. സിദ്ദിഖ്, ജഗദീഷ് തുടങ്ങി മലയാളത്തിലെ മുൻനിര താരങ്ങളും ഈ ആക്ഷൻ ത്രില്ലറിന്റെ ഭാഗമാകുന്നുണ്ട്. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സാങ്കേതിക മികവിലും ഏറെ മുന്നിലായിരിക്കും. ‘കങ്കുവ’, ‘പുഷ്പ 2’ തുടങ്ങിയ തെന്നിന്ത്യൻ ബ്രഹ്മാണ്ഡ ചിത്രങ്ങളിലെ സംഘട്ടനങ്ങൾ ഒരുക്കിയ പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ കെച്ച ഖംഫക്ടിയാണ് കാട്ടാളനിലെ തീപാറുന്ന ആക്ഷൻ രംഗങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ആന്റണി വർഗീസിന്റെ കരിയറിലെ തന്നെ ഏറ്റവും സ്റ്റൈലിഷ് ആയ ആക്ഷൻ ചിത്രമായിരിക്കും ഇതെന്ന് ഉറപ്പുനൽകുന്ന ‘കാട്ടാളൻ’ അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തും. പീറ്റർ ഹെയ്‌ൻ ഉൾപ്പെടെയുള്ള വമ്പൻമാരുടെ സാന്നിധ്യം ചിത്രത്തിന്റെ ആവേശം ഇരട്ടിയാക്കുന്നു.
പോളച്ചനായി ജോജു ജോർജ്; വാണി വിശ്വനാഥും സുകന്യയും വീണ്ടും സ്ക്രീനിലേക്ക്; ആവേശമായി ‘വരവ്’.

ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എ.കെ. സാജൻ ഷാജി കൈലാസിനായി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ പോളച്ചൻ എന്ന സമ്പന്നനായ പ്ലാന്ററുടെ വേഷത്തിലാണ് ജോജു എത്തുന്നത്. തന്റെ പഴയകാല ശത്രുക്കളെ നേരിടാനും തീർപ്പാക്കാത്ത ചില കാര്യങ്ങൾ പൂർത്തിയാക്കാനുമായി നാട്ടിലേക്ക് തിരിച്ചെത്തുന്ന പോളച്ചന്റെ കഥയാണ് ചിത്രം പറയുന്നത്. വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വാണി വിശ്വനാഥ്, സുകന്യ എന്നിവരുടെ തിരിച്ചുവരവ് ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. കൂടാതെ അർജുൻ അശോകൻ, മുരളി ഗോപി, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ തുടങ്ങി പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു ഉൾപ്പെടെയുള്ള അഞ്ച് പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരാണ് സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി.എസ് സംഗീതവും എസ്. ശരവണൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.
അറ്റ്‌ലി-അല്ലു അർജുൻ ചിത്രം ‘AA 22’: 800 കോടി ബജറ്റിൽ ഇന്ത്യൻ സിനിമയെ വിറപ്പിക്കാൻ ഒരുങ്ങുന്ന മാസ്സ് ആക്ഷൻ വിരുന്ന്!

ഹിറ്റ് സംവിധായകൻ അറ്റ്‌ലിയും സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ വലിയ ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. ‘AA 22’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 800 കോടിക്ക് മുകളിൽ ബജറ്റ് പ്രതീക്ഷിക്കുന്ന സിനിമയുടെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ് ഏറ്റെടുത്തിരിക്കുന്നത്. അല്ലു അർജുന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിടുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ വലിയ ക്യാൻവാസും വമ്പൻ ബജറ്റും കണക്കിലെടുത്ത് രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇതിൽ ആദ്യ ഭാഗം 2026 അവസാനത്തോടെ തിയേറ്ററുകളിൽ എത്തും.ബോളിവുഡ് താരം ദീപിക പദുകോൺ നായികയായി എത്തുന്ന ചിത്രത്തിൽ മൃണാൾ താക്കൂർ, ജാൻവി കപൂർ, ഭാഗ്യശ്രീ ബോസ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപികയെ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ബിഹൈൻഡ് ദ സീൻ ടീസർ നേരത്തെ പുറത്തുവന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ നിർമ്മാണച്ചെലവിൽ ഏകദേശം 250 കോടി രൂപ വിഎഫ്എക്സിനായി മാത്രം മാറ്റിവെച്ചിരിക്കുകയാണ്. ഹോളിവുഡ് ടെക്നീഷ്യൻമാർ കൂടി അണിനിരക്കുന്ന ഈ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം റെക്കോർഡ് തുകയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായാണ് വിവരം. അല്ലു അർജുന്റെ 22-ാമത്തെ ചിത്രവും അറ്റ്‌ലിയുടെ ആറാമത്തെ സംവിധാന സംരംഭവുമായ ഈ സിനിമ ഒരു കംപ്ലീറ്റ് മാസ്സ് വിരുന്നായിരിക്കുമെന്ന ഉറപ്പിലാണ് ആരാധകർ.
ഭീഷ്മര്‍;ഒരൊറ്റ രാത്രിയില്‍ പ്രണയവും സംഘര്‍ഷങ്ങളും കോര്‍ത്തിണക്കിയ അവിസ്മരണീയ ചിത്രം!

ഒരു രാത്രിയില്‍ നടക്കുന്ന സിനിമ എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ഹൊറര്‍, ക്രൈം മിഥ്യാധാരണകളെ തിരുത്തിക്കുറിക്കുന്ന ചിത്രമാണ് ഭീഷ്മര്‍.പ്രണയവും സംഘര്‍ഷങ്ങളും പൊട്ടിച്ചിരിയും നിറഞ്ഞ ഒരു പക്കാ എന്റര്‍ടൈനറാണ് ചിത്രം. പാലക്കാടിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ പച്ചക്കറി കച്ചവടക്കാരനായ മുരുകന്റെ (ധ്യാന്‍ ശ്രീനിവാസന്‍) ജീവിതത്തിലൂടെയാണ് കഥ ആരംഭിക്കുന്നത്. ശാന്തമായി പോയിരുന്ന മുരുകന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി അരവിന്ദനും (വിഷ്ണു ഉണ്ണിക്കൃഷ്ണന്‍) അയാളുടെ കാമുകി റസിയയും (അമേര) കടന്നുവരുന്നതോടെ കഥയുടെ രൂപം മാറുന്നത്. ആകാംക്ഷയും തമാശയും നിറഞ്ഞ മുഹൂര്‍ത്തങ്ങളാണ് പിന്നീട് പ്രേക്ഷകരെ കാത്തിരിക്കുന്നത്. അരവിന്ദന്റെയും റസിയയുടെയും പുതിയ കാലത്തെ പ്രണയത്തോടൊപ്പം തന്നെ മുരുകന്റെ ഉള്ളിലെ വിങ്ങുന്ന പഴയകാല പ്രണയകഥയും ചിത്രത്തില്‍ മനോഹരമായി ആവിഷ്‌കരിക്കുന്നുണ്ട്.മുരുകന്‍ എന്ന വേഷത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ചവെക്കുന്നു. നിഗൂഢത നിറഞ്ഞ അരവിന്ദനായി വിഷ്ണു ഉണ്ണിക്കൃഷ്ണനും, മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന ഗോപികയായി ദിവ്യാ പിള്ളയും തിളങ്ങുന്നു. ചിരിപ്പിക്കാന്‍ മാത്രമല്ല, പ്രണയത്തിന്റെ ആഴവും ജീവിതത്തിന്റെ ചില ഗൗരവമായ വശങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ‘ഭീഷ്മര്‍’ എന്ന ടൈറ്റിലിന് പിന്നിലെ രഹസ്യവും ഒന്നിലേറെ പ്രണയങ്ങളും ചിത്രത്തിൽ ചർച്ചയാവുന്നുണ്ട്. രഞ്ജിന്‍ രാജിന്റെ സംഗീതവും രതീഷ് റാമിന്റെ ദൃശ്യഭംഗിയും ചിത്രത്തിന് ഒരു ഫ്രഷ് ഫീല്‍ നല്‍കുന്നു. പഴയ ഹിറ്റ് ഗാനമായ’പാല്‍നിലാപ്പുഞ്ചിരി’ പുതിയ രൂപത്തില്‍ കേള്‍ക്കുന്നത് പ്രേക്ഷകര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് അനുഭവമായിരിക്കും.മൊത്തത്തില്‍ പ്രണയവും സംഗീതവും കോമഡിയും ചേര്‍ന്നൊരുക്കിയ ഒരു കംപ്ലീറ്റ് ഫാമിലി പാക്കേജാണ് ഭീഷ്മര്‍.
വമ്പന്‍ താരങ്ങളെ വരെ സൈഡാക്കി സുരാജ് വെഞ്ഞാറമൂട്; ചര്‍ച്ചയായി കര ടീസര്‍

തമിഴ് സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കര’.പോര്‍ തൊഴിലിന് ശേഷം വിഘ്നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍. മലയാളി താരങ്ങളായ മമിത ബൈജുവും ജയറാമും ചിത്രത്തില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് സുരാജ് വെഞ്ഞാറമൂടാണ്.ധനുഷും ജയറാമും മമിത ബൈജുവും സ്‌ക്രീനില്‍ നിറയുമ്പോഴും ടീസര്‍ കണ്ടവരുടെ മനസ്സില്‍ നില്‍ക്കുന്നത് സുരാജ് എന്ന നടന്റെ അസാധ്യ പ്രകടനമാണ്.ഭരതന്‍ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് സുരാജ് കരയില്‍ പ്രത്യക്ഷപ്പെടുന്നത്. ഭാഷ അറിയില്ലെന്ന കാരണം കൊണ്ടാണ് ഇത്രയും കാലം തമിഴില്‍ അഭിനയിക്കാതിരുന്നതെന്ന് സുരാജ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷം റിലീസായ വീര ധീര സൂരനാണ് സുരാജിന്റെ ആദ്യ തമിഴ്ചിത്രം .പിന്നീട്ജയിലര്‍ 2, എന്ന ചിത്രത്തിന് ശേഷമാണ് ‘കര’യില്‍ അഭിനയിക്കുന്നത്.തുടര്‍ച്ചയായ 3 ചിത്രങ്ങളിലൂടെ ഇപ്പോള്‍ തമിഴ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് സുരാജ്. ഏപ്രില്‍ 30-നാണ് കര റിലീസ് ചെയ്യുന്നത്.
കുടുംബപ്രേക്ഷകർക്കായി ഒരു അച്ഛൻ-മകൻ ചിത്രം’ആശകൾ ആയിരം’ ഒടിടിയിൽ എത്തുന്നു

ജയറാമും മകന്‍ കാളിദാസും നീണ്ട 23 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിച്ച ‘ആശകൾ ആയിരം’ എന്ന ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരിയിൽ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് ബോക്‌സോഫീസിൽ വലിയ മുന്നേറ്റം നടത്താൻ കഴിഞ്ഞിരുന്നില്ലെങ്കിലും, കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ഈ സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ജി. പ്രജിത്ത് സംവിധാനം ചെയ്ത ഈ ചിത്രം സീ 5 (ZEE5) മലയാളത്തിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. അച്ഛനും മകനും തമ്മിലുള്ള വൈകാരികമായ ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമയുടെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അരവിന്ദ് രാജേന്ദ്രനും പ്രശസ്ത സംവിധായകൻ ജൂഡ് ആന്റണി ജോസഫും ചേർന്നാണ്. ജയറാമിനും കാളിദാസിനും പുറമെ ആശ ശരത്, ഷറഫുദ്ദീൻ, ഇഷാനി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങിയ വൻ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രം ഈ വാരാന്ത്യത്തോടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഇത്തരം കുടുംബചിത്രങ്ങൾക്ക് പലപ്പോഴും ഒടിടിയിൽ മികച്ച സ്വീകാര്യത ലഭിക്കാറുള്ളതിനാൽ ‘ആശകൾ ആയിരം’ എന്ന ചിത്രവും അത്തരത്തിൽ ഒരു മികച്ച തിരിച്ചുവരവ് നടത്തുമെന്ന് ആരാധകർ കരുതുന്നു.
ചിരിയുടെ രണ്ടാം വരവ്; ‘ഹാപ്പി വെഡ്ഡിംഗ് 2’ പ്രഖ്യാപിച്ച് ഒമർ ലുലു

ഒമർ ലുലു തന്റെ ആദ്യ സിനിമയായ ‘ഹാപ്പി വെഡ്ഡിംഗിന്’ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത പങ്കുവെച്ചിരിക്കുകയാണ്. ചിത്രം പുറത്തിറങ്ങി ഏകദേശം പത്ത് വർഷത്തോട് അടുക്കുമ്പോഴാണ് ഈ പ്രഖ്യാപനം ഉണ്ടാകുന്നത്.സൗഹൃദത്തിനും പ്രണയത്തിനും പ്രാധാന്യം നൽകി 2016-ൽ പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിംഗ്’ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം യുവാക്കൾക്കിടയിൽ തരംഗമായിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ പഴയ താരങ്ങൾ തന്നെയാണോ അതോ പുതിയ താരനിരയാണോ അണിനിരക്കുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഔസേപ്പച്ചൻ വാളക്കുഴിയാണ് ചിത്രം നിർമ്മിക്കുന്നത്.ഹാപ്പി വെഡ്ഡിംഗിന് ശേഷം ചങ്ക്സ്, ഒരു അഡാർ ലവ്, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമർ ലുലു, പുതിയ ചിത്രം കൂടുതൽ കളർഫുൾ ആയിരിക്കുമെന്ന സൂചനയാണ് നൽകുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളും അണിയറ പ്രവർത്തകരെ കുറിച്ചുള്ള പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാർത്ത സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ചർച്ചയായിക്കഴിഞ്ഞു.
കേരളത്തിൻ്റെ ക്രൈസ്തവ ചരിത്രത്തിൽ ഒമ്പതാം നൂറ്റാണ്ടിലെ സാമൂഹിക സാഹചര്യങ്ങളെയും വിദേശ സഭകളുമായുള്ള ബന്ധത്തെയും സൂചിപ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കണ്ണിയാണ് കടമറ്റത്ത് കത്തനാർ.

കത്തനാർ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ഒമ്പതാം നൂറ്റാണ്ട് കേരളത്തിലെ ക്രൈസ്തവ സഭയുടെ വളർച്ചയിൽ സുപ്രധാനമാണ്. എ.ഡി 825-ൽ പേർഷ്യയിൽ നിന്നും കേരളത്തിലെത്തിയ മാർ ആബോ (മാർ സബോർ), മാർ പ്രോത്ത് എന്നിവർ പള്ളികൾ സ്ഥാപിക്കുന്നതിലും സഭയെ വികസിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചിരുന്നു. കടമറ്റത്ത് കത്തനാരുടെ ഗുരുവായാണ് മാർ ആബോയെ ചരിത്രം അടയാളപ്പെടുത്തുന്നത്. കടമറ്റത്തെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പൗലോസ് എന്ന യുവാവാണ് പിന്നീട് കത്തനാരായത്. മാർ ആബോയിൽ നിന്ന് സുറിയാനി ഭാഷയും ദൈവശാസ്ത്രവും പഠിച്ച അദ്ദേഹം, അന്നത്തെ കാലഘട്ടത്തിലെ ഉന്നത വിദ്യാഭ്യാസം ലഭിച്ച ചുരുക്കം വ്യക്തികളിൽ ഒരാളായിരുന്നു. പിന്നീട് ബിഷപ്പ് മാർ സബോറിനാൽ തന്നെ പുരോഹിതനായി വാഴിക്കപ്പെട്ടു. ‘ അന്നത്തെ അറിവുകളുംചരിത്രകാരന്മാർ വിലയിരുത്തുന്നത് പ്രകാരം, കത്തനാർക്ക് ഉണ്ടായിരുന്ന അസാധാരണമായ അറിവുകളാണ് പിൽക്കാലത്ത് ‘മന്ത്രവാദം എന്ന നിലയിൽ ഐതിഹ്യങ്ങളായി മാറിയത്. ആയുർവേദത്തിലും പ്രകൃതിദത്തമായ മരുന്നുകളിലും അദ്ദേഹം പ്രാവീണ്യം നേടിയിരുന്നിരിക്കാം. അക്കാലത്ത് ഭേദമാക്കാൻ കഴിയാത്ത മാനസിക രോഗങ്ങളെയും മറ്റ് അസുഖങ്ങളെയും ചികിത്സിച്ചു ഭേദമാക്കിയത് അദ്ദേഹത്തിന് അമാനുഷിക പരിവേഷം നൽകി. ബാധ ഒഴുപ്പിക്കൽ’ എന്നത് പലപ്പോഴും ആധുനിക മനഃശാസ്ത്രത്തിലെ ഹിപ്നോസിസ് അല്ലെങ്കിൽ കൗൺസിലിംഗ് രീതികളുടെ പ്രാഥമിക രൂപമായിരുന്നിരിക്കാം. പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന താളിയോലകൾ മന്ത്രങ്ങളേക്കാൾ ഉപരിയായി അന്നത്തെ വൈദ്യശാസ്ത്ര കുറിപ്പുകളോ വൈദിക ഗ്രന്ഥങ്ങളോ ആകാനാണ് സാധ്യത. കത്തനാരുടെ കഥകൾ പരിശോധിച്ചാൽ അദ്ദേഹം ജാതിമത ഭേദമന്യേ സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിച്ചിരുന്നതായി കാണാം. യക്ഷികളെയും മന്ത്രവാദികളെയും തോൽപ്പിച്ചു എന്നത് പ്രതീകാത്മകമായി ജനങ്ങളെ ഭയപ്പെടുത്തിയിരുന്ന സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടമായും വ്യാഖ്യാനിക്കാം. ഇത് അദ്ദേഹത്തിന് ഒരു ജനകീയ നായകൻ്റെ പദവി നൽകി. കടമറ്റം പള്ളിയിലെ ലിഖിതങ്ങളും അവിടുത്തെ കുരിശും പുരാതനമായ പേർഷ്യൻ ബന്ധത്തെ സാക്ഷ്യപ്പെടുത്തുന്നു. പള്ളിയിൽ കത്തനാർ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന പീഠവും കിണറും ഇന്നും സംരക്ഷിക്കപ്പെടുന്നു. ചരിത്രപരമായ തെളിവുകൾ കുറവാണെങ്കിലും, ഒരു ജനതയുടെ വിശ്വാസത്തിൽ അദ്ദേഹം നൂറ്റാണ്ടുകളായി ജീവിക്കുന്നു എന്നത് അദ്ദേഹത്തിൻ്റെ ചരിത്രസാന്നിധ്യത്തിൻ്റെ വലിയ തെളിവാണ്. കടമറ്റത്ത് കത്തനാർ കേവലം ഒരു മന്ത്രവാദി മാത്രമായിരുന്നില്ല; മറിച്ച് വിജ്ഞാനവും ആത്മീയതയും സമന്വയിപ്പിച്ച, തൻ്റെ കാലഘട്ടത്തിന് മുന്നേ സഞ്ചരിച്ച ഒരു പുരോഹിതനായിരുന്നു. പിൽക്കാലത്ത് നാടോടിക്കഥകൾ അദ്ദേഹത്തിന് ചുറ്റും മിത്തുകളുടെ ഒരു വലയം സൃഷ്ടിച്ചു എങ്കിലും, ഒമ്പതാം നൂറ്റാണ്ടിലെ കേരളീയ ക്രൈസ്തവ ജീവിതത്തിൻ്റെ ഒരു അവിഭാജ്യ ഭാഗമായിരുന്നു അദ്ദേഹം.